ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിനെ കായിക മേഖലയിൽ ഉന്നതിയിലേക്കു നയിച്ച കായിക താരങ്ങളെയും പരിശീലകരെയുംയും കോളേജ് ആദരിച്ചു. 2022-23 വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആദരവ് കോളേജ് സംഘടിപ്പിച്ചത്. കോളേജിൽ പഠിക്കുന്ന അന്തർദേശിയ വോളിബാൾ തരാം അലീന ബിജു, നാഷണൽ ഗെയിംസ് ബാസ്കറ്റ്ബോൾ ബ്രോൺസ് മെഡലിസ്റ്റ് ദിവ്യ സാം, നാഷണൽ ഗെയിംസില്‍ ഗോള്‍ഡ് നേടിയ വോളിബോൾ ടീമിന്റെ കോച്ച് ശ്രീ സഞ്ജയ് ബാലിഗ എന്നിവരെ പ്രത്യേകം ആദരിച്ചു. കേരള സംസ്ഥാന സ്പോര്‍ട്ട്സ് കൌണ്‍സില്‍ നടത്തിയ 2022 ജൂണില്‍ നടന്ന കേരളത്തിലെ ഏറ്റവും മൂല്യമുള്ള കേരളാ കോളേജ് ഗെയിംസ് ട്രോഫി ആദ്യമായി ഇരിങ്ങാലക്കുടയുടെ മണ്ണില്‍ സെന്റ് ജോസഫ്സ് കോളേജ് എത്തിച്ച് ഈ വര്‍ഷത്തെ നേട്ടങ്ങള്‍ക്ക് തുടക്കമിട്ടു. 2022-23 വര്‍ഷത്തില്‍ അന്തർദേശിയ, ദേശിയ, സംസ്ഥാന, യൂണിവേഴ്സിറ്റി തലങ്ങളിൽ നേട്ടം കൈവരിച്ച 96 കായിക താരങ്ങളെയാണ് ആദരിച്ചത്. കൂടാതെ ഈ നേട്ടത്തിലേക്ക് കായിക താരങ്ങളെ പ്രാപ്തരാക്കിയ പരിശീലകരെയും, കായിക അദ്ധ്യാപകരെയും പ്രത്യേകം ആദരിച്ചു. കലാലയത്തിന്റെ ചരിത്രത്തിൽ ഇത്രയും താരങ്ങൾ മെഡലുകൾ നേടുന്നത് ആദ്യമായിട്ടാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായികവിഭാഗം മേധാവി ഡോക്ടർ സക്കിർ ഹുസൈൻ സ്പോർട്സ് മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ എലയ്സ അധ്യക്ഷത വഹിച്ചു. കോളേജ് കായിക വകുപ് മേധാവി ഡോക്ടർ സ്റ്റാലിൻ റാഫേൽ, കായിക അധ്യാപിക തുഷാര ഫിലിപ്പ്, പരിശീലകൻ സഞ്ജയ് ബാലിഗ, പി സി ആന്റണി, ഡോക്ടർ മനോജ് ലാസർ, കോളേജ് യൂണിയൻ ചെയർ പേർസൺ രഞ്ജന പി എച്ച്, അന്തർദേശിയ വോളിബോൾ താരം അലീന ബിജു, കോളേജ് യൂണിയൻ ജനറൽ ക്യാപ്റ്റൻ ശില്പ ഷാജി എന്നിവർ സംസാരിച്ചു.
അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഗണിതശാസ്ത്ര വിഭാഗവും വി ഫോർ വുമെൻ ക്ലബും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. ഓസ്ട്രേലിയൻ എനർജി സെക്ടർ ക്ലൈൻ്റ് ഡയറക്ടറും മാനേജ്മെൻ്റ് കൺസൾട്ടൻ്റും ആയ മിസ് സ്മിത വി അന്താരാഷ്ട്ര തലത്തിൽ സ്ത്രീകൾക്ക് എത്തിച്ചേരാൻ കഴിയുന്ന മേഖലകളെ കുറിച്ചും ലിംഗസമത്വത്തെ കുറിച്ചും പ്രഭാഷണം നടത്തി. ഗണിതശാസ്ത്രവിഭാഗം മേധാവി ഷെറിൻ ജോസ് ടി യും, വനിതാ ക്ലബ് കോർഡിനേറ്റർ അഞ്ചു സൂസൻ ജോർജും നേതൃത്വം വഹിച്ചു.
ഇരിങ്ങാലക്കുടയുടെ ജനകീയ കർഷകസംഗമമാകും മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ’കുംഭവിത്തു മേള’ നാളെ: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട: നാടന്‍ കിഴങ്ങുകളുടെയും വിത്തുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കൈമാറ്റ കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണർത്തി ആദ്യത്തെ ‘കുംഭവിത്തു മേള’ക്ക് ഇരിങ്ങാലക്കുട വേദിയാവുന്നു.ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 2023 മാര്‍ച്ച് 10 വെള്ളിയാഴ്ചയാണ് ‘പച്ചക്കുട – കുംഭവിത്തു മേള’യെന്ന് എംഎൽഎയും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നിയോജക മണ്ഡലത്തിന്റെ സമഗ്ര കാര്‍ഷികപുരോഗതി ലക്ഷ്യമിടുന്ന ‘പച്ചക്കുട – സമഗ്ര കാര്‍ഷിക പാരിസ്ഥിതിക വികസനപരിപാടി’യിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ട ഏവരെയും പങ്കാളികളാക്കിക്കൊണ്ടുള്ള ജനകീയ സംഗമമാകും ‘കുംഭവിത്തു മേള’യെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.നാടൻചന്തകളുടെ ഗതകാലസൗന്ദര്യത്തിനൊപ്പം, ‘നാനോ യൂറിയ’ പോലെയുള്ള കാര്‍ഷികമേഖലയിലെ പുത്തന്‍ പ്രയോഗങ്ങളും മേള പരിചയപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. വിവിധയിനം കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വിത്തുകള്‍, പച്ചക്കറിത്തൈകളും വിത്തുകളും, കാര്‍ഷിക യന്ത്രങ്ങള്‍, ജീവാണു വളങ്ങള്‍, ജൈവ-രാസ വളങ്ങള്‍, അലങ്കാര സസ്യങ്ങള്‍, പൂച്ചെടികള്‍, കാര്‍ഷികോപകരണങ്ങള്‍, കുടുംബശ്രീ ഉല്‍പന്നങ്ങൾ, ഭക്ഷ്യവസ്തുക്കള്‍, വിവിധ ചക്ക ഉല്‍പന്നങ്ങള്‍, ലൈവ് ഫിഷ് കൗണ്ടര്‍ എന്നിങ്ങനെ വിപുലമായ പ്രദര്‍ശനവും വിപണനവും മേളയില്‍ ഒരുക്കും.വിദഗ്ദ്ധരായ കാര്‍ഷികശാസ്ത്രജ്ഞര്‍ നയിക്കുന്ന കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, കാര്‍ഷിക ഫോട്ടോഗ്രഫി പ്രദര്‍ശനം, ഇരിങ്ങാലക്കുട സ്റ്റേറ്റ് അഗ്മാര്‍ക്ക് ഗ്രേഡിംഗ് ലബോറട്ടറിയുടെ പ്രദര്‍ശനം, പരിശീലന പരിപാടി എന്നിവയും ‘പച്ചക്കുട – കുംഭവിത്തു മേള’യിലുണ്ടാവും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.വെള്ളിയാഴ്ച രാവിലെ പത്തിന് ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്ന മേള വൈകീട്ട് ആറു വരെയുണ്ടാകും. സമ്പന്നമായ കാർഷികസംസ്കൃതിയെ ഇന്നും നെഞ്ചേറ്റുന്ന ഇരിങ്ങാലക്കുടക്കാർക്ക് അന്യം നിന്നുപോയെന്നു കരുതിയിരുന്ന പഴയകാല മാറ്റച്ചന്തകളുടെ അനുഭവം വീണ്ടെടുത്തുകൊടുക്കുന്നതാവും ‘പച്ചക്കുട – കുംഭവിത്തു മേള’ – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കേരള സർവീസ്പെൻ ഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൌൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചാരണം നടത്തി
ഇരിങ്ങാലക്കുട: കേരള സർവീസ്പെൻ ഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൌൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചാരണം നടത്തി.ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നടന്ന യോഗം ഇരിങ്ങാലക്കുട മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സഷൻ അഡ്വ. ജിഷ ജോബി ഉൽഘാടനം ചെയ്തു. കൗൺസിലർ അൽഫോൺസാ തോമസ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം. ടി. വർഗീസ്, എ. ആർ ആശാലത ടീച്ചർ, എം ശാന്തകുമാരി,പി.എം. ഇന്ദിര, എ. ഡി. മറിയാമ്മ,എം കെ ഗോപിനാഥൻമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
തുമ്പൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍
ഇരിങ്ങാലക്കുട : തുമ്പൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍. തുമ്പൂര്‍ സ്വദേശി മാടമ്പത്ത് വീട്ടില്‍ ബിനോയ്, രണ്ടര വയസുകാരന്‍ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക നിഗമനം.തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. വീടിന്റെ ഇറയത്ത് വെള്ളം നിറച്ച് വെച്ച ബക്കറ്റിന് സമീപത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു ബിനോയ്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ബിനോയ് താമസിച്ചിരുന്നത്. രാവിലെ ഭാര്യ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്. അഭിജിത്ത് രണ്ടാമത്തെ മകനാണ്. ബിനോയിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. ബിനോയ് നേരത്തെ പ്രവാസി മലയാളിയായിരുന്നു. ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നതിനു ശേഷം ലോട്ടറി കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ബിനോയെ അലട്ടിയിരുന്നു എന്നാണ് സൂചന. ഹൃദ്രോഗിയായ ബിനോയ് പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നു. അതിനിടെ മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. ഇത് അറിഞ്ഞതോടെ ബിനോയ് മാനസിക വിഷമത്തിലായിരുന്നതായി പറയുന്നു. മകനെ വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ബിനോയ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മുതലക്കുളം പരേതനായ രാമൻ ഭാര്യ സരോജിനി (89) നിര്യാതയായി
പുല്ലൂർ ഊരകം മുതലക്കുളം പരേതനായ രാമൻ ഭാര്യ സരോജിനി (89) നിര്യാതയായി. സംസ്കാരം( നാളെ 8- 3 -2023, ബുധൻ )രാവിലെ 9: 30 ന് ഇരിങ്ങാലക്കുടൽ മുക്തിസ്ഥാനിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു .മക്കൾ: വത്സൻ, പവിത്രൻ ,സത്യൻ, ഷൈലജ, റിജിൽ ,ഷിജിൽ.മരുമക്കൾ :പത്മിനി, ഗിരിജ, ശ്രീദേവി ,പവിത്രൻ ,രേണുക, സീമ.
പുരസ്കാരത്തിളക്കത്തിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ് ഐ ഇ ഡി സി
കാക്കനാട്: വിദ്യാർത്ഥി-യുവജന സംരംഭകർക്ക് വേണ്ടി കേരള സ്റ്റാർട്ട് അപ്പ് മിഷൻ കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ വച്ച് സംഘടിപ്പിച്ച വാർഷിക സംരംഭക ഉച്ചകോടിയായ ‘ഐ ഇ ഡി സി സമ്മിറ്റിൽ ‘ പുരസ്കാരത്തിളക്കവുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ഐ ഇ ഡി സി വിഭാഗം. കേരളത്തിലെ നാനൂറ്റി ഇരുപത്തി അഞ്ച് കോളജുകളിലെ ഐ ഇ ഡി സി വിഭാഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കേരള സ്റ്റാർട്ട് അപ്പ് മിഷൻ കഴിഞ്ഞ മൂന്ന് മാസങ്ങളായി നടത്തി വന്ന ഇന്നവേറ്റേഴ്സ് പ്രീമിയർ ലീഗിൽ ( ഐ പി എൽ ) സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നേടിയാണ് കോളേജ് ശ്രദ്ധേയമായത്. വിദ്യാർഥികളുടെ സാങ്കേതിക, സംരംഭകത്വ ശേഷികൾ വർധിപ്പിക്കാൻ ലക്ഷ്യം വെച്ച് നടത്തിയ വിവിധ പരിശീലന പരിപാടികളുടെയും മത്സരങ്ങളുടെയും മികവ് കണക്കിലെടുത്താണ് അവാർഡ്.കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ വച്ച് വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരുമുൾപ്പെടെ അയ്യായിരത്തോളം പ്രതിനിധികൾ സംബന്ധിച്ച ഉച്ചകോടി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംരംഭകത്വ മേഖലയിലെ പ്രമുഖരുമായി സംവദിക്കാനും വിദ്യാർഥികൾക്ക് തങ്ങളുടെ ആശയങ്ങളും സംരംഭങ്ങളും പ്രദർശിപ്പിക്കാനുമുള്ള അവസരങ്ങൾ ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, ഐ ഇ ഡി സി നോഡൽ ഓഫിസർ രാഹുൽ മനോഹർ ഒ, അസിസ്റ്റൻ്റ് നോഡൽ ഓഫിസർ അശ്വതി പി സജീവ്, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഒ അനൂപ് അംബികയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ മുരിയാട് ഗ്രാമ പഞ്ചായത്ത്
മുരിയാട്: ഗ്രാമ പഞ്ചായത്തിന്റെ വികസന വീഥിയിൽ ഒരു പൊൻ തൂവൽ ചേർത്തു കൊണ്ട് സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന ടെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് പ്രാഥമിക അനുമതി ലഭിച്ചു. പുല്ലൂർ പൊതുമ്പു ചിറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. സീറ്റിംഗ് , ടൈലിംങ്ങ്, കനോപ്പീസ് , ലൈറ്റിംങ് ,മിനി പാർക്ക്, ബോട്ടിംഗ് , ഫുഡ് കിയോസ്ക്കുകൾ , ടെയ്ക് എ ബ്രെക്ക് എന്നിവ പദ്ധതിയുടെ ഭാഗമായി നിലവിൽ വരും. ടൂറിസം ഡി പാർട്ട്മെന്റ്, എം.എൽ.എ. ആസ്തി വികസന ഫണ്ട്, വേളൂക്കര ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങളും സംരംഭങ്ങളും ഉണ്ടാകും. അന്തിമാനുമതി ലഭിച്ചാൽ ആറു മാസം കൊണ്ട് ടൂറിസം പദ്ധതി പൂർത്തി കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടൂറിസം പദ്ധതിക്കൊപ്പം അനുബന്ധമായി സമീപ പ്രദേശത്തെ ജല വിതാനം ക്രമീകരിക്കുന്നതിനായി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും ഷട്ടറുകളും മോട്ടോർ പമ്പ് സെറ്റും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. കാർഷിക-ജലസേചന – കുടിവെളള മേഖലയിൽ വരുംവർഷങ്ങളിൽ ചരിത്ര മാറ്റങ്ങൾ ഉണ്ടാക്കാൻ അനുബന്ധ പദ്ധതികൾ വഴി കഴിയുമെന്നാണ് കരുതുന്നത്.പദ്ധതിയുടെ ഡിപി ആർ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. പ്രശാന്ത്, കെ.യു.വിജയൻ രതി ഗോപി , ഭരണ സമിതി അംഗം തോമസ് തൊകലത്ത് , പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി റജി പോൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ജെ.സി.ഐ. വനിത വാരാചരണം കാർ റാലി യോടെ ആരംഭിച്ചു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി വിംഗിന്റെ നേതൃത്വത്തിൽ ലോക വനിത ദിനാചരണത്തിന്റെ ഭാഗമായി ബ്രേക്ക് ദ ബയസ് കാർ റാലി സംഘടിപ്പിച്ചു ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫിസിന് മുമ്പിൽ വെച്ച് മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി യും ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷൻ വനിത സബ് ഇൻസ്പെക്ടർ എസ്. സുദർശന യും ചേർന്ന് ലേഡി ജേസി ചെയർ പേഴ്സൺ നിഷിന നിസാറിന് പതാക നൽകി ഉൽഘാടനം ചെയ്തു ലേഡി ജേസി ചെയർ പേഴ്സൺ നിഷിന നിസാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രേഗ്രാം ഡയറക്ടർ റജിത ലിജോ,റെൻസി നിധിൻ ,ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ , ഫെനി എബിൻ ,ബിനി ടെൽസൺ , ആശ പോളി ഷീമ ജോസ് , ധന്യ ജിസൻ , സോജ ബെന്നി, എന്നിവർ പ്രസംഗിച്ചു ഇരിങ്ങാലക്കുട ടൗണിലൂടെ ലേഡി ജേസി അംഗങ്ങൾ കാർ റാലി നടത്തി ഒരാഴ്ച നീണ്ട് നിൽക്കുന്ന വനിത വാരാചരണം വിവിധങ്ങളായ വനിത ശാകതികരണ പ്രവർത്തനങ്ങളോടെ നടത്തും കാർ റാലിക്ക് നെൽവി സിജോ ദിവ്യ ഷിജൊ, രമ്യ ഷിന്റോ സ്മിത സാജൻ, സോളി ബിജു, സിമ പോളി നൈസി ജീജോ എന്നിവർ നേതൃത്വം നൽകി
അനന്യ സമേതം പി.കെ ചാത്തൻ മാസ്റ്റർ സ്കൂളിൽ
മാടായിക്കോണം : സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ പ്പും,വനിതാ-ശിശു വികസന വകുപ്പും ചേർന്ന് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ‘സമേതം’ പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾക്കിടയിൽ ജെൻഡർ അവബോധം സൃഷ്ടിക്കുന്നതിനുള്ള അനൗപചാരിക വിദ്യാഭ്യാസ പരിപാടിയായ ‘അനന്യസമേതം’മാടായിക്കോണം .പി.കെ.ചാത്തൻമാസ്റ്റർ സ്മാരക ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ എ.എസ്.ലിജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മിനി .കെ .വേലായുധൻ സ്വാഗതം പറഞ്ഞു.പരിപാടിയുടെ സമാപന യോഗത്തിന്റെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട റൂറൽ വനിതാ പോലീസ് സബ് ഇൻസ്പെക്ടർ എസ്.സുദർശന നിർവഹിച്ചു.പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.സ്കൂൾ പിടിഎ പ്രസിഡൻറ് .പി.വി. പ്രജീഷ് ,വൈസ് പ്രസിഡൻറ് ജ്യോതി രാമകൃഷ്ണൻ,എം.പി.ടി.എവൈസ് പ്രസിഡൻറ് ലീഥിയ സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ജയശ്രീ ,ആദിൽ ,സ്കൂൾ കോഡിനേറ്റർ ജിഷ.പി.ടി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.ശില്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ സ്കിറ്റ് അവതരണവും ഉണ്ടായി.വിജയലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു.
സിജിമോളുടെ വീട്ടിൽ പ്രത്യാശയുടെ വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ
മാപ്രാണം: അച്ഛനില്ലാത്ത നിർദ്ധന കുടുംബത്തിലെ ഇരട്ടകുട്ടികളായ ശിവാനിക്കും,ശിവനന്ദയ്ക്കും ഇനി ഇരുട്ടിനെ പേടിക്കാതെ വർഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.കുഴിക്കാട്ടുകോണം വിമലമാത പള്ളിക്ക് സമീപത്തുള്ള കെങ്കയിൽ ബിജേഷിന്റെ ഭാര്യ സിജിമോളും,7ാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഇരട്ടകളായ മക്കളും പണി പൂർത്തിയാക്കാത്ത വീട്ടിലാണ് താമസിച്ചുവരുന്നത്.ബിജേഷ് വൃക്കരോഗം ബാധിച്ച് രണ്ടുവർഷം മുമ്പ് മരണപ്പെട്ടു.ഇതിനെ തുടർന്ന് വീടു പണി നിലച്ചു.വല്ലപ്പോഴും ലഭിക്കുന്ന വീട്ടു ജോലികൾ ചെയ്താണ് സിജിമോളും,മക്കളും കഴിഞ്ഞുകൂടുന്നത്.വീട് വൈദ്യുതീകരിക്കാത്തതിനാൽ ഇവർക്ക് വൈദ്യുതി കണക്ഷനും ലഭിച്ചിരുന്നില്ല.ഈ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ കെ.എസ്.ഇ.ബി.കരുവന്നൂർ സെക്ഷനിലെലൈൻമാരായ ടി.ബി.ഷിബു,മണിക്കുട്ടൻ എന്നിവർ വിവരം അറിയിച്ചതനുസരിച്ച് സബ് എഞ്ചിനീയർ എം.ഡി.ജോബിയും മറ്റുജീവനക്കാരും ചേർന്ന് വീട് സൗജന്യമായി വയറിങ്ങ് നടത്തി വൈദ്യുതി കണകഷൻ ലഭ്യമാക്കുകയായിരുന്നു.വൈദ്യുതീകരിച്ച വീട്ടിലെ സ്വിച്ച് ഓൺ കർമ്മം ഇരിങ്ങാലക്കുട ഡിവിഷൻ എക്സി.എഞ്ചിനീയർ ഷീജ ജോസ് നിർവ്വഹിച്ചു.അസി.എക്സി.എഞ്ചിനീയർ സാജു.എം.എസ്,അസി.എഞ്ചിനീയർ എ.വി.ജയന്തി,സബ് എഞ്ചിനീയർമാരായ കവിരാജ്.എസ്,ജോസ്.എ.ഡി,ജോബി.എം.ഡി,വാർഡ് കൗൺസിലർ സരിത സുഭാഷ് എന്നിവരും ചടങ്ങിന് സാക്ഷികളായി.
എസ്.എൻ.ഡി.പി.യോഗം മുകുന്ദപുരം യൂണിയൻ
ഇരിങ്ങാലക്കുട :എസ്.എൻ.ഡി.പി.യോഗം മുകുന്ദപുരം യൂണിയൻ വിവാഹ പൂർവ കൗൺസിലിംഗിന് തുടക്കം. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്കായി നടത്തുന്ന വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് യൂണിയൻ പ്രസിഡന്റ് . സി .ഡി.സന്തോഷ്ഉത്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ ,യോഗം ഡയറക്ടർ .സി.കെ.യുധി , യൂണിയൻ കൗൺസിലർ .വി.ആർ .പ്രഭാകരൻ ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് .സജിത അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
കൊല്ലയിൽ പരേതനായ കൊച്ചിരാമൻ ഭാര്യ ദേവകി 90 നിര്യാതയായി
കൊല്ലയിൽ പരേതനായ കൊച്ചിരാമൻ ഭാര്യ ദേവകി 90 നിര്യാതയായി. സംസ്കാരം (ശനി ,4-3 -2023 )ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ വച്ച് നടത്തുന്നു. മക്കൾ: മോഹനൻ, സുരേഷ് ,കാഞ്ചന, ജലജ ,മണി ,സുഭാഷ് ,ആനന്ദൻ. മരുമക്കൾ : അരുന്ധാല്‍ ,ഷൈല ,ശിവരാമൻ ,ഹരി, രാജേന്ദ്രൻ, ജയ, ഷീല.
പാചകവാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട: പാചകവാതകത്തിന്റെ വില കുത്തനെയുള്ള വർധനവിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐ(എം) കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബംഗ്ലാവ് സെന്ററിൽ വെച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. തേലപ്പിള്ളി സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനവും തുടർന്ന് ബംഗ്ലാവ് സെന്ററിൽ സംഘടിപ്പിച്ച പൊതുയോഗവും സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം ആർ.എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് വിഷ്ണു പ്രഭാകരൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. ലോക്കൽ കമ്മിറ്റിയംഗം ടി.കെ ജയാനന്ദൻ അദ്ധ്യക്ഷത വഹിച്ച സമരത്തിന് ലോക്കൽ സെക്രട്ടറി പി.കെ മനുമോഹൻ സ്വാഗതവും പി.വി സദാനന്ദൻ നന്ദിയും രേഖപ്പെടുത്തി.
സമേതം ചരിത്രാന്വേഷണ യാത്രയുമായി ഇരിങ്ങാലക്കുട ഉപജില്ലാതല മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ഇരിങ്ങാലക്കുട:സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ചരിത്രാന്വേഷണ യാത്രയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാ തല മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നഗരസഭ കൂടാതെ എട്ട് പഞ്ചായത്തുകളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഉപജില്ലാതല മത്സരം സംഘടിപ്പിച്ചത്. എട്ട് കുട്ടികൾ വീതം ഉൾക്കൊള്ളുന്ന മുപ്പതോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാജി എസ് ന്റെ അധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പി. ടി. എ. പ്രസിഡന്റ് വി. വി. റാൽഫി, ബി. പി. സി. കെ. ആർ. സത്യപാലൻ, കൺവീനർ ഒ. എസ്. ശ്രീജിത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരിങ്ങാലക്കുട എ. ഇ. ഒ. എം. സി. നിഷ സ്വാഗതവും പ്രധാനാധ്യാപിക ബീന ബേബി വി. നന്ദി യും പറഞ്ഞു.
ജെ സി ഐ ഇരിങ്ങാലക്കുട ലൈൻമാൻ ബിജോഷ് കെ സി യെ ആദരിച്ചു
ഇരിങ്ങാലകുട: ജെ സി ഐ യുടെ “സല്യൂട്ട് ദി സൈലന്റ് സ്റ്റാർ ” പദ്ധതിയുടെ ഭാഗമായി ജെ സി ഐ ഇരിങ്ങാലക്കുട യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലകുട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ലെ ഗ്രേഡ് – 1 ലൈൻമാൻ ബി ജോഷ് കെ സി യെ ആദരിച്ചു. പ്രസിഡണ്ട് മേജൊ ജോൺസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ ജെ പോളി മുഖ്യാതിഥി ആയിരുന്നു. തന്റെ നിസ്വാർത്ഥമായ പ്രവർത്തനത്തി നാണ് ജെ സി ഐ ഇത്തരം ഒരു സദുദ്യമത്തിന് നേതൃത്വം നൽകിയത്. മുൻ പ്രസിഡണ്ട്മാരായ അഡ്വ : ഹോബി ജോളി ,വി ബി മണിലാൽ, വൈസ് പ്രസിഡണ്ട് സോണി സേവ്യർ ,ട്രഷറർ സാന്റൊ വർഗീസ്, ലിന്റോ തോമസ് തുടങ്ങിയവർ സംസാരിച്ച യോഗത്തിൽ സെക്രട്ടറി ഷൈജോ ജോസ് ഏവർക്കും നന്ദി പറഞ്ഞു.
പച്ചക്കുടയില്‍ ജീവധാരക്കായ് ചോരക്ക് ചീര
ഇരിങ്ങാലക്കുടയുടെ സമഗ്രകാര്‍ഷിക പദ്ധതിയായ പച്ചക്കുടയില്‍ മുരിയാട്പഞ്ചായത്തിന്റെ സമഗ്രആരോഗ്യപദ്ധതിയായ ജീവധാരയുടെ ഭാഗമായി ചോരക്ക്ചീര പദ്ധതിക്ക് തുടക്കം കുറിച്ചു. അനീമിയപ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ചീരകൃഷി പ്രോത്സാഹിപ്പിക്കുന്നത്. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും പോഷകമൂല്യമുള്ള കൃഷിവ്യാപിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ചോരക്ക്ചീര പദ്ധതിയുടെ മുഖ്യലക്ഷ്യം. അംഗനവാടികള്‍, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, കൃഷിവകുപ്പ് എന്നിവ വഴിയായി ഏകദേശം അറുന്നൂറോളം ചീരത്തോട്ടങ്ങള്‍ നിര്‍മ്മിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.ആനന്ദപുരം ഇ.എം.എസ്.ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍വെച്ച് മുരിയാട്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിളളി ചോരക്ക് ചീര പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ നിഖിത പച്ചക്കുട പദ്ധതിയെക്കുറിച്ചും ഐ.സി.ഡി.എസ്.സൂപ്രവൈസര്‍ അന്‍സ എബ്രഹാം ജീവധാര സമഗ്രആരോഗ്യപദ്ധതിയെക്കുറിച്ചും വിശദീകരണം നടത്തി. ആരോഗ്യവിദ്യഭാസ സമിതി ചെയര്‍മാന്‍ വിജയന്‍.കെ.യു., വാര്‍ഡ് അംഗങ്ങളായ സുനില്‍കുമാര്‍ എ.എസ്., നിജി വത്സന്‍, മണിസജയന്‍, കുടുബശ്രീ ചെയര്‍പേഴ്‌സണ്‍ സുനിത രവി എന്നിവര്‍ സംസാരിച്ചു.
സ്റ്റുഡിയോ ഉടമ വീടിനകത്ത് മരിച്ച നിലയിൽ
ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മന്ത്രിപുരം പുല്ലൂർ മടത്തിക്കര റോഡ് വാത്തേടത്ത് വീട്ടിൽ പരേതനായ നാരായണൻ മകൻ നന്ദകുമാർ (61)( ഓർക്കിഡ് റെക്കോർഡിങ് സ്റ്റുഡിയോ ഉടമ) വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.അവിവാഹിതനാണ്.അമ്മ പരേതയായ നളിനി സഹോദരി ഉഷ ( നാസിക്ക് )ഒറ്റയ്ക്ക് താമസിച്ചുവരുന്ന നന്ദകുമാറിന് ഹോട്ടൽ ഭക്ഷണം എത്തിച്ചു നൽകുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിവരം ഇരിഞ്ഞാലക്കുട പോലീസിനെ അറിയിച്ചത്. സബ് ഇൻസ്പെക്ടർ സിഎം ക്ലീറ്റസ്. സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ സജി എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് സായാഹ്ന ജനസദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി സായാഹ്ന ജനസദസ് സംഘടിപ്പിച്ചു.കേന്ദ്ര സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനും, വൈദ്യുതി വെള്ളം തുടങ്ങിയവയുടെ വിലവർദ്ധനവിനെതിരെയുംഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ജനസദസ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച ജനസദസ് കെ.പി.സി.സി മെമ്പർ എം. പി ജാക്‌സൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി വി ചാർളി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് മണ്ഡലം ഭാർവാഹികളായ എൽ ഡി ആന്റോ, വിജയൻ ഇളയേടത്ത്,എം ആർ ഷാജു, വി സി വർഗീസ്, സുജ സഞ്ജീവ്കുമാർ, കെ കെ ചന്ദ്രൻ, അഡ്വ. നിതിൻ തോമസ്, സിജു യോഹന്നാൻ, കെ എം ധർമ്മരാജൻ, എ സി സുരേഷ്, പോൾ കരുമാലിക്കൽ വി. എം ബാലകൃഷ്ണൻ, തോമസ് കോട്ടോളി, ടി ജി പ്രസന്നൻ, തുടങ്ങിയവർ നേതൃത്വം നൽകി.
രണ്ടാംതവണയും കാട്ടൂർ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി ദുബായ് വാരിയേഴ്സ്
കാട്ടൂർ :കെ സി എൽ കാട്ടൂർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാട്ടൂർ പ്രീമിയർ ലീഗ് സീസൺ ടൂവിൽ ടീം ദുബായ് വാരിയേഴ്സ് ജേതാക്കളായി. കാട്ടൂർ പോംപെ സെൻമേരിസ് എച്ച് എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന വശേറിയ മത്സരത്തിൽ ഭാവന തേക്കുമൂലയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദുബായ് വാരിയേഴ്സ് കാട്ടൂർ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത് തുടർച്ചയായ രണ്ടാം തവണയാണ് ദുബായ് വാരിയേഴ്സ് കെ സി എൽ കിരീടം സ്വന്തമാക്കുന്നത്. കെ സി യിൽ മികച്ച കളിക്കാരനായി ദുബായ് വാരിയേഴ്സിന്റെ ശിവപ്രസാദിനെ തിരഞ്ഞെടുത്തു.