ഇരിങ്ങാലക്കുടയുടെ ജനകീയ കർഷകസംഗമമാകും മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ’കുംഭവിത്തു മേള’ നാളെ: മന്ത്രി ഡോ. ബിന്ദു

27

ഇരിങ്ങാലക്കുട: നാടന്‍ കിഴങ്ങുകളുടെയും വിത്തുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കൈമാറ്റ കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണർത്തി ആദ്യത്തെ ‘കുംഭവിത്തു മേള’ക്ക് ഇരിങ്ങാലക്കുട വേദിയാവുന്നു.ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 2023 മാര്‍ച്ച് 10 വെള്ളിയാഴ്ചയാണ് ‘പച്ചക്കുട – കുംഭവിത്തു മേള’യെന്ന് എംഎൽഎയും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നിയോജക മണ്ഡലത്തിന്റെ സമഗ്ര കാര്‍ഷികപുരോഗതി ലക്ഷ്യമിടുന്ന ‘പച്ചക്കുട – സമഗ്ര കാര്‍ഷിക പാരിസ്ഥിതിക വികസനപരിപാടി’യിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ട ഏവരെയും പങ്കാളികളാക്കിക്കൊണ്ടുള്ള ജനകീയ സംഗമമാകും ‘കുംഭവിത്തു മേള’യെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.നാടൻചന്തകളുടെ ഗതകാലസൗന്ദര്യത്തിനൊപ്പം, ‘നാനോ യൂറിയ’ പോലെയുള്ള കാര്‍ഷികമേഖലയിലെ പുത്തന്‍ പ്രയോഗങ്ങളും മേള പരിചയപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. വിവിധയിനം കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വിത്തുകള്‍, പച്ചക്കറിത്തൈകളും വിത്തുകളും, കാര്‍ഷിക യന്ത്രങ്ങള്‍, ജീവാണു വളങ്ങള്‍, ജൈവ-രാസ വളങ്ങള്‍, അലങ്കാര സസ്യങ്ങള്‍, പൂച്ചെടികള്‍, കാര്‍ഷികോപകരണങ്ങള്‍, കുടുംബശ്രീ ഉല്‍പന്നങ്ങൾ, ഭക്ഷ്യവസ്തുക്കള്‍, വിവിധ ചക്ക ഉല്‍പന്നങ്ങള്‍, ലൈവ് ഫിഷ് കൗണ്ടര്‍ എന്നിങ്ങനെ വിപുലമായ പ്രദര്‍ശനവും വിപണനവും മേളയില്‍ ഒരുക്കും.വിദഗ്ദ്ധരായ കാര്‍ഷികശാസ്ത്രജ്ഞര്‍ നയിക്കുന്ന കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, കാര്‍ഷിക ഫോട്ടോഗ്രഫി പ്രദര്‍ശനം, ഇരിങ്ങാലക്കുട സ്റ്റേറ്റ് അഗ്മാര്‍ക്ക് ഗ്രേഡിംഗ് ലബോറട്ടറിയുടെ പ്രദര്‍ശനം, പരിശീലന പരിപാടി എന്നിവയും ‘പച്ചക്കുട – കുംഭവിത്തു മേള’യിലുണ്ടാവും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.വെള്ളിയാഴ്ച രാവിലെ പത്തിന് ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്ന മേള വൈകീട്ട് ആറു വരെയുണ്ടാകും. സമ്പന്നമായ കാർഷികസംസ്കൃതിയെ ഇന്നും നെഞ്ചേറ്റുന്ന ഇരിങ്ങാലക്കുടക്കാർക്ക് അന്യം നിന്നുപോയെന്നു കരുതിയിരുന്ന പഴയകാല മാറ്റച്ചന്തകളുടെ അനുഭവം വീണ്ടെടുത്തുകൊടുക്കുന്നതാവും ‘പച്ചക്കുട – കുംഭവിത്തു മേള’ – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Advertisement