നഗരസഭ ടൗണ്‍ഹാള്‍ ശബ്ദക്രമീകരണ സവിശേഷതകളോടെ നവീകരിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

69

ഇരിങ്ങാലക്കുട: നഗരസഭ ടൗണ്‍ഹാള്‍ ശബ്ദക്രമീകരണ സവിശേഷതകളോടെ നവീകരിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ബസ് സ്റ്റാന്റിന് സമീപത്തുള്ള രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളാണ് ആധുനിക രീതിയില്‍ നവീകരിക്കുന്നത്. നഗരസഭ ജനകീയാസൂത്രണ പദ്ധതി 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചിലവഴിച്ചാണ് ഹാള്‍ നവീകരിക്കുന്നത്. പ്രധാന ആക്ഷേപമായിരുന്ന ഹാളിനുള്ളില്‍ സംസാരിക്കുമ്പോള്‍ എക്കോ മൂലം ശബ്ദം തിരിച്ചറിയാന്‍ കഴിയാതിരിക്കുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കി ആധുനിക രീതിയില്‍ ഹാളിന്റെ മുകള്‍ വശം ലൈറ്റുകളും മറ്റും സെറ്റ് ചെയ്ത് തീയറ്റര്‍ മോഡലിലാണ് ഹാള്‍ നവീകരിക്കുന്നത്. ഇതിനുപുറമെ ഹാളിന്റെ പുറമെയുള്ള അറ്റകുറ്റപണികള്‍, ടോയ്‌ലറ്റ് നവീകരണം, മറ്റുപ്രവര്‍ത്തികള്‍ എന്നിവയ്ക്കായി 15 ലക്ഷത്തോളം രൂപയും നഗരസഭ വകയിരുത്തിയിട്ടുണ്ട്. ഹാള്‍ പെയിന്റിങ്ങ്, മതില്‍ വ്യത്തിയാക്കല്‍, ടൗണ്‍ ഹാള്‍ അങ്കണത്തില്‍ കട്ടകള്‍ വിരിച്ചത് ഇളകിപോയത് അറ്റകുറ്റപണികള്‍ നടത്തുക എന്നി പ്രവര്‍ത്തികളും ഇതിനോടൊപ്പം പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറുന്നതോടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയാഗിരി പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സോണിയാഗിരി ടൗണ്‍ഹാള്‍ വാര്‍ഡ് കൗണ്‍സിലറായിരിക്കെയാണ് നവീകരണത്തിനായി തുക വകയിരുത്തിയത്. എന്നാല്‍ ഹാളിലെ ശബ്ദക്രമീകരണങ്ങളടക്കമുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ക്ക് കരാറുകാരെ കിട്ടാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ നീണ്ടുപോയത്.

Advertisement