സ്മാർട്ട് ഇന്ത്യാ ഹാക്കത്തോണിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജ്

208

ഇരിങ്ങാലക്കുട:ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോണായ സ്മാർട്ട് ഇന്ത്യാ ഹാക്കത്തോണിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ മുഴുവനായും ഓൺലൈൻ ആയി നടത്തിയ ഹാക്കത്തോണിൻ്റെ, സോഫ്റ്റ് വെയർ വിഭാഗത്തിലാണ് കുട്ടികൾ വിജയം വരിച്ചത്. ഓട്ടോമോട്ടീവ് റിസർച്ച് അസ്സോസിയേഷൻ ഓഫ് ഇന്ത്യ മുന്നോട്ടുവച്ച പ്രോബ്ലം സ്റ്റേറ്റ്മെൻ്റിനു സോഫ്റ്റ് വെയർ സൊലൂഷൻ ഒരുക്കി കുട്ടികൾ നേടിയത് ഒരു ലക്ഷം രൂപയും സർട്ടിഫിക്കേറ്റുമാണ്.രാജ്യത്തുടനീളം വർധിച്ചു വരുന്ന ഇരു ചക്ര വാഹനങ്ങളുടെ മോഷണം തടയുവാനും , ഇന്ധനം ചോർത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കുവാനുമായാണ് ‘തെഫ്റ്റ് ഓഫ് ‘ എന്ന സോഫ്റ്റ് വെയർ സൊലൂഷൻ കുട്ടികൾ വികസിപ്പിച്ചത്. വാഹനത്തിൽ ഘടിപ്പിച്ച ആക്സിലറേറ്റർ സെൻസർ , ജി പി സ് സെൻസർ , ജി എസ് എം സെൻസർ , വൈബ്രേഷൻ സെൻസർ എന്നിവയുടെ സഹായത്തോടെ മോഷണ സാഹചര്യങ്ങൾ മനസിലാക്കി തെഫ്റ്റ് ഓഫ് സോഫ്റ്റ് വെയറിലൂടെ ഉടമസ്ഥനേയും അടുത്തുള്ള മറ്റു ഉപഭോക്താക്കളെയും അറിയിക്കുന്ന സാങ്കേതിക വിദ്യക്കാണ് കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം വിദ്യാർത്ഥികളായ കൃഷ്ണപ്രസാദ് സി, ആൽബിൻ ജോസഫ് , എലീന സാജൻ, ആൻട്രീസ ബെന്നി എന്നിവരും കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളായ ശരത്ത് ഐ സ്, ഓസ്റ്റിൻ ആൻ്റണി എന്നിവരും ചേർന്നാണ് തെഫ്റ്റ് ഓഫ് നിർമ്മിച്ചെടുത്തത്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ഈ പ്രൊജക്റ്റിനെ ഒരു പ്രൊഡക്റ്റ് ആയി വികസിപ്പിക്കുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അധ്യാപകനും ഈ പ്രൊജക്റ്റിൻ്റെ മെൻഡറുമായ രാഹുൽ മനോഹർ അറിയിച്ചു.

Advertisement