ഇരിങ്ങാലക്കുട : ചെമ്മണ്ടയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വ്യക്തിക്ക് മരണശേഷം നടന്ന പരിശോധനയില്‍ കോവിഡ് – 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോസ്റ്റുമാര്‍ട്ടത്തിനുശേഷം ഇയാളെ ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം വക മുക്തിസ്ഥാന്‍ പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്രിസ്തീയ ആചാരപ്രകാരമുള്ള സംസ്‌കാരം നടത്തുകയും ചെയ്തു. ചെമ്മണ്ട കണ്ടംകുളത്തി വീട്ടില്‍ പരേതനായ പോളിന്റെ മകന്‍ വില്‍സന്റെ (46) മൃതശരീരമാണ് ദഹിപ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, പൊലിസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ദഹിപ്പിക്കല്‍ കര്‍മം നടന്നത്. ഇരിങ്ങാലക്കുട രൂപതയുടെ ഹൃദയ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡിലെ യുവ വൈദികരായ ഫാ. വില്‍സണ്‍ പെരേപ്പാടന്‍, ഫാ. നിജോ പള്ളായി, ഫാ. ജോബി മേനോത്ത്, ഫാ. മെഫിന്‍ തെക്കേക്കര, ഫാ. നൗജിന്‍ വിതയത്തില്‍ എന്നിവരാണ് പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ മുന്‍ക്കരുതലുകളോടെ മൃതസംസ്‌കാര കര്‍മത്തിന് നേതൃത്വം നല്‍കിയത്. ചെമ്മണ്ട ലൂര്‍ദ്ദ് മാതാ പള്ളിയില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പത്തടി താഴ്ചയില്‍ കുഴിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വെള്ളം കണ്ടതിനെ തുടര്‍ന്നാണ് എസ്എന്‍ബിഎസ് സമാജം മുക്തിസ്ഥാനില്‍ ദഹിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വികാരി ഫാ. ബെന്നി ചെറുവത്തൂര്‍ അറിയിച്ചു. മുക്തിസ്ഥാനില്‍ മൃതശരീരം ദഹിപ്പിച്ചതിന് ശേഷം ഭൗതിക അവശിഷ്ടങ്ങള്‍ ചെമ്മണ്ടയിലേയ്ക്ക് കൊണ്ടുവന്ന് തിരുകര്‍മ്മങ്ങളോട് കൂടി പള്ളി സെമിത്തേരി കല്ലറയില്‍ അടക്കം ചെയ്യുന്നതിന് വികാരി ഫാ. ബെന്നി ചെറുവത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പാലിയേറ്റീവ് കെയര്‍ കോഡിനേറ്റര്‍ ഫാ. ഡിബിന്‍ ഐനിക്കില്‍, തോംസണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു മൃതസംസ്‌കാര കര്‍മങ്ങള്‍ നടത്തുവാന്‍ ആരോഗ്യവകുപ്പിന്റെയും പൊലിസിന്റെയും നിര്‍ദ്ദേശാനുസരണം വേണ്ടതായിട്ടുള്ള ഒരുക്കങ്ങള്‍ ഹൃദയ ക്രൈസിസ് മാനേജ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡിബിന്‍ ഐനിക്കല്‍ നടത്തി.
കോവിഡ് ബാധിച്ചയാളുടെ മൃതസംസ്‌കാര ശുശ്രൂഷയ്ക്ക് ഇരിങ്ങാലക്കുട രൂപതയിലെ യുവവൈദികര്‍ വളണ്ടിയര്‍മാരായി
Advertisement