ദുരിത നിവാരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്

449

ഇരിങ്ങാലക്കുട-പ്രളയാനന്തര ദുരിതത്തിനറുതി വരുത്തുവാന്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗവും ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസും ചേര്‍ന്ന് വെള്ളപ്പൊക്കത്തില്‍ മുങ്ങി കേടുവന്ന നൂറില്‍ പരം കുടിവെള്ള പമ്പുസെറ്റു മോട്ടോറുകള്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അദ്ധ്യാപകരുടെ സഹായത്തോടെ പ്രവര്‍ത്തനക്ഷമമാക്കി നല്‍കി. മൂന്നു ദിവസമായി നടത്തിയ റിപ്പയര്‍ ക്യാമ്പിന് അസി.പ്രൊഫസര്‍മാരായ ബെന്നി.കെ.കെ, അഞ്ജലി ആന്റ്റോ എന്നിവര്‍ നേതൃത്വം നല്‍കി.ചേര്‍പ്പ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ അഞ്ചു ദിവസം നീണ്ടു നിന്നപ്രളയബാധിത വീടുകളുടെ ഫിറ്റ്‌നസ് സര്‍വ്വേ ടെസ്റ്റില്‍ അഞ്ഞൂറ്റി അന്‍പതോളം വീടുകള്‍ പരിശോധിച്ചു അറ്റകുറ്റപണികളുടെ വിശദ വിവരങ്ങള്‍ വിലയിരുത്തി കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാര്‍ ത്ഥികള്‍ അദ്ധ്യാപകരായ ഫിലിപ്പ് ലുക്ക്ന്റെയും, ജിയോ പോളിന്റെയും നേതൃത്വത്തില്‍ സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് എന്‍ .ജി. ഒ. ഫോര്‍ത്ത വേവ് ഫൗണ്ടേഷന് നല്‍കി. ആറാട്ടുപുഴ ഭാഗത്തു എഴുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ വീട് ശുചീകരണ യത്‌നത്തില്‍ പങ്കാളികളായി .

കോളേജിലെ എന്‍. എസ്. എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാറളം, മുരിയാട്, വെള്ളാങ്കല്ലൂര്‍, അന്നമനട, ചാലക്കുടി, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ മുന്നൂറോളം വീടുകളില്‍ ശുചീകരണപ്രക്രിയ നടത്തി. വീടുകളിലെ ഫിറ്റ്‌നസ് വിലയിരുത്തുന്നതിലും വിദ്യാര്‍ ത്ഥികള്‍ പങ്കാളികളായി.
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. ഫാ . ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ . സജീവ് ജോണ്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഡോ .വി.ഡി. ജോണ്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു നേതൃത്വം നല്‍കി.

 

 

 

Advertisement