ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്ന് സര്‍വ്വീസ് നടത്തിയ ഓണാഘോഷ ഉല്ലാസയാത്രകള്‍ ലാഭത്തില്‍. അഞ്ച് ദിവസങ്ങളിലായി ആറുസ്ഥലങ്ങളിലേക്ക് നടത്തിയ ഒമ്പത് യാത്രകളില്‍ നിന്നുള്ള വരുമാനം 3.20 ലക്ഷം രൂപ

35

ഇരിങ്ങാലക്കുട: കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്ന് സര്‍വ്വീസ് നടത്തിയ ഓണാഘോഷ ഉല്ലാസയാത്രകള്‍ ലാഭത്തില്‍. അഞ്ച് ദിവസങ്ങളിലായി ആറുസ്ഥലങ്ങളിലേക്ക് നടത്തിയ ഒമ്പത് യാത്രകളില്‍ നിന്നുള്ള വരുമാനം 3.20 ലക്ഷം രൂപ. സെപ്തംബര്‍ നാലു മുതലാണ് വാഗമണ്ണ്, മലമ്പുഴ, മൂന്നാര്‍ ജംഗിള്‍ സഫാരി, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം, മലക്കപ്പാറ, നെല്ലിയാമ്പതി എന്നി സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തിയത്. നാല്, അഞ്ച്, ഒമ്പത്, 10, 11 തീയതികളിലായി 2540 കിലോമീറ്ററാണ് യാത്ര നടത്തിയത്. ഒരു കിലോമീറ്ററിന് 126 രൂപ വീതം കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിച്ചു. നെല്ലിയാമ്പതിയിലേക്ക് എല്ലാ ദിവസവും യാത്ര നടത്തിയപ്പോള്‍ ഒമ്പത്, പത്ത് ദിവസങ്ങളില്‍ ഇതടക്കം മൂന്ന് വീതം വണ്ടികളാണ് ഉല്ലാസയാത്ര നടത്തിയത്. മറ്റ് ദിവസങ്ങളില്‍ ഓരോ വണ്ടാകളാണ് സര്‍വ്വീസ് നടത്തിയത്. കൂടുതല്‍ സര്‍വ്വീസ് നടത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും വണ്ടി ലഭിക്കാത്തതിനാല്‍ യാത്രകള്‍ വെട്ടിച്ചുരുക്കുകയായിരുന്നു. ഇതോടൊപ്പം തീരുമാനിച്ചിരുന്ന കുമരകം, ഗവി എന്നി യാത്രകള്‍ ഒഴിവാക്കേണ്ടിവന്നു. സാധാരണ യാത്രകളേക്കാള്‍ ഇത്തരം ഉല്ലാസയാത്രകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് വലിയ തോതില്‍ ലാഭമുണ്ടാക്കുന്നുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. യാത്രക്കാരും ഒരുപാട് പേര്‍ അന്വേഷിച്ചെത്തുന്നുണ്ട്. നിലവിലുള്ള സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി ഇത്തരം യാത്രകള്‍ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് പല ട്രിപ്പുകളും ഒഴിവാക്കാന്‍ കാരണം. കൂടുതല്‍ ബസ്സുകള്‍ അനുവദിച്ചാല്‍ അതനുസരിച്ച് യാത്രകള്‍ ഒരുക്കാനാകുമെന്ന് ജീവനക്കാര്‍ പറഞ്ഞു. ഓണാഘോഷയാത്രയുടെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്ന ആഴക്കടല്‍ അടക്കം അഞ്ചുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ആഡംബര കപ്പല്‍ യാത്ര 22 ന് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി.

Advertisement