തൃശൂർ റൂറൽ ജില്ലയിൽ അത്യാധുനിക ക്യാമറ കണ്ണുകൾ നിരീക്ഷണത്തിന് തയ്യാർ

39

ഇരിങ്ങാലക്കുട : ട്രാഫിക് നിയമ ലംഘകരേയും, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വാഹനങ്ങളിൽ രക്ഷപ്പെടുന്നവരേയും പെട്ടന്നു കണ്ടെത്തുന്നതിന് പോലീസിന് സഹായകരമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗഗനൈസേഷൻ സിസ്റ്റത്തിന്റെ (ANPR) ഉദ്ഘാടന കർമ്മം ബുധനാഴ്ച തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം, സൈബർ പോലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണ എന്നിവർ സന്നിഹിതരായിരുന്നു.വാഹന നിയമ ലംഘന കുറ്റകൃത്യങ്ങൾ തടയുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ ചലാൻ വഴി ഫൈൻ ഉടമകൾക്ക് മൊബൈൽ ഫോണിലൂടെ ഉടൻ തന്നെ അറിയിക്കുന്നതാണ്.. തൃശൂർ റൂറൽ ജില്ലയിലെ മലക്കപ്പാറ, കോട്ടപ്പുറം, പെരുമ്പുഴ , ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നൂതന സാങ്കേതിക വിദ്യകളോടു കൂടിയ ANPR ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകൾക്കു പുറമേ വാഹനങ്ങളുടേയും യാത്രക്കാരുടേയും വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്ന നിരവധി നൂതന ക്യാമറകളും ജില്ലയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനം നടത്തുന്നതടക്കമുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ വ്യക്തമായ ചിത്രങ്ങൾ, വീഡിയോകൾ ANPR ക്യാമറകളിലൂടെ ശേഖരിച്ച് സൂക്ഷിക്കുന്നതാണ്. സംശയാസ്പദമായ വാഹനങ്ങളുടെ നമ്പറുകൾ ഈ സിസ്റ്റത്തിൽ സേവ് ചെയ്തു വച്ചാൽ ഇത്തരം വാഹനങ്ങൾ ഇതുവഴി കടന്നുപോയാൽ അലാം വഴി കൺട്രോൾ റൂമിൽ അറിയിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഇരിങ്ങാലക്കുടയിൽ പുതുതായി പണി കഴിപ്പിച്ച തൃശൂർ റൂറൽ ജില്ലാ ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുക. ഒരേ സമയം രണ്ടു പോലീസ് ഉദ്ദ്യോഗസ്ഥർ വീതം ഇരുപത്തിനാലു മണിക്കൂറും നിരീക്ഷണ ഡ്യൂട്ടിക്കായി ഉണ്ടായിരിക്കുന്നതാണ്.കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു രക്ഷപ്പെടുന്ന വാഹനങ്ങളുടെ റൂട്ടുകൾ നിമിഷങ്ങൾക്കകം കണ്ടുപിടിക്കാൻ ഇതിലൂടെ പോലീസിന് സാധിക്കും.ഈ സംവിധാനത്തിന്റെ ട്രയൽറൺ വിജയകരമായി പൂർത്തിയാക്കിയാണ് ഉദ്ഘാനകർമ്മം നടത്തിയിട്ടുള്ളത്.

Advertisement