പണി തുടങ്ങാനായി റോഡില്‍ കരിങ്കല്‍ നിക്ഷേപിച്ചതോടെ വഴിയാത്രക്കാര്‍ പെരുവഴിയിലായി…

326
Advertisement

 

പടിയൂര്‍: റോഡിന്റെ പുനരുദ്ധാരണത്തിനായി കൊണ്ടു വന്ന കരിങ്കല്ലുകള്‍ പാളികള്‍ മുഴുവന്‍ റോഡില്‍ നിക്ഷേപിച്ചതോടെ വഴിയാത്രക്കാര്‍ പെരുവഴിയിലായി. പടിയൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കുട്ടാടംപാടം റോഡിനാണ് ഈ ദുര്‍ഗതി. ഇരുവശവും കാന നിര്‍മിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്യുക എന്നുള്ളതായിരുന്നു പദ്ധതി. എംഎല്‍എ ഫണ്ടില്‍ 20 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. റോഡിന്റെ ഇരുവശവും കാനകെട്ടി ഉയര്‍ത്തുന്നതിനായി കൊണ്ടു വന്ന കരിങ്കല്‍ പാളികള്‍ മൂന്നുറ് മീറ്ററോളമുള്ള റോഡിന്റെ നടുവില്‍ നിക്ഷേപിച്ചിരിക്കുന്നത്. മഴ കനത്തതോടെ കാന നിര്‍മാണം പുരോഗമിച്ചുമില്ല. മാത്രമല്ല, കരിങ്കല്‍ പാളികള്‍ ഈ റോഡില്‍ കിടക്കുന്നതു മൂലം രണ്ടാഴ്ചയായി ഇതുവഴി കാല്‍നട യാത്രക്കാര്‍ക്കു പോലും കടന്നു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. സമീപത്തെ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളുമായുള്ള വഴിനടക്കാരും റോഡിനു സമീപത്തെ പറമ്പിലൂടെയാണ് ഇപ്പോള്‍ നടന്നു പോകുന്നത്. മഴക്കാലമായതോടെ വെള്ളം കെട്ടി നില്‍ക്കുന്ന ഈ പറമ്പിലൂടെയുള്ള യാത്ര രോഗങ്ങളെ ക്ഷണിച്ചു വരുത്തുവാന്‍ സാധ്യതയുണ്ട്. റോഡിന്റെ തെക്കു വശത്തെ നാല്പതോളം വീട്ടുക്കാരാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. സമീപവാസികളില്‍ നിന്നും പ്രതിഷേധം ഉടലെടുത്തതോടെ പണി എത്രയും വേഗം പൂര്‍ത്തീകരിക്കുവാനും വഴിയാത്രക്കുള്ള സൗകര്യം ഉണ്ടാക്കണമെന്നു പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധന്‍ കരാറുക്കാരനോട് ആവശ്യപ്പെട്ടുവെങ്കിലും നടപടി ഉണ്ടായിട്ടില്ല.

 

Advertisement