ദനഹാതിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി പത്ത് ലക്ഷം രൂപ 1000 സൗജന്യ ഡയാലിസിസിനും, സൗജന്യ മുറി പാലിയേറ്റീവ് കെയറിനും

99

ഇരിങ്ങാലക്കുട: ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണമായ ദനഹാതിരുനാളും, വിശ്വാസത്തിനായി ധീരരക്തസാക്ഷിത്വം വരിച്ച വി. സെബാസ്റ്റ്യാനോസിന്റെ അമ്പുതിരുനാളുമാണ് ഇരിങ്ങാലക്കുട കത്തീഡ്രലില്‍ പിണ്ടിപ്പെരുനാളായി ആഘോഷിക്കുന്നത്.ജാതിമത ഭേദമെന്യേ ഇരിങ്ങാലക്കുടക്കാര്‍ ആഘോഷിക്കുന്ന ദനഹാത്തിരുനാള്‍ ഈ വര്‍ഷം കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് ആളും ആരവവുമില്ലാതെ ആചരിക്കുമെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാ. ആന്റു ആലപ്പാടന്‍ അറിയിച്ചു. ജനുവരി 9,10,11 തിയ്യതികളിലാണ് ഈ വര്‍ഷത്തെ ദനഹാതിരുനാള്‍.തിരുനാളിനൊരുക്കമായി ജനുവരി 1-ാം തിയ്യതി മുതല്‍ വൈകീട്ട് 5.00 മണിക്ക് നവനാള്‍ കുര്‍ബാനയും 6.30 ന് കുര്‍ബാനയോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ച്ചയും ആരംഭിച്ചു. ജനുവരി 6-ാം തിയ്യതി ബുധനാഴ്ച്ച രാവിലെ 6.00 മണിയുടെ കുര്‍ബാനയെ തുടര്‍ന്ന് 6.40 ന് തിരുനാള്‍ കൊടികയറ്റം കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ നിര്‍വഹിക്കും. വൈകീട്ട് 7.30 ന് ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കുന്നു; തുടര്‍ന്ന് സൗഹൃദ കൂട്ടായ്മ. ജനുവരി 7-ാം തിയതി വ്യാഴാഴ്ച്ച വൈകീട്ട് 7.30ന് കത്തീഡ്രല്‍ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയില്‍ തിരി തെളിയിക്കുന്നു. തുടര്‍ന്ന് മതസൗഹാര്‍ദ്ദ കൂട്ടായ്മ. ജനുവരി 8-ാം തിയതി രാത്രി 8.00 മണിക്ക് തിരുനാള്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. രാജേഷ് ഠ. ഞ. നിര്‍വ്വഹിക്കുന്നു. ജനുവരി 9-ാം തിയതി ശനിയാഴ്ച്ചയും 11-ാം തിയതി തിങ്കളാഴ്ച്ചയും കത്തീഡ്രലിലെ രാവിലെ 6.00 മണിയുടേയും 7.15 ന്റേയും കുര്‍ബാനകള്‍ക്ക് ശേഷം യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. ശനിയാഴ്ച്ച വൈകീട്ട് 5.30 ന് നൊവേന, ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ച് വയ്ക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ്.തിരുനാള്‍ ദിനമായ 10-ാം തിയ്യതി ഞായറാഴ്ച്ച രാവിലെ 10.30 ന്റെ ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്കു രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ കുര്‍ബാനകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി കത്തീഡ്രലിലും സ്പിരിച്ച്വാലിറ്റി സെന്ററിലുമായി 18 കുര്‍ബാനകള്‍ക്കൂടി ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4.30 ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കുന്നു. വൈകീട്ട് 7.00 മണിക്ക് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്നു. വാദ്യഘോഷങ്ങളും ആള്‍ത്തിരക്കും ഒഴിവാക്കി തിരുനാള്‍ ആചരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ അറിയിച്ചു.ദനഹതിരുനാളിനോടനുബന്ധിച്ച് 1000 പ്രസുദേന്തിമാര്‍ 1000 രൂപ വീതം കാഴ്ച്ചയായി നല്‍കുന്നു. ഈ പത്ത് ലക്ഷം രൂപ 1000 സൗജന്യ ഡയാലിസിനായി അഭിവന്ദ്യ പോളി കണ്ണൂക്കാടന്‍ പിതാവിന് കൈമാറുന്നു. ഇന്ന് കാണുന്ന മനോഹരമായ കത്തീഡ്രല്‍ ദേവാലയമുണ്ടായത് 1846 ജനുവരി 5-ാം തിയതിയാണ്. ഇരിങ്ങാലക്കുട പട്ടണത്തിന്റെ തിലകക്കുറിയായി നിലനില്‍ക്കുന്ന ഈ ദേവാലയത്തിന്റെ 175-ാം ജന്മദിനത്തിന്റെ ഓര്‍മ്മക്കായ്, 1500 ലധികം കിടപ്പുരോഗികള്‍ക്ക് ശുശ്രൂഷ ചെയ്യുന്ന ഇരിങ്ങാലക്കുട രൂപതയുടെ ഹൃദയ പാലിയേറ്റീവ് കെയറിന്റെ സൗജന്യ മരുന്നു വിതരണത്തിനായി, പുതിയതായി നിര്‍മ്മിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒരു മുറി സൗജന്യമായി കൈമാറ്റം ചെയ്യപ്പെടുന്നു.അസി. വികാരിമാരായ ഫാ. റീസ് വടാശ്ശേരി , ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍, ഫാ. സ്റ്റേണ്‍ കൊടിയന്‍, ട്രസ്റ്റിമാരായ ശ്രീ. ജോസ് കൊറിയന്‍, ശ്രീ. വര്‍ഗ്ഗീസ് തൊമ്മാന, ശ്രീ. അഗസ്റ്റിന്‍ കോളേങ്ങാടന്‍, ശ്രീ. ജിയോ പോള്‍ തട്ടില്‍, പാസ്റ്ററല്‍ കാണ്‍സില്‍ സെക്രട്ടറി ടെല്‍സന്‍ കോട്ടോളി എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement