വെള്ളം കയറി വീട് തകര്‍ന്നത് കണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചിരുന്നയാള്‍ ഹൃദയം പൊട്ടി മരിച്ചു.

933

മാടായിക്കോണം- പി.കെ.ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവ.യു.പി.സ്‌കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചിരുന്ന കുഴിക്കാട്ടുകോണം സ്വദേശി തെറ്റയില്‍ മാധവന്‍ മകന്‍ ഉദയന്‍ (58) ആണ് മരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന വാടക വീട് വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണിരുന്നു. മാടായിക്കോണം സ്‌കൂളിന് മുമ്പില്‍ സൈക്കിള്‍ റിപ്പയറിങ്ങ് നടത്തി ജീവിക്കുകയായിരുന്നു നിര്‍ദ്ധനനായ ഉദയന്‍.ഗീതയാണ് ഭാര്യ. ഈ ദമ്പതികള്‍ക്ക് മക്കളില്ല. ഇന്ന് പുലര്‍ച്ചെ ക്യാമ്പില്‍ വെച്ച് കടുത്ത ശ്വാസതടസ്സവും, നെഞ്ചുവേദനയും അനുഭവപ്പെട്ട ഉദയനെ ക്യാമ്പിലുള്ളവര്‍ മാപ്രാണം ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം കുഴിക്കാട്ടുകോണത്തുള്ള വാടക വീടിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം എടവിലങ്ങിലുള്ള ഭാര്യവീട്ടിലേക്ക് കൊണ്ടുപോയി. അടിയന്തിര ധനസഹായമായി 10000 രൂപ മുകുന്ദപുരം തഹസില്‍ദാര്‍ ടി.ജെ.മധുസൂതന്‍ ബന്ധുക്കള്‍ക്ക് കൈമാറി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വി.പ്രജീഷ്, അംബിക പള്ളിപ്പുറത്ത് എന്നിവര്‍ അടിയന്തിരമായി ഇടപെട്ടു ആവശ്യമായ സഹായങ്ങള്‍ നല്‍കി.

 

Advertisement