കുഞ്ഞ് അസ്‌നാന് ഇനി പ്രതീക്ഷ രക്ത മൂല കോശ ദാനം മാത്രം

786

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ ഊളക്കല്‍ അക്ബര്‍ മകന്‍ അസ്‌നാന്റെ അവസാന പ്രതീക്ഷയാണ് ജൂലായ് 26, 27,29 തിയ്യതികളില്‍ നടത്തപ്പെടുന്ന രക്ത മൂല കോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ്.ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, ക്രൈസ്റ്റ് എഞ്ചിനിയറിങ്ങ് കോളേജ്, തരണനെല്ലൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജ് ജനമൈത്രി പോലീസ്, വിവിധ റസിഡന്‍സ് അസോസിയേഷന്‍സ് അടക്കം നിരവധി സംഘടനകളും നേതൃത്വത്തിലാണ് രക്ത മൂല കോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷം അസ്‌നാന് വേണ്ടി രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തിയിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ ജനിതക സാമ്യമുള്ള ഒരു ദാതാവിനേയും ലഭിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ ഇക്കുറി പരമാവധി ആള്‍ക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് സാധ്യത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. ജൂലായ് 26ന് സെന്റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗവുമായി ഒത്തുചേര്‍ന്ന് ഉച്ചക്ക് 2.30 മുതല്‍ 4.30 വരെ സെന്റ് ജോസഫ്‌സ് കോളേജിലും, ജൂലായ് 27 ന് ക്രൈസ്റ്റ് കോളേജ്, ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജ് എന്നിവരുമായി സഹകരിച്ച് ഉച്ചക്ക് 1.30 മുതല്‍ 4.30 മണി വരെ ക്രൈസ്റ്റ് കോളേജിലും , ജൂലായ് 27 ന് തന്നെ ഉച്ചക്ക് 1.30 മുതല്‍ 4 മണി വരെ തരണനെല്ലൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജിലും ജൂലായ് 29 ന് ഇരിങ്ങാലക്കുട ജനമൈത്രി പോലീസും വിവിധ റസിഡന്‍സ് അസോസിയേഷന്‍സും, ക്ലബ്ബുകളുമായി സഹകരിച്ച് പൊതു ജനങ്ങള്‍ക്കായി ഉച്ചക്ക് 2 മണി മുതല്‍ 5 മണി വരെ കാട്ടുങ്ങച്ചിറ PTR മഹല്‍ ഹാളിലും നടത്തപ്പെടുന്നു. രാഷ്ട്രീയ പൊതു രംഗത്തെ എല്ലാവരുടെയും പിന്തുണയോടെ ഒരു നാട് മുഴുവന്‍ ഒരു ദാതാവിനെ കിട്ടുമെന്ന പ്രതീക്ഷയില്‍ ആണ്. തീര്‍ത്തും വേദനാ രഹിതമായി നീണ്ട ഒരു ബഡ് ഉപയോഗിച്ച് വായ്ക്കകത്തു നിന്നും ശേഖരിക്കുന്ന കോശങ്ങളാണ് പരിശോധനക്ക് വിധേയമാക്കുന്നത്.18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. മുന്‍പ് മൂല കോശ ദാന ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ളവര്‍ വീണ്ടും ചെയ്യേണ്ട ആവശ്യം ഇല്ല. പതിനായിരത്തില്‍ ഒന്നോ ലക്ഷത്തില്‍ ഒന്നോ കോശം മാത്രമാണ് രോഗിയുടെ കോശവുമായി സാമ്യം ഉണ്ടാവാന്‍ സാദ്ധ്യത. രോഗിയുടെ കോശങ്ങളുമായി ഒത്തുചേര്‍ന്നാല്‍ ദാതാവിന്റെ പൂര്‍ണ്ണ സമ്മതത്തോടെ രക്തദാനം വഴി വളരെ ലളിതമായി മൂലകോശം ദാനം ചെയ്യാവുന്നതാണ്.

 

Advertisement