പ്രളയ ബാധിതമായ മുളങ്ങ് ഇടവകയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കത്തീഡ്രല്‍ ഇടവക ഏറ്റെടുത്ത് നടത്തി

511

ഇരിങ്ങാലക്കുട : കത്തീഡ്രല്‍ ഇടവകയുടെ പ്രളയാന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പ്രളയം കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയ മുളങ്ങ് ഇടവകയെ ദത്തെടുക്കുകയുണ്ടായി. പ്രളയം മൂലം മുളങ്ങ് ഇടവക ദേവാലയത്തിന്റെ അള്‍ത്താരയും മറ്റ് സാധന സാമഗ്രികളും നശിച്ച് കുര്‍ബ്ബാനയും തിരുകര്‍മ്മങ്ങളും നടത്തുവാന്‍ സാധിക്കാത്ത നിലയിലായിരുന്നു. ഇടവകയുടെ ചുറ്റുപാടുമുള്ള വീടുകളിലും പ്രളയം കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. മുളങ്ങ് ഇടവക ദേവാലയത്തില്‍ പെയിന്റിങ്ങും മറ്റ് നിര്‍മ്മാണപ്രവര്‍ത്തികളും പൂര്‍ത്തിയാക്കി അള്‍ത്താര മുതല്‍ എല്ലാ സാധനസാമഗ്രികളും പുതിയതായി ക്രമീകരിച്ച് ഇടവക ജനത്തിന് നല്‍കി. ഇതോടനുബന്ധിച്ച് ഒക്ടോബര്‍ 14-ാം തിയ്യതി ഞായറാഴ്ച രാവിലെ 9 മണിക്ക് അര്‍പ്പിച്ച കുര്‍ബ്ബാനയില്‍ കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടനും, പറപ്പൂക്കര ഫൊറോന വികാരി ഫാ.ജോജി കല്ലിങ്കലും കാര്‍മ്മികത്വം വഹിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി ആന്റോ ആലേങ്ങാടന്‍, കത്തീഡ്രല്‍ ഇടവകയുടെ സഹായധനം മുളങ്ങ് പള്‌ലി കൈക്കാരന്‍മാര്‍ക്ക് കൈമാറി. പ്രളയം മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച മുളങ്ങ് ഇടവക ജനങ്ങള്‍ക്ക് പുതിയ ബൈബിളും, മിക്‌സിയും, മറ്റ് വീട്ടുപകരണങ്ങളും നല്‍കി. കത്തീഡ്രല്‍ കൈക്കാരന്‍മാരായ ജോണി പൊഴോലിപറമ്പില്‍ ജെയ്‌സന്‍ കരിപറമ്പില്‍, അഡ്വ.വി.സി.വര്‍ഗ്ഗീസ്, കത്തീഡ്രല്‍ പള്ളി കമ്മറ്റി അംഗങ്ങള്‍ മുളങ്ങ് ഇടവകാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement