Published :29-May-2017
കാറളം: സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട കാറളം സെന്റര്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ചെളിക്കുളമായി. ഇതുമൂലം കാല്‍നടയാത്രക്കാരടക്കമുള്ളവരും സമീപത്തെ കടക്കാരും ബുദ്ധിമുട്ടിലായി. നേരത്തെ റോഡിന്റെ ദുരവസ്ഥ മാറ്റാന്‍ അധികാരികളുടെ കണ്ണ് തുറക്കാന്‍ വേണ്ടി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശയനപ്രദക്ഷിണം അടക്കം നിരവധി സമരം നടത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ പുതിയ ടെണ്ടര്‍ നടത്തി എത്രയും പെട്ടന്ന് റോഡ് ടാറിങ്ങ് നടത്തി സഞ്ചാരയോഗ്യമാക്കാന്‍ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. കടുത്ത വേനലില്‍ പൊടിശല്യം മൂലം ബുദ്ധിമുട്ടിയിരുന്ന സമീപത്തെ കടക്കാരും യാത്രക്കാരും മഴ പെയ്തതോടെ ചെളിമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കുവേണ്ടി രണ്ട് വര്‍ഷം മുമ്പാണ് കാറളം സെന്റര്‍ റോഡ് പൊളിച്ചിട്ടത്. എന്നാല്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കിയിട്ടും റോഡ് ടാറിങ്ങ് നടത്തിയില്ല. നിരവധി തവണ ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. മഴ പെയ്താലും വെയിലായാലും റോഡിലൂടെയുള്ള യാത്ര അസഹനീയമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴ ശക്തമാകുന്നതോടെ യാത്ര കൂടുതല്‍ ദുഷ്‌ക്കരമാകുമെന്ന ആശങ്കയിലാണ് ജനം.
 
Published :29-May-2017
കാട്ടൂര്‍ ; സി പി ഐ എം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു.കാട്ടൂര്‍ ഹൈസ്‌ക്കൂള്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങ് സി പി എം ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം ബി പവിത്രന്‍,എ വി ഉദയന്‍,കെ വി സജീവന്‍,ടി ഡി കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
Published :29-May-2017
കാറളം : സി പി ഐ യുടെ നേതൃത്വത്തില്‍ കാറളം പത്തനാപുരത്ത് അനുമോദനയോഗം സംഘടിപ്പിച്ചു.എസ് എസ് എല്‍ സി.+ 2 ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.ചടങ്ങില്‍ കര്‍ഷക തെഴിലാളിയ്ക്കും സൈക്കിളും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.ജില്ലാപഞ്ചായത്തംഗം എം കെ ഉദയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു.കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സുഭാഷ്,രഘുനാഥ് തച്ചിലാട്ടില്‍,മോഹനന്‍ വെളിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
 
Published :29-May-2017
ഇരിങ്ങാലക്കുട : അര്‍ഹരായ മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും, റവന്യൂ-ഇറിഗേഷന്‍ പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്കും തങ്ങളുടെ കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 14ന് സംസ്ഥാന വ്യാപകമായി താലൂക്ക് ഓഫീസുകളിേലക്ക് മാര്‍ച്ചും,ധര്‍ണ്ണയും നടത്താന്‍ നിശ്ചയിച്ചതിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് ഓഫീസ് മാര്‍ച്ചും ,ധര്‍ണ്ണയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റര്‍ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.കെ.കെ.ഗോകലെ അദ്ധ്യക്ഷത വഹിച്ചു.ടി.ജി.ശങ്കരനാരായണര്‍ സ്വാഗതവും, ടി.എസ്.സജീവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ, വി.എ.മനോജ് കുമാര്‍- (രക്ഷാധികാരികള്‍) ഉല്ലാസ് കളക്കാട്ട് (ചെയര്‍മാന്‍), ടി.ജി.ശങ്കരനാരായണന്‍ (കണ്‍വീനര്‍), കെ.കെ.ഗോഖലെ (ട്രഷറര്‍).
 
Published :29-May-2017
ഇരിങ്ങാലക്കുട : എ ഐ വൈ എഫ്  ഇരിങ്ങലക്കുട കനാല്‍ ബെയ്‌സ്  യൂണിററിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി 19-)ംവര്‍ഷവും എസ് എസ് എല്‍ സി,+2 വിജയികളെ അനുമോദിക്കലും, സൗജന്യ പഠനോപകരണ വിതരണവും നടന്നു.എ ഐ വൈ എഫ്  ജില്ലാ സെക്രട്ടറി ടി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബൈജു,എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് എ എസ് ബിനോയ്,കൗണ്‍സിലര്‍ രമണന്‍ തുടങ്ങിയവര്‍ സംസാരിച്ചു
 
Published :29-May-2017
ഇരിങ്ങാലക്കുട : ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കൂടല്‍മാണിക്യം ക്ഷേത്രം തെക്കേനടവഴി അടച്ച് കെട്ടി വാഹന ഗതാഗതം നിയന്ത്രിച്ച ദേവസ്വം നിലപാടിനെതിരെ പട്ടികജാതി വികസന കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്നാവശ്യം ശക്തമാകുന്നു.എത്രയും വേഗം തെക്കേനടവഴിയിലെ തടസങ്ങള്‍ നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ശക്തി സാംസ്‌ക്കാരിക വേദി ആവശ്യപെട്ടു.പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കീഴുത്താണി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ പി മുരളികൃഷ്ണന്‍,എം കെ മോഹനന്‍,സി നരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കേരള പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയകുമാറിന്റെതാണ് ഉത്തരവ്. കോണ്‍ക്രീറ്റ് തൂണുകളും മറ്റു നിര്‍മാണങ്ങളും ഉത്തരവ് കിട്ടി രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യാനാണ് നിര്‍ദേശിച്ചിരുന്നത്. നടവഴി പഴയനിലയിലാക്കി വിവരം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.നടവരമ്പ് കുന്നത്തുവീട്ടില്‍ കെ.ആര്‍. തങ്കമ്മ, സ്വതന്ത്ര പുലയമഹാസഭാ പ്രസിഡന്റ് ടി.കെ. ആദിത്യകുമാര്‍ എന്നിവര്‍ കമ്മിഷന് നല്‍കിയ പരാതിയിന്‍മേലാണ് നടപടി ഉണ്ടായത്.തൃശ്ശൂര്‍ ആര്‍.ഡി.ഒ.കൂടല്‍മാണിക്യം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍, സെക്രട്ടറി, നഗരസഭാ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി.പെരുവല്ലിപ്പാടത്ത് താമസിക്കുന്ന നൂറോളം പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള വഴിയാണെന്നും സഞ്ചാരസ്വാതന്ത്രം തടയുന്നുവെന്നുമായിരുന്നു പരാതി.എസ്.സി. - എസ്.ടി. കമ്മിഷന്‍ ചെയര്‍മാന്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 22ന് ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ദേവസ്വത്തോടും നഗരസഭയോടും രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. വിശദമായ പരിശോധനയുടെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം. പൗരാവകാശം സംരക്ഷിക്കണമെന്നും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പരിരക്ഷ ഉറപ്പാക്കണമെന്നുമുള്ള പ്രധാന കോടതിവിധികളും കമ്മിഷന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2015 ഏപ്രിലിലാണ് കിഴക്കേ ഗോപുരത്തിന്റെ തെക്കുഭാഗത്ത് ഒരടിയോളം ഉയരത്തിലും കലാനിലയത്തിന് മുന്നില്‍ വഴി ചേരുന്ന ഭാഗത്ത് അഞ്ചടി ഉയരത്തിലും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത്.
 
Published :29-May-2017
ഇരിങ്ങാലക്കുട : അര്‍ബുദരോഗ  ബാധിതനായ മൂന്നു വയസ്സുകാരന്റെ ജീവനായി ഒരു ഗ്രാമം കൈകോര്‍ക്കുന്നു. പടിയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിലംപതിക്കടുത്ത് താമസിക്കുന്ന ഊളക്കല്‍ അക്ബര്‍- ഷാഹിന ദമ്പതികളുടെ മകനായ അസ്‌നാനാണ് ഗുരുതരമായ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ (സ്റ്റെം സെല്‍) ദാതാവിനെ ലഭിച്ചാല്‍ മാത്രമേ അസ്‌നാന് തുടര്‍ചികിത്സ നടത്താന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് രക്താര്‍ബുദമടക്കമുള്ള മാരക രോഗങ്ങള്‍ക്ക് വിപ്ലവകരമായ ചികിത്സ സാധ്യമാക്കുന്ന രക്തമൂലകോശങ്ങള്‍ ദാനം ചെയ്യാന്‍ ഒരു ഗ്രാമവാസികള്‍ മുഴുവന്‍ മുന്നോട്ട് വന്നത്.ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. ആയ 'ധാത്രി',മൈ. ഐ.ജെ.കെ. ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹായത്താല്‍ ജൂണ്‍മാസം പതിനൊന്നിന് പടിയൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മൂലകോശദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.ഞായറാഴ്ച്ച രാവിലെ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 'ധാത്രി' പ്രവര്‍ത്തകനായ ഹെറോളിന്‍ പോള്‍ ജനങ്ങള്‍ക്ക് സുപരിചിതമല്ലാത്ത രക്തമൂലകോശ ദാനത്തെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്ന ക്ലാസിന് നേതൃത്വം നല്‍കി. സ്വന്തം കുടുംബത്തില്‍ നിന്ന് പോലും 25 ശതമാനം സാധ്യതയേയുള്ളൂ. പുറമേ നിന്ന് കണ്ടെത്താനുള്ള സാധ്യത പതിനായിരത്തില്‍ ഒന്നു മുതല്‍ ഇരുപതുലക്ഷത്തില്‍ ഒന്നുവരെയാണ്. ഈ സാഹചര്യത്തിലാണ് രക്തമൂലകോശ ദാനം പ്രസക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.18 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് രക്തമൂലകോശം ദാനം ചെയ്യാം. അണുവിമുക്തമാക്കിയ പഞ്ഞി കവിളിനുള്ളില്‍ ഉരസിയാണ് സാമ്പിള്‍ എടുക്കുക. ജനിതക സാമ്യം ശരിയായാല്‍ രക്തസാമ്പിള്‍ എടുക്കും. മരുന്നു നല്‍കി മൂലകോശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. പിന്നെ രക്തം ശേഖരിച്ച് അതില്‍ നിന്ന് മൂലകോശങ്ങള്‍ മാത്രം എടുത്ത് രക്തം തിരിച്ച് ദാതാവിന്റെ ശരീരത്തിലേക്കുതന്നെ കൊടുക്കുകയും ചെയ്യും. ഒരുതരത്തിലും വേദനയോ മറ്റെന്തെങ്കിലും ദോഷങ്ങളോ ദാതാവിനുണ്ടാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. രക്താര്‍ബുദം പൂര്‍ണമായി സുഖപ്പെടുത്താന്‍ രക്തമൂലകോശ ചികിത്സയ്ക്ക് കഴിയുമെന്നതാണ് പ്രതീക്ഷ നല്‍കുന്ന കാര്യം. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി. ബിജു ചെയര്‍മാനും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ കെ.പി. കണ്ണന്‍, അനൂപ് മാമ്പ്ര, കെ.പി. ഋഷിപാല്‍, കെ.വി. ഹജീഷ് എന്നിവര്‍ കണ്‍വീനര്‍മാരും വാര്‍ഡ് മെമ്പര്‍മാര്‍, കമ്മറ്റിയംഗങ്ങളുമായി വിപുലമായ കമ്മറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ട്.വിവിധ രാഷ്ട്രീയ-മത-കലാകായിക സംഘടനകള്‍, ലൈഫ്ഗാര്‍ഡ്‌സ്, കുടുംബശ്രീ, നമ്മുടെ ഇരിങ്ങാലക്കുട ഫേസ്ബുക്ക് കൂട്ടായ്മ, എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനായി വരും ദിവസങ്ങളില്‍ വാര്‍ഡ് തലത്തില്‍ ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. പടിയൂരില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9496046142 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 
Published :29-May-2017
കരൂപ്പടന്ന: കോണത്തുകുന്ന്  വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ വിദ്യാമിത്രം പദ്ധതി തുടങ്ങി. ഡി.സി.സി.പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.ആര്‍.രാമദാസ് അദ്ധ്യക്ഷനായി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ വര്‍ഷാരംഭത്തിന്റെ ഭാഗമായുള്ള പ്രിയദര്‍ശിനി സാമ്പത്തിക സഹായ പദ്ധതിയാണ് വിദ്യാമിത്രം. ചടങ്ങില്‍ വെച്ച് എസ്.എസ്.എല്‍.സി., പ്ലസ് ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ കുട്ടികള്‍ക്ക്  വിദ്വാമിത്രം പ്രതിഭാ പുരസ്‌കാരം നല്‍കി. കൊടുങ്ങല്ലൂര്‍ താലൂക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം.നാസര്‍ മുഖ്യാതിഥിയായി.കെ.ഐ.നജീബ്, ഈ വി.സജീവ്, വി. രാംദാസ്. ഇന്ദിര രഗുണന്‍, കെ.ഒ.ജോയ്,സിമി കണ്ണദാസ്, നസീമ നാസര്‍ എന്നിവര്‍ സംസാരിച്ചു.
 
അക്ഷരമൂല
.
ചരമം
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റിട്ട.വൈസ് പ്രിന്‍സിപ്പാളും ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാളുമായ അരിമ്പൂര്‍ വിട്ടില്‍ പ്രൊഫ. എ എം വര്‍ഗ്ഗീസിന്റെ ഭാര്യ ജെസി (61) നിര്യാതയായി.സംസ്‌ക്കാരം തിങ്കളാഴ്ച്ച(29-5-2017) ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.പരേത കണ്ടശംകടവ് മണ്ണുമേല്‍ കുടുംബാംഗമാണ്.മക്കള്‍ : വിജി,ലിജി( യു എസ് എ),സിജി(മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്,ഇരിങ്ങാലക്കുട),മരുമക്കള്‍ പോളി ആളൂര്‍ ആറ്റത്തറ(ചോയ്‌സ് ബുക്ക് ഡിസ്ട്രിബ്രുട്ടേഴ്‌സ് ),ബിജോയ് കാട്ടിത്തറ(എഞ്ചിനിയര്‍ യു എസ് എ),ജോജോ ജോര്‍ജ്ജ്(വൈ.ടി.ടി മൊബ് സെല്യൂഷന്‍സ്).ph:9446528611
Birthday
70-ാം പിറന്നാള്‍ ആഘോഷിക്കുന്ന തമ്പാന്‍ മാസ്റ്റര്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍.