ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെസ്റ്റ് താണിശ്ശേരി ലിറ്റില്‍ ഫ്ളവര്‍ എല്‍.പി. സ്‌കൂളിന്റെ 90-ാമത് വാര്‍ഷികവും അദ്ധ്യാപക- രക്ഷാകര്‍ത്തൃ ദിനവും പൂര്‍വ്വ വിദ്യര്‍ത്ഥി സംഗമവും 2018 ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം 5.30ന് ഡോളേഴ്സ് പള്ളി മതബോധനഹാളില്‍ വച്ച് ആഘോഷിക്കുന്നു. ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കുന്നു. ഇരിങ്ങാലക്കുട കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി മാനേജര്‍ ഫാ.ജോര്‍ജ്ജ് പാറമേല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തൃശ്ശൂര്‍ എം.പി. സി.എന്‍.ജയദേവന്‍ സുഖനീര്‍ പ്രകാശനം നടത്തുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.പി. പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. നവതി സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട എ.ഇ.ഒ. ടി.കെ. ഭരതന്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്യും. സ്‌കൂളിന്റെ മുന്‍ മാനേജര്‍മാരുടെ പ്രതിനിധിയായ ഫാ. ആന്റോ പാറശ്ശേരി സമ്മാനദാനം നിര്‍വ്വഹിക്കും. താണിശ്ശേരി നാടിന്റെ പ്രഥമ പ്രാഥമിക വിദ്യാലയമായ ലിറ്റില്‍ ഫ്ളവര്‍ എല്‍.പി. സ്‌കൂള്‍ 1928-ല്‍ സ്ഥാപിതമായതാണ്.
റോഡ് പണി : ബസ്സ്റ്റാന്റ് പരിസരത്ത് ഗതാഗത കുരുക്ക് രൂക്ഷമായി.
ഇരിങ്ങാലക്കുട: ഠാണാ-ബസ് സ്റ്റാന്റ് റോഡ് നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് മുതല്‍ ആല്‍ത്തറ ഭാഗം വരെയുള്ള 100 മീറ്റര്‍ പഴയ പൊട്ടിയ പൈപ്പുകള്‍ മാറ്റിയിടുന്ന പ്രവൃത്തികള്‍ വാട്ടര്‍ അതോറിറ്റി ബുധനാഴ്ച ആരംഭിച്ചതോടെ ബസ്സ്റ്റാന്റ് പരിസരത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ ബുധനാഴ്ച മുതല്‍ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച്ച രാവിലെ മുതല്‍ വാഹനങ്ങളെ വഴി തിരിച്ച് വിടുന്നതിനായി പോലിസോ സുചനാ ബോര്‍ഡുകളോ ഉണ്ടാകാതിരുന്നത് ഗതാഗതകുരുക്ക് രൂക്ഷമാക്കുവാന്‍ ഇടയാക്കി.സ്ഥിരമായി വാട്ടര്‍ പെപ്പ് പൊട്ടുന്ന ഇവിടെ കോണ്‍ക്രീറ്റിംങ്ങ് നടത്തുന്നതിന് മുന്നോടിയായാണ് പഴയ ചോര്‍ച്ചയുള്ള കാസ്റ്റ് അയേണ്‍ പൈപ്പ് മാറ്റി പി വി സി പൈപ്പ് ഇടുന്നത്.പൈപ്പിടല്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് ആല്‍ത്തറയ്ക്കലടക്കം റോഡിലെ തകര്‍ന്നുപോയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മാറ്റുന്ന പ്രവര്‍ത്തികള്‍ ആരംഭിയ്ക്കും.വരും ദിവസങ്ങളിലും റോഡില്‍ പണിനടക്കുന്നതിനാല്‍ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും പുറപ്പെടുന്ന വാഹനങ്ങള്‍ ബൈപ്പാസ് വഴിയും ഠാണായില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചന്തക്കുന്ന് വഴി ടൗണ്‍ ഹാള്‍ റോഡിലൂടെ ഇരിങ്ങാലക്കുട ടൗണില്‍ പ്രവേശിക്കേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ഓടകളിലേയ്ക്ക് മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താന്‍ നഗരസഭ നടപടി ആരംഭിച്ചു.
ഇരിങ്ങാലക്കുട : നഗരത്തിലെ ഓടകളിലേയ്ക്ക് മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താന്‍ നഗരസഭ നടപടി ആരംഭിച്ചു.ബസ് സ്റ്റാന്റ് മുതല്‍ പേഷ്‌ക്കാര്‍ റോഡ് വരെയുള്ള സ്ഥാപനങ്ങളുടെയും വീടുകളുടെയും മാലിന്യം കാനയിലേയ്ക്ക് ഒഴുക്കുന്ന പൈപ്പ് കണക്ഷനുകള്‍ കണ്ടെത്തുന്ന നടപടിയാണ് ആരംഭിച്ചിരിക്കുന്നത്.പല ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും മാലിന്യം നേരിട്ട് ഓടയിലേയ്ക്ക് ഒഴുകുന്നതായി കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പേഷ്‌ക്കാര്‍ റോഡിലെ ഓടകളില്‍ കൂടി പാഴ് വസ്തുക്കളും മലിനജലവും ഒഴുക്കി വൃത്തിഹീനമായിരിക്കുന്നതായി പരാതി ഉള്ളതായി www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ദ്രൂതഗതിയിലുള്ള നടപടി.കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ അസഹനീയമായ ദുര്‍ഗദ്ദമാണ് ഇവിടെ അനുഭവപെടുന്നത്.കാനകളിലേയ്ക്ക് മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്തി നഗരസഭ സെക്രട്ടറിയ്ക്ക് റിപോര്‍ട്ട് നല്‍കുമെന്നും എത്രയും വേഗം ഈകാര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.സുപ്രീം ബേക്കറി, പ്രിയ ബേക്കറി, ശരവണഭവന്‍ ഹോട്ടല്‍, സ്വാമീസ് ഹോട്ടല്‍, അരോമ ബേക്കറിയുടെ നിര്‍മ്മാണ യൂണിറ്റ് എന്നിവരാണ് പൈപ്പ് സ്ഥാപിച്ച് മലിനജലമടക്കമുള്ളവ ഒഴുക്കിവിടുന്നത് എന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന 2 ദിവസം കൂടി തുടരുമെന്നും അതിനു ശേഷം നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുമെന്നും നഗരസഭ ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീല ഇ , ജെ എച്ച് ഐമാരായ രമാദേവി ജി , രാകേഷ് കെ ഡി, അനില്‍ എം എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
‘എന്റെ വിയോജിപ്പുകളാണ് എന്റെ എഴുത്തുകളില്‍ യോജിപ്പുകളായി മാറുന്നത്’- ടി.ഡി.രാമകൃഷ്ണന്‍
ഇരിങ്ങാലക്കുട: ‘എന്റെ വിയോജിപ്പുകളാണ് എന്റെ എഴുത്തുകളില്‍ യോജിപ്പുകളായി മാറുന്നത്… ആ യോജിപ്പുകള്‍ വായനക്കാര്‍ക്കിടയിലെ വിയോജിപ്പുകളായി ചര്‍ച്ചയാകുന്നു… അവിടെ എന്റെ എഴുത്തുകള്‍ വിജയിക്കുന്നു.’- പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മിറാബിലിയ 2കെ18 എന്ന പേരില്‍ നടക്കുന്ന സാഹിത്യമേളയിലെ രണ്ടാം ദിവസമായ ഇന്ന് നടന്ന സാഹിത്യ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മലയാളത്തിലെ എഴുത്തുകള്‍ ജ്യോഗ്രഫിക്കല്‍ ആയിമാറി. അതിനാല്‍ത്തന്നെ എഴുത്തുലോകത്തിന്റെ ക്യാന്‍വാസ് വലുതായി. സമൂഹത്തിന്റെ സ്വാധീനമാണ് ഓരോ എഴുത്തിലും കടന്നു വരുന്നത്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോടു ബന്ധമില്ലാത്ത ഭാവനകളൊന്നും എഴുത്തില്‍ വരുന്നില്ല. എന്നാല്‍ സെക്യുലറിസം അതിന്റെ വികാരത്തെത്തന്നെ വ്രണപ്പെടുത്തുന്ന കാഴ്ചയിലേയ്ക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു. എഴുത്ത് ഭാവനയും അതിഭാവനയുമാണ്.’- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദസ്സില്‍ നിന്നുയര്‍ന്നു വന്ന ഓരോ ചോദ്യങ്ങള്‍ക്കും അദ്ദേഹം വിശദമായിത്തന്നെ ഉദാഹരണസഹിതം മറുപടി നല്‍കി. ഇംഗ്ലീഷ് വിഭാഗം അധ്യാപിക അഞ്ജു ആന്റണി സ്വാഗതവും, തസ്ലീമ നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ഷാലി അന്തപ്പന്‍ ഉപഹാരം സമര്‍പ്പിച്ചു.
ശ്രീ ശിവകുമാരേശ്വര ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം നടന്നു
എടതിരിഞ്ഞി : എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം നടന്നു.ബുധനാഴ്ച്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 8നും 9നും മദ്ധ്യേ ശുഭമുഹുര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു.തിരുവുത്സവ ദിവസമായ ഫെബ്രുവരി 20ന് രാവിലെ മുതല്‍ തന്നേ വിവിധ ദേശങ്ങളില്‍ നിന്ന് കാവടികള്‍, പീലികാവടികള്‍, എന്നിവ ക്ഷേത്രാങ്കണത്തില്‍ എത്തും.കൊടിയേറ്റ ദിനത്തിലെ സംഗീതപരിപാടിയും തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളിലെ അഖില കേരള പ്രൊഫഷണല്‍ നാടകമേളയും തിരുവുത്സവദിനത്തിലെ നൃത്ത നൃത്ത്യങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ഫെബ്രുവരി 20 തിരുവുത്സവദിനത്തില്‍ പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനം, 4 :30 ന് മഹാഗണപതിഹോമം, 5ന് പഞ്ചവിംശന്തി കലശാഭിഷേകം, 5:30 മുതല്‍ അഭിഷേകങ്ങള്‍, വിശേഷ പൂജകള്‍, 9ന്എഴുന്നള്ളിപ്പ് തുടര്‍ന്ന് അഭിഷേകങ്ങള്‍, പറ വഴിപാടുകള്‍, 11:45 മുതല്‍ കാവടിവരവ്, 4ന് കാഴ്ചശീവേലി (കൂട്ടിയെഴുന്നള്ളിപ്പ്) വൈകീട്ട് 7:30ന് ദീപാരാധന, അത്താഴപൂജ രാത്രി 12:15 മുതല്‍ കാവടിവരവ്(ഭസ്മക്കാവടി) എന്നിവ ഉണ്ടായിരിക്കും.
എം.സി പോളിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം : തത്സമയ സംപ്രേഷണം www.irinjalakuda.com ല്‍
ഇരിങ്ങാലക്കുട: അന്തരിച്ച മുന്‍ നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ്സ് നേതാവുമായ എം.സി പോളിന്റെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധതുറയിലുള്ളവര്‍ അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ചാലക്കുടി എം പി ഇന്നസെന്റ്,എം.പി കെ.സി വേണുഗോപാല്‍, കെ പി സി സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍, കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, വൈസ്.പ്രസിഡന്റ് ജോസ് വള്ളൂര്‍ തുടങ്ങി നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തിയിരുന്നു.ഇരിങ്ങാലക്കുടയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്‍െ ഉടമയായ എം.സി. പോളിന്റെ നിര്യാണത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്‌കാരദിനമായ ഫെബ്രുവരി 15ന് വ്യാഴഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ഇരിങ്ങാലക്കുട നഗരത്തിലെ കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് നഗരസഭ ചെയര്‍ പേഴ്സണ്‍ നിമ്മ്യ ഷിജു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.15- ാം തിയ്യതി വ്യാഴാഴ്ച്ച 5 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കാരം.
അവിട്ടത്തൂര്‍ മഹാദേവാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായ ആഘോഷമാണ് അവിട്ടത്തൂരിലേത്.രാത്രി 12 മണിയോടെ പാര്‍വ്വതി സങ്കല്‍പ്പമായ കടുപ്പശ്ശേരി ഭഗവതി എഴുന്നള്ളി വരുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കുകയായി.പുറത്തേയ്ക്ക് എഴുന്നള്ളിയ മഹാദേവനെയും പാര്‍വ്വതി ദേവിയ്‌ക്കൊപ്പം മണ്ഡപത്തില്‍ ഇറക്കിവെയ്ക്കും തുടര്‍ന്ന് 4 മണിയോടെ കൂട്ടിയെഴുന്നള്ളിപ്പും വെടിക്കെട്ടും നടക്കും.കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം 6 മണിയോടെ കടുപ്പശ്ശേരി ഭഗവതി ഉപചാരം ചൊല്ലി യാത്രയാകും.
ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ ജന്മദിനം ആഘോഷിച്ചു.
ഇരിങ്ങാലക്കുട : ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ ജന്മദിനം കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷിച്ചു.കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ രാവിലെ 7.15 ന് നടന്ന ദിവ്യബലിക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്‍കി.ഫാ.അനൂപ് കോലങ്കണ്ണി, ഫാ. മില്‍ട്ടന്‍ തട്ടില്‍ കുരുവിള എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍ ബിഷപ്പിന് ജന്മദിനാശംസകള്‍ നേര്‍ന്നു.കത്തീഡ്രല്‍ ട്രസ്റ്റി ഫ്രാന്‍സീസ് കോക്കാട്ട് ബിഷപ്പിന് ബൊക്കെ നല്‍കി.ദിവ്യബലിക്ക് ശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിക്കെത്തിയ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അന്ന സഞ്ചു ഷാജന്‍, ബീന വിര്‍ഗ്ഗീസ് എന്നിവരോടൊപ്പം ബിഷപ്പ് ജന്മദിനകേക്ക് മുറിച്ച് ദിവ്യബലിക്കെത്തിയവര്‍ക്ക് വിതരണം ചെയ്തു.കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍,സഹവികാരമാരായ ഫാ.അജോ പുളിക്കന്‍,ഫാ.ഫെമിന്‍ ചിറ്റിലപ്പിളളി,കത്തീഡ്രല്‍ ട്രസ്റ്റി റോബി കാളിയങ്കര എന്നിവര്‍ ജന്മദിന ആഘോഷത്തിന് നേതൃത്വം നല്‍കി.
ഇരിങ്ങാലക്കുടയില്‍ നിന്ന് നാട് വീട്ട വിദ്യാര്‍ത്ഥിക്ക് തുണയായത് നാഗലന്റ്ക്കാരന്‍
ഇരിങ്ങാലക്കുട : അന്യ സംസ്ഥാനക്കാര്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്ന വാര്‍ത്തകള്‍ മാത്രം കേട്ട് ശീലിച്ച മലയാളികള്‍ക്കിതാ ഒരു വേറീട്ട വാര്‍ത്ത ഇരിങ്ങാലക്കുടയില്‍ നിന്നും.ഇരിങ്ങാലക്കുടയില്‍ നിന്നും നാട് വിട്ട് പോയ 13 വയസ്‌ക്കാരന് കൂട്ടായത് 19 വയസുക്കാരന്‍ നാഗലന്റ് യുവാവ്.രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരിങ്ങാലക്കുട ചേലൂര്‍ സ്വദേശി മേലേപുറം വീട്ടില്‍ എബിന്‍ ബിനോയ് എന്ന 13 വയസുക്കാരന്‍ വീട് വിട്ട് പോയത്.പരിക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ഒരു കാര്യത്തിനും ശാസിക്കാത്ത വീട്ടുക്കാര്‍ വഴക്ക് പറഞ്ഞപ്പോള്‍ ഓടിയ്ക്കാന്‍ നല്ലവണം അറിയില്ലെങ്കില്ലും എബിന്‍ സ്‌കൂട്ടറുമെടുത്ത് പാതിരാത്രി നാട് വിടുകയായിരുന്നു.ആയിരകണക്കിന് കിലോമിറ്റര്‍ അകലെ നിന്ന് സ്വന്തം മാതപിതാക്കളെയും വീടും വിട്ട് നാഗലാന്റില്‍ നിന്നും ജോലി തേടി 14-ാം വയസില്‍ കേരളത്തില്‍ എത്തിയ മുഹമ്മദ് നജിബുല്‍ എന്ന യുവാവിന് താന്‍ ജോലി ചെയ്യുന്ന നെടുമ്പാശ്ശേരിയിലെ ജൂസ് കടയില്‍ ജോലി അന്വേഷിച്ച് എത്തിയ മലയാളി ബാലനെ കണ്ടപ്പോള്‍ തോന്നിയ പന്തികേടാണ് എബിന് തിരിച്ച് മാതാപിതാക്കളുടെ അടുത്ത് എത്താന്‍ തുണയായത്.എബിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷം തിരിച്ച് പോകാന്‍ പറഞ്ഞപ്പോള്‍ അവന് മാതപിതാക്കളുടെയോ ആരുടെയും ഫോണ്‍ നമ്പര്‍ പോലും അറിയാത്ത അവസ്ഥയായിരുന്നു.നാട്ടുക്കാരും പോലിസും എബിനെ തിരഞ്ഞ് നടക്കുകയായിരിക്കും എന്ന് മനസിലാക്കി ഇനിയും അവരെ വിഷമിപ്പിക്കണ്ട എന്ന് കരുത് പഠിക്കുന്ന സ്‌കൂള്‍ ചോദിച്ചറിഞ്ഞ് ഹെഡ്മിസ്ട്രസിനെ വിളിച്ച് പറഞ്ഞു.അവിടെയും തീര്‍ന്നില്ല ആ നാഗലാന്റ്ക്കാരന്റെ മനസിന്റെ വലുപ്പം എബിന്‍ കൊണ്ട് വന്ന സ്‌കൂട്ടറില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ഇരിങ്ങാലക്കുട വരെ എബിനെ കൊണ്ട് വന്ന് പോലിസില്‍ ഏല്‍പിച്ചതിന് ശേഷമാണ് നജീബ് മടങ്ങിയുള്ളു….ഏവരെയും സംശയത്തോടെ കാണുന്ന മലയാളികള്‍ പഠിയ്ക്കാന്‍ ഇങ്ങനെയും ചില നല്ല പാഠങ്ങളുണ്ട്.
മിറാബിലിയ 2K18 സാഹിത്യ മേളയ്ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ളീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മിറാബിലിയ 2K18 എന്ന പേരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യ മേളയ്ക്ക് തുടക്കമായി. മേള സിനിമാ താരം സിജു വില്‍സന്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ക്രിസ്റ്റി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൃക്കദാനം മഹാദാനം എന്ന വിഷയവുമായി ബന്ധപ്പെട്ട് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചാപ്റ്റര്‍ പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി സംസാരിച്ചു.ഫിലിം ഫെസ്റ്റിവല്‍, ലവ് ലെറ്റര്‍ റൈറ്റിംഗ് മല്‍സരം, വെസ്റ്റേണ്‍ സംഗീതാലാപന മല്‍സരം, തല്‍സമയ കുറ്റാന്വേഷണ റിപ്പോര്‍ട്ടിംഗ് മല്‍സരം, റേഡിയോ ജോക്കി ഹണ്ട്, കഥാരചന, സിനിമാ റിവ്യൂ എന്നി മത്സരങ്ങളാണ് മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30 ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശസ്ത കഥാകൃത്ത് ടി.ഡി. രാമകൃഷ്ണന്‍ പങ്കെടുക്കും.ഇംഗ്ളീഷ് സാഹിത്യവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ മല്‍സരങ്ങള്‍ നടത്തും.അഖില കേരളാടിസ്ഥാനത്തില്‍ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്കായി ഡിസ്നി വേള്‍ഡും ഹൊറര്‍ ഹൗസും ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസവും ഫുഡ് ഫെസ്റ്റിവലും ഉണ്ടാകും.
ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ വ്യാഴാഴ്ച്ച മുതല്‍ ഗതാഗതം നിരോധിച്ചു.
ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ വ്യാഴാഴ്ച്ച മുതല്‍ ഗതാഗതം നിരോധിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡില്‍ കോണ്‍ക്രീറ്റ് ബ്ലോക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഠാണ മുതല്‍ ബസ് സ്റ്റാന്റ് വരെ പണി പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം നിരോധിച്ചിരിക്കുന്നത്. ഇതിന്‍ പ്രകാരം പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തുനിന്നും പുറപ്പെടുന്ന വാഹനങ്ങള്‍ ബൈപ്പാസ് വഴിയും ഠാണായില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചന്തക്കുന്ന് വഴി ടൗണ്‍ ഹാള്‍ റോഡിലൂടെ ഇരിങ്ങാലക്കുട ടൗണില്‍ പ്രവേശിക്കേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. നവീകരണത്തിനായി ഠാണാ- ബസ് സ്റ്റാന്റ് റോഡിലെ ഗതാഗതം നിരോധിച്ച സാഹചര്യത്തില്‍ കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറയ്ക്ക് സമീപം ഭാഗത്ത് പുതിയ പൈപ്പിടുമെന്ന് വാട്ടര്‍ അതോററ്റി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ തന്നെ പൈപ്പിടല്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും വാട്ടര്‍ അതോററ്റി അറിയിച്ചു. പൈപ്പിടല്‍ പൂര്‍ത്തിയാകുന്നതോടെ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ നിന്നാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആല്‍ത്തറയ്ക്കലടക്കം റോഡിലെ തകര്‍ന്നുപോയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മാറ്റുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എം സി പോളിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുന്നു.
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം അന്തരിച്ച ഇരിങ്ങാലക്കുട മുന്‍ നഗരസഭാ ചെയര്‍മാനും, കോണ്‍ഗ്രസ് നേതാവും, പ്രമുഖ വ്യവസായിയുമായിരുന്ന എം.സി. പോളിന്റെ(96) ഭൗതികശരീരം ബുധനാഴ്ച്ച 3 മണി മുതല്‍ മുന്‍സിപ്പല്‍ ഓഫീസിനു എതിര്‍ വശത്തുള്ള തറവാട്ടുവീട്ടില്‍ പൊതു ദര്‍ശനത്തിനു വച്ചു. സമൂഹത്തിന്റെ വിവിധതുറയിലുള്ളവര്‍ അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്.കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അദേഹത്തിന് ഔദ്യോദിക ബഹുമതികളോട് കൂടിയ അന്ത്യാജ്ഞലി അര്‍പ്പിച്ചു.ഇരിങ്ങാലക്കുടയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്‍െ ഉടമയായ എം.സി. പോളിന്റെ നിര്യാണത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്‌കാരദിനമായ ഫെബ്രുവരി 15ന് വ്യാഴഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ഇരിങ്ങാലക്കുട നഗരത്തിലെ കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് നഗരസഭ ചെയര്‍ പേഴ്സണ്‍ നിമ്മ്യ ഷിജു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.15- ാം തിയ്യതി വ്യാഴാഴ്ച്ച 5 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കാരം.രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കത്തീഡ്രല്‍ വികാരി ഫാ. ആന്റോ ആലപ്പാടന്‍, എം എല്‍ എ പ്രൊഫ. കെ.യു അരുണന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ. ചന്ദ്രന്‍, സിനിമ താരം ഇടവേള ബാബു, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ടി.എന്‍ പ്രതാപന്‍, രൂപത വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചില്‍, മുന്‍ ചീഫ് വിപ്പ്. തോമസ് ഉണ്ണിയാടന്‍, ക്രൈസ്റ്റ് കോളേജ് മാനേജര്‍ ജേക്കബ് ഞെരിഞ്ഞാപിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോളി ആന്‍ഡ്രൂസ്, വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ, വി.ടി. ബല്‍റാം എം.എല്‍.എ, പി.ടി.തോമസ്, മുന്‍ എം പി സാവിത്രി ലക്ഷ്മണ്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, കെ.ആര്‍ ഗിരിജന്‍, മുന്‍ ഡി സി സി പ്രസിഡന്റ് ഒ. അബ്ദുള്‍ റഹ്മാന്‍ കുട്ടി, പി.എ. മാധവന്‍ എം.എല്‍.എ, സി പി എം സംസ്ഥാന അംഗം ബേബി ജോണ്‍, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍, പ്രൊഫ. ജോര്‍ജ്ജ്. എസ്.പോള്‍, കേരള യുവജനപക്ഷം സംസ്ഥാനപ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സന്‍,എം.പി സി.എന്‍ ജയദേവന്‍, സി.എം.ഐ പ്രൊവിന്‍ഷാള്‍ വാള്‍ട്ടര്‍ തലപ്പിള്ളി, പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, സാഹിത്യകാരന്‍ മാമ്പുഴ കുമാരന്‍, CITU സംസ്ഥാന സെക്രട്ടറി എം.എം വര്‍ഗ്ഗീസ്, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ഡയറക്ടറായ വര്‍ഗ്ഗീസ് പത്താടന്‍, DCC വൈസ് പ്രസിഡണ്ടുമാരായ ജോസഫ് ടാര്‍ജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, KPCC സെക്രട്ടറി എന്‍.കെ സുധീര്‍, ഡിസിസി സെക്രട്ടറിമാരായ ജെയിംസ് പല്ലിശ്ശേരി, സി.ഐ സെബാസ്റ്റ്യന്‍, സുനില്‍ അന്തിക്കാട്, ജോണ്‍ ഡാനിയല്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറി സുനില്‍ ലാലൂര്‍.എന്നിവര്‍ എം.സി. പോളിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു.
സൗജന്യ തീര്‍ത്ഥ യാത്ര
മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ അമ്പത് നോമ്പിലെ 6 വെള്ളിയാഴ്ചകൡ എകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ .പ്രസിദ്ധരായ ധ്യാന ഗുരുക്കള്‍ നേതൃത്വം നല്ഡകുന്നു.വി.കുര്‍ബ്ബാനയും ,വചന പ്രഘോഷണവും,രോഗ ശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ചേലൂര്‍ ,താണിശ്ശേരി,പൊറത്തിശ്ശേരി,ചെമ്മണ്ട,കാറളം,മൂര്‍ക്കനാട് ,കരുവന്നൂര്‍,കുഴിക്കാട്ടുക്കോണം എന്നീ സമീപ ഇടവക കളില്‍ നിന്നും ഇരിഞ്ഞാലക്കുടയുടെ സമീപപ്രദേശരായ ലിസി ജംഗ്ഷന്‍ ,എസ് എ സ്റ്റോപ്പ് ,ക്രൈസ്റ്റ് കോളേജ് റോഡ് ,ക്രൈസ്റ്റ് ആശ്രമ ദേവാലയം,ഹൗസിങ്ങ് ബോര്‍ഡ് ജംഗ്ഷന്‍ ,എഫ് സി സി കോണ്‍വെന്റ് ,കൂത്തുപ്പറമ്പ് വാട്ടര്‍ ജംഗ്ഷന്‍ ,ഷോണ്‍സ്റ്റാട്ട് കോണ്‍വെന്റ് മുന്‍വശം ,സുരഭി നഗര്‍ കാട്ടുങ്ങച്ചിറ,ഉണ്ണി മിശിഹാ കപ്പേള മാപ്രാണം എന്നിയിടങ്ങളില്‍ നിന്നും ഭക്ത ജനങ്ങള്‍ക്കായി സൗജന്യ യാത്രാ ഒരുക്കുന്നു.മാപ്രാണം സെന്റ് ജോണ്‍ കപ്പേളയില്‍ നിന്നും രാവിലെ 8:30 മുതല്‍ 10 മണി വരെ യാത്രാ സൗകര്യം ഉണ്ടായിരിക്കും .പ്രേഷിത സമൂഹം സംഘടിപ്പിക്കുന്ന സൗജന്യ യാത്ര 16-02-18 ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക വികാരിയും റെക്ടറുമായ ഫാ.ജോജോ ആന്റണി തൊടുപ്പറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.രൂപതയിലുള്ള മറ്റു ഇടവകകളില്‍ നിന്ന് സൗജന്യ യാത്രാ സര്‍വീസ് ആഗ്രഹിക്കുന്നവര്‍ നേരില്‍ ബന്ധപ്പെടുക
ഫാ .ജോജോ ആന്റണി തൊടുപ്പറമ്പില്‍ വികാരി റെക്ടര്‍
വി.എവുപ്രാസ്യയുടെ ആന്റിക്ക് മ്യൂസിയം ഉദ്ഘാടനം ചെയ്തു.
ഇരിഞ്ഞാലക്കുട:വിശുദ്ധ എവുപ്രാസ്യ ജീവിച്ച(അമ്പഴക്കാട്)വൈന്തല സെന്റ് ജോസഫ് മഠത്തോടനുബന്ധിച്ച് തയ്യാറാക്കിയ സെന്റ് എവുപ്രാസ്യാ ആന്റിക്ക് മ്യൂസിയം ഇരിഞ്ഞാലക്കുട രൂപാതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.വരും തലമുറക്ക് കഴിഞ്ഞകാല അനുഭവങ്ങള്‍ അയവിറക്കാനും പൗരാണികമായ സാഹചര്യങ്ങളെ കണ്ടു മനസ്സിലാക്കാനും ഉതകുന്ന ഈ മ്യൂസിയം വി.ഏവുപ്രാസ്യയുടെ ജീവിതകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.ബാല്യക്കാലം ,സന്യാസ വിളി,പരിശീലന ഘട്ടം ,സന്യാസ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ എന്നിവയുടെ ചിത്രീകരണവും ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഈ മ്യൂസിയത്തെ ശ്രദ്ധേയമാക്കുന്നു.സി എം സി ഇരിഞ്ഞാലക്കുട ഉദയപ്രൊവിന്‍സിന്റെ കീഴിലുള്ള ഈ ആന്റിക്ക് മ്യൂസിയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തും ഇതിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നതിന് യത്‌നിച്ച സിറില്‍ പയ്യപ്പിള്ളിക്കും ,നേതൃത്വം നല്‍കിയ മാധ്യമ കൗണ്‍സിലര്‍ സി ഫ്‌ലവററ്റിനും ആശംസകളും നന്ദിയും പറഞ്ഞ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. റോസ് മേരി സംസാരിച്ചു.വികാരി ഫാ. ആന്റോ പാറേക്കാടന്‍ ,ഫാ.അനൂപ് കോലങ്കണ്ണി എന്നിവരുടെയും ദൈവജനത്തിന്റെയും സാന്നിധ്യം ഈ ചരിത്ര നിമിഷങ്ങളെ സജീവമാക്കി.സി എം സി സന്യാസിനി സമൂഹത്തിന്റെ സ്ഥാപന ദിനമായ ഫെബ്രുവരി 13 നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്
ചിറയത്ത് മംഗലത്തുപറമ്പില്‍ ഔസ്സ മകന്‍ ആന്റണി (67) നിര്യാതനായി.
കല്‍പ്പറമ്പ് ; ചിറയത്ത് മംഗലത്തുപറമ്പില്‍ ഔസ്സ മകന്‍ ആന്റണി (67) നിര്യാതനായി.സംസ്‌ക്കാരം ബുധാഴ്ച്ച ഉച്ചതിരിച്ച് 4.30ന് കല്‍പ്പറമ്പ് സെന്റ് മേരീസ് ഫെറോന ദൈവാലയ സെമിത്തേരിയില്‍.ഭാര്യ മേഴ്‌സി.മക്കള്‍ സിന്റോ,സാന്റോ,ടിറ്റോ,ക്രീസ്റ്റിന.മരുമകള്‍ ശാലിനി.
സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് ഇന്നസെന്റ് എം പി ക്ക് നിവേദനം നല്‍കി
ദേവസ്വം നിയമനങ്ങളില്‍ 10% മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എന്ന മന്ത്രി സഭാ തീരുമാനം പിന്‍വലിക്കുക .പിന്നോക്ക വിഭാഗങ്ങളുടെ ക്രീമിലെയര്‍ പരിധി 8 ലക്ഷമാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിലും നടപ്പിലാക്കുക ,എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളില്‍ സംവരണ തത്വം നടപ്പിലാക്കുക എന്നീ അവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നസെന്റ് എം പി ക്ക് നിവേദനം നല്‍കി .സംസ്ഥാനത്തെ എല്ലാ എം പി ,എം എല്‍ എ മാര്‍ക്കും നിവേദനം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത് .ജില്ലാ പ്രസിഡന്റ് കെ ജി മോഹനന്‍,ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ഷാജഹാന്‍ ,ജില്ലാ കമ്മിറ്റി അംഗം ഷഫീര്‍ കാരുമാത്രാ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്
എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര(തീരാത്ത്) തിരുവുത്സവം ഫെബ്രുവരി 20ന്
എടതിരിഞ്ഞി : എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രോത്സവം ഫെബ്രുവരി 14 മുതല്‍ 21 വരെ. ഫെബ്രുവരി 14 ന് വൈകീട്ട് തിരുവുത്സവത്തിന്റെ കൊടിയേറ്റ കര്‍മ്മം നടക്കും .തിരുവുത്സവ ദിവസമായ 20ന് രാവിലെ മുതല്‍ തന്നേ വിവിധ ദേശങ്ങളില്‍ നിന്ന്കാവടികള്‍, പീലികാവടികള്‍, എന്നിവ ക്ഷേത്രാങ്കണത്തില്‍ എത്തും.കൊടിയേറ്റ ദിനത്തിലെ സംഗീതപരിപാടിയും തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളിലെ അഖില കേരള പ്രൊഫഷണല്‍ നാടകമേളയും തിരുവുത്സവദിനത്തിലെ നൃത്ത നൃത്ത്യങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. ഫെബ്രുവരി 14ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 8നും 9നും മദ്ധ്യേ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിക്കുന്നു.ഫെബ്രുവരി 20 തിരുവുത്സവദിനത്തില്‍ പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനം, 4 :30 ന് മഹാഗണപതിഹോമം, 5ന് പഞ്ചവിംശന്തി കലശാഭിഷേകം, 5:30 മുതല്‍ അഭിഷേകങ്ങള്‍, വിശേഷ പൂജകള്‍, 9ന്എഴുന്നള്ളിപ്പ് തുടര്‍ന്ന് അഭിഷേകങ്ങള്‍, പറ വഴിപാടുകള്‍, 11:45 മുതല്‍ കാവടിവരവ്, 4ന് കാഴ്ചശീവേലി (കൂട്ടിയെഴുന്നള്ളിപ്പ്) വൈകീട്ട് 7:30ന് ദീപാരാധന, അത്താഴപൂജ രാത്രി 12:15 മുതല്‍ കാവടിവരവ്(ഭസ്മക്കാവടി) എന്നിവ ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ എച്ച്. ഡി.പി. സമാജം സെക്രട്ടറി ദിനചന്ദ്രന്‍ കോപ്പുള്ളിപ്പറമ്പില്‍, പ്രസിഡന്റ് ഭരതന്‍ കണ്ടെങ്കാട്ടില്‍ ഖജാന്‍ജി സുതന്‍ എടച്ചാലി, ജോയിന്റ് സെക്രട്ടറി ബിനോയ് വി.ടി, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ ശാര്‍ത്താംകുടത്ത്, ഭരണസമിതി അംഗങ്ങളായ ഗിരി മാടത്തിങ്കല്‍, ശശീന്ദ്രന്‍ ആറ്റുവൈപ്പില്‍, സുബ്രഹ്മണ്യന്‍ കളപുരത്തറ, ബാബുരാജന്‍ എടച്ചാലി, സുകുമാരന്‍ കോലാന്ത്ര, ബാലകൃഷ്ണന്‍ വലിയപറമ്പില്‍, സുമന പത്മനാഭന്‍ , അജിത പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു .
കഴിഞ്ഞ വര്‍ഷത്തേ തീരാത്ത് പൂയത്തിന്റെ ഹൈലെറ്റ് വിഡിയോ…
കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ ഇല്ലം നിറയ്ക്കാവശ്യമായ നെല്‍ക്കതിരിനായി കൃഷിക്കൊരുക്കം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കര്‍ക്കിടകമാസത്തില്‍ നടത്താറുള്ള ഇല്ലം നിറയ്ക്കാവശ്യമായ നെല്‍ക്കതിര്‍ ദേവസ്വം ഭൂമിയില്‍ തന്നെ കൃഷിചെയ്യാനൊരുങ്ങുന്നു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അറിയിച്ചു. ഇതിനു പുറമെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി വഴുതനങ്ങ നിവേദ്യത്തിന് ആവശ്യമായ വഴുതനങ്ങയും കൊട്ടിലാക്കല്‍ പറമ്പില്‍ മറ്റു വികസനങ്ങള്‍ക്ക് തടസ്സമാകാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കും. ഈ സംരംഭത്തിന് ആവശ്യമായ വിത്ത് വളം എന്നിവ വഴിപാടായി നല്‍കുവാന്‍ താല്പര്യമുള്ളവര്‍ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിന് ചെമ്മണ്ട കായല്‍ തീരത്തിനോട് ചേര്‍ന്ന് സ്വന്തമായുള്ള പതിമൂന്ന് ഏക്കര്‍ സ്ഥലത്ത് ക്ഷേത്രത്തിലെ താമര മാലക്ക് ആവശ്യമായ താമര കൃഷിയും ഉടന്‍ ആരംഭിക്കും. ഇതിനു പുറമെ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളി പഴത്തിനു വേണ്ടി വാഴകൃഷിയും ആരംഭിക്കുന്നുണ്ടെന്നും ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.
സെന്റ് ജോസഫ്‌സ് കോളേജില്‍ മിറാബിലിയ നാളെ തുടങ്ങും
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ളീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മിറാബിലിയ 2K 18 സാഹിത്യ മേള ഇന്ന് തുടങ്ങും.രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേള ബുധനാഴ്ച രാവിലെ 9.30ന് സിനിമാ താരം സിജു വില്‍സന്‍ ഉദ്ഘാടനം ചെയ്യും. വൃക്കദാനം മഹാദാനം എന്ന വിഷയവുമായി ബന്ധപ്പെട്ട് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചാപ്റ്റര്‍ പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി സംസാരിക്കും.പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ക്രിസ്റ്റി അധ്യക്ഷത വഹിക്കും.ഫിലിം ഫെസ്റ്റിവല്‍, ലവ് ലെറ്റര്‍ റൈറ്റിംഗ് മല്‍സരം, വെസ്റ്റേണ്‍ സംഗീതാലാപന മല്‍സരം, തല്‍സമയ കുറ്റാന്വേഷണ റിപ്പോര്‍ട്ടിംഗ് മല്‍സരം, റേഡിയോ ജോക്കി ഹണ്ട്, കഥാരചന, സിനിമാ റിവ്യൂ എന്നിവ നടത്തും. വ്യാഴാഴ്ച രാവിലെ 9.30 ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശസ്ത കഥാകൃത്ത് ടി.ഡി. രാമകൃഷ്ണന്‍ പങ്കെടുക്കും.ഇംഗ്ളീഷ് സാഹിത്യവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ മല്‍സരങ്ങള്‍ നടത്തും.അഖില കേരളാടിസ്ഥാനത്തില്‍ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്കായി ഡിസ്നി വേള്‍ഡും ഹൊറര്‍ ഹൗസും ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസവും ഫുഡ് ഫെസ്റ്റിവലും ഉണ്ടാകും.
ഓടകള്‍ വൃത്തിയാക്കണം എന്നാവശ്യം
ഇരിങ്ങാലക്കുട : പേഷ്‌ക്കാര്‍ റോഡിലെ ഓടകളില്‍ കൂടി പാഴ് വസ്തുക്കളും മലിനജലവും ഒഴുക്കി വൃത്തിഹീനമായിരിക്കുന്നതായി പരാതി.കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ അസഹനീയമായ ദുര്‍ഗദ്ദമാണ് അനുഭവപെടുന്നത്.കാനകള്‍ വൃത്തിയാക്കി സ്ലാബ് ഇട്ട് മൂടണമെന്ന് വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് എ വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.സമാജം ജില്ലാപ്രസിഡന്റ് എ സി സുരേഷ് മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി കെ വി രാമചന്ദ്രന്‍,പി എം രമേഷ് വാര്യര്‍.എന്‍ രാമന്‍കുട്ടി.ദുര്‍ഗ്ഗ ശ്രീകുമാര്‍,കെ വി രാജീവ് എന്നിവര്‍ സംസാരിച്ചു.