ഇരിങ്ങാലക്കുട : മുരിയാട്, ആളൂർ പഞ്ചായത്തുകളിലേക്ക് ചാലക്കുടിപ്പുഴയിൽനിന്ന് കനാൽ വഴി വെള്ളമെത്തിക്കുന്നതിലെ തടസ്സത്തിന് വൈദ്യുതി മന്ത്രിയുമായും ജലവിഭവ വകുപ്പു മന്ത്രിയുമായും ഏതാനും ദിവസമായി തുടർന്നുവരുന്ന കൂടിയാലോചനകൾക്കൊടുവിൽ പരിഹാരമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വൈദ്യുതി മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പുഴയിൽനിന്ന് കനാലിലൂടെ കൃഷിക്കായി വെള്ളം തുറന്നുവിടാൻ ഉത്തരവായി. മാർച്ച് ഒന്ന് മുതൽ പത്തുവരെ, രാവിലെ പത്തുമുതൽ വൈകീട്ട് മൂന്നുവരെയാണ് ആവശ്യമായ മുന്നറിയിപ്പുകൾ നൽകി വെള്ളം തുറന്നുവിടുക – മന്ത്രി ബിന്ദു അറിയിച്ചു.ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വളരെയധികം താഴ്ന്ന്, വലതു കര കനാലിലൂടെയുള്ള ജലവിതരണം ദുഷ്കരമായതിനെത്തുടർന്നാണ് പ്രശ്‌നം വൈദ്യുതിമന്ത്രിയെ നേരിട്ടറിയിച്ചത്. 1.80 മീറ്ററെങ്കിലും ജലനിരപ്പ് ആവശ്യമുള്ളിടത്ത് എൺപതു സെന്റിമീറ്ററിൽ താഴേക്ക് ജലനിരപ്പ് താഴ്ന്നിരുന്നു. രണ്ടു മീറ്റർ ഉയരത്തിൽ വെള്ളം മെയിൻ കനാലുകളിലൂടെ പ്രവഹിപ്പിച്ചാൽ മാത്രമേ വാലറ്റങ്ങളിൽ വെള്ളമെത്തൂ. ബ്രാഞ്ച് കനാലുകളുടെ വാലറ്റം പോയിട്ട് പകുതി വരെ പോലും വെള്ളമെത്തിക്കാൻ സാധിക്കാത്തതായിരുന്നു നില.പെരിങ്ങൽക്കുത്തിൽ നിന്നു വൈദ്യുതോൽപ്പാദനം കഴിഞ്ഞുവരുന്ന വെള്ളമാണ് പ്രദേശങ്ങളിൽ ജലസേചനത്തിനു ലഭിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കാലം വിതരണത്തിനായി വൈദ്യുതിബോർഡിൽനിന്ന് ലഭിച്ചത് ഇക്കാലത്താകെ ലഭിക്കേണ്ട വെള്ളത്തിൻ്റെ ഇരുപതു ശതമാനം മാത്രമാണ്. സമീപകാലത്തൊന്നും ഇല്ലാത്ത പ്രതിസന്ധിയായിരുന്നു ഇത്. വൈദ്യുതോൽപ്പാദനം കൂട്ടുകയോ വൈദ്യുതി ഉൽപ്പാദിപ്പിക്കാതെ കൃഷിക്കായി വെള്ളം തുറന്നു വിടുകയോ മാത്രമായിരുന്നു പ്രതിവിധി. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
2023-24 സാമ്പത്തിക വർഷത്തെ പുതിയ പദ്ധതിയായ ഭിന്നശേഷി കലോത്സവം (മഴവില്ല് ) നടന്നു
ഇരിങ്ങാലക്കുട : 2023-24 സാമ്പത്തിക വർഷത്തെ പുതിയ പദ്ധതിയായ ഭിന്നശേഷി കലോത്സവം (മഴവില്ല് )മണിക്ക് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സോണിയ ഗിരി ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.വി. ചാർലി അധ്യക്ഷപദവി അലങ്കരിച്ചു.ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സി. ഷിബിൻ പരിപാടിക്ക് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്, പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പറേക്കാടൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ :ജിഷ ജോബി ആശംസകൾ അറിയിച്ചു.30 ഇൽ പരം ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ വളരെ ഭംഗിയായി നടന്നു. Icds സൂപ്പർവൈസരായ ബീന നന്ദി പറഞ്ഞു. അധ്യക്ഷപ്രസംഗത്തിൽ ഭിന്ന ശേഷിക്കാർക് പുതിയ പദ്ധതികൾ അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കുമെന്നും അവർ നമ്മുടെ പിറകിലല്ല നമുക്കൊപ്പം തന്നെയാണെന്നും സഹതാപമല്ല ഇങ്ങനെയുള്ളവരെ ചേർത്തു പിടിക്കലാണ് വേണ്ടതെന്നും വൈസ് ചെയർമാൻ പറഞ്ഞു. ഇങ്ങനെയുള്ള കുട്ടികളിലെ കലാവാസനകൾ പുറത്തെടുക്കാനുള്ള അവസരം ഒരുക്കുന്നതോടൊപ്പം അവരെ അംഗീകരിക്കുന്ന ഒരു സമൂഹമായി മാറാ ണമെന്നും ചെയർപേഴ്സൺ ഓർമിപ്പിച്ചു. പങ്കെടുത്ത എല്ലാകുട്ടികൾക്കും മെ ഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
മുനിസിപ്പൽ റിഡിങ്ങ് റൂമിലേക്ക് പുസ്തകങ്ങളും ഷെൽഫും ജെ.സി.ഐ. കൈമാറി
ലോക മാതൃഭാഷ ദിനാചരണത്തോടനുബന്ധിച്ച് ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി വിംഗിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ പാർക്കിൽ സജ്ജികരിച്ചിട്ടുള്ള റീഡിങ്ങ് റൂമിലേക്ക് ഷെൽഫും നൂറോളം പുസ്തകങ്ങളും കൈമാറി ലേഡി വിംഗ് ചെയർ പേഴ്സൺ നിഷിന നിസാർ അദ്ധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർ പേഴ്സൺ ഉൽഘാടനം ചെയ്തു വൈസ് ചെയർമാൻ ടി.വി. ചാർളി സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ സുജ സജീവ് കുമാർ ജെയ്സൻ പാറേക്കാടൻ സി.സി. ഷിബിൻ ലപ്രോഗ്രാം ഡയറക്ടർ ലയ കിരൺ റെൻസി നിധിൻ ധന്യ ജിസൻ അഡ്വ. ജോൺ നിധിൻ ടെൽസൺ കോട്ടോളി അഡ്വ. ഹോബി ജോളി ഷാജു പാറേക്കാടൻ നിസാർ അഷ്റഫ് ജീസൻ പി.ജെ. എന്നിവർ പ്രസംഗിച്ചു
ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ 2022 -23 അധ്യായന വർഷത്തെ ജ്യോതിസ് ഫെസ്റ്റ് ആഘോഷിച്ചു
ഇരിങ്ങാലക്കുട :ജ്യോതിസ് കോളേജിൽ 2022 -23 അധ്യായന വർഷത്തെ ജ്യോതിസ് ഫെസ്റ്റ് ആഘോഷിച്ചു.ജ്യോതിസ് ഫെസ്റ്റ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റഗ്രാം ഫേമും കൂടാതെ ജ്യോതിസ് കോളേജ് പൂർവവിദ്യാർത്ഥിയുമായ നിഹാൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ജ്യോതിസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ എം വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറും കത്തോലിക് സെന്റർ അഡ്മിനിസ്ട്രേറ്ററുമായ റവ ഫാദർ ജോൺ പാലിയേക്കര സി എം ഐ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ജ്യോതിസ് കോളേജ് ചെയർമാനുമായ ജോസ് ജെ ചിറ്റിലപ്പള്ളിയും അനുഗ്രഹ പ്രഭാഷണം നടത്തി .അക്കാദമിക് കോഡിനേറ്റർ കുമാർ സി കെ, എക്സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ എം എ,സ്റ്റാഫ് പ്രതിനിധിപ്രിയ ബൈജു തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. പ്രോഗ്രാം കോഡിനേറ്റർ അഭിരാമി ടിവി സ്വാഗതവും സ്റ്റുഡൻസ് റെപ്രസെന്ററ്റീവ് അഞ്ജലി കൃഷ്ണ നന്ദിയും രേഖപ്പെടുത്തി.
നവസിദ്ധാന്തങ്ങൾ പ്രസക്തിയും സാധ്യതയും എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിന്റെ ഉദ്ഘാടന കർമ്മം പത്മഭൂഷൻ ഫാദർ ഗബ്രിയേൽ സെമിനാർ ഹാളിൽ വെച്ച് നടന്നു
ഇരിങ്ങാലക്കുട :സെൻറ് ജോസഫ് കോളേജ് മലയാള വിഭാഗം യുജിസിയുടെ ഓട്ടോണമി ഫണ്ട് ഉപയോഗിച്ച് കൊണ്ട് ഫെബ്രുവരി 23, 24 തീയതികളിലായി നടത്തുന്ന നവസിദ്ധാന്തങ്ങൾ പ്രസക്തിയും സാധ്യതയും എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിന്റെ ഉദ്ഘാടന കർമ്മം പത്മഭൂഷൻ ഫാദർ ഗബ്രിയേൽ സെമിനാർ ഹാളിൽ വെച്ച് നടന്നു. മലയാളം സർവ്വകലാശാലയിലെ പ്രൊഫസറും എഴുത്തച്ഛൻ പഠനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഡോക്ടർ കെ എം അനിലാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ജീവിതം, സാഹിത്യം എന്നിവയുമായും അതിൻ്റെ പ്രയോഗ സന്ദർഭങ്ങളുമായും ചേർന്നിരിക്കുന്നതാണ് നവസിദ്ധാന്തങ്ങൾ എന്ന് അദ്ദേഹം പ്രസ്താവിച്ചു. തുടർന്ന് സിദ്ധാന്തം പൊരുളും പ്രസക്തിയും എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നിർവഹിച്ചു മലയാള വിഭാഗം അധ്യക്ഷ മിസ്.ലിറ്റി ചാക്കോ ചടങ്ങിന് സ്വാഗതമാശംസിച്ചു. കോളേജിന്റെ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ എലൈസ അധ്യക്ഷപദം അലങ്കരിച്ചു പാല സെൻ്റ് തോമസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ആയ ഡോ. തോമസ് സ്കറിയ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെമിനാർ കോഡിനേറ്റർ ഡോ.ജെൻസി കെ.എ നന്ദി പ്രകാശിപ്പിച്ചു രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ മദ്രാസ് സർവകലാശാല പ്രൊഫസർ ആയ ഡോക്ടർ പി എം ഗിരീഷ്, പാല സെൻറ് തോമസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ആയ ഡോ. തോമസ് സ്കറിയ, ചേർത്തല എൻ.എസ്.എസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ആയ ഡോക്ടർ അഥീന എംഎൻ എന്നിവർ പ്രഭാഷണങ്ങൾ നിർവഹിക്കും വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള അധ്യാപകരുടെയും ഗവേഷകരുടെയും പ്രബന്ധാവതരണങ്ങളും സമാന്തരമായി നടക്കും.
സമേതം ദ്വിദിന ശില്പശാല ആരംഭിച്ചു
ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്തും നഗരസഭയും ചേർന്ന് നഗരസഭാ പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന വ്യക്തിത്വ വികാസശില്പശാല 23/2/2023 വ്യാഴാഴ്ച നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു.രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശില്പ ശാലയിൽ ഇരിങ്ങാലക്കുട ഗവൺമെന്റ് ബോയ്സ് ,ഗേൾസ്, നാഷണൽ എന്നീ സ്കൂളുകളിലെ 50 കുട്ടികൾ പങ്കെടുക്കുന്നു പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് സുനീതി ടീച്ചർ സ്വാഗതം പറഞ്ഞു. പി. ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ സ്മിത കൃഷ്ണ കുമാർ ശില്പശാല ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് കോ ഓർഡിനേറ്റർ ഷിജി പൗലോസ് നന്ദി പറഞ്ഞു. സായ്ജിത്, രഞ്ജിത്ത് ഡിങ്കി എന്നീ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ വ്യക്തിത്വ വികാസ ശില്പശാല, നാടകക്കളരി എന്നിവ കുട്ടികൾക്കായി ഒരുക്കി.
ട്രാഫിക്ക് നിയമ ബോധവത്കരണവുമായി കുട്ടി പോലീസ്
നടവരമ്പ്: ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്. ഐ ക്ലീറ്റസ് സാറിന്റെ നേതൃത്വത്തിൽ നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ എസ് പി സി യൂണിറ്റ്, ‘ശുഭയാത്ര’ പ്രൊജക്ടിൻ്റെ ഭാഗമായി ട്രാഫിക്നിയമബോധവത്ക്കരണം നടത്തി.ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിച്ചവർക്ക് ബോധവത്ക്കരണ സന്ദേശമെഴുതിയ കാർഡുകളും നിയമം പാലിച്ചവർക്ക് മിഠായിയും വിതരണം ചെയ്തു.
സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു
വെള്ളാങ്ങല്ലൂർ :പഞ്ചായത്തിലെ പുരോഗമന പ്രസ്ഥാനത്തിൻ്റെ അമരക്കാരനായും ജനപ്രതിനിധിയായും മികച്ച സഹകാരിയായും സ്നേഹമസൃണമായ പ്രവർത്തന ശൈലി കൊണ്ട് ജനമനസ്സുകളിൽ നിറഞ്ഞു നിന്ന പി.കെ .കുഞ്ഞുമോൻ്റെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പി.കെ.കുഞ്ഞുമോൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റർ, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം.രാജേഷ് എന്നിവർ കിറ്റു വിതരണം ഉദ്ഘാടനം ചെയ്തു. കോണത്തുകുന്ന് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ.വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ്, പാർട്ടി നേതാക്കളായ ചന്ദ്രിക ശിവരാമൻ, ഷാജി നക്കര, കെ ഉണ്ണികൃഷ്ണൻ, എം കെ മോഹനൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. പി ആര്‍ രതീഷ് സ്വാഗതവും എം എം റാബി സഖീർ നന്ദിയും പറഞ്ഞു.
അറുപത്തിയൊന്നാമത് കണ്ടംകുളത്തിയിൽ വ്യാസ മുത്തമിട്ടു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച 61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ വടക്കാഞ്ചേരി വ്യാസ കോളേജ് തൃശ്ശൂർ സെന്റ് തോമസ് കോളേജിനെ 3-1 ന് പരാജയപ്പെടുത്തി. സമാപനസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു, ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞാംപള്ളിയിൽ, പ്രിൻസിപ്പൽ ഡോ ഫാ ജോളി ആന്ററൂസ്, വൈസ് പ്രിൻസിപ്പൽ ഫാ ജോയ് പീണിക്കപ്പറമ്പിൽ, ദ്രോണാചാര്യ ടി പി ഔസപ്പ്, പയസ് കണ്ടംകുളത്തി, അഡ്വ തോമസ് തൊഴുത്തും പറമ്പിൽ, കോളേജ് കായിക വകുപ്പ് മേധാവി ഡോ ബിന്റു ടി കല്യാൺ, കായിക പഠന വിഭാഗം മേധാവി ഡോ അരവിന്ദ ബി പി എന്നിവർ പങ്കെടുത്തു.
ചരിത്രനിർമ്മിതിയാകാൻ ഇരിങ്ങാലക്കുട കോടതി സമുച്ചയം; രണ്ടാംഘട്ട നിർമ്മാണത്തിന് 64 കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു
സംസ്ഥാനത്തെ നീതിന്യായ സമുച്ചയങ്ങളിൽ രണ്ടാമത്തേതാകാൻ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണപ്രവൃത്തികൾക്ക് അറുപത്തിനാല് കോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഹൈക്കോടതി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി മാറുന്നതിന്റെ അവസാനഘട്ടമാണ് ഈ ഭരണാനുമതിയോടെ നടക്കുകയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 1,68,555 ചതുരശ്ര അടിയിൽ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറ് കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് ഇരിങ്ങാലക്കുട കോടതി സമുച്ചയമൊരുങ്ങുന്നത്. അടിയിലെ നിലയിൽ ജഡ്‌ജിമാർക്കുള്ള പ്രത്യേക പാർക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്‌താരത്തിൽ റെക്കോർഡ് റൂം, തൊണ്ടി റൂമുകൾ, ഇലക്ട്രിക് സബ് സ്റ്റേഷൻ, ജനറേറ്റർ എന്നിവയ്ക്കുള്ള ഇടവുമായിരിക്കും. തൊട്ടു മുകളിലത്തെ നിലയിൽ ബാർ കൗൺസിൽ റൂം, ലേഡി അഡ്വക്കേറ്റുമാർക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്‌ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേർന്ന് ലൈബ്രറി, കറന്റ് റെക്കോർഡ്‌സ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. കൂടാതെ ബേസ്മെന്റ് ഫ്ലോറിൽ കാന്റീൻ സൗകര്യവുമുണ്ടാകും. മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യുണൽ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഓഫീസ് അനുബന്ധ സൗകര്യങ്ങൾ എന്നിവ താഴത്തെ നിലയിലായിരിക്കും. ഒന്നാംനിലയിൽ അഡിഷണൽ സബ് കോടതി, പ്രിൻസിപ്പൽ സബ് കോടതി, ജഡ്‌ജസ് ചേംബർ, പബ്ലിക് പ്രോസിക്യൂട്ടർ, ഗവണ്മെന്റ് പ്ലീഡർ ഓഫീസ് അനുബന്ധ സൗകര്യങ്ങൾ, രണ്ടാംനിലയിൽ ഫാമിലി കോടതി, കൗൺസലിംഗ് സെക്ഷൻ, ലേഡീസ് വെയ്റ്റിംഗ് ഏരിയ, കോർട്ട് യാർഡ് മൂന്നാം നിലയിൽ കോടതി മുറികൾ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഓഫീസ്, സെൻട്രൽ ലൈബ്രറി, മീഡിയ റൂം, നാലാംനിലയിൽ അഡിഷണൽ മുൻസിഫ് കോടതി, പ്രിൻസിപ്പൽ മുൻസിഫ് കോടതി, ജഡ്‌ജസ് ചേംബർ, ഓഫീസ് റെക്കോർഡ്‌സ്, അനുബന്ധ സൗകര്യങ്ങൾ എന്നിങ്ങനെയാണ് സമുച്ചയം. കൂടാതെ ജഡ്‌ജിമാർക്കായി പ്രത്യേകം ലിഫ്റ്റ് സൗകര്യവും ഗോവണിയും ഉണ്ടാകും. ലിഫ്റ്റ് സൗകര്യവും ടോയിലറ്റ് സൗകര്യവും പൊതുജനങ്ങൾക്ക് പ്രത്യേകമായുണ്ടാവും.
ആറു നിലകളുടെ സ്ട്രക്ച്ചർ ജോലികളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. ഏഴാം നിലയുടെ നിർമ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കൽ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാം ഘട്ടത്തോടെ പൂർത്തിയാവും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എല്ലാ നിലകളിലും ഭിന്നശേഷി സൗഹൃദ ശുചിമുറികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നാലാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും
ഇരിങ്ങാലക്കുട : നാലാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും . അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബിൽ നിന്നുള്ള വിദ്യാർഥികൾ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും. കോളേജിലെ കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ പോസ്റ്റർ ക്ലബ് അംഗം ദിയാനക്ക് നല്കി കൊണ്ട് പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ് പ്രകാശനം ചെയ്തു. മികച്ച സിനിമകൾ ഉണ്ടാകേണ്ടതുണ്ടെന്നും അവയെ കാലഘട്ടത്തിന്റെ അടയാളമായി ചരിത്രം രേഖപ്പെടുത്തുമെന്നും പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി. ഭവൻ, ഐശ്വര്യ എന്നിവർ സ്റ്റുഡന്റ് പാസ്സുകളും എറ്റ് വാങ്ങി. ക്ലബ് വൈസ് – പ്രസിഡണ്ട് ടി ജി സിബിൻ, സെക്രട്ടറി നവീൻ ഭഗീരഥൻ, ട്രഷറർ ടി ജി സച്ചിത്ത്,ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം എസ് ദാസൻ , അൻവർ അലി, ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ പ്രൊഫ. കെ ജെ വർഗ്ഗീസ്, പ്രൊഫ ബിബിൻ തോമസ്, കൊട്ടക ക്ലബ് പ്രസിഡണ്ട് ശ്യാം ശങ്കർ എന്നിവർ സംസാരിച്ചു. മാർച്ച് 3 മുതൽ 9 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി വിവിധ ഭാഷകളിൽ നിന്നുള്ള 21 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി , ജനറൽ വിഭാഗങ്ങളിൽ നിന്നായി നൂറ്റമ്പതിൽപരം വയോജനങ്ങൾക്ക് കട്ടിൽ വിതരണത്തിന്റെ ആനുകൂല്യം ലഭിക്കുക.നടത്തി. മുരിയാട് ആദ്യഘട്ടത്തിൽ 70 പേർക്കാണ് വിതരണം നടത്തിയത് .വനിത വ്യവസായ കേന്ദ്രത്തിൽ വച്ച് നടന്ന കട്ടിൽ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ രതി ഗോപി, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത് ,നിജി വത്സൻ ,കെ വൃന്ദ കുമാരി ,ശ്രീജിത്ത് പട്ടത്ത്,നികിത അനൂപ്, സേവ്യർ ആളുക്കാരൻ ,മണി സജയൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .അസിസ്റ്റൻറ് സെക്രട്ടറി പുഷ്പലത സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ അൻസാ എബ്രഹാം നന്ദിയും പറഞ്ഞു.
ജെ.സി.ഐ. വനിത ഫുട്ബോൾ മത്സരവും ഫുട്ബോൾ കിറ്റ് വിതരണവും
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി വിംഗിന്റെ നേതൃത്വത്തിൽ കളിയിടങ്ങൾ സ്ത്രീകൾക്ക് അന്യമല്ല എന്ന മുദ്രവാക്യവുമായി അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ശ്രീനന്ദന ഇ.എ യുടെ നേതൃത്വത്തിലുള്ള എൽ.ബി.എസ്.എം. ഫുട്ബോൾ അക്കാദമിയും നിഷിന നിസാറിന്റെ നേതൃത്വത്തിലുള്ള ലേഡി ജേസി വിംഗും തമ്മിലുള്ള പ്രദർശന മൽസരം ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ.എ. വിനയ ലേഡി ജേസി വിംഗ് ചെയർപേഴ്സൺ നിഷിന നിസാറിന് ഫുട്ബോൾ നൽകി കൊണ്ട് ഉൽഘാടനം ചെയ്തു നിഷിന നിസാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ ഫുട്ബോൾ അക്കാദമി ഡയറക്ടർ മുൻ സന്തോഷ് ട്രോഫി താരം തോമസ് കാട്ടു ക്കാരൻ പ്രോഗ്രാം ഡയറക്ടർ റോസ്മിൻ ഷിജു രജിത ലീജോ ഷീമ ജോസ് ട്രീസ ഡയസ് ധന്യ ജിസൻ സിബി ജോളി ശ്രീനന്ദന ഇ.എ. എന്നിവർ പ്രസംഗിച്ചു ഫുട്ബോൾ കിറ്റുകൾ എൽ.ബി.എസ്.എം.എച്ച്.എസി. ഫുട്ബോൾ അക്കാഡമി ക്കും വനിത എസ്.ഐ.ക്കും നിസാർ അഷറഫ് കൈമാറി പ്രദർശന മൽസരം സമനിലയിൽ സമാപിച്ചു.
തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂൾ വാർഷികം
പുല്ലൂർ:തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും യാത്രയപ്പും സമുചിതമായി കൊണ്ടാടി മദർ ജനറൽ റവ സി റിൻസി സി എസ് സി അധ്യക്ഷത വഹിച്ച യോഗത്തിൽ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റലപ്പിളിയും, സ്ക്കൂൾ സ്റ്റുഡൻസ് പ്രതിനിധിയുമായ മാസ്റ്റർ വോൺ വർഗ്ഗീസ് ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു. ഡി പോൾ പ്രൊവിൻഷൽ സൂപ്പിരയൽ റവ.സി.മനീഷ സി എസ് സി തൃശ്ശൂർ പ്രൊവിൻഷ്യൽ റവ സി വെൺമ, പ്രധാനധിപ്പിക സി. ജെർമെയ്ൻ, തുറവൻക്കുന്ന് സെന്റ് ജോസഫ് പള്ളി വികാരി റവ ഫാ ഷാജു ചിറയത്ത് പി ടി എ പ്രസിഡന്റ് അജോ ജോൺ പഞ്ചായത്ത് അംഗങ്ങളായ റോസ്മി ജയേഷ്, തോമസ് തൊകലത്ത്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സിൽജോ ആന്റണി, പി ടി വൈസ് പ്രസിഡന്റ് റിജോ കൂനൻ മാഗസിൻ പ്രശാനവും നടത്തിപി ടി എ പ്രതിനിധികളായ , ലിജോ മൂഞ്ഞേലി, കീർത്തി, സി. നിമിഷ, സി. ഫെമിൻ, സി. ഗിൽഡാസ് എന്നിവർ പ്രസംഗിച്ചു.
കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിന്റെ പുതിയ കെട്ടിടം മത്സ്യബന്ധന , സാംസ്കാരിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. തീരദേശ വികസന കോർപ്പറേഷൻ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പണി പൂർത്തിയാക്കിയത്.മൂന്ന് നിലകളിലായി പണിത കെട്ടിടത്തിൽ താഴത്തെ നിലയിൽ 5 ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ഹെഡ്മിസ്ട്രസ് റൂം, സിക്ക് റൂം, സ്റ്റോർ റൂം എന്നിവയും ഒന്നാമത്തെ നിലയിൽ 8 ക്ലാസ് മുറികളും രണ്ടാമത്തെ നിലയിൽ 5 ക്ലാസ് മുറികളും പണിതു. എല്ലാ നിലകളിലും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്.തീരദേശത്തെ സ്കൂളുകള്‍ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതായി മത്സ്യബന്ധന- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.110 വര്‍ഷംപിന്നിട്ടകോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ കെട്ടിടം നാടിനു സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസം മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സൗജന്യമാക്കിയതിന്റെ ഫലമായി എഴുപത്തഞ്ചോളം ഡോക്ടര്‍മാര്‍ തീരദേശമേഖലയില്‍ നിന്നുണ്ട് എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ഹെഡ്മിസ്ട്രസ് പി.എസ്.ഷക്കീന, പി.ടി.എ.പ്രസിഡന്റ് ഷിഹാബ് എം.അലി, വെള്ളാങ്ങല്ലൂർ ബി.പി.ഒ. ഗോഡ്വിന്‍ റോഡ്രിഗ്സ്, ഒ.എസ്.ടി.എ. പ്രസിഡന്റ് എ.ആര്‍.രാമദാസ് , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ.മോഹനൻ , ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന അനിൽകുമാർ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസ്മാബി ലത്തീഫ്, കെ.ബി. ബിനോയ് , കെ. ഉണ്ണികൃഷ്ണൻ , സുരേഷ് പണിക്കശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു
ആശുപത്രികൾക്കായി റിമോട്ട് നിയന്ത്രിത റോബോട്ട് വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും അമല മെഡിക്കൽ കോളേജും
തൃശൂർ: പകർച്ചവ്യാധി ഭീഷണിയുള്ള ഐസലേഷൻ വാർഡുകളിൽ ഉപയോഗിക്കാനായി റിമോട്ട് നിയന്ത്രിത റോബോട്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗവും തൃശൂർ അമല മെഡിക്കൽ കോളേജിലെ നഴ്സിങ് വിഭാഗവും സംയുക്തമായാണ് ‘ ആരോഗ്യ മിത്ര ‘ എന്നു പേരിട്ടിരിക്കുന്ന ഈ റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രോഗികൾക്ക് സമയാസമയങ്ങളിൽ മരുന്നുകൾ എത്തിക്കാനും, അവരുടെ ആരോഗ്യ നിരീക്ഷണത്തിനും ഇത് ഉപയോഗിക്കാം. കോവിഡ്, നിപ്പ പോലുള്ള പകർച്ച വ്യാധികൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ അപകട സാധ്യത കുറയ്ക്കാൻ ഈ റോബോട്ട് സഹായിക്കും. ഇതിൻ്റെ ഒട്ടോണമസ് പതിപ്പ് വികസിപ്പിച്ച് ടെക്നോളജി ട്രാൻസ്ഫർ വഴി കമ്പനികളുമായി സഹകരിച്ച് ഉത്പന്നം വിപണിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറക്കാർ.ക്രൈസ്റ്റ് സെൻ്റർ ഫോർ ഇന്നവേഷൻ ഡയറക്ടർ സുനിൽ പോൾ നേതൃത്വം നൽകിയ പ്രോജക്ടിൽ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എം ടി സിജോ,അമല നഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്, ഐ ക്യു എ സി കോർഡിനേറ്റർ പ്രൊഫ. ജി ലക്ഷ്മി, ഇന്നവേഷൻ സെൽ ഇൻ ചാർജ് റിനു ഡേവിസ് എന്നീ അധ്യാപകരും മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ കെ. എച്ച്. ജോൺ, ഡെറിക് ഡേവിസ്, കെ എസ് ദേവിദത്ത്, കൃഷ്ണജിത്ത് എസ് നായർ, ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളായ ആൽവിൻ തോമസ്, എൽദോസ് റജി, ആശംസ് റോയി എന്നിവരും പങ്കാളികളായി.
റോബോട്ട് സഹായത്തോടെയുള്ള രോഗീപരിചരണത്തിൽ നഴ്സിങ് വിദ്യാർഥികൾക്ക് പരിശീലനം നൽകാനും ‘ ആരോഗ്യ മിത്ര ‘ ഉപകരിക്കും.
‘ആശ്വാസകിരണം’ മുടങ്ങിയെന്നത് അസത്യപ്രചാരണം; സാമ്പത്തികപരിമിതികൾക്കുള്ളിലും തുക ലഭ്യമാക്കുന്നു: മന്ത്രി ഡോ. ആർ ബിന്ദു
ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരും പല വിധ രോഗങ്ങളാൽ കിടപ്പിലായവരുമായി ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവർക്കുള്ള ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശത്തോടെയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വസ്തുതകൾ അന്വേഷിക്കാതെ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ആരായാലും ദൗർഭാഗ്യകരമാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവ ബാധിച്ചവർ, പ്രായാധിക്യംകൊണ്ടും അർബുദം മുതലായ രോഗങ്ങളാലും കിടപ്പിലായവർ എന്നിങ്ങനെ ദിനേനയുള്ള കാര്യങ്ങളിൽ സഹായം വേണ്ടവർക്കും അവരുടെ സഹായികൾക്കും വേണ്ടി പ്രതിമാസം അറുന്നൂറ് രൂപ അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. ശയ്യാവലംബർ, ബുദ്ധിമാന്ദ്യവും ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ചവർ, മാനസിക വൈകല്യമുള്ളവർ, മാനസികരോഗികൾ എന്നിവർക്ക് പുറമെ, നൂറു ശതമാനം അന്ധത ബാധിച്ചവരും പല വിധ രോഗങ്ങളാൽ കിടപ്പിലായവരും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവരുമായ മുഴുവൻ പേരുടെയും പരിചാരകർ എന്നിവർകൂടി ഉൾപ്പെടുന്ന വിധം പദ്ധതി വിപുലമാക്കപ്പെട്ടിട്ടുണ്ട്. ഇത് ഗുണഭോക്താക്കളുടെ എണ്ണത്തിലും അതുവഴി പദ്ധതിക്ക് വേണ്ട തുകയിലും വർദ്ധനയുണ്ടാക്കിയിട്ടുണ്ട്. അപ്പോഴും, സർക്കാരിന്റെ സാമ്പത്തികമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പദ്ധതിക്കുവേണ്ട തുക ലഭ്യമാക്കി മുടങ്ങാതെ വിതരണംചെയ്യാൻ മന്ത്രിയെന്ന നിലയിൽ പ്രത്യേക ശ്രദ്ധകൊടുത്തിട്ടുണ്ട്. ഈ പദ്ധതിയിൽ 2021-22 സാമ്പത്തികവർഷം 40 കോടി രൂപ വിതരണം ചെയ്‌തു. 2022-23 സാമ്പത്തികവർഷം 42.50 കോടി രൂപ ബജറ്റിൽ നീക്കി വെച്ചതിൽ ആദ്യഗഡുവായി കിട്ടിയ പത്തുകോടി രൂപ ഉപയോഗിച്ച് ഏഴു ജില്ലകളിൽ (ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ) അഞ്ചു മാസത്തേയും ബാക്കി ഏഴു ജില്ലകളിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസറഗോഡ്) നാലുമാസത്തെയും ധനസഹായവിതരണം പൂർത്തിയാക്കി. പദ്ധതിയുടെ ആനുകൂല്യം യഥാർത്ഥ ഗുണഭോക്താക്കളിൽത്തന്നെ എത്തുന്നത് ഉറപ്പാക്കാൻ ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക്-ആധാര വിവരങ്ങൾ എന്നിവ ലിങ്ക് ചെയ്യാൻ നടപടിയെടുത്തിരുന്നു. അത് പൂർത്തിയാക്കിയ 34,965 ഗുണഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നൽകിയിട്ടുള്ളത്. 9,86,20,800 രൂപ ഇങ്ങനെ വിതരണംചെയ്‌തു. വകയിരുത്തിയ വിഹിതത്തിൽ ബാക്കി തുകയായ 32.50 കോടി രൂപ എത്രയും പെട്ടെന്നുതന്നെ ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്യും. നിലവിൽ സഹായത്തിനു അർഹത നേടിയവരിൽ പെൻഷൻ നൽകുന്നതിന് ബാക്കിയുള്ള ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റും ആധാറും സാമൂഹ്യനീതിവകുപ്പിൽ ലഭിക്കുന്ന മുറയ്ക്ക് അവ പട്ടികയിൽ ഉൾപ്പെടുത്തിവരുന്നുണ്ട്.
പദ്ധതിയിൽ സഹായം ലഭിക്കാവുന്നരുടെ എണ്ണം വർഷംതോറും വർധിച്ചു വരികയാണ്. അധിക ധനവിനിയോഗം സാധ്യമാവുന്നതനുസരിച്ച് ആനുകൂല്യത്തിനുള്ള പുതിയ അപേക്ഷകളിൽ തീർപ്പുകല്പിച്ച് അവർക്കുകൂടി ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ജെ.സി.ഐ. സൗജന്യ നേത്ര പരിശോധന, തിമിര നിർണായ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയും ചിട്ടിലപിള്ളി ഒപ്റ്റിക്കൽ സ് ഇരിങ്ങാലക്കുടയും ട്രിനിറ്റി ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന, തിമിര നിർണായ ക്യാമ്പ് മുൻ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ ഉൽഘാടനം ചെയ്തു ജെ.സി.ഐ. മുൻ പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു പാറേക്കാടൻ യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ലിഷോൺ ജോസ് ജെയിൻ ചിറ്റിലപ്പിള്ളി ജെറിൻ ചിറ്റിലപ്പിള്ളി ജെ.സി.ഐ. സെക്രട്ടറി ഷൈജോ ജോസ് ജെ.സി.ഐ. മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി അസ്വ. ഹോബി ജോളി ക്യാമ്പ് കോ ഓഡിനേറ്റർ നിവിൻ ഡോ. ദേവസുമൻ എന്നിവർ പ്രസംഗിച്ചു നൂറോളം പേർ നേത്രപരിശോധന ക്യാമ്പിൽ പങ്കെടുത്തു.
ആശാന് ശിഷ്യയുടെ ആദരം
ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്ക്കാരത്തിന് അർഹനായ കലാനിലയം രാഘവൻ ആശാനെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയും അദ്ദേഹത്തിന്റെ ശിഷ്യയുമായ ഡോ ആർ ബിന്ദു നേരിട്ടത്തി ആദരിച്ചു.2021ലെ കഥകളി പുരസ്കാരത്തിനാണ് ഇരിങ്ങാലക്കുടയുടെ അഭിമാനമായ കഥകളി ആചാര്യൻ കലാനിലയം രാഘവൻ ആശാൻ അർഹനായത്.കഥകളിയുടെ മേഖലയിൽ ദീർഘനാളത്തെ പ്രവർത്തനസമ്പത്താണ് രാഘവൻ ആശാന് ഉള്ളതെന്ന് മന്ത്രി ഡോ ബിന്ദു പറഞ്ഞു.കേരളത്തിന്റെ കലാരൂപമായ കഥകളി മേഖലയിലെ ഏറ്റവും മികച്ച പുരസ്കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.കഥകളി മാത്രമല്ല ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും അവബോധവും നൽകുകയും വ്യക്തിത്വ രൂപീകരണത്തിൽ വലിയ പങ്കുവഹിക്കുകയും ചെയ്ത ഗുരുവാണ് രാഘവൻ ആശാനെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.രാഘവൻ ആശാന്റെ ശിഷ്യയാണെന്നതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു വ്യക്തമാക്കി.
ക്യാൻ തൃശൂർ കാൻസർ ക്യാമ്പ് നടത്തി
പടിയൂർ: 17.02.2023.-തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും, പടിയൂർ ഗ്രാമ പഞ്ചായത്തിന്റെയു, പടിയൂർ കുടുംബരോഗ്യകേന്ദ്രത്തിന്റെയും, സംയുക്തമായി കാൻസർ രോഗ നിർണയ ക്യാമ്പ് നടത്തി.പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്റെ അധ്യക്ഷതയിൽ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് ഉൽഘാടനം ചെയ്തു. പടിയൂർ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ കെ സി ജയചന്ദ്രൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.മുരളിധരൻ ടി. എ. Gr11 ജില്ലാ മെഡിക്കൽ ഓഫീസ തൃശൂർ പദ്ധതി വിശദീകരണം നടത്തി.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജയശ്രീ ലാൽ, വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിജി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ. ടി. വി., മെമ്പർ മാരായ പ്രേമവത്സൻ, ജോയ്സി, സുനന്ദഉണ്ണികൃഷ്ണൻ, ശ്രീജിത്ത് മണ്ണാ യിൽ. ബിജോയ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പടിയൂർ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ശിവരഞ്ജിനി നന്ദി പ്രകാശിപ്പിച്ചു. ഗൈനക്കോളജി, പൾമനോളജി, സർജറി, ഈ ൻ ടി, ഡെന്റൽ, ജനറൽ മുതലായ വിഭാഗങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു. തുടർന്ന് ചികിത്സായും, പരിശോധനയും, ചികിത്സായും സൗജന്യ മായി ലഭിക്കുന്നതാണ്. പടിയൂർ മെഡിക്കൽ ഓഫീസർ ഡോ ക്ക് ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.