ആശുപത്രികൾക്കായി റിമോട്ട് നിയന്ത്രിത റോബോട്ട് വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും അമല മെഡിക്കൽ കോളേജും

29

തൃശൂർ: പകർച്ചവ്യാധി ഭീഷണിയുള്ള ഐസലേഷൻ വാർഡുകളിൽ ഉപയോഗിക്കാനായി റിമോട്ട് നിയന്ത്രിത റോബോട്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗവും തൃശൂർ അമല മെഡിക്കൽ കോളേജിലെ നഴ്സിങ് വിഭാഗവും സംയുക്തമായാണ് ‘ ആരോഗ്യ മിത്ര ‘ എന്നു പേരിട്ടിരിക്കുന്ന ഈ റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രോഗികൾക്ക് സമയാസമയങ്ങളിൽ മരുന്നുകൾ എത്തിക്കാനും, അവരുടെ ആരോഗ്യ നിരീക്ഷണത്തിനും ഇത് ഉപയോഗിക്കാം. കോവിഡ്, നിപ്പ പോലുള്ള പകർച്ച വ്യാധികൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ അപകട സാധ്യത കുറയ്ക്കാൻ ഈ റോബോട്ട് സഹായിക്കും. ഇതിൻ്റെ ഒട്ടോണമസ് പതിപ്പ് വികസിപ്പിച്ച് ടെക്നോളജി ട്രാൻസ്ഫർ വഴി കമ്പനികളുമായി സഹകരിച്ച് ഉത്പന്നം വിപണിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറക്കാർ.ക്രൈസ്റ്റ് സെൻ്റർ ഫോർ ഇന്നവേഷൻ ഡയറക്ടർ സുനിൽ പോൾ നേതൃത്വം നൽകിയ പ്രോജക്ടിൽ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എം ടി സിജോ,അമല നഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്, ഐ ക്യു എ സി കോർഡിനേറ്റർ പ്രൊഫ. ജി ലക്ഷ്മി, ഇന്നവേഷൻ സെൽ ഇൻ ചാർജ് റിനു ഡേവിസ് എന്നീ അധ്യാപകരും മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ കെ. എച്ച്. ജോൺ, ഡെറിക് ഡേവിസ്, കെ എസ് ദേവിദത്ത്, കൃഷ്ണജിത്ത് എസ് നായർ, ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളായ ആൽവിൻ തോമസ്, എൽദോസ് റജി, ആശംസ് റോയി എന്നിവരും പങ്കാളികളായി.

റോബോട്ട് സഹായത്തോടെയുള്ള രോഗീപരിചരണത്തിൽ നഴ്സിങ് വിദ്യാർഥികൾക്ക് പരിശീലനം നൽകാനും ‘ ആരോഗ്യ മിത്ര ‘ ഉപകരിക്കും.

Advertisement