ഇരിങ്ങാലക്കുട: പോലീസിന്റെ ജനമൈത്രി പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ടായിരുന്ന ഡി.വൈ.എസ്.പി. ബാബു .കെ.തോമസ് ചാലക്കുടി കുന്ദംകുളം അടക്കം പ്രവർത്തിച്ചിരുന്ന കാലയളവിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകരുമായി ബന്ധപ്പെട്ട് നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.യാതൊരുവിധ ആരോപണങ്ങളിലും ഉൾപ്പെടാത്ത പ്രവർത്തി മണ്ഡലത്തിൽ കറകളഞ്ഞ ഉദ്യോഗസ്ഥനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.മലപ്പുറം ജില്ലയിലെ അരീക്കോട് മൈമ്മൂന കൊലപാതകം, കോട്ടയ്ക്കൽ ഇരട്ട കൊലപാതകം, കുന്ദംകുളത്തെ അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം കൂടാതെ നിരവധി മയക്കു മരുന്ന് കേസ്സുകളിലെ പ്രതികളെ പിടികൂടിയതടക്കമുള്ള മികച്ച അന്വേഷണങ്ങൾ ഉണ്ട് ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ .2022 ൽ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ അഞ്ജാതൻ മരിച്ചു കിടന്ന സംഭവം കൊലപാതകമെന്നു തെളിഞ്ഞത് മറ്റൊരു അന്വേഷണ മികവാണ്. നാടും വീടും വിട്ടു നടക്കുന്ന രണ്ടു പ്രതികളെ ഏറെ കഷ്ടപ്പെട്ടാണ് കണ്ടെത്തിയത്. കൂടാതെ കാട്ടൂരിലെ കുപ്രസിദ്ധ ഗുണ്ട ഹരീഷിനെ പൂനയിൽ നിന്ന് പിടികൂടി ജയിലടച്ചത് , മാള സ്റ്റേഷനിൽ കൊലപാതക ശേഷം ഒളിവിൽ പോയ പ്രതിയെ വർഷങ്ങൾക്കു ശേഷം ആസാമിൽ നിന്ന് പിടികൂടിയതും , മറ്റൊരു കൊലപാതക കേസ് പ്രതിയെ ഉത്തർപ്രദേശിൽ നിന്ന് പിടികൂടിയതും ഇക്കാലയളവിലാണ്. വളരെ ആത്മാർത്ഥതയോടെ, കൃത്യതയോടെ സത്യസന്ധമായ രീതിയിലുള്ള അന്വേഷണ മികവോടെയായിരുന്നു എല്ലാ കേസന്വേഷണങ്ങളും.മലപ്പുറം ജില്ലയിലെ അരീക്കോട് മൈമ്മൂന കൊലപാതകം, കോട്ടയ്ക്കൽ ഇരട്ട കൊലപാതകം, കുന്ദംകുളത്തെ അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം കൂടാതെ നിരവധി മയക്കു മരുന്ന് കേസ്സുകളിലെ പ്രതികളെ പിടികൂടിയതടക്കമുള്ള മികച്ച അന്വേഷണങ്ങൾ ഉണ്ട് ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ.ഒരു വർഷവും പത്തു മാസത്തിനു ശേഷം ഇരിങ്ങാലക്കുട ഡി.വൈ എസ് പി. സ്ഥാനമൊഴിയുകയാണ്. സബ് ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളിലെ കുപ്രസിദ്ധ കൊലപാതകങ്ങൾ,മോഷണം, ക്രിമിനൽ കേസ്സുകളിൽ മികവാർന്ന അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡി.വൈ.എസ്.പി. ബാബു കെ.തോമസ് ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്.1997-ൽ തൃശൂർ ജില്ലാ ട്രഷറിയിൽ ജൂറിയർ അക്കൗണ്ടന്റായിട്ടായിരുന്നു സർക്കാർ സർവ്വീസിൽ ആദ്യമായി പ്രവേശിക്കുന്നത്. പിന്നീട് 2003 മെയ് മാസത്തിലാണ് സബ് ഇൻസ്പെക്ടറായി ജോലി നേടുന്നത്. തിരുവനന്തപുരം പോലീസ് ട്രെയിനിംങ്ങ് കോളജിൽ നിന്ന് എസ്.ഐ ട്രെയിനിംങ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കാ മലയൻകീഴ് സ്റ്റേഷനുകളിൽ പ്രൊബേഷൻ കഴിഞ്ഞ് കൊല്ലം വെസ്റ്റ് സ്റ്റേഷനിലാണ് ആദ്യമായി സബ് ഇൻസ്പെക്ടരായി നിയമനം ലഭിക്കുന്നത്. പിന്നീട് പരപ്പനങ്ങാടി , തിരുരങ്ങാടി , തിരൂർ സ്റ്റേഷനുകളിൽ എസ്.ഐ ആയും മഞ്ചേരി, തിരൂർ, വിജിലൻസ് , നെടുംമ്പാശ്ശേരി എയർപോർട്ട്,ചാലക്കുടി,കുന്ദംകുളം എന്നിവിടങ്ങളിൽ സി.ഐ ആയും സേവനം അനുഷ്ഠിച്ചു. 2021 ജൂലൈ മാസം എറണാകുളം ക്രൈം ബ്രാഞ്ചിൽ നിന്നാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി യായി ചുമതല ഏൽക്കുന്നത്.
പട്ടികജാതി ക്ഷേമ സമിതിയുടെ നേത്യത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : സംവരണം സംരക്ഷിക്കുക, ബി ജെ പി സർക്കാർ നീതി പാലിക്കുക, സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യമുയർത്തി പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.ആർ വിജയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.പി.കെ.എസ് ഏരിയ പ്രസിഡണ്ട് ഏ.വി ഷൈൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ(എം) ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം പി.കെ മനുമോഹൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പി.കെ.എസ് ഏരിയ സെക്രട്ടറി സി.ഡി സിജിത്ത് സ്വാഗതവും, ഏരിയ ട്രഷറർ എ.വി സുരേഷ് നന്ദിയും രേഖപ്പെടുത്തി. ഠാണാവിൽ നിന്നും ആരംഭിച്ച മാർച്ചിന് പി.കെ സുരേഷ്,കെ.വി മദനൻ ,എം.പി സുരേഷ്, ടി.വി ലത,സി.എസ് സുരേഷ്, വി.സി മണി, കെ.വി പവനൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തിൽ നടത്തിയ മൃദംഗ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട : കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടുമാസം നീണ്ടുനിന്ന മൃദംഗ ക്യാമ്പ് സമാപിച്ചു. സമാപന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ കാർ ബിന്ദു ഉദ്ഘാടനം ചെയ്തു. തുടർന്ന് 4 വയസ് മുതൽ 20 വയസ്സ് വരെയുള്ള 28 ഓളം വിദ്യാർത്ഥികളുടെ മൃദംഗ മേളയും, ആര്യ ഉല്ലാസിന്റെ സംഗീത കച്ചേരിയും ഉണ്ടായിരുന്നു. അഞ്ചു വയസ്സിൽ താഴെയുള്ള കുരുന്നുകൾ മൃദംഗ ചൊല്ലുകൾ പറഞ്ഞ് പ്രേക്ഷകർക്കും ഡോക്ടർ ആർ ബിന്ദുവിനും ഏറെ കൗതുകകരമായി. ചടങ്ങിൽ പി വി ശിവകുമാർ അധ്യക്ഷനായി,ഡോ ഹരീന്ദ്രനാഥ് ഡോ കെ മോഹൻദാസ് തുടങ്ങിയവർ ആശംസകൾ സംസാരിച്ചു വിദ്യാർത്ഥികളായ ദക്ഷിണ സ്വാഗതവും ഭരത് നന്ദിയും രേഖപ്പെടുത്തി ഏപ്രിൽ അഞ്ചിന് ആരംഭിച്ച ക്യാമ്പിൽ മൃദംഗ ക്ലാസിനു പുറമേ ഓൺലൈൻ തിയറി ക്ലാസും സംഗീത കച്ചേരിയും നടത്തിവന്നിരുന്നു. അവധിക്കാല ക്ലാസുകൾക്ക് വിക്രമൻ നമ്പൂതിരിയാണ് നേതൃത്വം നൽകിയിരുന്നത്.
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി – പ്ലസ് ടു വിദ്യാഭ്യാസപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡലത്തിനകത്തെ സ്കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരെ അപേക്ഷ നൽകാതെ തന്നെ പുരസ്കാരത്തിന് പരിഗണിക്കുമെന്നതിനാൽ അവർ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ സ്ഥിരതാമസക്കാരായവർ മണ്ഡലത്തിന് പുറത്തെ സ്കൂളിൽ നിന്നും വിജയം നേടിയവരാണെങ്കിൽ പ്ലസ് ടു, എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ കോപ്പിയും നിയോജക മണ്ഡലത്തിൽ സ്ഥിരതാമസം തെളിയിക്കാൻ ഗ്രാമപഞ്ചായത്ത് / നഗരസഭാ അംഗത്തിന്റെ സാക്ഷ്യപത്രവും സഹിതം ജൂൺ 7 ന് മുമ്പ് അപേക്ഷ നൽകണം. അപേക്ഷകൾ . ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ക്യാമ്പ് ഓഫീസ്, കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻ്റിന് സമീപം, കണ്ഠേശ്വരം, ഇരിങ്ങാലക്കുട – 680121 എന്ന വിലാസത്തിൽ തപാലായോ നേരിട്ടോ എത്തിക്കാം.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് ഇന്ത്യ ലോക ശക്തിയാകും : ക്രിസ്റ്റോ ജോർജ്
ഇരിങ്ങാലക്കുട: അമേരിക്കയും ജപ്പാനും ചൈനയും ആധിപത്യം പുലർത്തി വന്ന സാങ്കേതിക രംഗത്ത് വരും കാലം ഇന്ത്യയുടേതായിരിക്കും എന്ന് ഹൈക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ക്രിസ്റ്റോ ജോർജ്. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച മെഗാ പ്രോജക്ട് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വരവോടെ തൊഴിൽ മേഖലകളെല്ലാം പുനക്രമീകരണത്തിന് വിധേയമാകും. നൂതനാശയങ്ങളും സംരംഭങ്ങളുമായിരിക്കും ലോകത്തെ മുന്നോട്ട് നയിക്കുക. അഭ്യസ്തവിദ്യരായ യുവാക്കൾ ഏറെയുള്ള ഇന്ത്യക്ക് ഈ പുതിയ ലോക ക്രമത്തിൽ മുന്നേറാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അവസാന വർഷ വിദ്യാർഥികളുടെ എഴുപത്തഞ്ചോളം പ്രോജക്ടുകളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നത്. ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ക്രിസ്റ്റോ ജോർജ് എക്സ്പോ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു. സാങ്കേതിക, വ്യവസായ,മേഖലകളിൽ നൽകിയ സംഭാവനകൾക്ക് ക്രിസ്റ്റോ ജോർജിന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ ആദരം സമർപ്പിച്ചു.ജോയിൻ്റ ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. എ എൻ രവിശങ്കർ, ക്രൈസ്റ്റ് സെൻ്റർ ഫോർ ഇന്നവേഷൻ ഡയറക്ടർ സുനിൽ പോൾ എന്നിവർ പ്രസംഗിച്ചു. രണ്ടാഴ്ചയായി നടന്നുവന്ന മൊബൈൽ റോബോട്ടിക്സ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ തദവസരത്തിൽ വിതരണം ചെയ്തു.
പഠനത്തിലും കളിയിലും മികവ് തെളിയിച്ച് ജൊവീറ്റ
എടതിരിഞ്ഞി: പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99. 83 ശതമാനം നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ എന്ന മിടുക്കി തൻറെ പഠന മികവ് തെളിയിച്ചു. ബയോ സയൻസ് വിദ്യാർത്ഥിനിയാണ്. മികവ് പഠനത്തിൽ മാത്രമല്ല കളിയിലും ഉണ്ട് . കഴിഞ്ഞവർഷം നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയര്‍ പിസ്റ്റലിൽ മൂന്നു സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ രണ്ടു വർഷവും ദേശീയ എയർ പിസ്റ്റൽ 10 മീറ്റർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ദേശീയ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിലേക്ക് യോഗ്യത നേടുകയും ചെയ്തു. ജൂൺ ആറിന് ഉത്തർപ്രദേശിൽ ആരംഭിക്കുന്ന ദേശീയ സ്കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രേസ് മാർക്കിന്റെ ആനുകൂല്യമില്ലാതെയാണ് ഇത്രയും മാർക്ക് നേടിയത്. ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ കായിക വിഭാഗം മേധാവി ഡോക്ടർ സ്റ്റാലിൻ റാഫേലിന്റെയും വലപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക രാജി ജോസിന്‍റെയും മകളാണ്.
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിങ് ഇരുപതാം ബാച്ചിന്റെ ലാംപ് ലൈറ്റ് നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിങ്ങിന്റെ ഇരുപതാം ബാച്ചിന്റെ ലാംപ് ലൈറ്റിങ് ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സന്റെ അധ്യക്ഷതയിൽ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ :സി: ജെയ്സി സി എസ് എസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ജിന്നി ജോയ് സ്വാഗതവും വൈസ് പ്രസിഡൻറ് ഇ ബാലഗംഗാധരൻ, മെഡിക്കൽ സൂപ്രണ്ട് ഡോ: നഥാനിയേൽ തോമസ് ,ജനറൽ മാനേജർ ലാൽ ശ്രീധർ, നഴ്സിംഗ് മാനേജർ റൂബി തോമസ് ,ഡെപ്യൂട്ടി നഴ്സിംഗ് മാനേജർ മേരിക്കുട്ടി ജോയ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ :സി ക്രിസാന്ത്, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലി നൽകി. നഴ്സിംഗ് ട്യൂട്ടർ സിത്താര നന്ദിയും .രേഖപ്പെടുത്തി യോഗത്തിൽ ഡയറക്റ്റേഴ്സ് ,ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥിനികൾ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
സുധീർ എളന്തോളിയെ കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആദരിച്ചു
പുല്ലൂർ:സുധീർ എളന്തോളിയെ ആദരിച്ചു.കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ബോർഡ് അംഗമായി സംസ്ഥാന ഗവൺമെന്റ് നിയമിച്ച ഇരിങ്ങാലക്കുട പുല്ലൂർ നിവാസിയായ സുധീർ എളന്തോളിയെ കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആദരിച്ചു. കർഷക സംഘം ഏരിയാ കമ്മിറ്റിക്കു വേണ്ടി ഏരിയാ പ്രസിഡന്റ് ടി. എസ്. സജീവൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണൻ എന്നിവർ പൊന്നാട അണിയിച്ച് ആശംസകളർപ്പിക്കുകയും ചെയ്തു. ദീർഘകാലമായി ഖത്തർ കേന്ദ്രമായി ജീവകാരുണ്യ പ്രവർത്തനങ്ങളും, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളും നടത്തുന്ന സംഘടനയായ സംസ്കൃതിയുടെ ഭാരവാഹിയാണ് സുധീർ എളന്തോളി.
ആമ്പിപ്പാടം പൊതുമ്പുചിറ റോഡ് നാടിന് സമര്‍പ്പിച്ചു
മുരിയാട് വേളൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുച്ചിറയോട് ചേര്‍ന്നുള്ള ആമ്പിപ്പാടം പൊതുമ്പ് ചിറ ബണ്ട് റോഡ് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ആമ്പിപ്പാടം പൊതമ്പുചിറ പരിസരത്ത് വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു.പ്രദേശത്തെ പ്രധാന ജലസ്‌ത്രോതസായ പൊതുമ്പിച്ചിറ ടൂറീസം പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി ആര്‍ബിന്ദു പറഞ്ഞു.മുന്‍ എം.എല്‍.എ യുടെ 2019-20 ആസ്തി വികസന ഫണ്ട് അടക്കം ഉള്‍പ്പെടുത്തി ആകെ 44,61,000 രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.ചടങ്ങില്‍ വെളുക്കര പഞ്ചായത്ത് പ്രസിഡന്റ് ധനീഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍,
വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്ര
പുതിയ സ്‌കൂൾവർഷത്തിനു ഒരുക്കങ്ങളായി: വർഷാരംഭം വർണ്ണാഭമാക്കും: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട : അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞ നേട്ടം ഈ സ്‌കൂൾവർഷത്തിലെ തുടർ പ്രവർത്തനങ്ങളിലും ഉണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥരുമായും സ്‌കൂൾ-പിടിഎ പ്രതിനിധികളും പങ്കെടുത്ത അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവേശനോത്സവ ഒരുക്കങ്ങളും വിദ്യാലയങ്ങളുടെ ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചർച്ചചെയ്ത യോഗം, പ്രധാന തീരുമാനങ്ങളൂം കൈക്കൊണ്ടതായി മന്ത്രി അറിയിച്ചു. പഠനപരിമിതിയടക്കമുള്ളവ നേരത്തെ തിരിച്ചറിഞ്ഞ് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും, ഭിന്നശേഷിക്കാരെ കണ്ടെത്താനുള്ള ക്യാമ്പുകള്‍ അദ്ധ്യയനവര്‍ഷ തുടക്കത്തിൽ തന്നെ നടത്താനും നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങൾ ഏറ്റവും പ്രധാനമായി കാണാൻ നിർദേശം നൽകി. അവ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കും. എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.സ്‌കൂളും പരിസരവും വൃത്തിയാക്കാൻ പി.ടി.എയുടെ നേതൃത്വത്തില്‍ ജനകീയ സന്നദ്ധ പ്രവര്‍ത്തനം നടക്കും. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകള്‍, അധ്യാപക-വിദ്യാര്‍ത്ഥി-ബഹുജന സംഘടനകള്‍ മുതലായവയെ സഹകരിപ്പിക്കും. ഉപയോഗശൂന്യമായ ഫര്‍ണിച്ചറും ഉപകരണങ്ങളും നീക്കം ചെയ്ത് സ്‌കൂളും പരിസരവും സുരക്ഷിതമാക്കും. സ്‌കൂളുകളിലെ ഐ.ടി ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കും. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്‌സ് എന്നിവ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കും. കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ജല ശുചീകരണ നടപടികള്‍ പൂര്‍ത്തിയാക്കും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കാനും ആവശ്യമായ മുന്നറിയിപ്പു ബോര്‍ഡുകള്‍ വെക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. സ്‌കൂള്‍ ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ദുരന്ത ലഘൂകരണത്തിന് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും മതിയായ പരിശീലനം ലഭ്യമാക്കാനും പദ്ധതിയിട്ടു. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ നടത്തും. പെൺകുട്ടികൾ ഉള്ള എല്ലാ സ്കൂളുകളിലും നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഏർപ്പാടാക്കും. അവ സംസ്കരിക്കാനുള്ള സ്ഥലസംവിധാനം ഉറപ്പുവരുത്താനും നിർദ്ദേശം നൽകി. അജൈവമാലിന്യം തരംതിരിച്ച് സംഭരിക്കാൻ സ്കൂളുകളിൽ മിനി എം.സി.എഫ് സ്ഥാപിക്കും. ക്ലാസ്സുകളിലും ഓരോ ബിൽഡിംഗിലും അജൈവ മാലിന്യങ്ങൾ തരം തിരിച്ച് നിക്ഷേപിക്കാനുള്ള ബിന്നുകൾ ഉണ്ടാവണമെന്ന് നിർദ്ദേശിച്ചു. അക്കാദമിക മികവ് ഉയര്‍ത്താൻ വേണ്ട പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു. ആവിഷ്‌ക്കരിച്ച പ്രധാന പ്രവര്‍ത്തനമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തുടരും. എല്ലാ വിദ്യാലയങ്ങളും ജൂണ്‍ 15നകം നവീകരിച്ച അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശിപ്പിക്കും. നാലാം ക്ലാസ്സ് പൂര്‍ത്തീകരിക്കുമ്പോഴേക്കും മുഴുവന്‍ കുട്ടികളും എഴുത്തിലും കണക്കിലും മികവ് പുലര്‍ത്തുമെന്ന് ഉറപ്പാക്കാനാണ് പ്രത്യേക പദ്ധതി.
തുമ്പൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്
തുമ്പൂര്‍: തുമ്പൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. രാത്രി പത്ത് മണിയോടെ വേളൂക്കര തുമ്പൂര്‍ പുത്തൻവെട്ടുവഴി സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേര്‍ക്കും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന നാലു പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശികളായ പാമ്പിനേഴത്ത് വീട്ടില്‍ ഷൈന്‍(36), ഭാര്യ രേഷ്മ(34), മക്കളായ വസന്ത്(14), ബിയ(5) രേഷ്മയുടെ സഹോദരന്‍ വാഴൂര്‍ വീട്ടില്‍ ജിതിന്‍ലാല്‍ (30), സുഹൃത്ത് കൂനിയാറ വീട്ടില്‍ അജിത്ത് (27) എന്നിവര്‍ക്കാണ് കാറിലുണ്ടായിരുന്നവരില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷൈനിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും ജിതിന്‍ലാലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രേഷ്മ മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന കോഴിക്കോട് ബീച്ച് സ്വദേശിനി കാസ്തൂരം വീട്ടില്‍ വിനീത(55), മാന്തോട്ടം വീട്ടില്‍ മുബീന(32) ഒളവണ്ണ സ്വദേശികളായ കുന്നത്തുവീട്ടില്‍ ബാബിറ(44), നൂര്‍ജഹാന്‍(44) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി മറ്റു ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. അങ്കമാലി കറുകുറ്റയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവര്‍. അപകടത്തെ തുടർന്ന് കുറച്ച് നേരത്തേക്ക് ഇതു വഴിയുള്ള ഗതാഗതം സ്തംഭിച്ചു.ടൂറിസ്റ്റ് ബസും കാറും അമിതവേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആളൂര്‍ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇരിങ്ങാലക്കുടയിൽ നിന്ന് ഫയർ ഫോഴ്സ് സംഘവും അപകട സ്ഥലത്ത് എത്തിയിരുന്നു.
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച ആൾ
ഇരിങ്ങാലക്കുടയിൽ പിടിയിൽ
ഇരിങ്ങാലക്കുട: മാപ്രാണം ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ 13 പവനോളം വരുന്ന 12 മുക്കുപണ്ട് വളകൾ പണയപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച പുത്തൂർ പൊന്നൂക്കര ലക്ഷം വീട് കോളനിയിൽ താമസിക്കും വിജയൻ മകൻ വിജേഷ് (36 )വയസ്സ് എന്നയാളെ ഇരിങ്ങാലക്കുട ഡി വൈ എസ് പി യുടെ ചുമതലയുള്ള ഡി വൈ എസ് പി സി ആർ സന്തോഷ് ന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനിഷ് കരീം സബ് ഇൻസ്പെക്ടർ ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 22-05-2023 തിയ്യതി മാപ്രാണത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണ്ണം പണയപ്പെടുത്താൻ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഒറിജിനൽ സ്വർണത്തെ വെല്ലുന്ന വളകളിൽ ഹാൾമാർക്ക് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ പല ധനകാര്യ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പുകൾ നടത്തി ലക്ഷങ്ങൾ തടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ ആഭരണങ്ങൾ നിർമിച്ച് നൽകുന്ന വൻ മാഫിയ സംഘത്തെ പറ്റി വിവരം ലഭിച്ചതനസരിച്ച് തൃശൂർ
ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ് ഐ പി എസ് ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ എസ് ഐ എൻ കെ . അനിൽ കുമാർ, എ എസ് ഐ ഉല്ലാസ് പൂതോട്ട്, എസ് സി പി ഒ രഞ്ജിത്ത്, സി പി ഒ മാരായ വിപിൻ ഗോപി, രാഗേഷ് എന്നിവർ ഉണ്ടായിരുന്നു.
കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ റൗഡിയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കാട്ടൂർ :പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ റൗഡിയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ കാറളം താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടിൽ സാഗറിനെ കാപ്പ ചുമത്തി നാടുകടത്തി.
സാഗർ കാട്ടൂർ പോലീസ് സ്റ്റേഷനില്‍ കൊലപാതകം, വധശ്രമം ഉൾപ്പടെ ഏഴോളം കേസുകളിൽ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വന്നതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി . ഐശ്വര്യ ഡോങ്‌റെ IPS നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജിയുടെ ചുമതല വഹിക്കുന്ന നോർത്ത് സോൺ ഐജി എം .നീരജ്‌കുമാർ ഗുപ്‌ത IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ക്രിയാത്മക വിമർശനം വളർച്ചയിലേക്ക് നയിക്കും കളക്ടർ
ഇരിങ്ങാലക്കുട: ക്രിയാത്മക വിമർശനം തെറ്റ് തിരുത്തലിന് ഉപകരിക്കുമെന്നും അത് വളർച്ചയിലേക്കു നയിക്കു മെന്നും തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ. ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകർക്കായി സംഘടിപ്പിച്ച അധ്യാപക ശില്പശാല ‘ലക്ഷ്യ 2023’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കൾ നൽകുന്ന
അഭിനന്ദനങ്ങൾ പ്രോത്സാഹന പ്രോത്സാഹനജനകമാക ണം. സുഹൃത്തുക്കൾ സ്തുതിപാഠകരായാൽ തെറ്റുകൾ കണ്ടെത്താനോ തിരുത്താനോ ആകില്ല അദ്ദേഹം കൂട്ടിച്ചേർത്തു. ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നിൽ സ്വാഗത മാ ശംസിച്ചു. ഫാ. സന്തോഷ് മണിക്കൊമ്പിൽ, ഫാ. മനു പീടികയിൽ, സിസ്റ്റർ ഓമന, സെബി മാളിയേക്കൽ, സിബി അക്കരക്കാരൻ, ലൈസ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപകരായ സംഗീതസാഗർ, അമൃത, രമ്യ, നവീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പരിശീലന പരിപാടി നാളെ (24/5) വൈകിട്ട് നാലിന് സമാപിക്കും. ഡോ. നിജോയ് പി ജോസ്, ഡോ. മാത്യു കണമല, അഭിലാഷ് ജോസഫ് എന്നിവരുടെ ടീമാണ് പരിശീലന പരിപാടി നയിക്കുന്നത്.
കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു കാട്ടൂരിൽ അറസ്റ്റിൽ
കാട്ടൂർ: കുപ്രസിദ്ധ മോഷ്ടാവ് വെള്ളാങ്ങല്ലൂർ എട്ടങ്ങാടി സ്വദേശി റിജു(23 ) എന്ന ഇളമനസ് റിജുവിനെ കാട്ടൂർ പോലീസ് അറസ്റ് ചെയ്തു., എടക്കുളം സ്വദേശി പോളിൻ്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്, എടക്കുളത്തുള്ള സ്വന്തം പറമ്പിലേക്ക് സ്കൂട്ടറിൽ വന്ന പോൾ വണ്ടി ഗേറ്റിൽ വച്ച് പറമ്പിനുള്ളിലേക്ക് പോയ സമയത്താണ് റിജു സ്കൂട്ടെറുമായി കടന്നത്., നിരവധി സിസിടിവി കളും മറ്റും കേന്ദ്രീകരിച്ച് കാട്ടൂർ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്., നെടുമ്പാൾ കോന്തിപുലം പാടത്ത് ഒളിപ്പിച്ചു വച്ചിരുന്ന സ്കൂട്ടർ പോലീസ് കണ്ടെടുത്തു., റിജൂവിൻ്റെ പേരിൽ ഇരിങ്ങാലക്കുട, ആളൂർ, കയ്പമംഗലം, കൊടുങ്ങല്ലൂർ, മതിലകം, വടക്കാഞ്ചേരി, എന്നീ സ്റ്റേഷനുകളിലായി 12 ഓളം കേസുകൾ നിലവിലുണ്ട്., കാട്ടൂർ പോലീസ് എസ് ഐ മാരായ ഹബീബ്, മണികണ്ടൻ, GSI വിജു, ASI ശ്രീജിത്ത്, CPOമാരായ ബിന്നൽ, ശബരി, എന്നിവരാണ് ഈ കേസിൻ്റെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.,
അഗ്നിശമന സേനാംഗത്തിന് ജെ സി ഐ സ്നേഹാദരം
ഇരിങ്ങാലകുട: ജെ സി ഐ ഇരിങ്ങാലകുടയുടെ ആഭിമുഖ്യത്തിൽ “സല്യൂട്ട് ദി സൈലന്റ് സ്റ്റാർ ” പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലകുട അഗ്നിശമന സേന വിഭാഗത്തിൽ സ്തുത്യർഹമായി സേവനം ചെയ്തു വരുന്ന കാറളം സ്വദേശി കെ സി സജീവനെ ആദരിച്ചു. ബഹു. മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ സജീവ് ഇപ്പോൾ ഫസ്റ്റ് ഗ്രേഡ് സ്റ്റേഷൻ ഓഫീസറായി ജോലി നോക്കി വരുന്നു. പ്രസിഡണ്ട് മേജൊ ജോൺസൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ മുഖ്യ സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിള അവർകൾ മുഖ്യാതിഥി ആയിരുന്നു. സമൂഹത്തിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പൊതു ജനങ്ങൾക്ക് എന്നും ആശ്രയമായിട്ടുള്ള അഗ്നി ശമന സേനാ വിഭാഗത്തിന് അർഹിച്ച പരിഗണന നൽകിയതിന് ചീഫ് സ്റ്റേഷൻ ഓഫീസർ ജെ സി ഐ ഭാരാവാഹികളോട് നന്ദി പ്രകാശിപ്പിച്ചു. പ്രോഗ്രാം ഡയറക്ടർ അഡ്വ. ഹോബി ജോളി, മുൻ പ്രസിഡണ്ട് മാരായ ടെൽസൻ കോട്ടോളി, ജോർജ് പുന്നേലി പറമ്പിൽ , ഡയസ് ജോസഫ്, വി.ബി. മണിലാൽ, സെനറ്റർ ഷാജു പാറേക്കാടൻ, ട്രഷറർ സാന്റോ വർഗീസ്, ജസ്റ്റിൻ തൊമ്മാന തുടങ്ങിയവർ പ്രസംഗിച്ചു.
ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം പൊതുമരാമത്ത് വിഭാഗവും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.
ഇരിങ്ങാലക്കുട: ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം പൊതുമരാമത്ത് വിഭാഗവും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. പൊതുമരാമത്ത് കെട്ടിട വിഭാഗം കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം ഭൂരിഭാഗവും പൂര്‍ത്തിയായെങ്കിലും നഗരസഭ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം വൈകുകയാണ്. ഇതിനെ തുടര്‍ന്ന് മന്ത്രി ആര്‍. ബിന്ദു ജില്ലാകളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം നഗരസഭയും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നടത്തി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ ഭരണകൂടം നിയമിച്ച പ്രത്യേക ലാന്റ് ആന്റ് അക്വസിഷന്‍ തഹസില്‍ദാറുടെ നിര്‍ദ്ദേശമനുസരിച്ചാണ് കെട്ടിടങ്ങളുടെ കാലപഴക്കം നിര്‍ണ്ണയിക്കുന്നത്. കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി അതിന്റെ മതിപ്പ് വില കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥലത്തിന്റേയും കെട്ടിടത്തിന്റേയും സാധനസാമഗ്രികളുടേയും നഷ്ടപരിഹാര തുക കണക്കാക്കി വേണം റീ ഹാബിലിറ്റേഷന്‍ പാക്കേജ് പ്രഖ്യാപിക്കാന്‍.മനവലശ്ശേരി- ഇരിങ്ങാലക്കുട വില്ലേജുകളിലായി ഠാണ- ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി 0.7190 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് കരുതുന്നത്. നിലവില്‍ ഏഴുമീറ്റര്‍ ടാറിങ്ങ് ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുള്ള പ്രസ്തുത റോഡ് 17 മീറ്ററാക്കിയാണ് വികസിപ്പിക്കുന്നത് .
മുരിയാട് വി.കെ.സതീശൻ അനുസ്മരണം നടന്നു
ഇരിങ്ങാലക്കുട : മുരിയാട് വി.കെ.സതീശൻ അനുസ്മരണം. CPIM മുരിയാട് ലോക്കൽ കമ്മറ്റി അംഗമായിരുന്ന സഖാവ് വി.കെ സതീശന്റെ 4-ാം മത് അനുസ്മരണ ദിനം CPI M തൃശൂർ ജില്ലാ കമ്മറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഏരിയ കമ്മറ്റി അംഗം ടി ജി ശങ്കരനാരായണൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, അഡ്വ: കെ. എ. മനോഹരൻ, പി ആർ.ബാലൻ, മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി , മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി രാഘവൻ മാസ്റ്റർ, രഞ്‌ജു സതീഷ് എന്നിവർ സംസാരിച്ചു. മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ കമ്മറ്റി അംഗവും തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ലത ചന്ദ്രൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കെ.യു. വിജയൻ നന്ദിയും പറഞ്ഞു. മുരിയാട് കമ്മറ്റി യുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിസരത്തിൽ നിന്നും പ്രകടനവും അണ്ടിക്കമ്പനി പരിസരത്ത് അനുസ്മരണ പൊതുയോഗവും നടന്നു.
ഊരകം ഇടവക ദിനാഘോഷവും മതബോധന വാർഷികവും നടന്നു
ഊരകം: സെ: ജോസഫ് ഇടവകയുടെ ഇടവക ദിനാഘോഷവും മതബോധന വർഷവും ഹൊസൂര്‍ രൂപത മെത്രാൻ മാർ :സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പോസ്തോലിക് ഡയറക്ടർ ഫാ. ജോജി പാറമറ്റം അധ്യക്ഷത വഹിച്ചു. ഫാ. ആൻഡ്രൂസ് മാളിയേക്കൽ ചടങ്ങിന് സ്വാഗതം പറഞ്ഞു. നീതു ജോസൽ, റീസ നിക്സൽ എന്നിവർ ഇടവക റിപ്പോർട്ട് അവതരണം നടത്തി. കോൺവെൻറ് മദർ സുപ്പീരിയർ സി: ഹെലൻ ഇടവക ട്രസ്റ്റി പീയൂസ് കൂള , ഡീകൻ ഗ്ളെസ്സിൻ കൂള, കാറ്റിസം ഹെഡ്മാസ്റ്റർ എ കെ ജോസ്, മാതൃസംഘം പ്രസിഡൻറ് ലില്ലി ഫ്രാൻസിസ് ,സി എൽ സി പ്രസിഡൻറ് ഡേവിഡ് വിൽസൺ ,പാസ്റ്റർ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പി ജെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവാഹത്തിന്റെ 25, 50 വർഷം ആഘോഷിച്ച വരെ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് കാട്ടി വരെയും റാങ്ക് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു. ഇടവകയിലെ നൂറിലധികം കലാകാരന്മാരും കലാകാരികളും ഒന്നിച്ച് അവതരിപ്പിച്ച ”ദേവസഹായം പിള്ളയുടെ” ജീവചരിത്രത്തെ ആസ്പദമാക്കി അവതരിപ്പിച്ച രക്തപുഷ്പം എന്ന ദൃശ്യ സംഗീത നാടകം ഉണ്ടായിരുന്നു . കുടുംബ സമ്മേളനം കേന്ദ്ര സമിതി പ്രസിഡണ്ട് ജോയ് നന്ദി പറഞ്ഞു.
ഇരിങ്ങാലക്കുടയിൽ അദാലത്ത് നാളെ (മെയ് 16) നേരിട്ടും പരാതി നൽകാം: മന്ത്രി ഡോ.ബിന്ദു
ഇരിങ്ങാലക്കുട: സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും 2023’ പരാതി പരിഹാര അദാലത്ത് ഇരിങ്ങാലക്കുടയിൽ നാളെ (മെയ് 16 ചൊവ്വാഴ്ച ) നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. പരാതികൾ നേരത്തെ സമർപ്പിക്കാൻ വിട്ടുപോയവർക്ക് അദാലത്തിൽ നേരിട്ടെത്തി പരാതികൾ നൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. മന്ത്രിമാർ നേരിട്ട് നേതൃത്വം നൽകി ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് അദാലത്തിൽ. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന അദാലത്തിന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു, റവന്യൂ മന്ത്രി കെ രാജൻ, പട്ടികജാതി-പട്ടികവർഗ്ഗ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.ഭിന്നശേഷിക്കാരുടെ പുനരധിവാസം, സഹായം, പെൻഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ, ഭൂമി സംബന്ധമായ തർക്കങ്ങൾ, പരാതികൾ, സർട്ടിഫിക്കറ്റുകളും ലൈസൻസുകളും ലഭിക്കുന്നതിലെ കാലതാമസം, മറ്റു തടസ്സങ്ങൾ, റവന്യു റിക്കവറി നേരിടുന്നവർക്കുള്ള ഇളവുകളും സാവകാശവും, തണ്ണീർത്തട സംരക്ഷണം, വിവിധ നഷ്ടപരിഹാരങ്ങൾ ലഭിക്കുന്നതിലെ കാലതാമസം, കാർഷിക വിളകളുടെ സംരക്ഷണം തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി ഡോ.ബിന്ദു പറഞ്ഞു.വിവിധ സർക്കാർ വകുപ്പുകളിലെ ജില്ലാ താലൂക്ക് തല ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.