ഇരിങ്ങാലക്കുടയിൽ അദാലത്ത് നാളെ (മെയ് 16) നേരിട്ടും പരാതി നൽകാം: മന്ത്രി ഡോ.ബിന്ദു

35

ഇരിങ്ങാലക്കുട: സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും 2023’ പരാതി പരിഹാര അദാലത്ത് ഇരിങ്ങാലക്കുടയിൽ നാളെ (മെയ് 16 ചൊവ്വാഴ്ച ) നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. പരാതികൾ നേരത്തെ സമർപ്പിക്കാൻ വിട്ടുപോയവർക്ക് അദാലത്തിൽ നേരിട്ടെത്തി പരാതികൾ നൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. മന്ത്രിമാർ നേരിട്ട് നേതൃത്വം നൽകി ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് അദാലത്തിൽ. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന അദാലത്തിന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു, റവന്യൂ മന്ത്രി കെ രാജൻ, പട്ടികജാതി-പട്ടികവർഗ്ഗ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.ഭിന്നശേഷിക്കാരുടെ പുനരധിവാസം, സഹായം, പെൻഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ, ഭൂമി സംബന്ധമായ തർക്കങ്ങൾ, പരാതികൾ, സർട്ടിഫിക്കറ്റുകളും ലൈസൻസുകളും ലഭിക്കുന്നതിലെ കാലതാമസം, മറ്റു തടസ്സങ്ങൾ, റവന്യു റിക്കവറി നേരിടുന്നവർക്കുള്ള ഇളവുകളും സാവകാശവും, തണ്ണീർത്തട സംരക്ഷണം, വിവിധ നഷ്ടപരിഹാരങ്ങൾ ലഭിക്കുന്നതിലെ കാലതാമസം, കാർഷിക വിളകളുടെ സംരക്ഷണം തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി ഡോ.ബിന്ദു പറഞ്ഞു.വിവിധ സർക്കാർ വകുപ്പുകളിലെ ജില്ലാ താലൂക്ക് തല ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

Advertisement