കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ഇരിങ്ങാലക്കുട വില്ലേജിൽ സർവ്വേ നമ്പർ 72/3 ൽ ഉൾപ്പെട്ട 89 സെന്റ് ഭൂമിക്കാണ് ദേവസ്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ മുകുന്ദപുരം തഹസീൽദാർ (LA) പട്ടയം അനുവദിച്ചത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കൂടിയായ RDO ഈ നടപടി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും പട്ടയം അനുവദിച്ചതിൽ വൻ അഴിമതിയുള്ളതായി ദേവസ്വം ഭരണ സമിതി വിലയിരുത്തിയിരുന്നു. ഇതിനെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ എല്ലാ അന്വേഷണവും ദേവസ്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം IAS ആവശ്യപ്പെട്ടതനുസരിച്ചാണ് ദേവസ്വം ഭാരവാഹികളും ബന്ധപ്പെട്ട സെക്ഷൻ ജീവനക്കാരും ഇന്ന് (12.06.2023) ജില്ലാ കളക്ടറെ കണ്ടതും അതിന്റെ ഭാഗമായി അന്വേഷണം പ്രഖ്യാപിച്ചതും.
രക്തബന്ധുക്കളാകാം മഹാരക്തദാനക്യാമ്പ്
ഇരിങ്ങാലക്കുട: ജൂൺ 14 അന്താരാഷ്ട്ര രക്തദാനദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലും
പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് രക്തം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ രക്തം ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ജനമൈത്രി പോലീസിനെ കേന്ദ്രീകരിച്ചുകൊണ്ട് ജെസിഐ ഇരിങ്ങാലക്കുടയും ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും നോവ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ “നമുക്ക് രക്തബന്ധുക്കളാകാം’ എന്ന
പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഒരു രക്തദാനസേനയും രൂപീകരിക്കുന്നു. കോവിഡ് കാലയളവിനുശേഷം രക്തം ലഭിക്കുവാൻ ദൗർലഭ്യം നേരിടുന്നതുകൊണ്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് രക്തം ശേഖരിക്കുകയും ബ്ലഡ് ബാങ്കിൽ സംഭരിച്ച് രക്തം ആവശ്യമായി വരുന്നവർക്ക് സ്റ്റേഷനിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകിരക്തം ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണ്. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ
വിവിധ വാർഡുകളിൽ നിന്ന് കൗൺസിലർമാരുടെ നേതൃത്വത്തിലും ഡ്രൈവർമാർ,സന്നദ്ധസംഘടനകൾ, വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി വിവിധതലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് ആവശ്യത്തിന് രക്തം ശേഖരിക്കുകയും അത് ആവശ്യക്കാർക്ക് നല്കുകയും ചെയ്യുന്ന ബൃഹദ്പദ്ധതിയാണ്.
പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം ജെസിഐ ഇരിഞ്ഞാലക്കുടയും ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും നോവ ക്രൈസ്റ്റ് കോളേജിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് ജൂൺ 15-ാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് കസ്റ്റ് കോളേജിൽ വെച്ച് ആരംഭിക്കുന്നു. “നമുക്ക് രക്തബന്ധുക്കളാകാം” എന്ന പദ്ധതിയുടെ ഔപചാരിക
ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ക്രൈസ്റ്റ് കോളേജ് ഫാ.ജോസ് തെക്കൻ ഹാളിൽ വെച്ച് തൃശൂർ ജില്ല റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്ര ഐപിഎസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഐഎംഎ പ്രസിഡന്റ് ഡോ.ജോ
ജേക്കബ് നയിക്കുന്ന സിപിആർ ട്രെയിനിങ്ങ് ഉണ്ടായിരിക്കും.പ്രതസമ്മേളനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ.ഫാ.ഡോ.ജോളി ആൻഡ്രൂസ്, മാനേജർ റവ.ഫാ.ജോയി പീണിക്കപ്പറമ്പിൽ, അംഗങ്ങൾ ജെസിഐ പ്രസിഡന്റ് മേജോ ജോൺസൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഷിന്റോ വി.പി., ജിൻസി എസ്.ആർ. നോവ ചെയർമാൻ സുരേഷ് കടുപ്പശ്ശേരിക്കാരൻ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, പ്രോഗ്രാം ഡയറക്ടർ ഷാജു പാറേക്കാടൻ, അഡ്വ.ഹോബി ജോളി, മറ്റു ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ശാന്തിനികേതനിൽ ബാസ്ക്കറ്റ് ബോൾ സൗഹൃദ മത്സരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ബാസ്ക്കറ്റ് ബോൾ സൗഹ്യദ മത്സരം ഇരിങ്ങാലക്കുട വാർഡ് കൗൺസിൽ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു . വിമല സെൻട്രൽ സ്കൂൾ , താണിശ്ശേരി, ടീമും, ശാന്തിനികേതൻ സ്കൂൾ ടീമും തമ്മിലാണ് മത്സരം നടന്നത്. എസ്.എൻ ഇ. എസ്. പ്രസിഡണ്ട് കെ.കെ.കൃഷ്ണാനന്ദ ബാബു സ്വാഗതവും , ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ നന്ദിയും പറഞ്ഞു. എസ്.എം.സി ചെയർമാൻ പി.എസ്. സുരേന്ദ്രൻ , മാനേജർ പ്രൊ . എം. എസ്. വിശ്വനാഥൻ, എന്നിവർ ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു. കായിക അധ്യാപകരായ ശോഭ , ഷാഹിദ് എന്നിവർ നേതൃത്വം നൽകി.
നടവരമ്പ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി
നടവരമ്പ്: ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലതാ ചന്ദ്രൻ പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എസ് ധനീഷ്, വാർഡ് മെമ്പർ മാത്യു പാറേക്കാടൻ, പ്രധാനാധ്യാപിക ഒ ആർ ബിന്ദു, അധ്യാപകരായ സ്നിലാ കെ എസ്, സുഷമ കെ ആർ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ പ്രീതി എം കെ സ്വാഗതവും ഷക്കീല സി ബി നന്ദിയും പറഞ്ഞു.
ശ്രീ.കൂടുതൽമാണിക്യം ക്ഷേത്രോത്സവം 2023 സംഘാടകസമിതി യോഗം പടിഞ്ഞാറെ ഊട്ടുപുരയിൽ ചേർന്നു
ഇരിങ്ങാലക്കുട: ശ്രീ.കൂടുതൽമാണിക്യം ക്ഷേത്രോത്സവം 2023 സംഘാടകസമിതി യോഗം പടിഞ്ഞാറെ ഊട്ടുപുരയിൽ ചേർന്നു. ദേവസ്വം കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ ജി അജയകുമാർ സ്വാഗതവും ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷതയും വഹിച്ചു. നൂറ് കണക്കിന് സംഘാടകസമിതി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ഉത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. Rs.1,55,76,351 രൂപ ചെലവും ( പുഷ്പാലങ്കാരം, ദീപാലങ്കാരം, അലങ്കാരപന്തൽ, അന്നദാനത്തിന് ആവശ്യമായ അരി,പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, ചില പ്രോഗ്രാംസ് ,ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ചിലവ് എന്നിവ സ്പോൺസർമാർ നേരിട്ട് ചിലവഴിക്കുകയാണ് ഉണ്ടായത്. ഇതെല്ലാം കണക്കിലെടുത്താൽ രണ്ടുകോടിയുടെ അടുത്ത് ചെലവ് വന്നതായി യോഗം വിലയിരുത്തി ). ഇത്ര തന്നെ വരവുമുള്ള കണക്കുകളുടെ വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയും ആയത് വിശദമായ ചർച്ചക്ക് എടുക്കുകയും ചെയ്തു. യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ കെ ജി സുരേഷ്, ഭരതൻ കണ്ടേങ്കാട്ടിൽ, . കെ. വി.പ്രേമരാജൻ എന്നിവർ സംസാരിക്കുകയും . എ. വി. ഷൈൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ഉത്സവമായിരുന്നു ഈ വർഷത്തെ എന്ന് യോഗം വിലയിരുത്തി. ആചാരാനുഷ്ഠാനത്തികവിൽ സമാനതകളില്ലാത്ത ഈ “പദ്ധതി” ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് 17 ഗജ കേസരികളും അണിനിരന്നു. ഇതിനായി കേരളത്തിൻറെ നാനാഭാഗത്തുനിന്നുമായി 26 ആനകൾ എത്തിച്ചേർന്നു.കേരളത്തിലെ പേരെടുത്ത മേളകലാകാരന്മാരുടെ നേതൃത്വത്തിൽ നൂറ്റമ്പതിൽപ്പരം വാദ്യ കലാകാരന്മാർ,ഇരിങ്ങാലക്കുട എം.എൽ.എ –യും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ.ബിന്ദു ദമയന്തിയായി നളചരിതം ഒന്നാം ദിവസം നളദമയന്തി കഥകളി ഉൾപ്പെടെ കേരളത്തിലെ കഥകളി ആചാര്യന്മാരുടെ നേതൃത്വത്തിൽ 250 ൽ പരം കഥകളി കലാകാരന്മാർ പങ്കെടുത്തു.ക്ഷേത്രകലകളുടെ ഈറ്റില്ലമെന്ന് പ്രസിദ്ധിയുള്ള ഇരിങ്ങാലക്കുട ക്ഷേത്ര നടപ്പുരയിലും, സന്ധ്യ വേലപ്പന്തലിലും,കുലീപിനി തീർത്ഥമണ്ഡപത്തിലുമായി പാഠകം, കുറത്തിയാട്ടം, ഓട്ടൻതുള്ളൽ, നാഗസ്വരം,കേളി, മദ്ദളപ്പറ്റ്, കൊമ്പ് പറ്റ്, കുഴൽപ്പറ്റ് എന്നിവ നിത്യവും അവതരിപ്പിച്ചു.മതിൽക്കകത്തെ സ്പെഷ്യൽ പന്തലിൽ പതിവ് പോലെ തിരുവാതിരക്കളിയും സംഗീതക്കച്ചേരിയും ശാസ്ത്രീയ നൃത്തങ്ങളും കഥകളിയും ശ്രേഷ്ഠമായ കലാസദ്യയൊരുക്കി.91 തിരുവാതിരക്കളികളിൽത്തന്നെ ആയിരത്തിലധികം കലാകാരികളാണ്അരങ്ങിലെത്തിയത്. ഭരതനാട്യം, മോഹിനിയാട്ടം,ഒഡീസി, കഥക്, കുച്ചിപ്പുടി, മറ്റ് ശാസ്ത്രീയ നൃത്തങ്ങൾ എന്നിവയിലായി 71 അവതരണങ്ങളും ഉപകരണ സംഗീതമുൾപ്പെടെ സംഗീത ഇനങ്ങളിലെ 26 അവതരണങ്ങളും ഓട്ടൻതുള്ളലും തായമ്പകയും കൂടി ഇക്കൊല്ലം 2000ത്തിലധികം കലാകാരന്മാർ കലാപരിപാടികളിൽ പങ്കെടുക്കുന്ന സർവ്വകാല റെക്കോഡാണ് സംഭവിച്ചത്. `മാണിക്യശ്രീ പുരസ്ക്കാരം ഇത്തവണ ലോക പ്രശസ്ത ഗായകനും ഇരിങ്ങാലക്കുടയുടെ അഭിമാനവുമായ പി.ജയചന്ദ്രന് നൽകി ആദരിച്ചു.സുപ്രസിദ്ധ സിനിമാ താരമായ നവ്യ നായരുടെ നൃത്തനൃത്യങ്ങളും, ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീത കച്ചേരി, ടി എസ് രാധാകൃഷ്ണന്റെ ഭക്തിഗാനസുധ, വിദ്വാൻ ഹരി &വിതുഷി ചേതന ബാംഗ്ലൂരിന്റെ കഥക്, പോണ്ടിച്ചേരി നാട്യ ഗ്രാമത്തിന്റെ കളരി & തെയ്യം നൃത്തശില്പം, വിദ്വാൻ ഷിജിത് നമ്പ്യാർ & പാർവതിയുടെ ഭരതനാട്യം, ഡോ.അശ്വതി രാജൻ & പശുമാർത്തി കുമാരദത്തയുടെ കുച്ചിപ്പുടി, സമ്മർത്ത്യ മാധവൻ ചെന്നൈ ഭരതനാട്യം, സാന്ദ്ര പിഷാരടി മോഹിനിയാട്ടക്കച്ചേരി, കലാമണ്ഡലം സൗമ്യ സതീഷ്, ആതിര സജി, കലാമണ്ഡലം അഖിലകൃഷ്ണൻ, മാനസി രഘുനന്ദന്റെ ഒഡീസി നൃത്തം തുടങ്ങി ഒട്ടേറെ കലാകാരന്മാർ ഇവർക്കൊപ്പം, കേരള കലാമണ്ഡലം, ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്ട്സ്, ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം എന്നിവയൊരുക്കുന്ന നൃത്ത ശില്പങ്ങളും കഥകളിയും ഉത്സവത്തിൻറെ മാറ്റ് കൂട്ടിയ ഇനങ്ങളാണ് എന്ന് യോഗം വിലയിരുത്തി.ദീപാലങ്കാരം,അലങ്കാര പന്തൽ ,പുഷ്പലങ്കാരം, ആനയൂട്ട്, വിപുലമായ എക്സിബിഷൻ സ്റ്റാളുകൾ ഇരുപത്തിനാലു മണിക്കൂറും നീണ്ടു നില്ക്കുന്ന കാഴ്ചാനുഭവങ്ങളുടെ വേദിയൊരുക്കിയ ഇരിങ്ങാലക്കുട ഉത്സവം ദേശീയ സംഗീത നൃത്ത വാദ്യോത്സവമെന്ന ഖ്യാതിയിലേക്കുയർന്നു എല്ലാവരും അഭിപ്രായപ്പെട്ടു.എത്തിച്ചേരുന്നവർക്കെല്ലാം എല്ലാ ദിവസവും ഭക്ഷണമൊരുക്കിയ ഊട്ടുപുരയിൽ ഇത്തവണ 70,000 ൽ അധികം ഭക്തജനങ്ങളെത്തി ചേർന്നു.കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ മതിലിനു പുറത്ത് സംഗമം എന്ന പുതിയൊരു വേദികൂടി ഒരുക്കി. ആയിരക്കണക്കിന് ഭക്തജനങ്ങളും നാട്ടുകാരും കലാപരിപാടികൾ ആസ്വദിക്കാൻ ഈ വേദിയിൽ എത്തിയത് ഈ വേദി കാലഘട്ടത്തിന്റെ ആവശ്യം ആണ് എന്നത് തെളിയിച്ചു. കലാപരിപാടികൾ അവതരിപ്പിക്കുവാനും കാണുവാനും എത്തി ചേർന്നവരുടെ സാന്നിധ്യം കണക്കിലെടുക്കുമ്പോൾ തീർത്തും ഉചിതമായ തീരുമാനമായിരുന്നു സംഗമം വേദി എന്ന് വിലയിരുത്തപെട്ടു. ഭാവിയിൽ സ്ഥിരം പെർഫോമൻസ് സ്റ്റേജ് ആക്കിയും കല്യാണ മണ്ഡപം ആക്കിയും ഉപയോഗപ്പെടുത്തുന്ന വിധത്തിൽ സ്ഥിരം സംവിധാനം ആക്കി മാറ്റണമെന്ന് ആവശ്യമുയർന്നു.വിശ്വപ്രസിദ്ധമായ ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവം
ആചാരാനുഷ്ഠാനങ്ങളുടെ പൂർണ്ണത കൊണ്ടും ദേശീയ നൃത്ത സംഗീതോത്സവം എന്ന നിലയിലും ശ്രീ സംഗമോത്സവം ഉത്തരോത്തരം പ്രസിദ്ധി ആർജിച്ചു കൊണ്ടിരിക്കുന്നു എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.തിരക്ക് കണക്കിലെടുത്ത് വരുംകാലങ്ങളിൽ ഭക്തജനങ്ങൾക്ക് അകത്തു കയറുവാനും പുറത്തുപോകുവാനും പ്രത്യേക സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി തെക്കേ ഗോപുര നടയിൽ പ്രത്യേകം സംവിധാനം ഉണ്ടാക്കുവാനോ അല്ല എങ്കിൽ വെടിപ്പുരയോട് ചേർന്ന് എക്സിബിഷൻ ഹോളിലേക്ക് മുകളിലൂടെ പാലം സ്ഥാപിക്കുവാനും കഴിയണമെന്ന് ആവശ്യവും ഉയർന്നു. വിശദമായ ചർച്ചകൾക്കും മറുപടിക്കും ശേഷം യോഗം റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ഐക്യകണ്ഠേന കയ്യടിച്ച് പാസാക്കി,1.30ന് യോഗം അവസാനിപ്പിച്ചു.
സമ്പൂർണ്ണ ഡിജിലോക്കർ സംവിധാനത്തിലേക്കു മാറിയ കലാലയമായി സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട.
ഇരിങ്ങാലക്കുട: വിദ്യാർത്ഥികൾക്ക് മാർക്ക്ലിസ്റ്റും അനുബന്ധ രേഖകളും ഡിജിലോക്കറിൽ ലഭ്യമാക്കിക്കൊണ്ടു പൂർണ്ണമായും ഹൈടെക് സംവിധാനത്തിലേക്കു മാറുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്. ട്രാൻസ്ക്രിപ്റ്റ് കൂടിയും ഇതുവഴി ലഭ്യമാണ് എന്നതാണ് ഇതിൽ ഏറ്റവും വലിയ നേട്ടമായത്.സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പരിശോധിക്കുന്നതിനും ഷെയർ ചെയ്യുന്നതിനുമായി ഡിജിറ്റൽ ഇന്ത്യ കാമ്പെയ്ന്റെ ഭാഗമായി ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയിരിക്കുന്ന സംവിധാനമാണ് ഡിജി ലോക്കർ. സർക്കാർ അംഗീകൃതമായ സർട്ടിഫിക്കറ്റുകളാണ് ഇതിൽ ലഭിക്കുക.വർഷാവർഷം നിരവധി കുട്ടികളാണ് വിദേശത്ത് ഉപരിപഠനത്തിനും ജോലിയ്ക്കുമായി സർട്ടിഫിക്കറ്റുകൾക്കും അതിന്റെ അംഗീകാരങ്ങൾക്കുമെല്ലാമായി അലയുന്നത്. സെന്റ് ജോസഫ്സ് ഈ നേട്ടം കൈവരിച്ചതോടെ വിദ്യാർത്ഥികൾക്ക് സ്വന്തം മൊബൈൽ വഴി ഒറ്റ ക്ലിക്കിൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുകയാണ്. വിദേശത്തു മാത്രമല്ല നാട്ടിലും നിരവധി ആവശ്യങ്ങൾക്കായി രേഖകളെല്ലാം ഒരിടത്തു ലഭ്യമാവുക എന്നത് ഇവിടെ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥികൾക്കും ലഭിക്കുന്ന സൗജന്യസേവനമാണ്.ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഡിജിലോക്കർ സംവിധാനത്തിൽ ആധികാരികതയോടെ ഈ സേവനം ഈ വർഷം മുതൽ ലഭ്യമാണ്.ഇതിന്റെ ആദ്യ പടിയായി കലാലയത്തിലെ പരീക്ഷാ വിഭാഗവും ഓഫീസും രേഖകൾ upload ചെയ്തു കഴിഞ്ഞു. കള്ളസർട്ടിഫിക്കറ്റുകൾക്ക് തടയിടാൻ ഏറ്റവും നല്ല മാർഗ്ഗം കൂടിയാണ് ഡിജി ലോക്കർ സംവിധാനം. ആധികാരികതയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.കഴിഞ്ഞ ഒരുമാസത്തെ അക്ഷീണ പ്രയത്നം വഴി ഈ നേട്ടം കരസ്ഥമാക്കിയ NAD cell അംഗങ്ങളെ പ്രിൻസിപ്പൽ അനുമോദിച്ചു.
അടിപിടി കേസിൽ മൂന്ന് പേരേ കാട്ടൂരിൽ അറസ്റ്റു ചെയ്തു
കാട്ടൂർ: അടിപിടി കേസിൽ മൂന്ന് പേരേ കാട്ടൂർ എസ് ഐ മണികണ്ഠനും സംഘവും അറസ്റ്റു ചെയ്തു. കാട്ടൂർ ഇല്ലിക്കാട് സ്വദേശി ഡ്യൂപ്പ് എന്നു വിളിക്കുന്ന കൂന്നമാവ് വീട്ടിൽ വിഷ്ണു ,കാട്ടൂർ പൊഞ്ഞനം സ്വദേശി അഞ്ചാംകൂട്ടത്തിൽ സ്നേഹിതൻ , ഇല്ലിക്കാട് സ്വദേശി അട്ടിൽകുഴി വീട്ടിൽ ബിനിൽ കുമാർ എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കാട്ടൂർ തേക്കു മൂലയിൽ വച്ച് യുവാകളെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ് . പിടിയിലായവർക്ക് കാട്ടൂർ പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമമടക്കം നിരവധി കേസുകളുണ്ട്. പ്രതികളെ പിടിക്കൂടിയ സംഘത്തിൽ സീനീയർ സി പി ഓ വിജയൻ, സി പി ഓ മാരായ ശ്യാം ,സജികുട്ടൻ, ജിഷ്ണു എന്നിവരും ഉണ്ടായിരുന്നു.
സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക കേരള കർഷക സംഘം
ഇരിങ്ങാലക്കുട:-സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക
കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കൃഷി അസിസ്റ്റൻന്റ് ഡയറക്ടർ ഒഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. നെൽ കർഷകരുടെ സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്നും, ബാങ്കുകളുടെ കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടു ത്തണമെന്നും, സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട ജനറൽ ആസ്പത്രി പരിസരത്ത് നിന്നാരംഭിച്ച നെൽകർഷകരുടെ പ്രതിഷേധ പ്രകടനത്തെ തുടർന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.എസ് സജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ജിനരാജ് ദാസൻ, പി.വി.ഹരിദാസ്, പി.ആർ. ബാലൻ, കെ.ജെ.ജോൺസൺ,പി.വി.രാജേഷ്, ഐ.ആർ. നിഷാദ്, ലത വാസു, ചെമ്മണ്ട കായൽ കർഷക സഹകരണ സംഘം പ്രസിഡന്റ് കെ.കെ.ഷൈജുഎന്നിവർ സംസാരിച്ചു. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ സ്വാഗതവും ഏരിയാ ജോയിന്റ് സെക്രട്ടറി എൻ. കെ. അരവിന്ദാക്ഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഏക ആശ്രയമായ പെട്ടിക്കട തുറക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയുടെ അനുമതി വൈകുന്നതിനാല്‍ ജീവിതം വഴി മുട്ടി ഒരു ഭിന്നശേഷിക്കാരൻ
ഏക ആശ്രയമായ പെട്ടിക്കട തുറക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയുടെ അനുമതി വൈകുന്നതിനാല്‍ ജീവിതം വഴി മുട്ടി ഒരു ഭിന്നശേഷിക്കാരൻ . കാലിന് സ്വാധീനകുറവുള്ള ആസാദ് റോഡില്‍ ചെറിയാടന്‍ വര്‍ഗ്ഗീസി (62) നാണ് ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റിലുള്ള തന്റെ പെട്ടിക്കട തുറക്കാനാകാതെ വിഷമിക്കുന്നത്. കട തുറക്കാനുള്ള അനുമതിക്കായി വയ്യാത്ത കാലും വെച്ച് കഴിഞ്ഞ ആറുമാസമായി നഗരസഭ ഓഫീസില്‍കയറിയിറങ്ങുകയാണ് ഈ വയോധികന്‍.2003ലെ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് ഭിന്നശേഷി കോട്ടയില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വര്‍ഗ്ഗീസിന് പെട്ടിക്കട അനുവദിച്ചത്. നേരത്തെ ജവഹര്‍ കോളനിയില്‍ പ്രവര്‍ത്തിച്ചിരുന്ന പെട്ടികട പ്രളയത്തിന് ശേഷം 2020 ഫെബ്രുവരിയിലാണ് നഗരസഭ പച്ചക്കറി മാര്‍ക്കറ്റിലേക്ക് മാറ്റിയത്. എന്നാല്‍ മാര്‍ക്കറ്റില്‍ പുതിയ വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണം തുടങ്ങിയതോടെ പെട്ടിക്കടയ്ക്ക് പൂട്ടുവീണു. പിന്നീട് ടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഇതുവരെ പെട്ടിക്കട തുറക്കാന്‍ വര്‍ഗ്ഗീസിന് നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്ന് വര്‍ഗ്ഗീസ് പറഞ്ഞു. പെട്ടിക്കട തുറന്നുകിട്ടാന്‍ പലതവണ മുനിസിപ്പാലിറ്റിയില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. വയ്യാത്ത കാലും വെച്ച് വളരെ ബുദ്ധിമുട്ടിയാണ് നഗരസഭ ഓഫീസില്‍ കയറിയിറങ്ങുന്നതെന്നും വര്‍ഗ്ഗീസ് പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന വര്‍ഗ്ഗീസിന് ഏക ആശ്രയം വികലാംഗപെന്‍ഷന്‍ മാത്രമാണ്. കഞ്ഞി, സോഡ, സര്‍ബ്ബത്ത്, ലോട്ടറി എന്നിവയാണ് പെട്ടിക്കട വഴി വില്‍പ്പന നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ബാങ്കില്‍ നിന്നും ലോണ്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നഗരസഭ നടപടി വൈകുന്നതിനാല്‍ അതിനിയും കിട്ടിയിട്ടില്ല. കട അടഞ്ഞുകിടക്കുകയാണെങ്കിലും മാര്‍ച്ച് മുതലുള്ള വാടകയും നഗരസഭയില്‍ അടയ്ക്കണം. കട തുറക്കാനാകാതെ എന്തുചെയ്യുമെന്നാണ് വര്‍ഗ്ഗീസ് ചോദിക്കുന്നത്. അതിനാല്‍ എത്രയും വേഗം പെട്ടിക്കട തുറക്കാന്‍ നഗരസഭ അധികാരികള്‍ കനിയണമെന്നാണ് വര്‍ഗ്ഗീസിന്റെ അപേക്ഷ..
വിനോദയാത്രക്കിടെ വയനാട്ടിൽ ഒഴുക്കില്‍പ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിദ്യാർത്ഥി മരിച്ചു
വിനോദയാത്രക്കിടെ വയനാട്ടിൽ ഒഴുക്കില്‍പ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിദ്യാര്‍ത്ഥി മരിച്ചു. തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന്‍ ഡോണ്‍ ഡ്രേഷ്യസ് (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 31ന് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയില്‍ വെച്ചാണ് അപകടം. യാത്രയുടെ രണ്ടാം ദിനത്തില്‍ സൂചിപ്പാറയിലെ ട്രക്കിംഗ് കഴിഞ്ഞ് അധികം ആഴമില്ലാത്ത പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതോടെയാണ് അപകടം സംഭവിച്ചത്. കാല്‍തെന്നി ഡോണും മറ്റ് രണ്ടും പേരും പെട്ടന്ന് പുഴയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. ചെളിയിൽ അകപെട്ടുപോയ ഇവരെ ഉടന്‍ തന്നെ ജീപ്പ് ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്കടുപ്പിച്ച് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥിയാണ്. സഹോദരന്‍ അലന്‍ ക്രിസ്‌റ്റോ കഴിഞ്ഞ വർഷം കരുവന്നൂര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു.ഡോണിന്റെ അവയവങ്ങൾ നാലു പേർക്ക് പുതു ജീവനേകും മരണശേഷം സോണിന്റെ സാധ്യമായ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഇന്ന് രാത്രിയോടെ മൃതദേഹം വിട്ടിലെത്തിക്കും. സംസ്കാരം നാളെ 11.45 തുറവൻ കുന്ന് ദേവാലായ സെമിത്തേരിയിൽ നടക്കും.
എ ഐ ക്യാമറ അഴിമതി എന്നാരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട: എ ഐ ക്യാമറ അഴിമതി എന്നാരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ ധർണ്ണയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സൺ നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ സ്വാഗതം പറഞ്ഞ യോഗത്തിൽ ഡി സി സി സെക്രട്ടറിമാരായ സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി, സുജ സഞ്ജീവ് കുമാർ, വിജയൻ ഇളയേടത്ത്, എ സി സുരേഷ്, കെ എം ധർമ്മരാജൻ, സിജു യോഹന്നാൻ, കുര്യൻ ജോസഫ്, ജസ്റ്റിൻ ജോൺ, ഭരതൻ പൊന്തേങ്കണ്ടത്ത്, ജെയ്‌സൺ പാറേക്കാടൻ, പോൾ കരുമാലിക്കൽ ശ്രീറാം ജയബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
ക്രൈസ്റ്റ് കോളേജ് എൻ. എസ്.എസും. ജെ.സി.ഐ. ഇരിങ്ങാലക്കുടയും നോവയും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ്.എൻ.എസ്.എസ്.യൂണിറ്റും ജെ.സി.ഐ. ഇരിങ്ങാലക്കുടയും നോവ യും ചേർന്ന് സംഘടിപ്പിച്ച സംയുക്ത പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ . റവ.ഡോ.ജോളി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു .നോവ ചെയർമാൻ സുരേഷ് കടുപ്പശ്ശേരി ക്കാരൻ മുഖ്യ പ്രഭാഷണം നടത്തി.ജെ.സി.ഐ. മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി. അഡ്വ. ഹോബി ജോളി. ജിസൻ പി.ജെ.എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർമാരായ ഷിന്റോ വി.പി, ജീൻസി. എസ്.ആർ., ജോമിഷ് ജോസ്, ലിസ് മെറിൻ, ഹാഠ സിന എന്നിവർ പ്രസംഗിച്ചു ചാവറ നഗർ കോളനിയിലെ കുളത്തിന് ചുറ്റും ചെടികൾ വെച്ചു. എൻ.എസ്.എസ്. വളണ്ടിയർമാർ തുടർന്നുള്ള ദിവസങ്ങളിലും ചെടികൾ പരിപാലിക്കും.
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി
ഇരിങ്ങാലക്കുട : സഹകരണ മേഖലയിലെ പ്രവർത്തന ശൈലിയിലൂടെയും സുസ്ഥിര വികസനത്തിലൂടെയും മനുഷ്യ പ്രേരിത കാർബൺ ബഹിർ ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണ മേഖലയിൽ എന്ന ക്യാമ്പയിന്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാറും, സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറിയുമായ ബ്ലിസൺ സി ഡേവിസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം രവി കെ ആർ കല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോസൽ രാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് ഗ്ലോറിമോൾ കെ ബി നന്ദിയും പറഞ്ഞു. മുകുന്ദപുരം താലൂക്കിലെ വിവിധ സംഘങ്ങളിൽ നിന്നും പ്രസിഡന്റുമാരും, സെക്രട്ടറിമാരും, വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2023 ജൂൺ 5ന് ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് സെമിനാർ- ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പരിധിയിലുള്ള ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സെമിനാർ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് . മോഹനന്‍ വലിയാട്ടിൽ ന്റെ അധ്യക്ഷതയിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്‌ഘാടനം നിർവഹിച്ചു. മുൻ എം പി സാവിത്രി ലക്ഷ്മണൻ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്ററായ കെ.ആർ സത്യപാലൻ, ബി.ആർ.സി അധ്യാപികയായ രമ്യ തോമസ് എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനം . ഗോപിക അഭിലാഷ് (ജി.വി.എച്ച്.എസ്.എസ്.നന്തിക്കര), രണ്ടാം സമ്മാനം കുമാരി. ഗൌരി മേനോൻ (എസ്.കെ.എച്ച്.എസ്.എസ്. ആനന്ദപുരം), മൂന്നാം സമ്മാനം കുമാരി. ശ്രീനന്ദ കെ.ബി (പി.വി.എച്ച്.എസ്.എസ്.പറപ്പൂക്കര) എന്നിവർ കരസ്ഥമാക്കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം വഹിച്ചവർക്ക് സൈക്കിൾ, സ്മാർട്ട് വാച്ച്, ബാഗ് കിറ്റ് എന്നീ ക്രമത്തിലും പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനത്തോടൊപ്പം വൃക്ഷത്തൈയും പുസ്തകങ്ങളും നൽകി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ബ്ലോക്ക് ഡിവിഷന്‍ മെമ്പർമാരായ . കെ.എസ് രമേഷ്, റീന ഫ്രാന്‍സിസ്, കവിത സുനിൽ, ഷീന രാജന്‍, അമിത മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ . പി.ടി കിഷോർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി . ജിനീഷ് കെ.സി നന്ദിയും പറഞ്ഞു.
നൂറോളം വൃക്ഷതൈകൾ നട്ടുകൊണ്ട് GO GREEN 2023 പദ്ധതിയുമായി ലിറ്റിൽ ഫ്ലവർ എൽപിഎസ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട :ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ പ്രമുഖ പൊതുസ്ഥാപനങ്ങളിൽ നൂറോളം മരങ്ങൾ നട്ടു പരിപാലിക്കുന്ന Go GREEN 2023 പദ്ധതി പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവും ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജരുമായ ഫാദർ ജോയ് പീനിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഗവണ്മെന്റ് താലൂക്ക്ഹോസ്പിറ്റൽ, PWD റസ്റ്റ് ഹൗസ്, KLF, KPL, Y’S MEN Club എന്നീ സ്ഥാപനങ്ങളിലാണ് വൃക്ഷ തൈകൾ നട്ടത്.സീനിയർ അധ്യാപിക ആലിസ് ഐ കെ യോഗത്തിന് സ്വാഗതം പറഞ്ഞു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനെറ്റ് യോഗത്തിൽ അധ്യക്ഷപദം അലങ്കരിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ വേണുഗോപാൽ ആശംസകൾ അർപ്പിച്ചു.പ്രകൃതി സന്ദേശം അടങ്ങുന്ന വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ പ്രോഗ്രാമിന് മാറ്റേകി. സിസ്റ്റർ തെരേസ് മരിയ യോഗത്തിന് നന്ദി പറഞ്ഞു.
പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാർഡുമായി ശാന്തിനികേതൻ വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാർഡുമായി അണിനിരക്കുകയും സൈക്കിൾ റാലി നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി പ്ലസ് ടു വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹരിപ്രിയ പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിനത്തിന് കുറിച്ച് അവബോധം വളർത്തുന്നതിനായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കൺവീനർ എൻ. ആർ. ദിവ്യ, കെ. പ്രിയ, ഇ.എ. പ്രിൻസി , നിമിഷനിശാന്ത്, സിന്ധു അനിരുദ്ധൻ, നിമ്മി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന്‍ ബോധവത്കരണ ക്ലാസ് നടത്തി
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന്‍ സ്ത്രീസുരക്ഷ, മൊബൈല്‍ സൈബര്‍ ക്രൈം, മയക്കുമരുന്ന് എന്നീ വിഷയങ്ങളുടെ ബോധവത്കരണ ക്ലാസ് നല്‍കി. ഇരിങ്ങാലക്കുട വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ എസ്. സുദര്‍ശന ഉദ്ഘാടനം ചെയ്തു. ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കുരിയന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എം.എം. മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് വിശ്വനാഥന്‍ മൂത്തേടത്ത്, സെക്രട്ടറി ജോബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വയം പ്രതിരോധം എന്ന വിഷയം വലപ്പാട് വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ ടി.സി. എല്‍സി, ഇരിങ്ങാലക്കുട സിവില്‍ പോലീസ് ഓഫീസര്‍ ജിജി സി. നായര്‍ എന്നിവര്‍ അവതരിപ്പിക്കുകയും ബോധവവത്കരണ ക്ലാസ് നടത്തുകയും ചെയ്തു. സൈബര്‍ ക്രൈമിനെ കുറിച്ച് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ സിവില്‍ ഓഫീസര്‍ എ.കെ. മനോജ് ക്ലാസ് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട എക്‌സസൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ സി.വി. രാജേന്ദ്രന്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി.
കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി.എൻ . സുരന് സ്വീകരണം നൽകി
ഇരിങ്ങാലക്കുട :കേരള പുലയർ മഹാസഭ 2017 നമ്പർ കനാൽ ബെസ് ശാഖയുടെ നേതൃത്വത്തിൽ കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി.എൻ . സുരന് സ്വീകരണം നൽകി. ശാഖ പ്രസിഡണ്ട് ഷീജ രാജന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബയോഗം പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. ജൂൺ 18ന് മഹാത്മ അയ്യങ്കാളിയുടെ ഓർമ്മ ദിനത്തിൽ വെങ്ങാനൂരിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പാഞ്ചജന്യവും പള്ളിക്കൂടവും കാണുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന വെങ്ങാനൂർ തീർത്ഥയാത്ര വിജയിപ്പിക്കുവാൻ ശാഖ കുടുംബയോഗം തീരുമാനിച്ചു. എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. യൂണിയൻ പ്രസിഡണ്ട് കെ സി രാജീവ്, ശാഖാ സെക്രട്ടറി ബിവ്യ സുശാന്ത് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ലളിത ബാഹുലേയൻ സ്വാഗതവും, സുഭാഷിണി പ്രദീപ് നന്ദിയും പറഞ്ഞു.
അങ്കണവാടികളിലേക്ക് ‘കുരുന്നില’ വിതരണം ചെയ്തു
മാപ്രാണം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ 34 പുസ്തകളടങ്ങിയ 1800 രൂപ വിലവരുന്ന ‘കുരുന്നില’ പുസ്തകച്ചെപ്പ് ഇരിങ്ങാലക്കുട നഗരസഭയിലെ പൊറത്തിശ്ശേരി മേഖലയിലെ 33 അങ്കണവാടികൾക്കും,മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്കൂൾ പ്രീ പ്രൈമറി ക്ലാസ്സുകളിലേക്കും വിതരണം ചെയ്തു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും,എഴുത്തുകാരനും,തിരക്കഥാകൃത്തുമായ പി.കെ.ഭരതൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ പ്രസിഡണ്ട് അഡ്വ.പി.പി.മോഹൻദാസ് അദ്ധ്യക്ഷനായി.കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഗവേഷക പാർവ്വതി ‘കുരുന്നില’പുസ്തകങ്ങൾ പരിചയപ്പെടുത്തി.നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്,കൗൺസിലർമാരായ എ.എസ്.ലിജി,സതി സുബ്രഹ്മണ്യൻ,സി.എം.സാനി,ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീന,സ്കൂൾ ഹെഡ്മിസ്ട്രസ്സ് മിനി കെ.വേലായുധൻ,ജെയ്മോൻ സണ്ണി,എ.ടി.നിരൂപ്,വി.സി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.പരിഷത്ത് ജില്ലാ ട്രഷറർ ഒ.എൻ.അജിത്ത് സ്വാഗതവും,മാപ്രാണം യൂണിറ്റ് സെക്രട്ടറി എം.ബി.രാജു നന്ദിയും പറഞ്ഞു.പ്രവാസി വ്യവസായിയായ ശ്രീ.വേണുഗോപാൽ മേനോനാണ് ഇരിങ്ങാലക്കുട നഗരസഭയിലെ 50 അങ്കണവാടികളിലേക്കാവശ്യമായ ‘കുരുന്നില’ സ്പോൺസർ ചെയ്തത്.
അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യത് മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട് :ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു .അംഗനവാടി ടീച്ചർമാരുടെ യോഗത്തിൽ വച്ചാണ് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തത്. വാട്ടർ പ്യൂരിഫയർ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് രതീ ഗോപി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ യു വിജയൻ ,സരിത സുരേഷ് ,പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്,എ എസ് സുനിൽകുമാർ നിജി വത്സൻ ,വൃന്ദ കുമാരി, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനുപ് , സേവിയർ ആളുക്കാരൻ, മനീഷ മനീഷ്, മണി സജയൻ ,പഞ്ചായത്ത് സെക്രട്ടറി റെജി പോൾ, ഐ സി ഡി എസ് സൂപ്പർവൈസർ അൻസ എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തിരിക്കുന്നത്.