ഏക ആശ്രയമായ പെട്ടിക്കട തുറക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയുടെ അനുമതി വൈകുന്നതിനാല്‍ ജീവിതം വഴി മുട്ടി ഒരു ഭിന്നശേഷിക്കാരൻ

130

ഏക ആശ്രയമായ പെട്ടിക്കട തുറക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയുടെ അനുമതി വൈകുന്നതിനാല്‍ ജീവിതം വഴി മുട്ടി ഒരു ഭിന്നശേഷിക്കാരൻ . കാലിന് സ്വാധീനകുറവുള്ള ആസാദ് റോഡില്‍ ചെറിയാടന്‍ വര്‍ഗ്ഗീസി (62) നാണ് ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റിലുള്ള തന്റെ പെട്ടിക്കട തുറക്കാനാകാതെ വിഷമിക്കുന്നത്. കട തുറക്കാനുള്ള അനുമതിക്കായി വയ്യാത്ത കാലും വെച്ച് കഴിഞ്ഞ ആറുമാസമായി നഗരസഭ ഓഫീസില്‍കയറിയിറങ്ങുകയാണ് ഈ വയോധികന്‍.2003ലെ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് ഭിന്നശേഷി കോട്ടയില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വര്‍ഗ്ഗീസിന് പെട്ടിക്കട അനുവദിച്ചത്. നേരത്തെ ജവഹര്‍ കോളനിയില്‍ പ്രവര്‍ത്തിച്ചിരുന്ന പെട്ടികട പ്രളയത്തിന് ശേഷം 2020 ഫെബ്രുവരിയിലാണ് നഗരസഭ പച്ചക്കറി മാര്‍ക്കറ്റിലേക്ക് മാറ്റിയത്. എന്നാല്‍ മാര്‍ക്കറ്റില്‍ പുതിയ വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണം തുടങ്ങിയതോടെ പെട്ടിക്കടയ്ക്ക് പൂട്ടുവീണു. പിന്നീട് ടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഇതുവരെ പെട്ടിക്കട തുറക്കാന്‍ വര്‍ഗ്ഗീസിന് നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്ന് വര്‍ഗ്ഗീസ് പറഞ്ഞു. പെട്ടിക്കട തുറന്നുകിട്ടാന്‍ പലതവണ മുനിസിപ്പാലിറ്റിയില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. വയ്യാത്ത കാലും വെച്ച് വളരെ ബുദ്ധിമുട്ടിയാണ് നഗരസഭ ഓഫീസില്‍ കയറിയിറങ്ങുന്നതെന്നും വര്‍ഗ്ഗീസ് പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന വര്‍ഗ്ഗീസിന് ഏക ആശ്രയം വികലാംഗപെന്‍ഷന്‍ മാത്രമാണ്. കഞ്ഞി, സോഡ, സര്‍ബ്ബത്ത്, ലോട്ടറി എന്നിവയാണ് പെട്ടിക്കട വഴി വില്‍പ്പന നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ബാങ്കില്‍ നിന്നും ലോണ്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നഗരസഭ നടപടി വൈകുന്നതിനാല്‍ അതിനിയും കിട്ടിയിട്ടില്ല. കട അടഞ്ഞുകിടക്കുകയാണെങ്കിലും മാര്‍ച്ച് മുതലുള്ള വാടകയും നഗരസഭയില്‍ അടയ്ക്കണം. കട തുറക്കാനാകാതെ എന്തുചെയ്യുമെന്നാണ് വര്‍ഗ്ഗീസ് ചോദിക്കുന്നത്. അതിനാല്‍ എത്രയും വേഗം പെട്ടിക്കട തുറക്കാന്‍ നഗരസഭ അധികാരികള്‍ കനിയണമെന്നാണ് വര്‍ഗ്ഗീസിന്റെ അപേക്ഷ..

Advertisement