കെ.മോഹൻദാസ് : ഭരണഘടനയെ ഹൃദയത്തോട് ചേർത്ത ജനപ്രതിനിധി; മന്ത്രി കെ.രാജൻ

35

ഇരിങ്ങാലക്കുട: ലോകത്തിലെ ഏറ്റവും മഹത്വരമായ ഇന്ത്യൻ ഭരണഘടനയുടെ ആത്‌മാവിനെ തൊട്ടറിഞ്ഞ, അതിനെ ഹൃദയത്തോട് ചേർത്ത് പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു അന്തരിച്ച മുൻ എം പി കെ.മോഹൻദാസെന്നു മന്ത്രി കെ.രാജൻ പറഞ്ഞു.മുൻ എം പി കെ.മോഹൻദാസിന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ അവാർഡ് വിതരണം നിവഹിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ മുൻ ഗവ.ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി.സംസ്ഥാനത്തെ മികച്ച കലാലയത്തിനുള്ള അവാർഡ് സെൻറ് ജോസഫ്‌സ് കോളേജിന് വേണ്ടി പ്രിൻസിപ്പൽ ഡോ.സിസ്റ്റർ എലൈസ, സംസ്ഥാനത്തെ മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡ് അച്ചടി മാധ്യമ വിഭാഗത്തിൽ സെബി മാളിയേക്കൽ (ദീപിക, തൃശൂർ), ദൃശ്യ മാധ്യമ വിഭാഗത്തിൽ പ്രിയ എളവള്ളിമഠം (ഏഷ്യാനെറ്റ്, പാലക്കാട്) എന്നിവർ മന്ത്രി കെ.രാജനിൽ നിന്നും ഏറ്റുവാങ്ങി. കാലിക പ്രാധാന്യമുള്ള ഹൃസ്വ ചിത്രത്തിനുള്ള പുരസ്ക്കാരം ചൂണ്ടുവിരൽ ഡോക്യൂമെന്ററിയുടെ സംവിധായകൻ സിജോയ് തോമസ് ആളൂക്കാരനും മന്ത്രി സമ്മാനിച്ചു. മുൻ കേന്ദ്ര മന്ത്രി പി.സി.തോമസ്, എംഎൽഎമാരായ മോൻസ് ജോസഫ്, ടി.ജെ.സനീഷ്‌കുമാർ ജോസഫ്, മുൻ എംപി കെ.ഫ്രാൻസിസ് ജോർജ്, ഫൗണ്ടേഷൻ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ എം.പി.പോളി, സി.വി.കുര്യാക്കോസ്, ജോയ് ഗോപുരാൻ, നഗരസഭാ കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, പി.മണി എന്നിവർ പ്രസംഗിച്ചു.

Advertisement