കല്യാണിയുടെ ചികിത്സയ്ക്ക് സഹായഹസ്‌തവുമായി ഇരിങ്ങാലക്കുട ആർ.ഡി.ഒ

59
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആർ.ഡി.ഓ & മെയിൻറ്റനൻസ് ട്രൈബ്യുണൽ സി.ലതികയുടെ സഹായഹസ്തം കല്യാണി എന്ന വയോധികയ്ക്ക് പുനർജന്മമേകി.ഇരിങ്ങാലക്കുട സ്വദേശിനിയായ ശ്രീമതി.കല്ല്യാണി, ഗുരുവിലാസം വീട് എന്ന 72 വയസ്സുള്ള വൃദ്ധമാതാവ് കാലിന് പരിക്കേറ്റ് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടിൽ പരസഹായമില്ലാതെ കഴിഞ്ഞ് വന്ന വിവരം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ & മെയിൻറ്റനൻസ് ട്രൈബ്യൂണൽ സി.ലതിക അടിയന്തരമായി ഇടപെട്ട് ഇവരെ ഇരിങ്ങാലക്കുട ശാന്തിസദനം എന്ന സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു.വൃദ്ധജനക്ഷേമം മുൻനിർത്തി പ്രവർത്തിച്ചുവരുന്ന മെയിൻറ്റനൻസ് ട്രൈബ്യൂണലിൽ ലഭിച്ച പരാതിയിൽ സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി. രാധാകൃഷ്ണൻ അന്വേഷണം നടത്തുകയും കോവിഡ് സാഹചര്യവും മറ്റു കുടുംബാന്തരീക്ഷവും പരിശോധിച്ച് കല്യാണിയെ അടിയന്തിരമായി പുനരധിവസിപ്പിച്ച് സംരക്ഷണം ഉറപ്പാക്കി ആർ.ഡി.ഓ, സി.ലതിക ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.2 മാസം മുൻപേ വീണു ഇടത് കാലിലെ എല്ല് പൊട്ടിയ അവസ്ഥയിൽ വേദന സഹിച്ച് ദുരവസ്ഥയിൽ കഴിഞ്ഞിരുന്ന കല്യാണിക്ക് ഓപറേഷനോ തുടർചികിത്സയ്‌ക്കോ വഴിയില്ലാതെ ജീവിതം നരകതുല്യമായ അവസ്ഥയിലായിരുന്നു. ഈ വിഷയം ഗൗരത്തോടെ കണ്ട ആർ.ഡി.ഓ & മെയിൻറ്റനൻസ് ട്രൈബ്യുണൽ സി.ലതിക കല്യാണിയുടെ കാലിലെ ചികിത്സ, സർജറി എന്നിവയ്ക്കായി അടിയന്തിര തീരുമാനങ്ങൾ കൈകൊള്ളുകയായിരുന്നു.തുടർന്ന് സ്ഥാപനത്തിന്റെ ഇൻചാർജ്ജ് സിസ്റ്റർ മെർലിൻ ഇവരെ വിദഗ്ദ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിൽ ഇടത് കാലിന്റെ രണ്ട് എല്ലുകളും പൊട്ടി അകന്ന നിലയലാണെന്നും ഓപ്പറേഷനായി 60,000/-(അറുപതിനായിരം) രൂപയോളം ചെലവ് വരുമെന്നന്നറിയിച്ചു. നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിച്ചവർക്കും ആശങ്കയായി. ഈ സാഹചര്യത്തിൽ കല്ല്യാണിയുടെ ദുരവസ്ഥ നേരിലറിഞ്ഞ റവന്യൂ ഡിവിഷണൽ ഓഫീസർ ശ്രീമതി. ലതിക.സി എന്നവർക്ക് ഇനിയും എത്താത്ത കാരുണ്യത്തിനായി കാത്തുനിൽക്കാനായില്ല. വൃദ്ധമാതാവായ കല്ല്യാണിക്ക് മകളുടെ സ്ഥാനത്ത് നിന്ന് ഓപ്പറേഷൻ എന്ന കല്ല്യാണിയുടെ ആവശ്യം നിറവേറ്റാൻ റവന്യൂ ഡിവിഷണൽ ഓഫീസർ ലതിക.സി തന്നെ മുന്നോട്ടു വരികയും ചികിത്സാ ചെലവുകൾക്കായി 60000/- രൂപ ഇരിങ്ങാലക്കുട ശാന്തി സദനം ഓൾഡ് ഏജ് ഹോമിൽ നേരിട്ടെത്തി തുക കല്യാണിയ്ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.മുതിന്നവർ സമൂഹത്തിൽ ഏറ്റവും കരുതലും സംരക്ഷണവും വേണ്ട വിഭാഗമാണെന്നും അവരുടെ പരാതികൾ പ്രാധാന്യത്തോടെ കണ്ടു നടപടികൾ സ്വീകരിക്കാറുണ്ടെന്നും ആർ.ഡി.ഓ & മെയിൻറ്റനൻസ് ട്രൈബ്യുണൽ കൂടിയായ സി.ലതിക അറിയിച്ചു. മുതിർന്നവരെ സംരക്ഷിക്കുവാനും അവർക്ക് ആശ്വാസം പകരാനും മക്കളും ബന്ധുക്കളും ശ്രമിക്കണമെന്നും അത് നമ്മുടെ കടമ കൂടിയാണെന്ന് കൂട്ടിച്ചേർത്തു. കല്യാണിയുടെ സർജറി, അനുബന്ധ ചികിത്സ സജീകരണങ്ങൾ ഉറപ്പാക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതോടൊപ്പം കല്യാണി എളുപ്പം സുഖം പ്രാപിക്കട്ടെ എന്ന ആശ്വാസവാക്കും നൽകിയാണ് സി.ലതിക മടങ്ങിയത് .മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി. രാധാകൃഷ്ണൻ,സീനിയർ സൂപ്രണ്ട് പി.രേഖ,ജൂനിയർ സൂപ്രണ്ടുമാരായ പൂക്കോയ.ഐ.കെ, അഹമ്മദ് നിസ്സാർ സി.എച്ച് , സെക്ഷൻ ക്ലാർക്ക് കസ്തൂർബായ് എന്നിവർ ആർ.ഡി.ഓ ക്കൊപ്പം എത്തിയിരുന്നു.ശാന്തി സദനം ഓൾഡ് ഏജ് ഹോം സുപ്പീരിയർ സിസ്റ്റർ സ്മിത മരിയ, കറസ്പോണ്ടന്റ് ആയ സിസ്റ്റർ മെർലിൻ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement