ജനറല്‍ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച മൂന്നുനിലകളിലുള്ള കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ കോവിഡ് സെന്ററാക്കാം

80

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച മൂന്നുനിലകളിലുള്ള കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ കോവിഡ് സെന്ററാക്കാം. കോവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അധികാരികള്‍ ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്. നിലവില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച 15 പേരെ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമാണ് പേവാര്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. അത്യാവശ്യ ഘട്ടത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ നല്‍കുന്നതിന് ഐ.സി.യു.വില്‍ ആറു കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്. മൂന്നുനിലകളിലുള്ള ഈ പുതിയ കെട്ടിടത്തില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയാണെങ്കില്‍ മുകളിലത്തെ നിലയില്‍ മാത്രം നൂറോളം പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കെട്ടിട നിര്‍മ്മാണവും ഇലക്ട്രിഫിക്കേഷനും പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇതിലേയ്ക്കാവശ്യമായ കട്ടിലുകളടക്കമുള്ള ഫര്‍ണീച്ചറുകള്‍, ലിഫ്റ്റ്, ഫയര്‍ സംവിധാനം, കോണി കൈവരികള്‍, ബാത്ത്‌റൂമുകള്‍, വൈദ്യൂതി, തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ല. ഇവയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കിയാല്‍ കെട്ടിടം പൂര്‍ണ്ണമായും കോവിഡ് സെന്ററാക്കി മാറ്റാന്‍ കഴിയും. രോഗികളുടെ സൗകര്യത്തിനുവേണ്ടിയാണ് താല്‍ക്കാലികമായിട്ടാണെങ്കിലും ഈ കെട്ടിടം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വൈദ്യൂതി കണക്ഷന്‍ പോലുമില്ലാത്ത കെട്ടിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ച സിംഗിള്‍ ഫേസ് കണക്ഷനിലാണ് ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിപ്പിച്ച് ഒ.പി.യും വാക്‌സിനേഷനും ടെസ്റ്റുകളും നടത്തിവരുന്നത്. ആശുപത്രിയുടെ മുകളിലത്തെ നിലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നബാര്‍ഡില്‍ നിന്നും 12 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ബേസ്മെന്റ് ഫ്ളോറടക്കം നിലവില്‍ പൂര്‍ത്തിയായ മൂന്ന് നിലകള്‍ക്ക് പുറമെ മുകളില്‍ പുതുതായി മൂന്ന് നിലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കോമ്പൗണ്ട് വാള്‍ നിര്‍മ്മിക്കാനാണ് തുക ലഭ്യമായിരിക്കുന്നത്.
സ്ട്രച്ചര്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ താഴത്തെ മൂന്ന് നിലകളിലേക്ക് ആവശ്യമായ സജ്ജീകരങ്ങള്‍ ഒരുക്കുന്നതിന് കെ.യു. അരുണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.75 കോടി രൂപയും അനുവദിച്ചിരുന്നു. കെട്ടിടത്തിലെ ലിഫ്റ്റ് സംവിധാനം, ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍, 1.50 ലക്ഷം കപ്പാസിറ്റിയുള്ള ഫയര്‍ സേഫ്റ്റി സംപ് ടാങ്ക്, റീറ്റയിനിങ് വാള്‍, ഇന്റര്‍ ലോക്കിങ് ടൈല്‍ വര്‍ക്കുകള്‍, സാനിറ്റേഷന്‍ വര്‍ക്കുകള്‍, അലുമിനിയം ഫാബ്രിക്കേഷന്‍, സ്‌റ്റൈന്‍ലസ് സ്റ്റീല്‍ ഹാന്‍ഡ് റെയില്‍ വര്‍ക്കുകള്‍, പെയിന്റിങ്ങ്, ശേഷിക്കുന്ന ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍ എന്നിവയ്ക്കായിട്ടാണ് ഈ തുക അനുവദിച്ചിരുന്നത്. എന്നാല്‍ ഇതിന്റേയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

Advertisement