ഒ.എന്‍.വി.കവിതയുടെ അന്ത: സത്ത

32

ചിതയില്‍ നിന്നു ഞാനുയിര്‍ത്തെഴുന്നേല്‍ക്കും!
ചിറകുകള്‍ പൂപോല്‍വിടത്തെഴുന്നേല്‍ക്കും (ഫീനിക്‌സ്)
പുരാണപ്രസിദ്ധമായ ഫീനിക്‌സ്‌നെപ്പോലെ ഒ.എന്‍.വി.യുടെ കവിതകളോരോന്നും അനുവാചകന് അനവദ്യസുന്ദരമായ നവ്യാനുഭൂതി എന്നും പകര്‍ന്നു തരുന്നു. ഈ കാവ്യസിദ്ധി മലയാളകാവ്യശാഖയ്ക്ക് എക്കാലവും മുതല്‍ക്കൂട്ടാവുന്ന അപൂര്‍വ്വ രചനകള്‍ക്ക് വഴിയൊരുക്കി. അക്ഷര (നാശമില്ലാത്ത)മായ ആശയങ്ങളുടെ വിളവെടുപ്പ് കൂടിയാണ് കവിതയില്‍ കാണാന്‍ കഴിയുക. പൂമ്പാറ്റയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന വൃഥാവ്യായാമമല്ല കവിതാരചന എന്നുറച്ചു വിശ്വസിക്കുന്നു കവി. കരിമിഴിയണഞ്ഞ കല്പനി കവിതകളും, കിന്നരിതലപ്പാവണിഞ്ഞ വിപ്ലവഗാനങ്ങളുമായിരുന്നു തുടക്കം. സമകാലീനരായ വയലാറും, പി.ഭാസ്‌ക്കരനും, മറ്റും തട്ടകം വിട്ട് കല്പകക്കൊമ്പുകളെന്ന്് ധരിച്ച് സിനിമരംഗവുമായി ഇഴുകിച്ചേരാനാരംഭിച്ചപ്പോഴും ഇദ്ദേഹം കാമധേനുസദൃശയായ കവിത്വത്തെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല.
ഗ്രാമീണകവന നിര്‍മ്മിതിയില്‍ ആദ്യകാലം മുതല്‍ ഒ.എന്‍.വി.പ്രത്യേകമൊരു പ്രാഗത്ഭ്യം പ്രകടിപ്പിച്ചു. സാമൂഹിക-സാംസ്‌കാരിക തനിമയുടെ കലവറകളായ നാടന്‍പാട്ടുകളുടെ താരാട്ടുകേട്ടദ്ദേഹത്തിന്റെ ചേതന വളര്‍ന്നു വികസിച്ചതും. ഒരുക്കാലത്ത് എല്ലാവരുടെ ചുണ്ടുകളിലും നൃത്തം ചെയ്തീരുന്ന ‘പൊന്നരിവാളമ്പിളിയില് കല്ലെറിയുന്നോളേ’ തുടങ്ങിയഗാനങ്ങള്‍ ഗ്രാമീണ സൗന്ദര്യത്തിന്റെ നൈര്‍മ്മല്യവും, നിഷ്‌ക്കളങ്കതയും വ്യക്തമാക്കുന്നു. വിശുദ്ധപ്രണയത്തിന്റെ മഹത്വവും, അനിവാര്യതയും സൂക്ഷ്മതയോടെ വെൡപ്പെടുത്താന്‍ ലഭിക്കുന്ന അവസരങ്ങളോരോന്നും ഈ കവി അനശ്വരമാക്കിയിട്ടുണ്ട്. ഏതുവിഷയമായാലും, അതിനെ സമീപിക്കുന്നതിന്റെ പ്രത്യേകകളിലാണ് ഒരു യഥാത്ഥ കലാകാരന്റെ വ്യക്തിത്വം കുടികൊള്ളുന്നതെന്ന് വ്യക്തമാക്കുന്നവയാണ് ഒ.എന്‍.വി. കവിതകളോരോന്നും.
സംഗീതമെന്ന സ്വയം അനുഭൂതിദായകമായ അന്തരീക്ഷത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന കവിതകള്‍ ആലാപനത്തിന്റെ അനന്തസാദ്ധ്യതകള്‍ ആവിഷ്‌ക്കരിക്കാന്‍ കൂടി പര്യാപ്തമാണ്. എഴുത്തുകാരനും, വായനക്കാരനും തമ്മിലുള്ള മാനസികഐക്യം ഊട്ടി ഉറപ്പിയ്ക്കുന്നതില്‍ ഈമായികസംഗീതം പ്രധാനപങ്കുവഹിക്കുന്നു. ഹൃദയത്തെ ഹൃദയത്തോടടുപ്പിക്കുന്ന സംഗീത സമന്വയത്തിന്റെ അനുരഞനങ്ങളാണ് കുറുപ്പിന്റെ കവിതയുടെ കാതല്‍, ഈ ജീവതാളം കൃതികളില്‍ മാത്രമല്ല. ജീവിതത്തിലുടനീളം സാര്‍ത്ഥകമായി നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നുതും കവിയുടെ മഹത്വത്തിന്റെ കൊടിയടയാളമായി കാണേണ്ടിയിരിക്കുന്നു.വ്യക്തികള്‍ അടങ്ങുന്ന സമൂഹത്തിന് പൊതുവായ പ്രശ്‌നങ്ങള്‍ പലതുമുണ്ടെങ്കിലും, വ്യക്തിയുടെ ആത്മാവിന്റെ അടിത്തട്ടില്‍ കുടികൊള്ളുന്ന നിഗൂഢതകള്‍ അനാവരണം ചെയ്യുമ്പോഴാണ് ഒ.എന്‍.വി കവിതയുടെ തനിമ അനുവാചകര്‍ അടുത്തറിയുന്നത്. സ്വകാര്യദു:ഖങ്ങളുടെ പേടകം വഹിച്ച് ഒരു മുത്തുച്ചിപ്പിയെപ്പോലെ തപസ്സുചെയ്യുന്ന കവി മലയാളകാവ്യശാഖയിലെ ഏകാന്തപഥികനായിരുന്നു. എക്കാലവും തന്റെ ഏകാന്തതയും ദു:ഖങ്ങളകറ്റാമെന്നും കവി പ്രത്യാശിക്കുന്നു. ഈ പ്രത്യാശയുടെ പൊന്‍തിളക്കവും, ദീര്‍ഘവീക്ഷണവുമാണ് മറ്റു സമകാലീന കവികള്‍ക്ക് ലഭ്യമാകാത്ത ഔന്നത്യവും, അംഗീകാരവും ഒ.എന്‍.വി നിഷ്പ്രയാസം നേടിയെത്തതും.മനുഷ്യസ്‌നേഹത്തിന്റെ മഹത്വം മനസ്സിലാക്കി. സമൂഹമനസ്സാക്ഷിയില്‍ സമൂലംമാറ്റം വരുത്താന്‍ ശ്രമിക്കുന്ന കവിതകളുടെ സ്രഷ്ടാവെന്ന നിലയിലും ഈ കവി മറ്റുളളവരില്‍ നിന്നും വ്യത്യസ്ഥനാകുന്നു. ദൂര-കാലങ്ങള്‍ ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രക്തമല്ല. സങ്കുചിതത്വത്തിന്റെ പുറംതോട് പൊട്ടിച്ചെറിയാന്‍ ഇഷ്ടപ്പെടുന്നഒ.എന്‍.വിക്ക് ലോക മനസാക്ഷിയെ മുഴുവനായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടച്ചിരിക്കാന്‍ ഒരിക്കലും കഴിയുമായിരുന്നില്ല.പാരിസ്ഥിതിക പ്രശ്‌നങ്ങലായാലും വര്‍ഗ്ഗീയ വിഷയങ്ങളായാലും അന്താരാഷ്ട്ര പ്രശ്‌നങ്ങളായാല്‍പ്പോലും മാനവികതയുടെ ഉപ്പും ചോറും ചേര്‍ത്തു നല്‍കുമ്പോഴുള്ള രുചി വാക്കുകള്‍ക്കതീതമാണ്. കാരുണ്യത്തെ നീതിയോടിണക്കിചേര്‍ക്കണമെന്ന്, ‘ശക്തമായ ഭാഷയില്‍ വാദിച്ച ബാലാമണിയുടെ പിന്‍മുറക്കാര്‍ തന്നെയാണ് നമ്മുടെ കവിയും. മലയാളഭാഷയെധന്യമാക്കിയ ഒ.എന്‍.വിയുടെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ കൂപ്പുകൈകളോടെ!

Advertisement