കുളത്തില്‍ മുങ്ങി താഴ്ന്ന അമ്മയ്ക്കും മകനും നന്ദകുമാര്‍ രക്ഷകനായി

1152

കൊറ്റനെല്ലൂര്‍ – കുളത്തില്‍ മുങ്ങി താഴ്ന്ന അമ്മയ്ക്കും മകനും നന്ദകുമാര്‍
രക്ഷകനായി. കൊറ്റനെല്ലൂര്‍ സ്വദേശി ആനക്കുഴിപറമ്പില്‍ സജീവന്റെ ഭാര്യ
നിമ്മിക്കും മകന്‍ രണ്ടാം ക്ലാസുക്കാരന്‍ കാര്‍ത്തിക്കിനുമാണ്
കൂലിപ്പണിക്കാരനായ ചൂലിക്കാട്ടില്‍ നന്ദകുമാര്‍ രക്ഷകനായത്. വെള്ളിയാഴ്ച
വൈകിട്ട് നാലരയോടെ അമ്മയ്‌ക്കൊപ്പം വീട്ടില്‍ നിന്ന് ട്യൂഷന്‍ ക്ലാസിലേക്ക്
ഇറങ്ങിയതായിരുന്നു കാര്‍ത്തിക്. അമ്മയ്ക്ക് മുന്‍പില്‍ സൈക്കിളില്‍
പോകുകയായിരുന്ന കാര്‍ത്തിക്കിന്റെ നിയന്ത്രണം വിട്ട് സൈക്കിള്‍ വേളൂക്കര
പഞ്ചായത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ കുളത്തിന്റെ മതിലില്‍ ഇടിക്കുകയും
കാര്‍ത്തിക് തെറിച്ച് കുളത്തില്‍ വീഴുകയായിരുന്നു. മകന്‍ കുളത്തില്‍ വീണത് കണ്ട
പരിഭ്രാന്തയായ അമ്മ നിമ്മിയും കുളത്തിലേക്ക് എടുത്തു ചാടി. എന്നാല്‍ നീന്തല്‍
നല്ല വശമില്ലാതിരുന്ന നിമ്മിയും കുളത്തില്‍ മുങ്ങി താഴ്ന്നു. ഇതിനിടെ
കുളത്തിന് സമീപത്തെ പറമ്പില്‍ പണിയെടുക്കുകയായിരുന്ന നന്ദകുമാര്‍ ഇത്
കാണുകയും ഉടന്‍ കുളത്തില്‍ ചാടി ഇരുവരെയും കരയ്‌ക്കെത്തിക്കുകയായിരുന്നു.
ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അമ്മയും മകനും അപകടനില
തരണം ചെയ്തു.

 

Advertisement