ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.

600

മാപ്രാണം : പാടത്ത് ചൂണ്ടയിട്ടു കൊണ്ടിരിക്കെ യുവാവ് പൊള്ളലേറ്റു മരിച്ചു. മാടായിക്കോണം അണിയത്ത് ചന്ദ്രന്‍ മകന്‍ ജഗത്ത്(33) ആണ് ഭാര്യ സജിനിയെക്കാപ്പം വീടിന് സമീപം ആനാറ്റുകടവിനടുത്ത് കെ.എല്‍.ഡി.സി കനാലില്‍ ചൂണ്ടയിട്ടു കൊണ്ടിരിക്കെ ഇന്ന് വൈകീട്ട് 5.30ന് ഉണ്ടായ ശക്തമായ മിന്നലേറ്റ് മരിച്ചത്.ഭാര്യ സജിനിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും മോട്ടോര്‍ സൈക്കിളിലാണ് ചൂണ്ടയിടാനായി പോയത്. നേരം വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതായപ്പോള്‍ സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരും കനാല്‍ കരയില്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് രണ്ടു പേരെയും മാപ്രാണം ലാല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജഗത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ സജിനിക്ക് പിന്നീട് ഓര്‍മ്മ വന്നെങ്കിലും സംസാരിക്കാന്‍ കഴിയുന്നില്ല. ഇവരെ പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ ദമ്പതികള്‍ക്ക് രണ്ടര വയസ്സുള്ള തേജസ്വിനി എന്ന മകളുണ്ട്. ജഗത്ത് മുമ്പ് മാടായിക്കോണം പോസ്റ്റ് ഓഫീസിലെ താല്‍ക്കാലിക പോസ്റ്റ് മാനായും, മാടായിക്കോണം ഗ്രാമീണ വായനശാലാ ലൈബ്രേറിയനായും ജോലി ചെയ്തിട്ടുണ്ട്. മാതാവ് ചക്കിക്കുടി.ജയന്‍ സഹോദരനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടെത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement