31.9 C
Irinjālakuda
Wednesday, January 15, 2025
Home Blog Page 660

കഞ്ചാവ്; മൂന്ന് പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന കാല്‍കിലോ കഞ്ചാവ് സഹിതം മൂന്ന് പേരെ ഇരിങ്ങാലക്കുട എസ്.ഐ സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി സ്വദേശി മുതിരപറമ്പില്‍ പ്രവീണ്‍ (19), കാറളം കിഴുത്താണി പുറത്തുവീട്ടില്‍ വിഷ്ണു(19), ചിറയ്ക്കല്‍ സ്വദേശി പാറോക്കാരന്‍ വീട്ടില്‍ സിയോണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍ പരിസരത്തുനിന്നുമാണ് പ്രതികളെ വിദ്യാര്‍ത്ഥികള്‍ക്ക് പാക്കറ്റിന് 700 രൂപ നിരക്കില്‍ വില്‍പ്പന നടത്തുന്നതിനിടയില്‍ പോലിസ് പിടികൂടിയത്. പ്രതികളില്‍ നിന്നും 42 പായ്ക്കറ്റ് കഞ്ചാവാണ് ലഭിച്ചത്. തമിഴ്നാട്ടിലെ സേലത്തുനിന്നും ആഡംബര കാറില്‍ കഞ്ചാവ് കടത്തി ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തിയിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലിസിനോട് സമ്മതിച്ചു. കഞ്ചാവ് കടത്താനായി ഉപയോഗിച്ച ആഡംബര കാറും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. കാറിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് കഞ്ചാവ് ഒളുപ്പിച്ചിരുന്നത്. മയക്കമരുന്ന് വില്‍പ്പനക്കാരെ കുറിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെമസ് വര്‍ഗ്ഗീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ 25ന് സമാനരീതിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് യുവാക്കളെ പോലിസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗം തടയുന്നതിനായി ഇരിങ്ങാലക്കുട എസ്.ഐയുടെ നേതൃത്വത്തില്‍ സേ നോ ഡ്രഗ്സ് പദ്ധതി ആവിഷ്‌ക്കരിച്ച് വിദ്യാലയങ്ങള്‍ തോറും കാമ്പെയിന്‍ സംഘടിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും ചെയ്തുവരുന്നുണ്ട്. ലഹരി വില്‍പ്പനക്കാരെ കുറിച്ചോ, ഉപയോഗിക്കുന്നവരെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലിസിനെ വിവരമറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു. ഇതോടെ അടുത്തിടെ കഞ്ചാവ് വില്‍പ്പന നടത്തിയ 25ഓളം പേരെ ഇരിങ്ങാലക്കുട പോലിസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ ഒന്നാം പ്രതി പ്രവീണ്‍ കൊരട്ടി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മുരിങ്ങൂര്‍ എന്ന സ്ഥലത്ത് വെച്ച് രാത്രി വ്യാപാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ ജലിലില്‍ നിന്നും ജാമ്യത്തിന് ഇറങ്ങിയ ആളാണ്. ഇയാള്‍ക്കെതിരെ ചാലക്കുടി, വലപ്പാട്, കാട്ടൂര്‍ എന്നി സ്റ്റേഷനുകളില്‍ 14ലധികം ക്രിമിനല്‍ കേസുകളും രണ്ടാം പ്രതി വിഷ്ണുവിന് വലപ്പാട് സ്റ്റേഷനില്‍ റോബറി കേസുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളും ഉണ്ട്. അന്വേഷണ സംഘത്തില്‍ ട്രാഫിക് എസ്.ഐ തോമസ് വടക്കന്‍, സീനിയര്‍ സീ.പി.ഒ അനീഷ് കുമാര്‍, സി.പി.ഒമാരായ രാഗേഷ്, രാജേഷ്, വൈശാഖ്, അനൂപ് ലാലന്‍, വനിത സി.പി.ഒ ഡാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Advertisement

ജൂബിലി സമാപനത്തിന് 150 പേരുടെ ജൂബിലി ഗാനം

ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ സമാപനാഘോഷങ്ങളോടനുബന്ധിച്ച് 150 പേരുടെ ജൂബിലി ഗാനാലാപനം. പള്ളിയുടെ 150 വര്‍ഷത്തെ ചരിത്രമാണ് ഗാനത്തിന്റെ ഇതിവൃത്തം. ജോസ് താണിപ്പിള്ളി രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിട്ടുള്ളത് ജിജോ തൊമ്മാനയാണ്. ഇടവകയിലെ 4 വയസുക്കാരി മുതല്‍ 77 വയസുക്കാരന്‍ വരെ ഗാനാലാപനത്തിന് തയ്യാറെടുക്കുകയാണ്.ഞായറാഴ്ച്ചയാണ് ജൂബിലി സമാപനം.
Advertisement

പുല്ലൂര്‍: മണക്കാട്ടുംപടി സുബ്രഹ്മണ്യന്റെ ഭാര്യ മാലതി (79) അന്തരിച്ചു. മക്കള്‍: ഷാജു, ഷൈജു, ഷീല. മരുമക്കള്‍: അമ്പിളി, പ്രിയ, പരേതനായ രഘുനാഥന്‍. ശവസംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.

 

Advertisement

ജ്യോതിസ്സ് കോളേജില്‍ എന്‍.എസ്.എസ്. അഷ്ടദിന ക്യാമ്പിനു തുടക്കമായി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജില്‍ ഇന്നുമുതല്‍ ഡിസംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന എന്‍.എസ്.എസ്. അഷ്ടദിന ക്യാമ്പിനു തുടക്കമായി. ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷന്‍ പരിസരം വൃത്തിയാക്കുക എന്ന ദൗത്യത്തെ ആവേശത്തോടെ സ്വീകരിച്ചുകൊണ്ട് ആരംഭിച്ച ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍.ഷാജു ഉദ്ഘാടനം ചെയ്തു. ജ്യോതിസ്സ് കോളേജ് പ്രിന്‍സിപ്പാള്‍ എം.എ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ഇന്‍ചാര്‍ജ് ശില്‍പ സ്വാഗതവും സ്റ്റുഡന്റ് റപ്രസന്റേറ്റീവ് ജിംസണ്‍ ജോസ് നന്ദിയും പറഞ്ഞു.

Advertisement

ലിസ്യു കോളേജില്‍ പൂര്‍വിദ്യാര്‍ത്ഥി സംഗമം

ഇരിങ്ങാലക്കുട: ലിസ്യു ട്രെയി നിംഗ് സ്‌ക്കൂളില്‍ പൂര്‍വ്വ അധ്യാപക അനധ്യാപക വിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 2 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ലിസ്യുഹാളില്‍ ചേരുന്നു. ഗതകാലസ്മരണകളെ അയവി റക്കുന്നതിനും ഒത്തുചേരലിന്റെ ആഹ്‌ളാദം പങ്കിടുന്നതിനും ലിസ്യു ട്രെയിനിംഗ് സ്‌ക്കൂളിലെ ബഹുമാന്യരായ എല്ലാ പൂര്‍വ്വ അധ്യാപക അനധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഈ കൂട്ടായ്മയുടെ ഭാഗമാകാന്‍ പ്രിന്‍സിപ്പല്‍ സി.ഫ്‌ളവററ്റ് ക്ഷണിക്കുന്നു

Advertisement

ക്രൈസ്റ്റില്‍ നിന്ന് ‘തവനീഷി’ന്റെ തൂവല്‍സ്പര്‍ശം തുടര്‍ക്കഥയാകുന്നു

.ഇരിഞ്ഞാലക്കുട: വിദ്യാര്‍ത്ഥികളില്‍ കരുണയുടെ ഉറവ വറ്റിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റിലെ ‘തവനീഷ്’ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സമയോചിതമായ ജീവകാരുണ്യ ഇടപെടലുകള്‍ ശ്രദ്ധേയമാകുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് വ്യക്തികള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ധനസഹായത്തിന്റെ കൈത്താങ്ങ് നല്‍കി. അരാഷ്ട്രീയതയും തന്‍കാര്യലാഭവും മാത്രം ആരോപിക്കപ്പെടുന്ന ന്യൂജെന്‍കാലത്തെ കാമ്പസ്സുകളില്‍നിന്ന് വ്യത്യസ്തമാകുകയാണ് അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്. കോളേജിലെ രണ്ടാംവര്‍ഷ ഗണിതശാസ്ത്രവിദ്യാര്‍ത്ഥിനി ആര്യലക്ഷ്മിയുടെ പിതാവ് സി.കെ. ദില്ലന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആദ്യഗഡുസഹായമായി ഒരുലക്ഷത്തി അറുപതിനായിരം രൂപ വിദ്യാര്‍ത്ഥികളില്‍നിന്നും അദ്ധ്യാപകരില്‍ നിന്നും പിരിച്ചെടുത്ത് നല്‍കിയ തവനീഷ് പ്രവര്‍ത്തകര്‍ വഴിമുട്ടിനിന്ന ഒരു കുടുംബത്തിനാണ് പ്രതീക്ഷ നല്‍കിയത്. ഇന്നലെ (ചൊവ്വാഴ്ച) കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍ ബന്ധുക്കള്‍ക്ക് ധനസഹായം കൈമാറി. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ.ജോയി പീനിക്കപറമ്പില്‍ പ്രൊഫ.വി.പി.ആന്റോ, സ്റ്റാഫ് അഡൈ്വസര്‍ ഡോ.ടി.വിവേകാനന്ദന്‍, പ്രൊഫ.ടിന്റുമോള്‍ സണ്ണി, എന്നിവര്‍ സംസാരിച്ചു. കോളേജ് യൂണിയന്റെ വിഹിതമായ നാല്പതിനായിരം
ഉടന്‍ നല്‍കുമെന്ന് ചെയര്‍മാന്‍ വിനയ് മോഹന്‍ പറഞ്ഞൂ.
ഉദ്ദേശം ഇരുപതുലക്ഷത്തോളം രൂപ ശസ്ത്രക്രിയയ്ക്ക് ചെലവാകുമെന്ന് കണക്കാക്കപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ സഹായം കൂടി ലഭിച്ചതോടുകൂടി ആകെയുള്ള
നാലുസെന്റിലെ വീട് പണയം വച്ചിട്ടായാലും ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആര്യലക്ഷ്മിയുടെ കുടുംബം. നാട്ടുകാര്‍ പിരിവെടുത്ത് നല്‍കുന്ന സഹായവും അവര്‍ പ്രതീക്ഷിക്കുന്നു.ഒപ്പംതന്നെ ഒല്ലൂര്‍ പടവരാട് റോഡിലെ പുറമ്പോക്കില്‍ ഏതുനിമിഷവും നിലംപൊത്താവുന്ന ചെറുകൂരയ്ക്കുള്ളില്‍ കഴിയുന്ന പടമാടന്‍ അന്തോണിയുടെ മൂത്തമകന്‍ ബിനുവിന് അടിയന്തര സഹായം ബുധനാഴ്ച കൈമാറി തവനീഷ് പ്രവര്‍ത്തകര്‍
വീണ്ടും മാതൃകയായി. കഴിഞ്ഞ ദിവസമാണ് ബിനുവിനെ അവശനിലയില്‍ ഒല്ലൂര്‍ ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിദഗ്ദ്ധചികില്‍സ
നിര്‍ദ്ദേശിച്ചുവെങ്കിലും സ്‌കാനിംഗ് അടക്കമുള്ള പ്രാഥമിക ചികില്‍സയ്ക്കുപോലും പണമില്ലാതെ വിഷമിക്കുന്നതുകണ്ട് തൊട്ടടുത്ത മുറിയില്‍ കഴിഞ്ഞിരുന്ന ഒല്ലൂര്‍ സ്വദേശി ലുദിയ ടീച്ചര്‍ താന്‍ മുമ്പ് ട്യൂഷന്‍ പഠിപ്പിച്ചിരുന്ന ക്രൈസ്റ്റിലെ ബി.ബി.എ. അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി ആന്‍ലിയെ വിവരമറിയിച്ചു. ബിനുവിന്റെ അമ്മയും ഏകസഹോദരനും എല്ലു വളഞ്ഞ് ഒടിയുന്ന രോഗം മൂലം യാതൊരു വരുമാനവും ഇല്ലാതെ കഷ്ടപ്പെടുകയാണ്. ദീര്‍ഘകാലമായി തുടരുന്ന രോഗത്തിന് മരുന്നിനുപോലും പണമില്ലാതെ കുടുംബം ഞെരുങ്ങുന്നതിനിടയിലാണ് ക്രൈസ്റ്റില്‍നിന്ന് അപ്രതീക്ഷിതമായ സഹായം എത്തിയത്. തവനീഷിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ. മൂവീഷ് മുരളിയുടെ നേതൃത്വത്തില്‍ ഏകദേശം ഒരുമണിക്കൂര്‍ കൊണ്ടാണ് പതിനായിരം രൂപ സമാഹരിച്ചത്. ക്രൈസ്റ്റ് കോളേജിന്റെ പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ
ജെറിന്‍, സയന, റോസ്‌മേരി എന്നിവര്‍ ഇന്ന് ഉച്ചയോടെ ബിനുവിന്റെ വീട്ടിലെത്തി സഹായധനം കൈമാറി. സമൂഹത്തിന് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന തവനീഷ്
എന്ന സംഘടനയുടെ പ്രവര്‍ത്തനം ഇക്കൊല്ലം മുതല്‍ കോളേജിന്റെ ഔദ്യോഗിക പ്രവര്‍ത്തനമായി അംഗീകരിച്ചതായി ഡോ.മാത്യു പോള്‍ ഊക്കന്‍ അറിയിച്ചു

Advertisement

മോണ്‍. വാഴപ്പിള്ളി സക്കറിയാസച്ചന്റെ 28-ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കും.

ഇരിങ്ങാലക്കുട : മലബാര്‍ മിഷനറി ബ്രദേഴ്‌സ് (എം.എം.ബി) സന്യാസ സമൂഹ സ്ഥാപകന്‍ മോണ്‍. വാഴപ്പിള്ളി സക്കറിയാസച്ചന്റെ 28-ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കും. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10.30 ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിക്കും അനുസ്മരണ ശുശ്രൂഷക്കും മുഖ്യകാര്‍മികത്വം വഹിക്കും. 1947 ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വിദേശ മിഷനറിമാരുടെ സേവനം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ്, പ്രാര്‍ഥനയും സേവനവും മുഖമുദ്രയായ ഒരു സൊസൈറ്റി രൂപീകരിക്കുന്നതിനായി 1948-ല്‍ എം.എം.ബി സന്യാസ സമൂഹത്തിന് സക്കറിയാസച്ചന്‍ രൂപം കൊടുത്തു. തൃശൂര്‍ രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍, പാലക്കാട് രൂപതയുടെ പ്രാരംഭ ശില്‍പി, തൃശൂര്‍ രൂപത വികാരി ജനറാള്‍, വടവാതൂര്‍ മേജര്‍ സെമിനാരി റെക്ടര്‍, ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി സ്പിരിച്ച്വല്‍ ഫാദര്‍, സ്പിരിച്ച്വാലിറ്റി സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എം.എം.ബി സന്യാസ സമൂഹത്തിന്റെ മാതൃഭവനമായ മരിയാപുരം മിഷന്‍ഹോമില്‍ 1959 ല്‍ അദ്ദേഹം ദിവ്യകാരുണ്യ നിത്യാരാധന സ്ഥാപിച്ചു. തൊഴിലാളികള്‍ക്ക് സംഘടിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും മാര്‍ഗമില്ലാതിരുന്ന കാലത്ത് കല്ലൊര തൊഴിലാളി യൂണിയന്‍, പീടികത്തൊഴിലാളി യൂണിയന്‍, കശുവണ്ടി തൊഴിലാളി യൂണിയന്‍, ഓട്ടുകമ്പനി തൊഴിലാളി യൂണിയന്‍, റിക്ഷാ തൊഴിലാളി യൂണിയന്‍ തുടങ്ങി 40-ഓളം ട്രേഡ് യൂണിയനുകള്‍ സ്ഥാപിച്ച് സമൂഹത്തിലെ അശരണരും അവഗണിക്കപ്പെട്ടവരുമായവരുടെ ഉന്നമനത്തിനായി പ്രയത്‌നിച്ചു. വൃദ്ധമന്ദിരങ്ങള്‍, നിര്‍ധനരും നിരാലംബരുമായ കുട്ടികളുടെ വിദ്യാഭ്യാസം, സദ്‌സ്വഭാവ രൂപീകരണം തുടങ്ങിയവ ലക്ഷ്യമിട്ടു തുടങ്ങിയ ബാലഭവനങ്ങള്‍, ബുദ്ധിമാന്ദ്യ നിവാരണ കേന്ദ്രങ്ങള്‍, ജയില്‍ വിമോചിതരുടെ പുനരധിവാസം മുതലായവയിലൂടെ സമൂഹത്തില്‍ പ്രയത്‌നിച്ച സക്കറിയാസച്ചന്‍ ആരംഭിച്ച എം.എം.ബി സമൂഹം ഇന്ന് കേരളം, തമിഴ്‌നാട്, ആന്ധ്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് സാമൂഹ്യ സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നു.

Advertisement

കാലിക്കറ്റ് അത്‌ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് കോളേജ് മുന്നില്‍: 16 വര്‍ഷത്തെ റെക്കോഡ് തിരുത്തി പി.യു.ചിത്ര

ഇരിങ്ങാലക്കുട: 1500 മീറ്ററില്‍ ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ അഭിമാനവും രാജ്യാന്തര താരവുമായ പി യു ചിത്രയുടെ റെക്കോഡിന്റെ തിളക്കത്തില്‍ കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിന് തുടക്കം. ആദ്യദിനം ഒരു സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 18 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് മുന്നില്‍. വി.ടി.ബി. ശ്രീകൃഷ്ണപുരം ആറു പോയിന്റുമായി രണ്ടാമതുണ്ട്. അഞ്ച് പോയിന്റുള്ള പി.എസ്.എം.ഒ. തിരൂരങ്ങാടിയാണ് മൂന്നാമത്. സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ ചൊവ്വാഴ്ച ആരംഭിച്ച മീറ്റില്‍ അവസാന ഇനമായിരുന്നു 1500 മീറ്റര്‍ ഓട്ടം. ഇന്റര്‍നാഷണല്‍താരം സി ബബിതയെ രണ്ടാമതാക്കി ചിത്രയുടെ സുവര്‍ണക്കുതിപ്പ്. 4.30 മിനുട്ടില്‍ തകര്‍ന്നത് സിനിമോള്‍ പൌലോസ് സ്ഥാപിച്ച 4.41 മിനുട്ടിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോഡ്. 2001-ല്‍ തൃശൂര്‍ വിമല കോളേജിനായാണ് സിനിമോള്‍ മത്സരിച്ചത്. യൂണിവേഴ്‌സിറ്റി മീറ്റില്‍ 1500 മീറ്ററില്‍ ചിത്രയുടെ നാലാം സ്വര്‍ണമാണിത്. നിലവിലെ ജേതാവായ ചിത്ര 5000 മീറ്ററിലും മത്സരിക്കുന്നുണ്ട്. ഏഷ്യന്‍ സ്വര്‍ണമെഡല്‍ നേടിയ ചിത്ര ആദ്യമായാണ് 1500-ല്‍ മത്സരിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എം എ ഒന്നവര്‍ഷ ചരിത്ര വിദ്യാര്‍ഥിയായ ചിത്ര ബംഗളൂരുവില്‍ ദേശീയ ക്യാമ്പിനിടെയാണ് മത്സരിക്കാനെത്തിയത്.

Advertisement

മുരിയാട് എ.യു.പി. സ്‌കൂളിനു മുമ്പിലെ സീബ്രാലൈനുകള്‍ പുന:സ്ഥാപിച്ചു

മുരിയാട്: മുരിയാട് എ.യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പരിഹാരം കണ്ട് ജവഹര്‍ ബാലജനവേദി നിയോജകമണ്ഡലം ചെയര്‍മാന്‍ ശ്രീജിത്ത് പട്ടത്തിന്റെ നേതൃത്വത്തില്‍ സീബ്രാലൈനുകള്‍ പുന:സ്ഥാപിച്ചു. കുട്ടികളുടെ ദുരിതത്തിന് പരിഹാരമായി അവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വല്ലക്കുന്ന്- നെല്ലായി- ആമ്പല്ലൂര്‍ റോഡിലെ അമ്പലനട ബസ്സ്‌റ്റോപ്പിനു മുന്നിലുള്ള സീബ്രാലൈനുകള്‍ വീണ്ടും വരച്ച് കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പു വരുത്തിയത്. ജവഹര്‍ ബാലജനവേദി നിയോജക മണ്ഡലം ചെയര്‍മാന്‍ ശ്രീജിത്ത് പട്ടത്ത്, മുരിയാട് മണ്ഡലം ചെയര്‍മാന്‍ പ്രേമന്‍ കുട്ടാല, ബ്‌ളോക്ക് വൈസ്‌ചെയര്‍മാന്‍ ലിജോ മഞ്ഞളി, പ്രദിഷ് പുതുവാട്ടില്‍, മനോജ് മുരിയാട്, ക്രിസ്റ്റഫര്‍ വേലിക്കകത്ത്, ഡേവിസ് താണിക്കല്‍, സദാനന്ദന്‍ കൊളപ്പിള്ളി, എം.കെ.ഉണ്ണികൃഷ്ണന്‍, ബെന്‍ജോണ്‍സണ്‍, കാര്‍ത്തികേയന്‍ നെടുംപറമ്പില്‍, ബാലചന്ദ്രന്‍ വടക്കുട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

‘ഒരു കുട്ടിക്ക് ഒരു പുസ്തകം’ ക്യാമ്പയിനുമായി ക്രൈസ്റ്റ് കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം

ഇരിങ്ങാലക്കുട: നിര്‍ധനരായ സ്‌കൂള്‍ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2018 ജൂണ്‍ മാസം വരെ നീണ്ടു നില്‍ക്കുന്ന ”ഒരു കുട്ടിക്ക് ഒരു പുസ്തകം” എന്ന ക്രൈസ്റ്റ് കോളേജ്  ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പയിന് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മാത്യു പോള്‍ ഊക്കെന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി പുസ്തകങ്ങളും പഠനോപകരണങ്ങളും അടുത്ത 7 മാസങ്ങള്‍ കൊണ്ട് തന്നെ സമാഹരിച്ച് അടുത്ത അധ്യനവര്‍ഷം അത് നിര്‍ധനരായ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഒരു കൂട്ടം കുട്ടികള്‍ ഇതിനായി ഇറങ്ങിയിരിക്കുന്നത്. ഇതിനായി കോളേജിനു മുന്‍പിലും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു സ്ഥാപനങ്ങളിലുമെല്ലാം ബോക്‌സുകള്‍ സ്ഥാപിച്ചാണ് ഇവര്‍ ഈ പ്രവര്‍ത്തനം ചെയ്യുന്നത്. ഫിസികല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത് ഗ്ലാഡ്വിന്‍ ഡേവിഡ്, എബി, സോജന്‍ എന്നിവരാണ്. ഇവര്‍ക്ക് പിന്തുണയുമായി വൈസ് പ്രിന്‍സിപ്പലായ ഫാദര്‍ ജോയ് പീണിക്കപറമ്പില്‍, എച്ച്.ഒ.ഡി. അരവിന്ദ്, സോണി എന്നിവരും ഉണ്ട്.
Advertisement

യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും

ഇരിങ്ങാലക്കുട: യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും വിധിച്ചു. ആളൂര്‍ പൈക്കാട്ട് മനീഷ് മോഹനനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ട് മൂന്ന് വര്‍ഷം തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും ഇരിങ്ങാലക്കുട അഡിഷണല്‍ അസി. സെക്ഷന്‍സ് കോടതി ശിക്ഷിച്ചത്. പൊരുന്നംകുന്ന് ദേശത്ത് കീഴാട്ടില്‍ ചന്ദ്രന്റെ മകന്‍ ഉണ്ണികൃഷ്ണനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലാണ് വിധി. 2013 നവംബര്‍ 11ന് വൈകീട്ടാണ് സംഭവം. പൊരുന്നംകുന്നില്‍ വെച്ച് മനീഷ് ഉണ്ണികൃഷ്ണനെ തടഞ്ഞുനിറുത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ഉണ്ണികൃഷ്ണനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. കൊടകര പോലിസ് എസ്.ഐയായിരുന്ന എം.എസ് വര്‍ഗ്ഗീസാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement

‘ഇ-ഹെല്‍ത്ത് കേരള’യായി മുരിയാട് പഞ്ചായത്ത്

മുരിയാട്: മുരിയാട് പഞ്ചായത്ത്തല ഈ-ഹെല്‍ത്ത് കേരള ഉദ്ഘാടനം പുല്ലൂര്‍ ബാങ്ക് ഹാളില്‍ ഒരോ കുടുംബത്തിന്റെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത് കൊണ്ട്  പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹോല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ജി. കൃഷ്ണകുമാര്‍ സ്വാഗതവും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍, മുരിയാട്  ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഗംഗാദേവി എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. തൃശ്ശൂര്‍ ടെക്‌നിക്കല്‍ അസിസറ്റന്റ് ഡി.എം.ഒ.സി.എച്ച്. രാജു ‘ഇ-ഹെല്‍ത്ത് കേരള പ്രോഗ്രാം’ വിശദീകരിച്ചു.

Advertisement

താണിശ്ശേരിയില്‍ തടയണ നിര്‍മ്മിക്കണം- സി.പി.ഐ.

കിഴുത്താണി: കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനം ലഭിക്കുന്ന തരത്തില്‍ താണിശ്ശേരി കെ.എല്‍.ഡി.സി. കനാലില്‍ തടയണ നിര്‍മ്മിക്കണമെന്ന് സി പി ഐ കാറളം ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കിഴുത്താണി ആര്‍ എം എല്‍ പി സ്‌കൂളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി  കെ.കെ. വസന്തരാജ് ഉദ്ഘാടനം ചെയ്തു. കെ.ശ്രീകുമാര്‍, ടി.കെ. സുധീഷ്, പി.മണി, എന്‍.കെ.ഉദയപ്രകാശ് എന്നിവര്‍ അഭിവാദ്യം ചെയ്തു. പ്രൊഫ.എം.എസ്. വിശ്വനാഥന്‍, ടി.എ.ദിവാകരന്‍, ഷംല അനീസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു. മുതിര്‍ന്ന അംഗം എന്‍. ആര്‍.കോച്ചന്‍ പതാക ഉയര്‍ത്തി. എം.സുധീര്‍ദാസ് അനുശോചന പ്രമേയവും റഷീദ് പി.എം. രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറിയായി കെ.എസ്.ബൈജുവിനെയും, അസി.സെക്രട്ടറിയായി എം.സുധീറിനെയും സമ്മേളനം തിരഞ്ഞെടുത്തു.

Advertisement

വയോജന സൗഹൃദ ആരോഗ്യ പരിപാലന പദ്ധതി

ഇരിങ്ങാലക്കുട: കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മിഷന്‍ ആശുപത്രിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇരിങ്ങാലക്കുട ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘വയോജവ സൗഹൃദ ആരോഗ്യ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം 2017 നവംബര്‍ 30 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആശുപത്രി അങ്കണത്തില്‍ വച്ച് എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ നിര്‍വ്വഹിക്കുന്നു. കഴിഞ്ഞ 50ഓളം വര്‍ഷങ്ങളായി കാട്ടൂര്‍, കരാഞ്ചിറ, എടത്തിരുത്തി, പൊറത്തിശ്ശേരി, കാറളം,താണിശ്ശേരി, എടമുട്ടം, ചിറക്കല്‍ എന്നീ പ്രദേശങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു കൈത്താങ്ങാണ് കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മിഷന്‍ ആശുപത്രി. വര്‍ഷങ്ങളായുള്ള സഹായ-സേവനങ്ങള്‍ക്ക് പുതിയ മാനം നല്‍കി ഈ ഒരു വര്‍ഷം ‘വയോജന സൗഹൃദ വര്‍ഷ’മായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. 30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയ പറമ്പില്‍ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ശാഖ ഐ.എം.എ. പ്രസിഡന്റും ഈ പദ്ധതിയുടെ ചെയര്‍മാനുമായ ഡോ.എം.എം.ഹരീന്ദ്രനാഥന്‍ (ഡി.എല്‍.ഒ., ഇ.എന്‍.ടി.സ്‌പെഷ്യലിസ്റ്റ്) പദ്ധതിവിവരണം നടത്തുന്നു. ഡോ.ജോം ജേക്കബ് നെല്ലിശ്ശേരി (എം.ഡി., ബി.എ.എം.എച്ച്, കരാഞ്ചിറ & പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു. ഡോ.ഹരീന്ദ്രനാഥന്‍ (എ.എം.എ. പ്രസിഡന്റ്), രക്ഷാധികാരി സി.സീമ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍  ഡോ.ജോം ജെക്കബ്, ലൈസ പോള്‍, സ്റ്റുഡന്റ് റപ്രസന്റേറ്റീവ് ഹരിത ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement

എന്‍ എഫ് പി ഇ രാപ്പകല്‍ നിരാഹാര സമരം

ഇരിങ്ങാലക്കുട: കമലേഷ്ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ട് ജി.ഡി.എസ്. വേതന പരിഷ്‌കരണം നടപ്പിലാക്കുന്നതിനും, അവകാശപത്രികയിലെ മറ്റു ഡിമാന്റുകള്‍ അംഗീകരിപ്പിക്കുന്നതിനാുമായി എന്‍.എഫ്.പി.ഇ. സംഘടിപ്പിക്കുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട ഡിവിഷണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന് കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് തികഞ്ഞതിന്റെ ഭാഗമായാണ് സമര പരിപാടികള്‍ അരങ്ങേറുന്നത്. കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീകുമാര്‍ വി. ഉദ്ഘാടനം ചെയ്തു. എല്‍.സി.സി. ചെയര്‍മാന്‍ സുധാകരന്‍ ബി.കെ.അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് പി.പി. സ്വാഗതം പറഞ്ഞു. എന്‍.എഫ്.പി.ഇ. സര്‍ക്കിള്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സുഗതന്‍ കെ.എസ്., ശബരീഷ് ഇ.ഇ.,ശക്തിധരന്‍ ടി.കെ., പി.ഡി.ബിജു., വാസു ഒ.എസ്. എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Advertisement

ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി

നടവരമ്പ്: നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍  ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്നു നടത്തിയ ക്ലാസ്സ് ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസര്‍ റാഫേല്‍ നയിച്ചു. ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം, കൊളാഷ് എന്നിവയും ലഹരി വസ്തുക്കളുടെ ഉപയോഗംമൂലമുണ്ടാകുന്ന രോഗങ്ങളുടെ ചിത്രങ്ങള്‍, മോഡലുകള്‍ തുടങ്ങിയവയും കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ റോഫി റ്റീച്ചര്‍ ഗൈഡ് ക്യാപ്റ്റന്‍ സി.ബി ഷക്കീല റ്റീച്ചര്‍ എന്‍.എസ്.എസ് ലീഡര്‍ അജ്മല്‍, വളന്റിയര്‍മാരായ ശലഭ, മിദേഷ്, മരിയ, തങ്കന്‍, യു.എസ്. അഭിജിത്ത് എന്നിവര്‍ സംസാരിച്ചു

Advertisement

ഗ്രീന്‍ലാന്‍ഡിങ് നേന്ത്രവാഴ വിളവെടുപ്പ്

പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊടുത്ത പുരുഷ സ്വയം സഹായ സംഘമായ ഗ്രീന്‍ലാന്‍ഡിങ് നേന്ത്രവാഴ വിളവെടുപ്പ് നടത്തി. മുരിയാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍കെ.സി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഗ്രീന്‍ലാന്‍ഡിങ് സ്വയം സഹായ സംഘം പ്രസിഡന്റ്  കെ.എസ്.ആന്റോ (ജോസഫ്), സെക്രട്ടറി വി.കെ.ഗിരിജന്‍, ബാങ്ക് ഭരണസമിതി അംഗം ചന്ദ്രന്‍ കിഴക്കേവളപ്പില്‍, പുല്ലൂര്‍ ക്ഷീരോത്പാദകസംഘം പ്രസിഡന്റ് പി.വി.കുമാരന്‍, ഗ്രീന്‍ പുല്ലൂര്‍ കോ-ഓര്‍ഡിനേറ്റര്‍ എം.വി.ഗിരീഷ് കുമാര്‍, ജോസ് കോക്കാട്ട്, ബാലകൃഷ്ണന്‍ തുമ്പരത്തി, ലാലു പെരേപ്പാടം എന്നിവര്‍ നേതൃത്വം നല്‍കി. നേന്ത്രവാഴയ്ക്കു പുറമെ പയറ്, വെണ്ട, മുളക്, തക്കാളി, പാവയ്ക്ക തുടങ്ങി 12ല്‍ പരം പച്ചക്കറികളും സ്വയം സഹായസംഘം ഉത്പാദിപ്പിക്കുന്നുണ്ട്.
Advertisement

ആല്‍ത്തറയിലെ വാട്ടര്‍ അതോറിറ്റി ഉറവ എന്നും ജലസമൃദ്ധം..

ഇരിഞ്ഞാലക്കുട: വേനലിലേക്ക് കടക്കുമ്പോഴും കുടിവെള്ളത്തിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന വളരെയധികം കുടുംബങ്ങള്‍ മുന്‍സിപ്പാലിറ്റിക്ക് അകത്തു തന്നെ ഉള്ളപ്പോഴും മാസങ്ങളായി ഇരിങ്ങാലക്കുട ആല്‍ത്തറയോടു ചേര്‍ന്ന്  പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ത്ത മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും ഈ വാര്‍ത്ത നിറയുന്നുണ്ടെങ്കിലും വാട്ടര്‍ അതോറിറ്റിക്കും മുന്‍സിപ്പാലിറ്റിക്കും ഇതിപ്പോഴും കണ്ട മട്ടില്ല. വെള്ളം പോകുന്നത് മൂലം ആല്‍ത്തറ മുതല്‍ ബസ് സ്റ്റാന്റ് വരെയുള്ള റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്നതും ഒരു വിഷയമല്ല . ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള റോഡിലെ കുഴികള്‍ അടക്കണമെന്ന് പറഞ്ഞ് നിരന്തരം സമരങ്ങള്‍ നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഇതിനെ അവഗണിക്കുകയാണ്.

Advertisement

റൂബി ജൂബിലി ദനഹാതിരുന്നാള്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തിലെ ജനുവരി  6,7,8 തീയതികളില്‍ നടക്കുന്ന റൂബിജുബിലീ ദനഹാ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റു തെച്ചില്‍ ആശീര്‍വദിച്ച് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഫാ. ഡോ. ആന്റോ ആലപ്പാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ലിജോന്‍ ബ്രഹ്മകുളം ഫാ. അജോ പുളിക്കല്‍, ട്രസ്റ്റിമാരായ ലോറന്‍സ് ആളൂക്കാരന്‍, ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര, ജനറല്‍ കണ്‍വീനര്‍ സിജോ   എടതുരുത്തിക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ സംസാരിച്ചു

Advertisement

അനധികൃത പ്രവര്‍ത്തനത്തിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്ത്

മുരിയാട്: ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കാറ്ററിങ്ങ് സെന്ററിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്ത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്താണ് നടപടിയെടുക്കാത്തതിന് ഖേദം പ്രകടിപ്പിച്ച് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്. നേരത്തെ മലിനജലം പുറത്തേക്ക് ഒഴുക്കുന്നുവെന്ന ഷാജു വെളിയത്തിന്റെ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറി കാറ്ററിങ്ങ് സെന്ററിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കി ഒരാഴ്ചയായിട്ടും പഞ്ചായത്ത് നടപടിയെടുത്തിട്ടില്ല. ഇതുമൂലം ഇപ്പോഴും കാറ്ററിങ്ങ് സര്‍വ്വീസ് സെന്റര്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരികയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് സി.പി.ഐ അംഗമായ ഷാജു വെളിയത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ഖേദം പ്രകടിപ്പിച്ച് കത്ത് നല്‍കിയത്.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe