പുല്ലൂര്‍ : എസ് എസ് എല്‍ സി പരിക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആ വിജയത്തിന്റെ മധുരം ജീവിതദുരിതത്തിന്റെ കയ്പുകള്‍ക്കിടയില്‍ ഏറെ മാധൂര്യമാവുകയാണ് ഏരിപാടം വീട്ടില്‍ അഭിജിത്ത് എന്ന പുല്ലൂര്‍ സ്വദേശിക്ക്.ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിജിത്തിന്റെ പിതാവ് ദേവരാജന് തലച്ചോറില്‍ ടൂമര്‍ വന്നതിനെ തുടര്‍ന്നാണ് ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ കടന്ന് കൂടിയത്.സ്വന്തമായി വീട് പോലും ഇല്ലെങ്കില്ലും പഠനത്തില്‍ മികവ് കാട്ടിയിരുന്ന അഭിജിത്തിന്റെ തുടര്‍പഠനത്തിനും ഭര്‍ത്താവിന്റെ ചികിത്സാചിലവുകള്‍ക്കും അഭിജിത്തിന്റെ അമ്മയുടെ തുഛമായ ശബളം തികയില്ല എന്ന് മനസിലാക്കി സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് ഇരിങ്ങാലക്കുടയിലെ കെ എസ് പാര്‍ക്കിന് സമീപം ബലൂണ്‍ കച്ചവടം നടത്തിയാണ് അഭിജിത്ത് പഠനത്തിനുള്ള ചിലവ് കണ്ടെത്തിയിരുന്നത്.പുല്ലൂര്‍ നാടകരാവ് ടീമിലെ മികച്ചൊരു നാടക കലാകാരനും കൂടിയായ അഭിജിത്തിന് ഈ കുഞ്ഞ് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ജീവിത പ്രാരാബ്ദങ്ങളെ തുടര്‍ന്ന് കലാപ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് ഉള്ളത്.അവധികാലത്ത് കമ്പ്യൂട്ടര്‍ ക്ലാസിനും മറ്റും പോകുന്ന കൂട്ടുകാരുള്ള അഭിജിത്തിന് ഏതെങ്കിലും ജോലി കണ്ടെത്തി അവധികാലത്ത് അമ്മയ്ക്ക് തുണയാകണമെന്നാണ് ആഗ്രഹം.പ്ലസ് ടുവിന് ശേഷം സോഫ്റ്റ് വെയര്‍ പഠനവും സിവില്‍സര്‍വ്വീസും കരസ്ഥമാക്കണമെന്നാണ് അഭിജിത്തിന്റെ ആഗ്രഹം.
ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ഷ്രെഡ്ഡിംഗ് – ബെയ്‌ലിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ഷ്രെഡ്ഡിംഗ് – ബെയ്‌ലിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ .ടി ജലീല്‍ നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി ഒ .എന്‍ അജിത്ത് കുമാര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി.ഉറവിടങ്ങളില്‍ വെച്ച് വേര്‍തിരിച്ച പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കള്‍ നഗരസഭ പ്രദേശത്ത് നിന്നും ഹരിതകര്‍മ്മ സേന വഴി ശേഖരിക്കുകയും ,ഇങ്ങനെ ശേഖരിച്ച പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കള്‍ തരം തിരിച്ച് പുനരുപയോഗം സാദ്ധ്യമായവ ബെയ്‌ലിംഗ് നടത്തുന്നതിനും ,പുനരുപയോഗം സാദ്ധ്യമല്ലാത്തവ ഷ്രഡ്ഡിംഗ് നടത്തുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് .ഇരിങ്ങാലക്കുട ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ ,ആരോഗ്യകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,വികസന കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വി സി വര്‍ഗ്ഗീസ് ,ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സല ശശി,വിദ്യാഭ്യാസ -കലാകായികം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഷാജു ,കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് ചാക്കോ ,സി പി ഐ (എം) ഏരിയ സെക്രട്ടറി പി വി ശിവകുമാര്‍ ,സി പി ഐ ഏരിയ സെക്രട്ടറി പി .മണി ,ബി ജെ പി നിജോജക മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍ കുമാര്‍,കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ്കുട്ടി എം നന്ദി പറഞ്ഞു
ഇരിങ്ങാലക്കുടയില്‍ ബസിന്റെ ടയര്‍ ഊരി പോയി അപകടം
ഇരിങ്ങാലക്കുട : ഓടികൊണ്ടിരിക്കേ സ്വകാര്യ ബസിന്റെ ടയര്‍ ഊരിപോയി.ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30 തോടെയാണ് അപകടം നടന്നത്.ഇരിങ്ങാലക്കുട – മുപ്ലിയം റൂട്ടില്‍ ഓടുന്ന പീ ജീ ട്രാവല്‍സിന്റെ ബസിന്റെ മുന്‍വശത്തേ ടയറാണ് ഊരി പോയത്.നിയന്ത്രണം വിട്ട ബസ് സമീപത്തേ മരത്തിന്റെ ചില്ലയില്‍ ഇടിച്ച് തെരുവ് വിളക്കിന്റെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ബസിന്റെ മുന്‍വശത്തേ ചില്ല് തകര്‍ന്നു.പരിക്കേറ്റ യാത്രക്കാരെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.സി.വൈ.എം. രൂപത കലോത്സവം നിറവ് : 2018 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി
കൊടകര : ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം.കലോത്സവം നിറവ് 2018 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി. മെയ് 6, 12, 13 തിയ്യതികളിലായി പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന കെ.സി.വൈ.എം.കലോത്സവം നിറവ് 2018 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. ബെഞ്ചമിന്‍ ചിറയത്ത്, പേരാമ്പ്ര പള്ളി വികാരി ഫാ. പോള്‍ എളങ്കുന്നപ്പുഴ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കെ.സി.വൈ.എം. രൂപത ചെയര്‍മാന്‍ എഡ്വിന്‍ ജോഷി അദ്ധ്യക്ഷത വഹിച്ചു. രൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി 500 ഓളം യുവജനങ്ങള്‍ കലോത്സവത്തില്‍ മാറ്റുരക്കുമെന്ന് രൂപത കണ്‍വീനര്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ബിജോയ് ഫ്രാന്‍സീസ്, കലോത്സവം ജനറല്‍ കണ്‍വീനര്‍ ടിറ്റോ തോമസ്, പേരാമ്പ്ര കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ ബേബി, ചാലക്കുടി മേഖല പ്രസിഡന്റ് ലിബിന്‍ മുരിങ്ങലത്ത്, സ്റ്റേറ്റ് സെനറ്റ് മെമ്പര്‍ നൈജോ ആന്റോ, അഭിലാഷ് ജോണി, പേരാമ്പ്ര കെ.സി.വൈ.എം. വൈസ് പ്രസിഡന്റ് റോസ്, ഡെല്‍ജി, അലീന, അമല്‍, വിപിന്‍, അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ആനകളുടെ സ്വന്തം സ്‌ക്വാഡിന്റെ സേവനം ഇരിങ്ങാലക്കുടയില്‍ 10 പൂര്‍ത്തിയാക്കുന്നു
ഇരിങ്ങാലക്കുട : മലയാളികളുടെ അന്തസ്സും അഭിമാനവുംമായ പൂരവും ആനയും എന്നും നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ ആരംഭിച്ച എലഫെന്റ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (എലിഫണ്ട് സ്‌ക്വാഡ് ) പ്രവര്‍ത്തനം ആരംഭിച്ചിട്ട് 11 വര്‍ഷം തികയുന്നു.ഇരിങ്ങാലക്കുടയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിസിമമാണ്.അഞ്ചില്‍ കൂടുതല്‍ ആനകളുടെ പൂരം നടക്കുന്ന സ്ഥലത്ത് ഇവരുടെ സേവനം ലഭ്യമാണ്. തൃശൂരിലെ ‘കേരള സ്റ്റേറ്റ് എലഫന്റ് ഓണേഴ്‌സ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ കീഴിലാണ് ഇവരുടെ പ്രവര്‍ത്തനം.പ്രമുഖ വ്യവസായിയും ആനയുടമയുമായ ശ്രീ സുന്ദര്‍ മേനോന്‍ ആണ് പ്രസിഡന്റ്.
ആന ഇടഞ്ഞാല്‍ ഉടന്‍ സ്വീകരിയ്‌ക്കേണ്ട എല്ലാ അവശ്യ നടപടികളും വശത്താക്കിയ 40 ഓളം പേര്‍ അടങ്ങിയ ആനപ്രേമികളാണ് സംഘാംഗങ്ങള്‍.2007 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവര്‍ തന്നെയാണ് കേരളത്തിലെ ഏക അംഗീകൃത സ്‌ക്വാഡും.തൃശൂര്‍ പൂരത്തിന് ഇരു വിഭാഗത്തിനും കൂടി 40 സംഘമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ബോംബെ പൂരം, ഗുജറാത്ത് ഗജമേള, കോയമ്പത്തൂര്‍ പൂരം എന്നിവിടങ്ങളിലും സ്ഥിരം സേവനം അനുഷ്ഠിക്കുന്നവരാണ്.ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ 17 ആനയെ വീതം 2 നേരവും എഴുന്നെള്ളിയ്ക്കുന്നുണ്ട്. ഇത്രയും ആനകളെ കൃത്യമായി സുരക്ഷയോടെ കൈകാര്യം ചെയ്യുന്നതിന് ഇവരുടെ സേവനം എടുത്ത് പറയേണ്ടതാണ്.വിവിധ തരം വടങ്ങള്‍, ക്യാച്ചര്‍ ബല്‍ട്ടുകള്‍, തോട്ടി, വടി, ഫസ്റ്റ് എയ്ഡ് എന്നിവയെല്ലാം അടങ്ങിയ ആമ്പുലന്‍സും ഇവര്‍ക്കുണ്ട്.പ്രശസ്ത ആന വിദഗ്ധനായ ഡോ.’ ഗിരിദാസന്റെ നിര്‍ദ്ദേശത്തില്‍ തൃശൂര്‍ സ്വദേശിയായ രമേഷിന്റെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.ഉത്സവങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന തിരുവില്ലാമല ക്ഷേത്രത്തില്‍ നിന്നും ഇവരുടെ ഒരു വര്‍ഷത്തേ സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു.
ഗജരാജനും ജനനായകനും ഒരു ഫ്രെയ്മില്‍:അടിക്കുറിപ്പ്-4 ലെ മത്സരത്തില്‍ നിഷ സാഞ്ജാന വിജയിയായി.
ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-4 ലെ മത്സരത്തില്‍ ‘ഗജരാജനും ജനനായകനും ഒരു ഫ്രെയ്മില്‍’ എന്നു അടിക്കുറിപ്പ് അയച്ച നിഷ സാഞ്ജാന വിജയിയായി.ഇരിങ്ങാലക്കുട്.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച് വിതരണം ചെയ്യും.163 ഓളം അടിക്കുറിപ്പില്‍ നിന്നാണ് നിഷയെ വിജയിയായി തിരഞ്ഞെടുത്തത്
കൂടല്‍മാണിക്യ ഉത്സവസമയത്ത് ഇരുട്ടില്‍ തപ്പി ഠാണ-ബസ് സ്റ്റാന്റ് റോഡ്
ഇരിങ്ങാലക്കുട : സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റിലേയ്ക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പത്ത് ദിവസം രാവും പകലുമായി നീണ്ട് നില്‍ക്കുന്ന കേരളത്തിലെ ഉത്സവ കാലത്തിന് സമാപനം കുറിക്കുന്ന കൂടല്‍മാണിക്യം ഉത്സവം നടക്കുന്ന ഇരിങ്ങാലക്കുടയില്‍ നഗരത്തിലെ പ്രധാന റോഡായ ഠാണ ബസ് സ്റ്റാന്റ് റോഡ് രാത്രിയില്‍ തെരുവ് വിളക്ക് ഒന്നുപോലും കത്താതെ ഇരുട്ടില്‍ മുങ്ങുന്നു.ചില കടകളിലെയും വാഹനങ്ങളുടെയും വെളിച്ചം മാത്രമാണ് റോഡില്‍ ഉള്ളത്.രാത്രി പത്ത് മണിയോടെ കടകള്‍ മിക്കവാറും അടക്കുന്നതിനാല്‍ കുറ്റാകുറ്റിരുട്ടാകുകയാണ് നഗരത്തിലെ പ്രധാന റോഡ്.ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ കാണാന്‍ എത്തുന്ന അന്യദേശക്കാര്‍ പോലും ഉത്സവത്തിന്റെ യാഥൊരു പ്രതിധ്യനിയും നഗരത്തില്‍ കാണാതെ വട്ടം ചുറ്റുകയാണ്.ഠാണാവ് – ബസ് സ്റ്റാന്റ് റോഡില്‍ മാസങ്ങള്‍ക്ക് മുന്‍പ് അരികുകള്‍ വീതി കൂട്ടുന്നതിനായി കോണ്‍ക്രീറ്റിംങ്ങ് നടത്തിയപ്പോഴാണ് തെരുവ് വിളക്കിന്റെ കേബിളുകള്‍ പൊട്ടിയത്.എന്നാല്‍ നാളിത് വരെയായിട്ടും ബദ്ധപ്പെട്ട അധികാരികള്‍ നഗരഹൃദയത്തില്‍ തെരുവ് വിളക്കുകള്‍ കത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് മാത്രമാണ് കൂടല്‍മാണിക്യ ഉത്സവത്തിന്റെ ദീപാലങ്കാരങ്ങള്‍ ആരംഭിക്കുന്നത്.
പുല്ലൂരില്‍ വീണ്ടും വാഹനാപകടം കാറ് മതിലില്‍ ഇടിച്ച് മറിഞ്ഞു
പുല്ലൂര്‍ : പുല്ലൂര്‍ എസ് എന്‍ ബി എസ് സ്‌കൂളിന് സമീപം വാഹനാപകടം.മാരുതി കാറ് റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞു.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്ന് നാട്ടുക്കാര്‍ പറയുന്നു.നിയന്ത്രണം നഷ്ടപ്പെട്ട കാറ് റോഡരികില്‍ പോക്കറ്റ് റോഡില്‍ നിന്നും കയറുന്ന വാഹനങ്ങള്‍ക്ക് വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങള്‍ കാണുന്നതിനായി വ്യാപാരി വ്യാവസായ സമിതി സ്ഥാപിച്ചിരുന്ന കോണ്‍കേവ് മീറര്‍ തകര്‍ത്ത് തെട്ടടുത്ത വീടിന്റെ മതില്‍ ഇടിച്ചാണ് മറിഞ്ഞാണ് നിന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാരതത്തിലെ ഹൈന്ദവ ഉണര്‍വ്വ് നിലനിര്‍ത്തണം : സ്വാമി ചിദാനന്ദപുരി മഹാരാജ്
ചേര്‍പ്പ് : ഭാരതമാസകലം ദൃശ്യമാകുന്ന ഹൈന്ദവ ഉണര്‍വ്വ് നിലനിര്‍ത്തിപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ചിദാനന്ദപുരി മഹാരാജ് പറഞ്ഞു. മൂന്നാമത് ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ മാനബിന്ദുക്കളെ അപമാനിച്ച് ഹിന്ദുധര്‍മ്മത്തെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത പരിശ്രമങ്ങള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ ഭാരതത്തിലെ ചരിത്രത്തില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. സാമാജിക ഉണര്‍വിലൂടെയും സാമൂഹ്യനവോത്ഥാനത്തിലൂടെയും ഈ വെല്ലുവിളികളെ അതിജീവിച്ച ചരിത്രം ഹിന്ദുസമൂഹം ഓര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുകൃതാനന്ദ ദീപപ്രോജ്ജ്വലനം നടത്തി. അഡ്വ.രവികുമാര്‍ ഉപ്പത്ത് ആറാട്ടുപുഴ സേവാസംഗമസമിതി പ്രസിഡണ്ട് എ.എ.കുമാരന്‍, ധീവരസഭ സംസ്ഥാന സെക്രട്ടറി ജോഷി ബ്ലാങ്ങാട്ട് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. സ്മരണിക പ്രകാശനം ആറാട്ടുപുഴ-പെരുവനം പൂരം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഇ.വി.കൃഷ്ണന്‍നമ്പൂതിരി നിര്‍വഹിച്ചു. രാവിലെ വൃക്ഷപൂജ നടന്നു. ബ്രഹ്മശ്രീ കിഴക്കേടത്ത് മാധവന്‍ നമ്പൂതിരി, ഇയ്യാഞ്ചേരി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി.
ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ച് നല്‍കുന്ന സ്വാമി മൃഢാനന്ദ സ്മാരക ആദ്ധാത്മിക പുരസ്‌കാരം സാഹിത്യകാരനായ പി.ആര്‍.നാഥന് സ്വാമി ചിദാനന്ദപുരി മഹാരാജ് നല്‍കി. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. കെ.പി.കൊച്ചുകൃഷ്ണ ഗണകന്‍ സ്മാരക സംസ്‌കൃത പ്രചാര പുരസ്‌കാരം രഞ്ജിത്ത് കെ കോഴിക്കോടിന് നല്‍കി. ആദ്ധ്യാത്മിക പ്രവേശിക എന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാമി ചിദാനന്ദപുരി മഹാരാജ് നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്‍ പുസ്തകം ഏറ്റുവാങ്ങി.
എസ്.എസ്.എൽ.സി 100% കരസ്ഥമാക്കി ഇരിങ്ങാലക്കുടയിലെ സർക്കാർ സ്കൂളുകൾ അഭിമാനമായി.
ഇരിങ്ങാലക്കുട: നാടിന് അഭിമാനമായി ഇരിങ്ങാലക്കുടയിലെ സർക്കാർ സ്കൂളുകളായ ഗവ:ബോയ്സ് സ്കൂളും ഗവ: ഗേൾസ് സ്കൂളും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് സ്കൂൾ ചരിത്ര വിജയം കരസ്ഥമാക്കിയത്.കഴിഞ്ഞ വർഷം ഒരു വിദ്യാർത്ഥി ഒരു വിഷയത്തിൽ പരാജയപ്പെട്ടതിനാൽ 100% നഷ്ടപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് ഭക്ഷണവും മറ്റും നൽകി പ്രേത്യേക പരിശീലനം നൽകിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്.
കൂടല്‍മാണിക്യം എഴുന്നള്ളിപ്പിന് ഭഗവാന്റെ സ്വര്‍ണ്ണകോലം.
ഇരിങ്ങാലക്കുട: ഉത്സവനാളുകളില്‍ രാവിലെ ശീവേലിക്കും, രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വര്‍ണ്ണകോലം എഴുന്നള്ളിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവനാളുകളില്‍ ശിവേലിക്കും വിളക്കിനും സ്വര്‍ണ്ണകോലത്തിലാണ് ഭഗവാന്‍ എഴുന്നള്ളുക. മാത്യക്കല്‍ ബലിയും, മാത്യക്കല്‍ ദര്‍ശനവും കഴിഞ്ഞ് ദേവചൈതന്യം ആവാഹിച്ച തിടമ്പ് കോലത്തില്‍ ഉറപ്പിച്ചശേഷം കുത്തുവിളക്കുകളുടെ അകമ്പടിയോടെ പുറത്തേയ്ക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ആനപ്പുറത്ത് തിടമ്പേറ്റി വാളും പരിചയും, കുത്തുവിളക്കുമായി പാരമ്പര്യ അവകാശികളുടെ അകമ്പടിയോടെ രാജകീയ രീതിയിലാണ് ഭഗവാന്റെ സ്വര്‍ണ്ണകോലം എഴുന്നള്ളിപ്പ്. മുന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം 17 ആനകളെ അണിനിരത്തികൊണ്ടുള്ള കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. കൂട്ടിയെഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്ന 17 ആനകളില്‍ ഏഴ് ആനയുടെ ചമയങ്ങള്‍ മുഴുവന്‍ സ്വര്‍ണ്ണത്തിലും പത്ത് ആനകളുടെ ചമയങ്ങള്‍ വെള്ളിയിലുമാണ്. ഇതിനുപുറമെ തിടമ്പേറ്റുന്ന ആനപ്പുറത്തെ വെഞ്ചാമരത്തിന്റെ പിടികളും സ്വര്‍ണ്ണത്തിന്റേതാണെന്നതും കൂടല്‍മാണിക്യം ഉത്സവത്തിന്റെ പ്രത്യേകതയാണ്.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
ആറാം ഉത്സവമായ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ ശീവേലി, 2.30 മുതല്‍ തിരുവാതിരക്കളി, 3.05 മുതല്‍ ഭക്തിസംഗീതം, 4.35 മുതല്‍ വയലിന്‍ദ്വയം, 5.30 മുതല്‍ വിലാസിനി നാട്യം, 7.30 മുതല്‍ കര്‍ണ്ണാടക സംഗീതകച്ചേരി, 10 മുതല്‍ രാവണോത്ഭവം, കിരാതം കഥകളി.
ശിവപാര്‍വ്വതീ ചരിതമോതി’ കുറത്തിയാട്ടം
ഇരിങ്ങാലക്കുട: ഭഗവാന്‍ ശിവനെ കേന്ദ്രീകരിച്ചുള്ള കഥകളാണ് പ്രധാനമായും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അവതരിപ്പിച്ചു വരുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കുറത്തിയാട്ടത്തില്‍ കഥാപാത്രങ്ങളാകുന്നു. സംഗീത നാടകം പോലുള്ള ഒരു ഗ്രാമീണ കലാരൂപമാണ് കുറത്തിയാട്ടം. തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം എന്നിങ്ങനെ കുറത്തിയാട്ടത്തിന് വകഭേദങ്ങളുണ്ട്. കുറത്തി, കുറവന്‍, നാട്ടുപ്രമാണി, വൃദ്ധന്‍ തുടങ്ങിയവരാണ് വടക്കന്‍ കുറത്തിയാട്ടത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തൃശ്ശൂര്‍ പൂരത്തിന് പോകുന്ന കുറവനും, കുറത്തിയും തിരക്കില്‍പ്പെട്ട് വേര്‍പ്പിരിയുന്നു. പരസ്പരം അന്വേഷിച്ചു നടക്കുന്നു. അവസാനം ഇവര്‍ തമ്മില്‍ കണ്ടു മുട്ടുന്നു. ഇതാണ് വടക്കന്‍ കുറത്തിയാട്ടത്തിലെ കഥ. തെക്കന്‍ കുറത്തിയാട്ടത്തില്‍ കുറത്തി, കുറവന്‍, മുത്തിയമ്മ എന്നീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. പാര്‍വ്വതിയേയും, മഹാലക്ഷ്മിയേയും പ്രതിനിധീകരിക്കുന്ന കുറത്തി വേഷങ്ങള്‍ രംഗത്തു വന്ന് ഭര്‍ത്താക്കന്മാരെ കുറ്റം പറയുന്നതും സരസ്വതിയെ പ്രതിനിധീകരിക്കുന്ന കുറത്തിയെത്തി തര്‍ക്കം തീര്‍ക്കുന്നതുമാണ് കഥാസാരം. പണ്ട് കാലത്ത് രണ്ടുമണിക്കൂര്‍ വരെ നീണ്ടുനിന്നിരുന്ന കുറത്തിയാട്ടം ഇപ്പോള്‍ അരമണിക്കൂറായി ചുരുങ്ങി. എങ്കിലും അന്യം നിന്നുക്കൊണ്ടിരിക്കുന്ന ഈ കലാരൂപം ആസ്വദിക്കാന്‍ പഴമക്കാര്‍ക്കൊപ്പം പുത്തന്‍ തലമുറയും താത്പര്യം കാണിക്കുന്നു
എനിക്കറിയാം ആശാനേ… ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും, താഴെ നീ മയക്കത്തിലാണെന്നും…..:അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ അനു അരവിന്ദ് വിജയിയായി.
ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ ‘എനിക്കറിയാം ആശാനേ… ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും,
താഴെ നീ മയക്കത്തിലാണെന്നും…..’ എന്നു അടിക്കുറിപ്പ് അയച്ച അനു അരവിന്ദ് വിജയിയായി.ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ ആര്‍ട്‌സ് ടീച്ചറാണ് അനു അരവിന്ദ്.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച് വിതരണം ചെയ്യും.
ഓങ്ങല്ലൂര്‍ മാരാത്ത് ടി.എം. ഗോവിന്ദന്‍ മാരാര്‍ നിര്യാതനായി
ഇരിങ്ങാലക്കുട: ഓങ്ങല്ലൂര്‍ മാരാത്ത് ടി.എം. ഗോവിന്ദന്‍ മാരാര്‍ ( വിജയൻ ) (68) ഭാര്യവസതിയായ ഇരിങ്ങാലക്കുട പത്മനിവാസില്‍ വെച്ച് അന്തരിച്ചു. മേളകലാകാരൻ തൃപ്പേക്കുളം അച്യുതമാരാരുടെ മകള്‍ ഇന്ദിരയാണ് ഭാര്യ. മക്കള്‍: വിദ്യ, ദീപ, ദിവ്യ. മരുമക്കള്‍: സുനില്‍, ജിജേഷ്, പ്രദീപ്. വ്യാഴാഴ്ച രാവിലെ 7:30 മുതല്‍ 8:30 വരെ വടക്കൂട്ട് മാരാത്ത് വസതിയിലും പിന്നീട് പട്ടാമ്പിയിലുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിനു വെക്കും. തുടർന്ന് ഒരുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍ ശവസംസ്‌ക്കാരം നടക്കും
gijesh : 9746272728 , 7012627971
കളിയും ഗോളും റഷ്യയില്‍ :മാവ് കേരളത്തില്‍
ഇരിങ്ങാലക്കുട :ഭൂമിയെന്ന ഫുട്‌ബോളിലെ ഏറ്റവും വലിയ തുകല്‍ പാളിയായ റഷ്യയിതാ,ലോകത്തെ ഒരു പന്ത് കാട്ടി വിളിക്കുന്നു. വരൂ, എന്തിനാ? ലോകത്തെ ഏറ്റവും വലിയ കായിക ഉത്സവമായ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്, കാല്‍പന്ത് കളിയുടെ മഹാസമ്മേളനത്തിന്. പച്ച പരവതാനിയില്‍ മനുഷ്യന്റെ പാദസ്പര്‍ശനങ്ങളാല്‍
പന്ത് പുളകം കൊള്ളുമ്പോള്‍, കുതിക്കുമ്പോള്‍, അതിന്റെ സഞ്ചാര പഥങ്ങളെ
ലോകമൊന്നടക്കം പിന്‍തുടര്‍ന്ന് മനുഷ്യ മഹാസമുദ്രത്തില്‍ ഓളംവെട്ടുേേമ്പാള്‍,
ഇവിടെ, ഈ കൊച്ചു കേരളത്തില്‍, വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയില്‍,
മാവച്ചന്‍ എന്നുവിളിക്കുന്ന ജോയ് പീണിക്കപറമ്പിലച്ചന്‍, റഷ്യന്‍ ഫുട്‌ബോള്‍
ലോകകപ്പിലടിക്കുന്ന ഗോളുകള്‍ക്ക് കേരളത്തില്‍ മാവ് നട്ട് പിടിപ്പിക്കാനുളള ഒരുക്ക
ത്തിലാണ്. 2014-ലെ ഒരു ഗോള്‍ ഒരു മരം പദ്ധതിയുടെയും 2015 മുതലുളള
എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ പദ്ധതിയുടെയും ചുവടുപിടിച്ച് 2018-ലെ
റഷ്യന്‍ ലോകക്പ്പിന് ഒരു ഗോളിന് ഒരു നാട്ടുമാവിന്‍ തൈ എന്ന പദ്ധതിക്കു
വേി ക്രൈസ്റ്റ് കോളേജും, ക്രൈസ്റ്റ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളും
ബയോഡൈവേഴ്‌സിറ്റി ക്ലബും, ക്രൈസ്റ്റ് എഞ്ചിനിയറിങ്ങ് കോളേജും, തൃശ്ശൂര്‍ സി.
എം.ഐ. ദേവമാത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി അണിയിച്ചൊരുക്കുന്നു.
അതിനുവേിയുളള നാട്ടുമാവിന്റെ വിത്തുകള്‍ വീടുകളില്‍നിന്നും, സ്ഥാപനങ്ങ
ളില്‍നിന്നും, വ്യക്തികളില്‍നിന്നും, വിദ്യാര്‍ത്ഥികളില്‍നിന്നും ശേഖരിച്ച് മുളപ്പിക്കു
വാന്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം ലോകകപ്പിന്റെ ഭാഗമായി 3000 നാട്ടുമാ
വിന്‍ തൈകള്‍ മുളപ്പിച്ച് നല്കണമെന്നാണ് അച്ചന്റെ ആഗ്രഹം. അങ്ങനെ റഷ്യന്‍
ഫുട്‌ബോള്‍ ലോകകപ്പില്‍ ഗോളടിക്കുന്ന താരങ്ങള്‍ ഈ കൊച്ചു കേരളത്തില്‍
മാവിന്റെ രൂപത്തില്‍ പച്ചപ്പ് ആയി, തണലായി, മധുരമായി നിറഞ്ഞ് പടര്‍ന്ന് പന്തലി
ക്കട്ടെ.
അവധിക്കാല കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ നടക്കുന്ന അത്‌ല
റ്റിക്‌സ്, വോളിബോള്‍, ക്രിക്കറ്റ് എന്നിവയുടെ കോച്ചിങ്ങ് ക്യാമ്പുകള്‍ക്ക് തുടക്ക
മായി. കോച്ചിങ്ങ് ക്യാമ്പിന്റെ ഉദ്ഘാടനം ചാലക്കുടി എം.പി. ശ്രീ. ടി.വി. ഇന്ന
സെന്റ് നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ് ഡോ. മാത്യു പോള്‍
ഊക്കന്‍, വൈസ് പ്രിന്‍സിപ്പാള്‍മാരായ പ്രൊഫ. വി.പി. ആന്റോ, ഫാ. ജോയ് പി.ടി.,
ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ അസിസ്റ്റന്റ് പ്രൊഫ. ബിന്റു ടി. കല്യാണ്‍
തുടങ്ങിയവര്‍ സംസാരിച്ചു. അത്‌ലറ്റിക്‌സ് ക്യാമ്പിന് കൗണ്‍സില്‍ കോച്ചായ ശ്രീ.
സേവ്യര്‍ പൗലോസ്, ടഅകയില്‍ നിന്നും വിരമിച്ച വാള്‍ട്ടര്‍ ജോണ്‍ പി., ജംപിങ്ങ്
കായിക ഇനങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ താരം ശ്രീ. ജിഷ്‌കുമാര്‍ എന്നിവരും, വോളി
ബോളിന് കൗണ്‍സില്‍ കോച്ച് ശ്രീ, ലക്ഷ്മി നാരായണനും, ക്രിക്കറ്റിന് ഡോ.
സോണി ജോണ്‍ ടി.യും അസിസ്റ്റന്റ് പ്രൊഫ. ശ്രീ. രജേഷ് പ്രസാദും നേതൃത്വം
കൊടുക്കും.
പുല്ലൂര്‍: ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന വറീത് അന്തോണി(82) നിര്യാതനായി.
പുല്ലൂര്‍: ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന വറീത് അന്തോണി(82) നിര്യാതനായി.സംസ്‌ക്കാരം 03-05-2018 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടക്കും.ഭാര്യ:ആലീസ് അന്തോണി.മക്കള്‍:ഷൈനി,ഷെര്‍ലി,ജോര്‍ജ്ജ്.മരുമക്കള്‍:വര്‍ഗ്ഗീസ്,ദേവസ്സി,ലൂസി.
പുണ്യം പകര്‍ന്ന് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മാതൃക്കല്‍ ബലിദര്‍ശനം
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ താന്ത്രികചടങ്ങുകളില്‍ പ്രധാനപ്പെട്ട ശ്രീഭുതബലിയുടെ മാത്യക്കല്‍ ദര്‍ശനത്തിന് വന്‍ ഭക്തജനതിരക്ക്.മറ്റ് ക്ഷേത്രങ്ങളില്‍ മാതൃക്കല്‍ ബലിക്ക് ഭക്തജനങ്ങളെ തൊഴാന്‍ അനുവദിക്കാറില്ല. എന്നാല്‍ ഇവിടെ മാതൃക്കല്‍ ബലി തൊഴുന്നത് പരമപുണ്യമാണെന്നാണ് സങ്കല്‍പ്പം. രാവിലെ ശീവേലിക്കും വൈകീട്ട് വിളക്ക് എഴുന്നള്ളിപ്പിനുമായി ഭഗവാന്റെ തിടമ്പ് പുറത്തേയ്ക്കെഴുന്നള്ളിക്കുമ്പോഴാണ് മാത്യക്കല്‍ ബലി ദര്‍ശനം ചടങ്ങ് നടക്കുക. ദേവന്‍ ആദ്യമായി ശ്രികോവിലില്‍ നിന്നും പുറത്തിറങ്ങുന്ന കൊടിപ്പുറത്ത് വിളക്കിനാണ് ആദ്യ മാതൃക്കല്‍ ബലി. തുടര്‍ന്നുള്ള എട്ടുദിവസവും രാവിലെ 7.45നും, രാത്രി 8.15നും, പള്ളിവേട്ടയ്ക്കും ആറാട്ട് ദിവസവും രാവിലേയും മാതൃക്കല്‍ ബലി ഉണ്ട്. മാതൃക്കല്‍ ദര്‍ശനത്തിന് മുന്നോടിയായി ദേവാംശത്തെ തിടമ്പിലേയ്ക്ക് ആവാഹിച്ച് ശ്രീഭൂതബലി നടത്തും. ആദ്യപ്രദക്ഷിണംകൊണ്ട് അഷ്ടദിക് പാലകരെ പൂജിച്ച് ബലി തൂകുന്നു. തുടര്‍ന്നാണ് മാത്യക്കല്‍ ബലി നടത്തുക. മാത്യക്കല്‍ ബലിക്ക് ഈ ക്ഷേത്രത്തില്‍ പ്രത്യേകതകള്‍ ഉണ്ട്. വെള്ളി പീഠത്തിലാണ് സാധാരണ ഭഗവത് തിടമ്പ് എഴുന്നള്ളിച്ച് വയ്ക്കുക. എന്നാല്‍ ഇക്കുറി ഒരു ഭക്തന്‍ വഴിപാടായി സമര്‍പ്പിച്ച പിച്ചളയില്‍ പൊതിഞ്ഞ പീഠ(പഴുക്കാമണ്ഡപം) ത്തിലാണ് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ചുവെക്കുന്നത്. തുടര്‍ന്ന് തന്ത്രി ദേവാജ്ഞയനുസരിച്ച് മാത്യക്കളായ ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നി സപ്തമാത്യക്കള്‍, സര്‍വ്വമാത്യഗണങ്ങള്‍ തുടങ്ങി എല്ലാ രൂപത്തിലുമുള്ള മാത്യക്കളുടെ ഗണങ്ങളെ ക്ഷണിച്ചുവരുത്തി മന്ത്രപുരസരം അതിവിശിഷ്ടമായ ഹവീസും മറ്റും നല്‍കുന്നു. ശ്രീസംഗമേശന്‍ തന്നെ നേരിട്ട് എഴുന്നള്ളിയിരുന്ന് ഈ ബലി നടത്തിക്കുന്നുവെന്നാണ് സങ്കല്‍പ്പം. ഈ സമയത്ത് ചെണ്ട, തിമില, കൊമ്പ്, കുഴല്‍ എന്നിവ ചേര്‍ന്നുള്ള വാദ്യം ഒരു പ്രത്യേക പവിത്രാന്തരീക്ഷമാണ് സ്യഷ്ടിക്കുക. ദേവന്റേയും എല്ലാ മാത്യക്കളുടേയും സംഗമസമയമാകയാല്‍ ആ സന്ദര്‍ഭത്തിലെ ദര്‍ശനം പാപഹരം മാത്രമല്ല പുണ്യഹരം കൂടിയാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദര്‍ശനത്തിനായി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നത്. തുടര്‍ന്ന് വാതില്‍മാടത്തില്‍ ദേവി സങ്കല്‍പ്പത്തില്‍ ബലിതൂകി പുറത്തേയ്ക്കെഴുന്നള്ളിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും നിത്യശിവേലിക്ക് തിടമ്പ് പുറത്തേയ്ക്കെഴുന്നുള്ളിക്കുമെങ്കിലും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവകാലത്തുമാത്രമെ ദേവനെ പുറത്തേയ്ക്ക് എഴുന്നള്ളിക്കാറൊള്ളു. ദേവചൈതന്യം പൂര്‍ണ്ണമായും തിടമ്പിലേക്ക് ആവാഹിക്കുന്നതിനാലാണ് മാതൃക്കല്‍ ദര്‍ശനത്തിന് ഇത്രയും പ്രാധാന്യം.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഊട്ടുപുരയിലെ വിശേഷങ്ങള്‍
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവദിനങ്ങളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പ്രസാദ ഊട്ടില്‍ പങ്കെടുക്കും. തെക്കേ ഊട്ടുപുരയില്‍ ഉച്ചക്ക് ഭക്തജനങ്ങള്‍ക്കും കലാനിലയത്തില്‍ മൂന്നു നേരവും പ്രവര്‍ത്തിക്കാര്‍ക്കുമായിട്ടാണ് പ്രസാദഊട്ട് സംഘടിപ്പിച്ചിരിക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രം പോലെ തന്നെ ക്ഷേത്ര ഊട്ടുപുരയും പണ്ടേ പ്രസിദ്ധമാണ്. 2004 വരെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടവര്‍ക്കുമാത്രമായിരുന്നു ഭക്ഷണം. ഭൂപരിഷ്‌കരണനിയമം വരുന്നതിനു മുമ്പ് പതിനായിരക്കണക്കിന് പറ നെല്ല് അമ്പലത്തിന് പാട്ടമായി കിട്ടിയിരുന്നു. അന്ന് ഉണക്കലരി നിവേദ്യം ആയിരുന്നു ഉത്സവകാലഘട്ടത്തില്‍ ഉച്ചഭക്ഷണത്തിന്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഊട്ടുപുരയിലെ പുളിങ്കറി കൂട്ടി ചോറൂണ്ടതിന്റെ ആസ്വാദ്യത പ്രസിദ്ധകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി പങ്കുവെക്കുന്നുണ്ട്. കൂടല്‍മാണിക്യം ഊട്ടുപുര ഭക്ഷണം രുചിപ്പ് മധുരമൂറുന്ന വാക്കുകള്‍ കുഞ്ഞുണ്ണിമാഷും പറഞ്ഞിട്ടുണ്ട്. ക്ഷേത്ര ഊട്ടുപുരയുമായി ഏറെ ബന്ധമുള്ള പാചകവിദഗ്ദന്‍ കൂടിയായ കുഴിയേലി നകര്‍ണ്ണ് നാരായണന്‍ നമ്പൂതിരി പുളിങ്കറി മഹാത്മ്യത്തെപ്പറ്റി ഇങ്ങനെ സൂചിപ്പിക്കുന്നു. ചേന, ഇളവന്‍, മത്തങ്ങ ഇവയാണ് പുളിങ്കറിയുടെ കഷണങ്ങള്‍. മല്ലി, മുളക്, നാളികേരം എന്നിവ അരച്ച് ചേര്‍ത്താണ് പുളിങ്കറി നിര്‍മ്മാണം. മുതിരക്കൂട്ടാന്‍, മാമ്പഴകാളന്‍, ഇടിയന്‍ചക്കതോരന്‍, കായ പയര്‍മെഴുക്കുപുരട്ടി, മോര്, നാരങ്ങ, മാങ്ങ ഉപ്പിലിട്ടത്, പുളിയിഞ്ചി, പപ്പടം ഇതായിരുന്നു ആദ്യകാലവിഭവങ്ങള്‍. ഒരുതരത്തിലുള്ള ഉള്ളിയും പരിപ്പും ഉപയോഗിച്ചിരുന്നില്ല. പ്രഭാത ഭക്ഷണത്തിന് നേദ്യച്ചോറ് തന്നെയായിരുന്നു. അരി ആവശ്യത്തിലധികം സ്വന്തമായി ഉണ്ടായിരുന്നതിനാല്‍ ഇതിനു പ്രയാസമില്ലായിരുന്നു. വൈകുന്നേരം ഭക്ഷണത്തിന് പപ്പടം നല്‍കിയിരുന്നില്ല. ക്ഷേത്രത്തിലെ കൂട്ടുപായസവും നെയ്പായസവുമാണ് വിളമ്പിയിരുന്നത്. പാചകം ചെയ്യുന്നതാകട്ടെ അങ്ങേയറ്റം ശുദ്ധിയോടും ശ്രദ്ധയോടും കൂടിയായിരുന്നു. ഓട്, ചെമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍ മാത്രമേ ഇതിന് ഉപയോഗിച്ചിരുന്നുള്ളൂ. ഭക്ഷണശുദ്ധിയില്‍ പാത്രശുദ്ധി പ്രഥമഘടകമാണ് എന്ന് കുഴിയേലി അടിവരയിട്ട് പറയുന്നു. നിരവധി കാരണങ്ങളാല്‍ ക്ഷേത്ര സ്വത്തുക്കള്‍ അന്യാധീനമാവുകയും നിത്യനിദാനത്തിനുപോലുമുള്ള അരി ലഭ്യമല്ലാതാവുകയും ചെയ്യുന്നതോടെ ഊട്ടുപുര സദ്യക്രമത്തിലും മാറ്റം വന്നു. ഇന്ന് ഭക്തജനങ്ങളുടെ നിര്‍ലോഭസഹകരണം കൊണ്ടാണ് ആയിരക്കണക്കിനാളുകള്‍ക്ക് പ്രസാദഊട്ടില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. ഉത്സവകാലഘട്ടത്തിനു പുറമെ പ്രതിഷ്ഠാദിനം, പുത്തരിയും മാസം തോറുമുള്ള തിരുവോണഊട്ട് എന്നിവയില്‍ 4000ത്തോളം ഭക്തജനങ്ങള്‍ പങ്കെടുക്കുന്നു. ഉത്സവകാലത്ത് ഇപ്പോള്‍ നടക്കുന്ന പ്രസാദചോറിനു പുറമെ സാമ്പാര്‍, തോരന്‍,അച്ചാര്‍, കിച്ചടി, പപ്പടം, സംഭാരം, രസം എന്നിവയാണ് വിഭവങ്ങള്‍.ഇത്തവണത്തേ തിരുവുത്സവ ഊട്ടിന് നന്ദിപുലം മധുസൂദനനാണ് മേല്‍നോട്ടം.
അടിക്കുറിപ്പ് മത്‌സരം-4 :പങ്കെടുക്കൂ സമ്മാനം നേടൂ
മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം… അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.02-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം