ഭാരതത്തിലെ ഹൈന്ദവ ഉണര്‍വ്വ് നിലനിര്‍ത്തണം : സ്വാമി ചിദാനന്ദപുരി മഹാരാജ്

517

ചേര്‍പ്പ് : ഭാരതമാസകലം ദൃശ്യമാകുന്ന ഹൈന്ദവ ഉണര്‍വ്വ് നിലനിര്‍ത്തിപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ചിദാനന്ദപുരി മഹാരാജ് പറഞ്ഞു. മൂന്നാമത് ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ മാനബിന്ദുക്കളെ അപമാനിച്ച് ഹിന്ദുധര്‍മ്മത്തെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത പരിശ്രമങ്ങള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ ഭാരതത്തിലെ ചരിത്രത്തില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. സാമാജിക ഉണര്‍വിലൂടെയും സാമൂഹ്യനവോത്ഥാനത്തിലൂടെയും ഈ വെല്ലുവിളികളെ അതിജീവിച്ച ചരിത്രം ഹിന്ദുസമൂഹം ഓര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുകൃതാനന്ദ ദീപപ്രോജ്ജ്വലനം നടത്തി. അഡ്വ.രവികുമാര്‍ ഉപ്പത്ത് ആറാട്ടുപുഴ സേവാസംഗമസമിതി പ്രസിഡണ്ട് എ.എ.കുമാരന്‍, ധീവരസഭ സംസ്ഥാന സെക്രട്ടറി ജോഷി ബ്ലാങ്ങാട്ട് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. സ്മരണിക പ്രകാശനം ആറാട്ടുപുഴ-പെരുവനം പൂരം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഇ.വി.കൃഷ്ണന്‍നമ്പൂതിരി നിര്‍വഹിച്ചു. രാവിലെ വൃക്ഷപൂജ നടന്നു. ബ്രഹ്മശ്രീ കിഴക്കേടത്ത് മാധവന്‍ നമ്പൂതിരി, ഇയ്യാഞ്ചേരി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി.
ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ച് നല്‍കുന്ന സ്വാമി മൃഢാനന്ദ സ്മാരക ആദ്ധാത്മിക പുരസ്‌കാരം സാഹിത്യകാരനായ പി.ആര്‍.നാഥന് സ്വാമി ചിദാനന്ദപുരി മഹാരാജ് നല്‍കി. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. കെ.പി.കൊച്ചുകൃഷ്ണ ഗണകന്‍ സ്മാരക സംസ്‌കൃത പ്രചാര പുരസ്‌കാരം രഞ്ജിത്ത് കെ കോഴിക്കോടിന് നല്‍കി. ആദ്ധ്യാത്മിക പ്രവേശിക എന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാമി ചിദാനന്ദപുരി മഹാരാജ് നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്‍ പുസ്തകം ഏറ്റുവാങ്ങി.

Advertisement