കൂടല്‍മാണിക്യം എഴുന്നള്ളിപ്പിന് ഭഗവാന്റെ സ്വര്‍ണ്ണകോലം.

436
Advertisement

ഇരിങ്ങാലക്കുട: ഉത്സവനാളുകളില്‍ രാവിലെ ശീവേലിക്കും, രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വര്‍ണ്ണകോലം എഴുന്നള്ളിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവനാളുകളില്‍ ശിവേലിക്കും വിളക്കിനും സ്വര്‍ണ്ണകോലത്തിലാണ് ഭഗവാന്‍ എഴുന്നള്ളുക. മാത്യക്കല്‍ ബലിയും, മാത്യക്കല്‍ ദര്‍ശനവും കഴിഞ്ഞ് ദേവചൈതന്യം ആവാഹിച്ച തിടമ്പ് കോലത്തില്‍ ഉറപ്പിച്ചശേഷം കുത്തുവിളക്കുകളുടെ അകമ്പടിയോടെ പുറത്തേയ്ക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ആനപ്പുറത്ത് തിടമ്പേറ്റി വാളും പരിചയും, കുത്തുവിളക്കുമായി പാരമ്പര്യ അവകാശികളുടെ അകമ്പടിയോടെ രാജകീയ രീതിയിലാണ് ഭഗവാന്റെ സ്വര്‍ണ്ണകോലം എഴുന്നള്ളിപ്പ്. മുന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം 17 ആനകളെ അണിനിരത്തികൊണ്ടുള്ള കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. കൂട്ടിയെഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്ന 17 ആനകളില്‍ ഏഴ് ആനയുടെ ചമയങ്ങള്‍ മുഴുവന്‍ സ്വര്‍ണ്ണത്തിലും പത്ത് ആനകളുടെ ചമയങ്ങള്‍ വെള്ളിയിലുമാണ്. ഇതിനുപുറമെ തിടമ്പേറ്റുന്ന ആനപ്പുറത്തെ വെഞ്ചാമരത്തിന്റെ പിടികളും സ്വര്‍ണ്ണത്തിന്റേതാണെന്നതും കൂടല്‍മാണിക്യം ഉത്സവത്തിന്റെ പ്രത്യേകതയാണ്.

കൂടല്‍മാണിക്യത്തില്‍ ഇന്ന്

ആറാം ഉത്സവമായ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ ശീവേലി, 2.30 മുതല്‍ തിരുവാതിരക്കളി, 3.05 മുതല്‍ ഭക്തിസംഗീതം, 4.35 മുതല്‍ വയലിന്‍ദ്വയം, 5.30 മുതല്‍ വിലാസിനി നാട്യം, 7.30 മുതല്‍ കര്‍ണ്ണാടക സംഗീതകച്ചേരി, 10 മുതല്‍ രാവണോത്ഭവം, കിരാതം കഥകളി.

Advertisement