ഇരിങ്ങാലക്കുട: നഗരസഭ ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ വാഹനം തകര്‍ത്ത നിലയില്‍.നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനായി ഹരിത കര്‍മ്മ സേന രൂപികരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഹൈജിന്‍ശ്രീ ക്ലീന് ശ്രീ എന്ന പേരില്‍ വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് വര്‍ഷങ്ങളായി ഇവരുടെ സുതിര്‍ഹമായ സേവനം ഇരിങ്ങാലക്കുടയില്‍ നടന്ന് വരുകയാണ്.പ്രവര്‍ത്തികള്‍ കഴിഞ്ഞ ശേഷം നഗരസഭ ഓഫീസ് പരിസരത്താണ് ഇവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകാറുള്ളത്.ആകെയുള്ള നാല് വാഹനങ്ങളില്‍ ഒന്നിന്റെ ചില്ലുകളാണ് അടിച്ച് തകര്‍ന്ന നിലയില്‍ ഇന്ന് കണ്ടെത്തിയത്.വാഹനങ്ങളുടെ മെയിന്റസ് ഇവരുടെ തന്നെ ഉത്തരവാദിത്വമാണ്.വീടുകളില്‍ നിന്ന് ഈടാക്കുന്ന യൂസര്‍ ഫീ മാത്രമാണ് ഇവരുടെ വരുമാനം.സംഭവത്തിന് ഉത്തരവാദികളായവര്‍ക്ക് നേരെ നടപടി എടുക്കണമെന്നും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു .ഇത് സംബന്ധിച്ച് നഗരസഭ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.നഗരസഭയ്ക്ക് മുന്നിലും ഹില്‍പാര്‍ക്കിലും ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും ഈ മാസം തന്നെ ക്യാമറകള്‍ സ്ഥാപിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണീയ ഗിരി അറിയിച്ചു.
ചേലൂര്‍ പള്ളിയ്ക്ക് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍
ചേലൂര്‍ :പള്ളിയ്ക്ക് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍.ചേലൂര്‍ പള്ളിക്ക് സമീപമുള്ള തേമാലിത്തറ തോട്ടിലാണ് വ്യാപകമായി സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയിട്ടുള്ളത്. തോട്ടിലെ വെള്ളം മലിനമാകുകയും,ദുര്‍ഗദ്ധം വമിക്കുകയും സമീപത്തെ കിണറുകളിലേക്ക് വ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ നിരന്തമായി ആവര്‍ത്തിക്കപ്പെടുന്നതിനാല്‍ പടിയൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും ആവശ്യപെട്ടു.
പടിയൂരിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി പിടിച്ചെടുത്തു
പടിയൂര്‍ : കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിയൂര്‍ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സോക്കേഴ് ലൈനില്‍ താമസിക്കുന്ന കൈമാപ്പറമ്പില്‍ അജയ്ഘോഷ് മകന്‍ അനുപം 21 എന്നയാള്‍ വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരം തൃശൂര്‍ റൂറല്‍ എസ്. പി. ഐശ്വര്യ ഡോഗ്രേക്ക് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അനുപമിന്‍റെ വീട്ടില്‍ നിന്നും 24 കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കാണപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനക്കായി കാട്ടൂര്‍ ഐ എസ് എച്ച് ഒ ഋഷികേശ്, എസ് ഐ മണികണ്ഠന്‍, ജി എസ് ഐ കൊച്ചുമോന്‍ എ എസ് ഐ ശ്രീജിത്ത്, സി പി ഒ ഫെബിന്‍, സി പി ഒ ശ്യാം എന്നിവർ ഉണ്ടായിരുന്നു
വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസമായി തണ്ണീർപന്തൽ ഒരുക്കി എ.ഐ.വൈ.എഫ്
ഇരിങ്ങാലക്കുട: കടുത്ത ചൂടിൽ യാത്രക്കാരുടെ ദാഹമകറ്റാൻ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ തണ്ണീർ പന്തൽ ഒരുക്കി. തണ്ണീർ പന്തലിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും കേരള ഫീഡ്സ് ചെയർമാനുമായ സ: കെ.ശ്രീകുമാർ നിർവ്വഹിച്ചു. വേനൽ ചൂടിൽ പകരാം ദാഹജലം എന്ന എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായാണ് ഇരിങ്ങാലക്കുടയിൽ തണ്ണീർ പന്തൽ ഒരുക്കിയത്. . എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ശ്യാംകുമാർ പി.എസ്, സ്വപ്ന നജിൻ, മണ്ഡലം വൈസ് പ്രസിഡണ്ട് ഗാവരോഷ്, എക്സിക്യൂട്ടീവ് അംഗം ഷാഹിൽ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മിഥുൻപോട്ടക്കാരൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ എല്ലാ യൂണിറ്റ്,മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇത്തരം തണ്ണീർ പന്തലുകൾ സ്ഥാപിക്കാൻ എ.ഐ.വൈ.എഫ് പ്രവർത്തകർ നേതൃത്വം നൽകുമെന്നും അറിയിച്ചു
ഇന്നവേഷൻ മത്സരത്തിൽ വിജയികളായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ടീം
ഇരിങ്ങാലക്കുട: കലാലയ വിദ്യാർഥികളുടെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനായി തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ച ഇന്നവേഷൻ മത്സരത്തിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഒന്നാം സ്ഥാനം. ആൽഫ്രിൻ പൗലോസ്, ജോയൽ ജോഷി, ലിബിഹരി കെ ബി എന്നിവർ അടങ്ങുന്ന ടീമിനാണ് പുരസ്കാരം ലഭിച്ചത്. പതിനായിരം രൂപയും പ്രശംസാപത്രവുമാണ് സമ്മാനം. കേജ് കൾച്ചർ ഫാമുകളിൽ മത്സ്യങ്ങളെ നിരീക്ഷിക്കാൻ ഉപയോഗിക്കാവുന്ന ജലാന്തര റോബോട്ടി നാണ് പുരസ്കാരം ലഭിച്ചത്. അധ്യാപകരായ സുനിൽ പോൾ, കെ എസ് നിതിൻ എന്നിവരാണ് ടീമിൻ്റെ മെൻ്റർമാർ.
കുടിവെള്ള വിതരണത്തിന് നടപടികൾ സ്വീകരിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് .
മുരിയാട്: കടുത്ത വരൾച്ചയെ തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ടാങ്കർ ലോറി വെള്ളം വിതരണം ചെയ്യാൻ മുരിയാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.മാർച്ച് മാസം ആദ്യം തന്നെ ഈ വിഷയം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റ് കുടിവെള്ള വിതരണത്തിനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടത്തെ സമീപിച്ചീരുന്നു. മാർച്ച് 6 നാണ് കുടിവെള്ള വിതരണത്തിന് വേണ്ടിയുള്ള സർക്കാരിന്റെ ഉത്തരവ് ഇറങ്ങിയത്. നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി അടിയന്തിര കമ്മിറ്റി വിളിച്ച് ചേർക്കുകയും ടെന്റർ വിളിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. നിയമാനുസൃതമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കുടിവെള്ള വിതരണം ആരംഭിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.ടെണ്ടർ നടപടികൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ ടാങ്കർ ലോറി വിതരണം ആരംഭിക്കും.
ലിറ്റിൽ ഫ്ലവർ എൽ പി വിദ്യാലയത്തിൽ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി
ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ പി വിദ്യാലയത്തിൽ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി.വാർഡ് കൗൺസിലർ കെ. ആർ വിജയ ചെണ്ട കൊട്ടി ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഷ എം. സി വിശിഷ്ടാഥിതി ആയിരുന്നു.യോഗത്തിന് അധ്യക്ഷത വഹിച്ചത് പി ടി എ വൈസ് പ്രസിഡണ്ട് . തോംസൺ ചിരിയങ്കണ്ടത്ത് ആണ്. മുൻ പി ടി എ പ്രസിഡന്റ് . പി. വി ശിവകുമാർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഓരോ ക്ലാസിലെയും കുട്ടികൾ എല്ലാ വിഷയങ്ങളിലുമുള്ള അവരുടെ പഠന മികവ് പ്രകടിപ്പിച്ചു കൊണ്ടുള്ള വിവിധ പരിപാടികൾ അവതരിപ്പിച്ചത് ഏറെ അഭിനന്ദാർഹമായിരുന്നു. ഓരോ അതിഥിയെയും ഓരോ കുട്ടി വീതം സ്വാഗതം ആശംസിച്ച് പൂവ് നൽകിയത് വ്യത്യസ്തതയാർന്നു.കൂടാതെ പരിപാടിയുടെ അവതരണം കുട്ടികൾ ഏറ്റെടുത്തു നടത്തിയത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു. മാതാപിതാക്കളുടെ അനുഭവം പങ്കു വെക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. അധ്യാപക പ്രതിനിധി ശ്രീമതി ഫിസി എം ഫ്രാൻസിസ് നന്ദിയർപ്പിച്ചു കൊണ്ട് യോഗം അവസാനിച്ചു.
ഫാ. ജോസ് ചുങ്കൻ കലാലയ രത്ന പുരസ്കാരം ലിറ്റിൽ ഫ്ലവർ ഗുരുവായൂർ കോളേജിലെ എം അരുണിമയ്ക്ക് സമ്മാനിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയ രത്ന പുരസ്കാരം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ഋഷിരാജ് സിംഗ് ഐ. പി. എസ് ലിറ്റിൽ ഫ്ലവർ ഗുരുവായൂർ കോളേജിലെ എം അരുണിമയ്ക്ക് സമ്മാനിച്ചു. ഇന്നത്തെ യുവത്വം നിരവധി തൊഴിൽ സാധ്യതകൾക്ക് നടുവിലാണ് ജീവിക്കുന്നതെന്നും അത് ലഹരിയായി സിരകളിലേക്ക് പടർത്തണമെന്നും അവാർഡ് നൽകി കൊണ്ട് ഋഷിരാജ് സിംഗ് ഐ. പി. എസ് ഓർമിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രിൻസിപ്പൽ ജോസ് ചുങ്കനച്ഛനും ക്രൈസ്റ്റ് കോളേജ് മലയാളവിഭാഗം അധ്യക്ഷൻ ഫാ. ടെജി കെ തോമസും മുൻ മലയാളവിഭാഗം അധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ ജോസഫും സംസാരിച്ചു .
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 2023-24
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2023 24 സാമ്പത്തിക വർഷത്തേക്കുള്ള
ബജറ്റ് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അവതരിപ്പിച്ചു. പ്രസിഡന്റ്
ലളിതാബാലൻ അധ്യഷ്യത വഹിച്ചു.സേവനമേഖലയിൽ ലൈഫ് മിഷൻ ഭവനനിർമ്മാണത്തിനും ഭിന്നശേഷിക്കാരുട ഉന്നമനത്തിനും നൈപുണ്യവികസനത്തിനും, കുടിവെള്ളത്തിനും, ശുചിത്വ -ഖര
മാലിന്യസംസ്കരണ മേഖലയ്ക്കും മുഖ്യപരിഗണന നൽകുന്നു.ലൈഫ് പദ്ധതിക്ക് 97.6 ലക്ഷം രൂപയും ഭവനനിർമ്മാണത്തിന് 16 ലക്ഷം രൂപയും
വാട്ടർ എ.ടി.എം , കിണർ റീചാർജ്ജിംഗ് കിണർ നിർമ്മാണം എന്നിവക്കുമായി 26
ലക്ഷം രൂപയും വകയിയിരുത്തിയിട്ടുണ്ട് . കാറളം വെള്ളാനിയിൽ ഗ്യാസ്
ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് 95.33 ലക്ഷം വകയിരുത്തിയിട്ടുണ്ട്. വനിതകളുടെ
സ്വയംതൊഴിൽ പദ്ധതിക്ക് 11.25 ലക്ഷം രൂപയും മാറ്റിവെയ്ക്കുന്നുണ്ട്.
നെൽകൃഷി പ്രോൽസാഹത്തിന് 18 ലക്ഷം രൂപയും കാലിത്തീറ്റ് സബ്സിഡിക്ക്
ലക്ഷം രൂപയും മുട്ടക്കോഴി വിതരണത്തിന് 1.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്
ആരോഗ്യമേഖലയിൽ പാലിയേറ്റീവ് കെയർ പദ്ധതിക്ക് 12 .6 ലക്ഷം ഡോക്ടർമാരേയും പാരാമെഡിക്കൽ സ്റ്റാഫിനേയും നിയമിക്കുന്നതിനായി 22 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ മുറിക്ക് 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.അങ്കണവാടി പോഷകാഹാരത്തിന് 11.50ലക്ഷം രൂപയും ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിന് 13.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.വൃക്കരോഗികളുടെ ഡയാലിസ് ചെലവിന് 4 ലക്ഷം രൂപ, ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ചിട്ടുള്ള സ്കൂട്ടറിന് 5 ലക്ഷം രൂപയും വകയിരുത്തുന്നു .വനിതകളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പറപ്പൂക്കരയിലുള്ള ഫിറ്റ്നെസ് സെന്ററിന് 6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നൈപുണ്യ വികസനത്തിന് 5 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. കാട്ടൂർ സി.എച്ച്.സിയിലെ മതിൽ നിർമ്മാണത്തിന് 30 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിലെ കലാകാരൻമാർക്ക്
വാദ്യോപകരണങ്ങൾ നൽകുന്നതിന് 2.85 ലക്ഷം രൂപയും വജ്രജൂബിലി ഫെല്ലോഷി
പിന് 3.60 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്.ഘടകസ്ഥാപനങ്ങളുടെ ഐ എസ് ഒ
വത്കരണത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിന് 23 ലക്ഷം രൂപയും
അനുവദിക്കുന്നുണ്ട് .സമസ്ഥമേഖലയിലും തുക മാറ്റിവെച്ചിട്ടുള്ള 15,10,31227പ്രതീക്ഷിത വരവും
14,78,63,320 പ്രതീക്ഷിത ചെലവും 31,67,907 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ്
അവതരിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി
ചെയർ പേഴ്സൺ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കാർത്തിക ജയൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്
കമ്മറ്റി ചെയർമാൻ കിഷോർ പി ടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,
ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മറ്റു നിർവ്വഹണ ഉദ്യോഗസ്ഥർ
തുടങ്ങിയവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട വഴി മാനന്തവാടി – കോട്ടയം സൂപ്പർ എക്സ്പ്രസ് സർവ്വീസ്
ഇരിങ്ങാലക്കുട വഴി മാനന്തവാടി – കോട്ടയം സൂപ്പർ എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.രാത്രി 7.45ന് മാനന്തവാടിയിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസ്, കല്പറ്റ, താമരശ്ശേരി, കോഴിക്കോട്, തൃശൂർ (പുലർച്ചെ 1.35) വഴി പുലർച്ചെ 2.10ന് ഇരിങ്ങാലക്കുടയെത്തും. തുടർന്ന് എറണാകുളം വഴി രാവിലെ 5.05ന് കോട്ടയത്ത് എത്തിച്ചേരും.വൈകീട്ട് 6.30ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ബസ്, രാത്രി 9.40ന് ഇരിങ്ങാലക്കുടയെത്തും. അവിടെന്ന് തൃശൂർ, കോഴിക്കോട് വഴി രാവിലെ 4.15ന് മാനന്തവാടിയിൽ ബസ് എത്തിച്ചേരും.ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. online.keralartc.com ൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം – മന്ത്രി ഡോ ബിന്ദു അറിയിച്ചു.
താണിശ്ശേരി റോഡിലെ വലിയ പൊടിപടല മലിനീകരണ ബുദ്ധിമുട്ടിന് ഒരു താൽക്കാലിക പരിഹാരം
താണിശ്ശേരി: റോഡിലെ വലിയ പൊടിപടല മലിനീകരണ ബുദ്ധിമുട്ടിന് ഒരു താൽക്കാലിക പരിഹാരം എന്ന നിലക്ക് കേരള മുസ്‌ലിം ജമാഅത്ത്,എസ് വൈ എസ്, എസ് എസ് എഫ് താണിശ്ശേരി യൂണിറ്റ് പ്രവർത്തകർ രാവിലെ മുതൽ റോഡിൽ വെള്ളം നനച്ചു. വലിയ വാട്ടർ ടാങ്ക് സംഘടിപ്പിച്ചു താണിശ്ശേരിയിലെ ജനങ്ങൾ അനുഭവിക്കുന്ന വലിയ പ്രയാസത്തിന് ചെറിയൊരു പരിഹാരം കാണുകയാണ് ചെയ്തത്.
റോഡ് പണി നാട്ടുകാരുടെ ആവശ്യമാണ്. അതിന് അതിൻ്റേതായ പ്രയാസങ്ങളും സ്വാഭാവികം മാത്രമാണ്.വിവിധ സംഘടനകൾ ഉണ്ടെങ്കിലും അവരെല്ലാം പ്രതിഷേധങ്ങൾ നടത്തുമ്പോൾ സുന്നി സ്റ്റുഡന്റ്സ് ഫ്രഡറേഷൻ മാതൃകാ പരമായ പരിഹാരമാണ് മുന്നോട്ട് വെക്കുന്നത്.ഒരുപാട് വീടുകളിൽ നിന്ന് വെള്ളം പലതവണയായി ടാങ്കിൽ നിറച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു പരിഹാരമാർഗം എസ് എസ് എഫ് ഒരുക്കിയത്.ഇങ്ങനെയുള്ള സമൂഹവിവാഹത്തിനും നാടിനും ഗുണകരമാകുന്ന പ്രവർത്തകനങ്ങളാണ് എസ് എസ് എഫ്, കേരള മുസ്‌ലിം ജമാഅത്ത്,എസ് വൈ എസ് സുന്നി സംഘടനകളുടെ ലക്ഷ്യം.കേരളത്തിലെ വലിയ വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എസ് എഫിൻ്റെ അമ്പതാം വാർഷിക സമ്മേളനത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായാണ് ഇങ്ങനെയുള്ള സാമൂഹിക സേവനം സുന്നി യുവജന സംഘവും സുന്നി സ്റ്റുഡന്റ്സ് ഫ്രഡറേഷനും നടത്തിയത്.ഏപ്രിൽ 29 ന് കണ്ണൂരിൽ വെച്ചാണ് എസ് എസ് എഫിൻ്റെ കേരള അമ്പതാം വാർഷികം സംഘടിപ്പിക്കപ്പെടുന്നത്.
3 വയസ്സു മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 35 വർഷം തടവും 80000/-രൂപ പിഴയും വിധിച്ചു
ഇരിങ്ങാലക്കുട:3 വയസ്സു മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 35 വർഷം തടവും 80000/-രൂപ പിഴയും വിധിച്ചു.ചാലക്കുടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൻ വീട്ടിൽ വിൽസനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സൊ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി. കുട്ടിയെ റോഡരികിൽ നിന്നും കൂട്ടി കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.പിഴത്തുക അടക്കാത്ത പക്ഷം രണ്ടു വർഷവും ഒൻപതു മാസവും കൂടി ശിക്ഷ അനുഭവിക്കണം. ചാലക്കുടി സി.ഐ ആയിരുന്ന കെ. എസ്. സന്ദീപ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയകേസിൽ സി. ഐ. സൈജു. കെ. പോൾ ആണ് കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പോലീസ് സ്റ്റേഷൻസീനിയർ സിവിൽ പോലീസ് ഓഫീസർ ആയ രജനി. ടി. ആർ കേസ് നടത്തിപ്പിൽ ഒരു പ്രോസിക്യൂഷനെ സഹായിച്ചു.17 സാക്ഷികളെ കേസിൽ വിസ്തരിച്ചു. 35 രേഖകൾ തെളിവിൽ ഹാജരാക്കി.പിഴ തുക അതിജീവിതന് നൽകാൻ കോടതിവിധിച്ചു.
ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക്
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ അരുണിമ എം നേടി. സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, വിദ്യാഭ്യാസ മികവ് എന്നിവ മുൻനിർത്തിയാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലിന്റെ പേരിലുള്ള ഈ പുരസ്കാരം നൽകുന്നത്. മാർച്ച് 14 ന് ക്രൈസ്റ്റ് കോളേജിലെ ഓഡിറ്റോറിയത്തിൽ 10 മണിക്ക് ചേരുന്ന യോഗത്തിൽ മുൻ ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് ഐ. പി. എസ് പുരസ്കാരം സമ്മാനിക്കും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയനവർഷത്തിലെ എൻ എസ് എസ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ക്രൈസ്റ്റ് എൻഎസ്എസിന് ഇരട്ടിമധുരം
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയനവർഷത്തിലെ എൻ എസ് എസ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് അവാർഡുകളുമായി ക്രൈസ്റ്റ് എൻ എസ് എസ് തിളങ്ങിനിന്നു. 2021- 22 അധ്യയനവർഷത്തിലെ മികച്ച എൻ എസ് എസ് യൂണിറ്റായി ക്രൈസ്റ്റ് കോളേജും മികച്ച പ്രോഗ്രാം ഓഫീസറായി ജിയോളജി ആൻഡ് എൻവിയോൺമെന്റൽ സയൻസ് വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർ തരുൺ ആറിനെയും മികച്ച വോളണ്ടിയർ ആയി മൂന്നാം വർഷ ബികോം വിദ്യാർത്ഥി ജോൺ ജോജുവിനെയും തെരഞ്ഞെടുത്തു. തുടർച്ചയായി 2016, 2019, 2022 വർഷങ്ങളിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസറിനുള്ള അവാർഡ് ലഭിക്കുന്ന ക്രൈസ്റ്റ് കോളേജിന് 2020, 2021, 2022 വർഷങ്ങളിൽ തുടർച്ചയായി മൂന്നാംതവണയാണ് മികച്ച എൻ എസ് എസ് വോളണ്ടിയറിനുള്ള അവാർഡ് ലഭിക്കുന്നത്. റെജുവനേറ്റ് എന്ന പദ്ധതിയിലൂടെ പാഴ് വസ്തുക്കളുടെ പുനരുപയോഗം, പേനകളുടെ ശേഖരണവും പുനരുപയോഗവും ലക്ഷ്യമാക്കിയുള്ള ‘പെൻഡ്രൈവ്’, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള ‘ശ്രവ്യം’, വിദ്യാർത്ഥികൾക്കായി നോട്ടുപുസ്തകങ്ങൾ നിർമ്മിക്കുന്ന ‘എന്റെ പുസ്തകം’ , വിദ്യാർഥികൾക്കായി ടെക്സ്റ്റ് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന ലിബർ ഖാസ, വീടുകളിലും വിദ്യാലയങ്ങളിലും തൈകൾ വിതരണം ചെയ്യുന്ന ‘ആരാമം’ എന്നീ പദ്ധതികൾ ക്രൈസ്റ്റ് എൻ എസ് എസിനെ വ്യത്യസ്തമാക്കുന്നു.
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് ബി ഐയിലേക്ക് മാർച്ച് നടത്തി
ഇരിങ്ങാലക്കുട: എസ് ബി ഐ, എൽ ഐ സി തുടങ്ങിയവയെ അദാനിക്ക് വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് ഇരിങ്ങാലക്കുട എസ് ബി ഐയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് കെ പി സി സി മുൻ സെക്രട്ടറി എം. പി ജാക്‌സൺ ഉദഘാടനം ചെയ്തു. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, ബ്ലോക്ക് ഭാരവാഹികളായ വി സി വർഗീസ്, എം ആർ ഷാജു, പി ചന്ദ്രശേഖരൻ, സത്യൻ നാട്ടുവള്ളി,മോഹൻദാസ്, അബ്‌ദുള്ളകുട്ടി, കെ സി ജെയിംസ്, രമേശ് എം.എൻ, എ സി ജോൺസൻ, വിജയൻ ഇളയേടത്ത്, കെ കെ ചന്ദ്രൻ, സുജ സഞ്ജീവ്കുമാർ, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, കെ രാജു, ബാബു തോമസ് എന്നിവർ നേതൃത്വം നൽകി.
ചിറ്റിലപ്പിള്ളി തൊമ്മാന ദേവസികുട്ടി ഭാര്യ മേരി (82) നിര്യാതയായി
പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ദേവസികുട്ടി ഭാര്യ മേരി (82) നിര്യാതയായി.
സംസ്കാരം (10 -3- 2023.വെള്ളി) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഊരകം സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ: ഷീന, ഷാന്റോ, ജോസ്,ഷീല. മരുമക്കൾ: ബെന്നി, ജോളി, സുനിത, ജോയ്.
ദക്ഷിണേന്ത്യയിൽ നിന്നും പുതിയ ഇനം കുയിൽ കടന്നലിനെ കണ്ടെത്തി
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ഗവേഷക സംഘം കേരളത്തിൽ നിന്നും ഒരു പുതിയ ഇനം കുയിൽ കടന്നലിനെ കൂടെ കണ്ടുപിടിച്ചു.ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (SERL)ഗവേഷക അശ്വതി പി, ജി., ഗവേഷണ മേധാവി ഡോ.ബിജോയ് സി.യുമാണ് ഈ കണ്ടെത്തലിനു പിന്നിൽ. കൂടാതെ ഇറ്റാലിയൻ ഗവേഷകനായ പാലൊറോസയും, പോളണ്ടിൽ നിന്നുമുള്ള ഗവേഷകനായ ബോഗ്ഡൺ വിനോവ്സ്കിയും ഇതിൽ മുഖ്യ പങ്കു വഹിച്ചിരുന്നു.ജില്ലയിലെ ട്രൈക്രൈസിസ് പോസിഡോണിയ എന്നാണ് ഈ പുതിയ ഇനം കുയിൽ കടന്നലിനെ നാമകരണം ചെയ്തിരിക്കുന്നത് ഇന്ത്യയിൽ തമിഴ്നാട്ടിൽ നിന്നും,കേരളത്തിലെ കണ്ണൂർ മാടായിപാറയിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ നേപ്പാളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.ഇവയുടെ പൂർണ്ണ വിവരണവും വാസ സ്ഥലത്തെ പറ്റിയുള്ള വിവരങ്ങളും അന്താരാഷ്ട്ര ഗവേഷണ മാസിക ആയ യൂറോപ്യൻ ജേർണൽ ഓഫ് ടാക്സോണമിയിൽ ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.ഗ്രീക്ക് പുരാണത്തിലെ സമുദ്ര ദേവനായ പോസിഡോണിന്റെ കൈയിൽ ഉള്ള ത്രിശൂലത്തിനു സമമാണ് ഈ ഇനം കുയിൽ കടന്നലിന്റെ ഉദരത്തിൽ ഉള്ള മൂന്നു പല്ലുകൾ, ആയതിനാലാണ് ട്രൈക്രൈസിസ് ജീനസിൽ പെടുന്ന ഇവക്കു ട്രൈക്രൈസിസ് പോസിഡോണിയ എന്ന പേര് നൽകിയിട്ടുള്ളത്.കുയിൽ കാക്കയുടെ കൂട്ടിൽ മുട്ടയിട്ടു പ്രജനനം നടത്തുന്നതുപോലെ ക്രൈസിഡിഡേ ഇനം കടന്നലുകൾ മറ്റു കടന്നലുകളുടെ കൂട്ടിൽ മുട്ടയിട്ടു പ്രജനനം നടത്തുന്നതുകൊണ്ടാണ് ഇവ കുയിൽ കടന്നലുകൾ എന്ന് അറിയപ്പെടുന്നത്.ക്രൈസിഡിഡേ ഫാമിലിയിൽ ഉൾപ്പെട്ടിട്ടുള്ള ഈ ഇനം കടന്നലുകൾ സൂര്യപ്രകാശം നന്നായി ഏൽക്കുന്ന ചൂടുകൂടിയ ഭൂപ്രദേശംങ്ങളിൽ ആണ് കൂടുതലായി കാണപ്പെടുന്നത്. ജന്തു-സസ്യ വൈവിധ്യത്തിനു പേരുകേട്ട മാടായിപാറയിലെ ലാറ്ററേറ്റ്
ഘടന ഇവക്കു അനുയോജ്യമാണ്.കേന്ദ്ര ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിലിന്റെ (CSIR) സാമ്പത്തിക സഹായത്തോടെ ആണ് ഈ പഠനം നടത്തിയത്.
പെൺകാവലിൽ ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ജനമൈത്രി പോലീസിന്റെയും ജനമൈത്രി സുരക്ഷാസമിതിയുടെയും ക്രൈസ്റ്റ് കോളേജിലെ തവനീഷ് സാമൂഹ്യ സേവന സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച വനിത നൈറ്റ് പട്രോളിംഗ് ടീം “പെൺകാവലിന്റെ ” ആദ്യ പട്രോളിംഗ് വനിതാദിനത്തിൽ ആരംഭിച്ചു.
പോലീസ് സ്റ്റേഷനിൽ രാത്രി 10.30 ന് നടന്ന ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ ലേഖ ഷാജൻ, സാനി സി.എം., സതി സുബ്രഹ്മണ്യൻ, CDS ചെയർപേഴ്സൺമാരായ പുഷ്പാവതി, ഷൈലജ ബാലൻ എന്നിവരും കുടുംബശ്രീ പ്രവർത്തകരും പ്രഥമ യാത്രക്ക് അഭിവാദ്യം നൽകുവാനും ആശംസകൾ അറിയിക്കാനും എത്തിയിരുന്നു.സബ്ബ് ഇൻസ്പെക്ടർ സുദർശനയുടെ നേതൃത്വത്തിൽ തവനീഷ് സംഘടനയിലെ മോഹന ലക്ഷ്മി, അന്നറ്റ്, ബെന്നറ്റ് എന്നിവരാണ് ആദ്യ പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്നത്.പ്രവർത്തനങ്ങൾക്ക് സബ്ബ് ഇൻസ്പെക്ടർ ജോർജ് . കെ.പി., പട്രോളിംഗ് ടീം ലീഡർ അഡ്വ. കെ.ജി. അജയകുമാർ , സമിതിയംഗങ്ങളായ പി.ആർ. സ്റ്റാൻലി , എ.സി. സുരേഷ്, കെ.വി. അംബിക, ബീറ്റ് ഓഫീസർ രാഹുൽ , പുരുഷനൈറ്റ് പട്രോളിംഗ് ടീംമംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്ര ക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ പ്രിന്‍സ് ഒപ്റ്റിക്കല്‍സ്, പ്രൈഡ് ഒപ്റ്റിക്കല്‍സ്,
പേള്‍ ഒപ്റ്റിക്കല്‍സ്, ഐ ഫൗണ്ടേഷന്‍ ആശുപത്രി ഇടപ്പള്ളി എന്നിവരുടെ
സഹകരണത്തോെട എല്ലാ ദിവസവും സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന-തിമിര
ശസ്ത്ര ക്രിയ ക്യാമ്പിന്റെ ഉല്‍ഘാടനം പ്രിന്‍സ് ഒപ്റ്റിക്കല്‍സില്‍
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ
നന്ദകുമാര്‍ നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയില്‍
ഈ വര്‍ഷം സംഘടിപ്പിക്കുന്ന എണ്ണൂറാമത് ക്യാമ്പാണിതെന്ന് പദ്ധതി വിശദീകരണം
നടത്തിയ ഡിസ്ട്രക്റ്റ് വിഷന്‍ കോര്‍ഡിനേറ്റര്‍ ഹംസ എം. അലി പറഞ്ഞു.
യോഗത്തില്‍ ഡിസ്ട്രിക്ട് മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ജോണ്‍സണ്‍
കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. റീജിയണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,
പ്രിന്‍സ്, പ്രൈഡ്, പേള്‍ ഒപ്റ്റിക്കല്‍സ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍
ജോസ് ആന്റണി മാളിയേക്കല്‍, കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്
പ്രസിഡണ്ട് ഒ.എന്‍ ജയന്‍ എന്നിവര്‍ സംസാരിച്ചു.
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ വനിതാ ദിനാഘോഷം
ഇരിങ്ങാലക്കുട : നിരന്തരം പഠിക്കാനും മെച്ചപ്പെടാനുമുള്ള മനസാണ് ഏതൊരു സംരഭകയുടെയും വിജയരഹസ്യം എന്ന് പുരസ്കാര ജേതാവായ വനിതാ സംരംഭക ഇളവരശി പി ജയകാന്ത്. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ നടന്ന ശിൽപശാലയിൽ മുഖ്യാതിഥിയായി സംസാരിക്കുക യായിരുന്നു അവർ. തൻ്റെ വിജയത്തിന് താൻ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് തൻ്റെ പരാജയങ്ങളോടാണെന്നും അവർ കൂട്ടിച്ചേർത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ സംരംഭക മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് ഇളവരശി പി ജയകാന്തിനെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, വിമൻസ് സെൽ കോ ഓർഡിനേറ്റർമാരായ അശ്വതി പി സജീവ്, ആൻസി വർഗീസ്, എൻ എസ് ഷിസി, തുടങ്ങിയവർ പ്രസംഗിച്ചു.വനിതാദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.