ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാപ്രാണം സെന്ററിലെ പി.കെ ചാത്തന്‍ മാസ്റ്ററുടെ സ്മാരക ഹാളിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്

66

മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാപ്രാണം സെന്ററിലെ പി.കെ ചാത്തന്‍ മാസ്റ്ററുടെ സ്മാരക ഹാളിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് രണ്ട് വര്‍ഷത്തെ പദ്ധതിയായി മൂന്നുകോടി രൂപ ചിലവഴിച്ചാണ് കെട്ടിടം പൂര്‍ത്തിയാകുന്നത്. കെട്ടിടത്തിന് താഴെ പാര്‍ക്കിങ്ങിനുള്ള നില അടക്കം മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ നിലയും 3841 സ്‌ക്വയര്‍ ഫീറ്റിലാണ് ഒരുക്കിയിരിക്കുന്നത്. 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ കൊറോണ മൂലം നിര്‍ത്തിവെക്കേണ്ടിവന്നതാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാന്‍ താമസിച്ചതെന്ന് നഗരസഭ വ്യക്തമാക്കി. ടോയ്‌ലെറ്റുകളില്‍ ടൈലിങ്ങും കെട്ടിടത്തിന്റെ അവസാനഘട്ട പ്രവര്‍ത്തികളുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ലിഫ്റ്റ്, ഫയര്‍ സംവിധാനങ്ങളും എക്കോ സിസ്റ്റവും ഒരുക്കാനുണ്ട്. ഹാള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ നഗരസഭ പരിധിയിലെ എസ്.സി. കുടുംബങ്ങള്‍ക്ക് പരിപാടി നടത്താന്‍ ഹാള്‍ സൗജന്യമായി ലഭിക്കും.1957ലെ പ്രഥമ ഇ.എം.എസ് മന്ത്രിസഭയിലെ പട്ടികജാതി- പഞ്ചായത്ത്- സഹകരണ വകുപ്പ് മന്ത്രിയും, കെ.പി.എം.എസ് സ്ഥാപക നേതാവുമായിരുന്നു പി.കെ ചാത്തന്‍മാസ്റ്റര്‍. 1989ല്‍ പട്ടികജാതി വികസന വകുപ്പ് 16 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഹാള്‍ 2001ലാണ് പൊറത്തിശ്ശേരി പഞ്ചായത്തിന് കൈമാറിയത്. പിന്നിട് പഞ്ചായത്ത് നഗരസഭയില്‍ ലയിച്ചതോടെ ഹാള്‍ നഗരസഭയുടേതാകുകയായിരുന്നു.ഒട്ടേറെ സമരങ്ങളും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. നേരത്തെ എസ്.സി ഫണ്ടില്‍ നിന്ന് ഒരു കോടി ചിലവഴിച്ച് പുതിയ ഹാള്‍ നിര്‍മ്മിക്കാന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ പ്രോജക്റ്റ് തയ്യാറാക്കിയിരുന്നെങ്കിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തടഞ്ഞതോടെ പദ്ധതി നടപ്പിലായില്ല. പിന്നിട് അമ്പത് ലക്ഷം രൂപ പ്രത്യേക ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി. ഹാളിന്റെ മുന്‍വശം പൊളിച്ച് നീക്കി ഓഫീസ് സൗകര്യത്തോടെ മുന്‍വശം പുനര്‍ നിര്‍മ്മിക്കാനൊരുങ്ങിയെങ്കിലും കെ.പി.എം.എസും പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസന സമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. ഹാളിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയ കെ.പി.എം.എസ്. കോടതിയേയും സമീപിച്ചു. അതോടെ പട്ടികജാതി ഫണ്ടുപയോഗിച്ച് ഹാള്‍ നിര്‍മ്മിക്കുന്നത് കോടതി തടഞ്ഞു. പിന്നീട് കെ.പി.എം.എസ്. അടക്കമുള്ള പട്ടികജാതി വിഭാഗം സംഘടനകളുമായി നഗരസഭ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപാധികളോടെ കേസുകള്‍ പിന്‍വലിച്ചത്. ഹാള്‍ പൂര്‍ണ്ണമായും പൊളിച്ച് പുതുക്കി പണിയണമെന്ന അവരുടെ ആവശ്യം അംഗീകരിച്ചാണ് നഗരസഭ ദ്വിവര്‍ഷ പദ്ധതിയായി ഹാള്‍ പുനര്‍നിര്‍മ്മിച്ചത്.

Advertisement