ഇരിങ്ങാലക്കുട നഗരസഭയിലെ മാപ്രാണത്തുള്ള അങ്ങാടിക്കുളം പുനരുദ്ധാരണം ചെയ്യുന്നതിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

46
Advertisement

ഇരിങ്ങാലക്കുട : നഗരസഭയിലെ മാപ്രാണത്തുള്ള അങ്ങാടിക്കുളം പുനരുദ്ധാരണം ചെയ്യുന്നതിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മാസ്റ്ററിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 57, 75,000 രൂപയാണ് നിർമ്മാണ പ്രവർത്തികൾക്കായി അനുവദിച്ചിരുന്നത്. പ്രസ്തുത പ്രവർത്തിയിൽ കുളത്തിലെ ചെളി നീക്കി വശങ്ങൾ 273 മീറ്റർ നീളത്തിൽ 2.25 മീറ്റർ ഉയരത്തിൽ കരിങ്കൽ കെട്ടി സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പ്രസ്തുത പ്രവർത്തി പൂർത്തീകരിക്കുന്നതോടെ ഗ്രൗണ്ട് വാട്ടർ റീചാർജ് മെച്ചപ്പെടുകയും സമീപ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് സംരക്ഷിക്കുകയും ഒരു പരിധിവരെ ജലക്ഷാമം പരിഹരിക്കാൻ സാധിക്കുകയും ചെയ്യും . അങ്ങാടിക്കുളം പരിസരത്ത് വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മുഖ്യാതിഥി ആയിരുന്നു. മുനിസിപ്പൽ എഞ്ചിനീയർ സി.എസ്. ഗീതാകുമാരി പദ്ധതി അവതരണം നടത്തി. വിവിധ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, അഡ്വ. ജിഷ ജോബി ജെയ്സൺ പാറേക്കാടൻ എന്നിവർ ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ എ.എസ്. അജിത്ത്കുമാർ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് കെ.എം. നന്ദിയും പറഞ്ഞു .

Advertisement