പറന്നുയരാൻ മൊബൈൽ ആപ്ലിക്കേഷനുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

59

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ ഓൺലൈൻ മത്സര പരീക്ഷ പരിശീലന പദ്ധതി ആയ ‘ഉയരെ’യുടെ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയം വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ ലോഞ്ച് ചെയ്തു. ഉയരെ പദ്ധതി യുവാക്കൾക്ക് തൊഴിലവസരത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കാനുള്ള മാതൃകപരമായിട്ടുള്ള പദ്ധതിയാണെന്നും ഇത് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.വൈഞ്ജാനിക മേഖലയിലെ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്താൻ ഇതു പോലുള്ള സംരംഭങ്ങൾ അനിവാര്യമാണെന്നും അതിന് മുൻകൈ എടുത്ത മുരിയാട് ഗ്രാമ പഞ്ചായത്തിനെ ശ്ലാഘിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, പഞ്ചായത്ത്‌ സെക്രട്ടറി പി പ്രജീഷ്, പഞ്ചായത്ത്‌ ഉയരെ പദ്ധതി ടെക്നിക്കൽ കോ ഓർഡിനേറ്റർമാരായ ഷഹന റാണി എസ്, അക്ഷയ രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിലെ പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് പി എസ് സി സിവിൽ സർവീസ്, അടക്കമുള്ള മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനു പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഉയരെ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനം എന്നുള്ള നിലയ്ക്കാണ് മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തിട്ടുള്ളത്. ഘട്ടം ഘട്ടമായി പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും ഈ പരിശീലന പദ്ധതിയുടെ ഭാഗമാക്കാനുള്ള ബ്രഹത്തായിട്ടുള്ള ഒരു ലക്ഷ്യത്തോട് കൂടിയാണ് ഉയരെ രൂപകൽപ്പന ചെയ്തിട്ടുള്ളത്.മുരിയാടിനെ ഒരു കരിയർ ഗ്രാമമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള ഉയരെയുടെ പ്രഥമ ചുവടാണ് മൊബൈൽ ആപ്ലിക്കേഷൻ.

Advertisement