ജില്ലാശാസ്ത്രമേള ഒന്നാം ദിനം പിന്നിടുമ്പോള്‍…..

448

ഇരിങ്ങാലക്കുട-കൈവിരലുകള്‍ തീര്‍ത്ത വിസ്മയങ്ങളും പാഴ്വസ്തുക്കളില്‍ വിരിഞ്ഞ അലങ്കാരവസ്തുക്കളും കുട്ടിശാസ്ത്രജ്ഞന്‍മാരുടെ കണ്ടുപിടുത്തങ്ങളും ഇളംതലമുറയുടെ കുഞ്ഞുകുഞ്ഞു നിര്‍മാണ മാതൃകകളുമായി റവന്യു ജില്ലാ ശാസ്ത്രോത്സവം ഇരിങ്ങാലക്കുടയുടെ മണ്ണില്‍ മിഴിതുറന്നു. പാഴ്വസ്തുക്കള്‍കൊണ്ട് ഉപയോഗപ്രദമായ നിരവധി വസ്തുക്കളാണ് കുരുന്നു ഭാവനയില്‍ രൂപംകൊണ്ടത്. ശാസ്ത്രവും ഗണിതവും ഭാവനയും ഒത്തുചേര്‍ന്നപ്പോള്‍ കുരുന്നുകള്‍ വിരിയിച്ച വിസ്മയങ്ങള്‍ കാഴ്ചക്കാരിലും അതിശയവും അഭിമാനവുമുണ്ടാക്കി. കൗമാരത്തിന്റെ ശാസ്ത്രഭാവനകള്‍ ചിറകുവിരിക്കാന്‍ ആകാശം തേടുകയാണ് റവന്യു സ്‌കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയമേളയില്‍. കൊച്ചുകൊച്ചു കൗതുകങ്ങളിലൂടെ വലിയ കണ്ടുപിടുത്തങ്ങളിലേക്കുള്ള വഴികളുമായാണ് ഓരോരുത്തരുമെത്തിയിരിക്കുന്നത്. അതീവ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങളായിരുന്നു വേദികളില്‍. ശാസ്ത്ര സത്യങ്ങളില്‍ കൗതുകം വിരിയിച്ച കുട്ടികള്‍ കാഴ്ചക്കാര്‍ക്കു തുറന്നു കൊടുത്തതു വിസ്മയങ്ങളുടെ പുത്തന്‍ ശാലയാണ്. ശാസ്ത്രമേള നടന്ന ലിറ്റില്‍ ഫല്‍വര്‍ കോണ്‍വെന്റ് സ്‌കൂള്‍ പരിസരം നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളുമായി കുട്ടി ശാസ്ത്രജ്ഞന്‍മാര്‍ കീഴടക്കി. പൊള്ളുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുമായിരുന്നു ഈ കുട്ടികളുടെ ഓരോ കണ്ടുപിടുത്തങ്ങളും.
മണ്ണിലും മരത്തിലും പാഴ്വസ്തുക്കളിലും കുട്ടികള്‍ അടര്‍ത്തിയെടുത്തതു മനോഹര വസ്തുക്കളായിരുന്നു. കുരുന്നുകളുടെ കരവിരുതിനു മുന്നില്‍ കാഴചക്കാര്‍ തലകുനിച്ച നിമിഷമായിരുന്നു ഇന്നലെ. സെന്റ് മേരീസ് സ്‌കൂള്‍ കോബൗണ്ടിലായിരുന്നു പ്രവൃത്തി പരിചയമേള അരങ്ങേറിയത്. ജില്ലയില്‍ നിന്നെമ്പാടുമുള്ള കുട്ടികളും രക്ഷിതാക്കളും അധ്യാപക വൃന്ദവും കൂടെയായതോടെ വേദി നിറഞ്ഞുകവിഞ്ഞു. പാഴ്വസ്തുക്കളില്‍നിന്നു കൗതുക വസ്തുക്കള്‍ ഉണ്ടാക്കുന്നതു വീക്ഷിക്കാനായിരുന്നു ഏറെപേര്‍ക്കും താല്‍പര്യം. മരത്തിലും തകരത്തിലും കൊത്തുപണിയായിരുന്നു മറ്റൊരു മത്സരം. പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ ശില്പം നിര്‍മിക്കലും ചോക്കുനിര്‍മാണവും പതിവു രീതിയായപ്പോള്‍ കളിമണ്ണില്‍ ശില്‍പങ്ങള്‍ തീര്‍ത്ത കുട്ടികള്‍ ക്ലേമോഡലിംഗില്‍ മികവു പുലര്‍ത്തി. ഫാബ്രിക് പെയിന്റിംഗും പച്ചക്കറി കൊണ്ടുള്ള അച്ചുകുത്തിയുള്ള തുണിത്തരങ്ങളും മത്സരവേദിക്കു മഴവില്ലഴകായി.
പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍നിന്നു ദേവതാരൂപങ്ങള്‍ പിറന്നപ്പോള്‍ കാഴ്ചക്കാര്‍ നമിച്ചതു കൊച്ചു കലാകാരന്മാരെയാണ്. ചൈതന്യം തുളുമ്പുന്ന രൂപങ്ങളായിരുന്നു ഓരോ നിര്‍മാണവും. ഡോണ്‍ബോസ്‌കോ സ്‌കൂളിലാണു കണക്കിന്റെ ലോകത്തിലേക്കു പുതിയ വാതായനങ്ങള്‍ തുറക്കുന്ന ഗണിതശാസ്ത്രമേളയ്ക്കു വേദിയാകുന്നത്. സാമൂഹിക ജീവിതത്തിന്റെ നാനാര്‍ഥങ്ങളിലേക്കു വഴിതെളിക്കുന്ന സാമൂഹിക ശാസ്ത്രമേള നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അരങ്ങേറുന്നത്.

ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങള്‍….

പ്രളയത്തെയും ഭൂകമ്പത്തെയും പേടിക്കേണ്ട. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സജ്ജമായ വീടൊരുക്കി സാജ്യുവല്‍ സജീവന്‍, റോഷന്‍ സുരേഷ്.

ഇരിങ്ങാലക്കുട: കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രളയകാലം കടന്നുപോയി, ഒട്ടേറെ വീടുകള്‍ നശിച്ചു. ഇനിയൊരു പ്രളയത്തെ നേരിടുവാനുള്ള വീടുകളൊരുക്കിയാണ് മാമ്പ്ര യൂണിയന്‍ പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളായ സാജ്യുവല്‍ സജീവനും റോഷന്‍ സുരേഷും. നവകേരള നിര്‍മിതിയുമായി ബന്ധപ്പെട്ട് രണ്ട് വീടുകളാണ് ശാസ്ത്രമേളയില്‍ ഇവര്‍ പ്രദര്‍ശിപ്പിച്ചത്. ജപ്പാനില്‍ വെള്ളപ്പൊക്കം വന്നതോടെ അവിടെ നിര്‍മിച്ച വീടിന്റെ മാതൃകയാണ് ഒന്ന്. തറനിരപ്പില്‍ നിന്നും 15 അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് തൂണുകളിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. ഇത്തരം വീടുകള്‍ പ്രളയത്തെ അതിജീവിക്കാം എന്നുള്ളതാണ് കരുതുന്നത്. പ്രളയം ഉണ്ടായാല്‍ ഓട്ടോമാറ്റിക്കായി ഉയര്‍ന്നു പൊങ്ങുന്ന വീടാണ് മറ്റൊന്ന്. കപ്പല്‍ വെള്ളത്തില്‍ എങ്ങിനെ പൊങ്ങിനില്‍ക്കുന്നുവോ ഈ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ നിര്‍മാണം.
വെള്ളം താഴുന്നതോടെ വീടും താഴ്ന്നുവരും. ഈ വീട് ഒഴുകിപ്പോകാതിരിക്കാന്‍ രണ്ടു സൈഡിലും ഫില്ലര്‍ ഉണ്ട്. കൂടാതെ ഈ വീടിന് ചെറിയ ഭൂമികുലുക്കത്തില്‍ പോലും ഒന്നും സംഭവിക്കാന്‍ പറ്റാത്ത രീതിയില്‍ ഹൈഡ്രോളിക് സംവിധാനമുണ്ട്. വീടുകള്‍ക്ക് മുന്നിലൂടെ 15 അടി ഉയരത്തില്‍ ഹൈവേയും നിര്‍മിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് മാര്‍ഗതടസങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ശക്തമായ പ്രളയത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പറ്റുന്ന സംവിധാനമുണ്ട്. പ്രളയത്തില്‍ വൈദ്യുതി പോയാലും ഈ ലോഹം ഉപയോഗിച്ച് ഒരു വീടിന് ആവശ്യമായ വൈദ്യുതി ഉണ്ടാക്കാന്‍ ഇതുകൊണ്ട് സാധിക്കും. ഇതില്‍ ഒമ്പത് വാള്‍ട്ട് ബാറ്ററി കൊണ്ട് 4000 വോള്‍ട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഒരു മൊബൈല്‍ ഫോണ്‍, രണ്ട് ട്യൂബ് ലൈറ്റ്, ഒരു ബള്‍ബ് എന്നിവ ഇതില്‍ നിന്നും പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും.

രാത്രി യാത്രയില്‍ ഡ്രൈവര്‍ ഉറങ്ങിയാല്‍ വാഹനം ഓട്ടാമാറ്റിക് ബ്രേക്കിട്ടു നില്‍ക്കും

ഇരിങ്ങാലക്കുട: രാത്രികാലങ്ങളില്‍ വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് ഉറക്കം വന്നാല്‍ അപകടം ഉണ്ടാകുമെന്നു പേടിക്കേണ്ട. ഡ്രൈവര്‍ ഉറങ്ങിയാല്‍ ഈ വാഹനത്തിനുള്ളില്‍ അലാറം മുഴങ്ങും. മാത്രവുമല്ല, വാഹനത്തിന്റെ പുറകില്‍ ഓട്ടോമാറ്റിക്കായി സിഗ്‌നല്‍ ലൈറ്റും കത്തും. ഇതോടെ പുറകിലെ വാഹനത്തിന്റെ ഡ്രൈവര്‍ക്കറിയാം ഈ വാഹനത്തിലെ ഡ്രൈവര്‍ ഉറങ്ങുകയാണെന്ന്. തീര്‍ന്നില്ല, ഡ്രൈവര്‍ ഉറങ്ങി മുന്നോട്ട് ചാഞ്ഞാല്‍ സീറ്റ് ബല്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം വഴി വാഹനം ബ്രേക്കിട്ട് നില്‍ക്കും. ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഈ കണ്ടുപിടുത്തങ്ങള്‍ക്ക് പുറകില്‍. പത്താംക്ലാസിലെ ബെല്‍ജോ ബെന്നി, എന്‍.എസ്. അക്ഷയ് എന്നിവരാണ് ഈ വിദ്യാര്‍ഥികള്‍.
സേഫ്റ്റി പില്ലോയിലുള്ള പ്രഷര്‍ ബട്ടണില്‍ തല വെച്ചിട്ടുവേണം ഡ്രൈവര്‍ വണ്ടിയോടിക്കേണ്ടത്. ഉറക്കം വരുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ ധരിക്കേണ്ട ബെല്‍റ്റും ഇതിനൊപ്പമുണ്ട്. ഈ ബെല്‍റ്റ് ധരിച്ചാല്‍ മാത്രമേ ഈ സിസ്റ്റം പ്രവര്‍ത്തിക്കുകയുള്ളൂ. ഈ സേഫ്റ്റി ബെല്‍റ്റുമായി ഒരു കേബിളും ഘടിപ്പിച്ചിട്ടുണ്ട്. ഈ കേബിള്‍ ബ്രേക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഉറക്കം വരുമ്പോള്‍ ഡ്രൈവറുടെ തല സേഫ്റ്റി പില്ലോയില്‍ അടിക്കുമ്പോള്‍ അതിലുള്ള ബസര്‍ പ്രവര്‍ത്തിച്ച് അലാറം അടിക്കുകയും ചെയ്യും. ഇതുമൂലം ഡ്രൈവറെയും കാറിനുള്ളിലുള്ളവരെയും ഉണര്‍ത്താന്‍ കഴിയും. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡ്രൈവര്‍ ഉറക്കം തൂങ്ങിയാല്‍ സിസ്റ്റത്തിലെ സ്ലീപ്പിംഗ് ഹസാര്‍ഡ് ലൈറ്റ് ഉപയോഗിച്ച് പിറകില്‍ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഈ വാഹനത്തിലെ ഡ്രൈവര്‍ ഉറക്കം തൂങ്ങുകയാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.

യാത്ര ചെയ്യാനും മാത്രമല്ല, അടുക്കളത്തോട്ടത്തിലെ പ്രവര്‍ത്തികളെല്ലാം ഒരേ യന്ത്രത്തില്‍ പ്രവര്‍ത്തിക്കും. പ്രകൃതിസൗഹാര്‍ദ വാഹനം എന്നുള്ളതും ശ്രദ്ധേയം.

ഇരിങ്ങാലക്കുട: കിളക്കാനും നനക്കാനും വിത്ത് വിതക്കാനും കുഴിയെടുക്കാനും പുല്ല് വെട്ടാനും അങ്ങനെ ഒരു ചെറിയ അടുക്കള തോട്ടത്തിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഒരു മെഷീനില്‍. മാത്രമല്ല, യാത്ര ചെയ്യാന്‍ ഉപയോഗിക്കാം. 48 വോള്‍ട്ട് മോട്ടോര്‍, 48 വോള്‍ട്ട് ബാറ്ററി, കണ്‍ട്രോളര്‍, സോളാര്‍ പാനല്‍ എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ബാസിം അക്തര്‍, കെ.എസ്. സാദ് എന്നിവരാണ് ഈ മെഷീനിന്റെ പ്രദര്‍ശനത്തിനു പിന്നില്‍. ഏറ്റവും കുറഞ്ഞ പണച്ചെലവില്‍ ഈ മെഷീന്‍ ഉണ്ടാക്കിയെടുക്കാം. അഞ്ച് വര്‍ഷമായി പലതരം മോഡലുകള്‍ ഇതിനകം നിര്‍മിച്ചുകഴിഞ്ഞു. ഒട്ടും പ്രകൃതി മലിനീകരണമില്ലാതെ പ്രവര്‍ത്തിക്കും. പൂര്‍ണമായും സോളാര്‍ എനര്‍ജി ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.

മാലിന്യം വളമാക്കാനും വൈദ്യുതിയാക്കാനും ബയോഗ്യാസ് ആക്കാനുമുള്ള നൂതന വിദ്യ നല്‍കുകയാണ് മേലൂര്‍ സെന്റ് ജോസഫ്സ് സ്‌കൂളിലെ അനുശ്രീ മനോജും നവ്യജോഷിയും

ഇരിങ്ങാലക്കുട: മനുഷ്യനെ അലട്ടുന്ന മാലിന്യ സംസ്‌കരണത്തില്‍ പുത്തന്‍ മാതൃക പകര്‍ന്നു നല്‍കുകയായിരുന്നു ശാസ്ത്രമേളയില്‍ മേലൂര്‍ സെന്റ് ജോസഫ്സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ അനുശ്രീ മനോജും നവ്യജോഷിയും. മാലിന്യ സംഭരണിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. അത് ബെല്‍റ്റ് കണ്‍വെയറിലൂടെ സംസ്‌കരണയൂണിറ്റില്‍ എത്തിച്ചേരുന്നു. വാട്ടര്‍ സ്പ്രെയറിന്റെ സഹായത്തോടെ മാലിന്യം സംസ്‌കരിക്കുന്നു. പ്ലാസ്റ്റിക്, ലോഹങ്ങള്‍, കല്ലുകള്‍ ഇവ ഉണ്ടെങ്കില്‍ സൈറണ്‍ മുഴങ്ങുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നു. പുറന്തള്ളപ്പെട്ട ക്രഷ് ചെയ്ത പ്ലാസ്റ്റിക് റോഡ് ടാറിങ്ങിന് ഉപയോഗിക്കാം. സംസ്‌കരിച്ച മാലിന്യം ഫ്ളോട്ടിംഗ് ഡ്രമ്മിലേക്കും എത്തിച്ചേരുന്നു. സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം അവിടെ ലാന്‍ഡ്ഫില്‍ ഗ്യാസ് രൂപപ്പെടുന്നു. ഈ വാതകത്തിലെ മീതേന്‍ ജനറേറ്ററില്‍ എത്തിയാണ് വൈദ്യുതി ഉണ്ടാകുന്നത്. ഫ്ളോട്ടിംഗ് ഡ്രമ്മില്‍ നിന്ന് കുഴമ്പ് രൂപത്തില്‍ എത്തുന്ന മാലിന്യം സ്ലറി ടാങ്കില്‍ എത്തിച്ചേരുന്നു. സ്ലറി ആയ മാലിന്യം വളനിര്‍മാണ യൂണിറ്റില്‍ എത്തുന്നതോടെ അവിടെ വെച്ച് കുമ്മായവും ചകിരിച്ചോറും ചേര്‍ത്ത് കൊടുക്കണം. ശേഷം ബക്കറ്റ് കണ്‍വെയറിലൂടെ ഡ്രയറിലെത്തുന്നു. ഡ്രയറിലെ സ്റ്റീമറിന്റെ സഹായത്തോടെ വളം ഉണക്കുന്നു. കുമ്മായം മണ്ണിന്റെ പിഎച്ച് മൂല്യം നിലനിര്‍ത്താനും കളനാശിനിയെ ശക്തിപ്പെടുത്താനും ഉപയോഗിക്കാം. ഇതാണ് ഈ വിദ്യാര്‍ഥികള്‍ പരിചയപ്പെടുത്തിയ മാലിന്യ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനം.

 

 

Advertisement