കാട്ടൂർ പഞ്ചായത്തിലെ കോവിഡ് പരിശോധന ഇന്ന് മുതൽ വനിത വ്യവസായ കേന്ദ്രത്തിൽ വെച്ച് നടത്തപ്പെടും

61

കാട്ടൂർ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നവർക്കുള്ള കോവിഡ് പരിശോധന (ആന്റിജൻ ടെസ്റ്റ്) ഇന്ന് (14-01-2021) മുതൽ കാട്ടൂരിൽ വെച്ച് തന്നെ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.ആദ്യ കാലങ്ങളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പിന്റെ കീഴിൽ ആരംഭിച്ച കോവിഡ് പരിശോധന കാട്ടൂരിലെ സൗകര്യ കുറവ് കണക്കിലെടുത്തു ആനന്ദപുരത്തുള്ള മുരിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് നടത്തിയിരുന്നത്. പിന്നീട് അതത് പഞ്ചായത്തുകളിൽ ഇതിനുള്ള സൗകര്യം ഒരുക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് കാട്ടൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള കല്ല്യാണ മണ്ഡപത്തിൽ ആരംഭിച്ചിരുന്നു. പഞ്ചായത്തിന് സമീപത്തുള്ള ജൂബിലി ഹാൾ ആയിരുന്നു ഇതിനു വേണ്ടി തിരഞ്ഞെടുത്തിരുന്നത്.എന്നാൽ കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവുകൾ വന്നതോടെ ജൂബിലി ഹാൾ ഒഴിഞ്ഞുകൊടുക്കാൻ നിർബന്ധിതമാകുകയായിരുന്നു. ഇതിനെ തുടർന്ന് 7ആം വാർഡിലെ രാജീവ് ഗാന്ധി കോളനിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഇതിനു വേണ്ടി തിരഞ്ഞെടുത്തിരുന്നു. എന്നാൽ പ്രാദേശിക എതിർപ്പിനെ തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയും തുടർന്ന് മറ്റ് സംവിധാനങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കാറളം എൽപി സ്‌കൂളിലേക്ക് മാറ്റുകയുമായിരുന്നു.
ദൂര കൂടുതൽ മൂലം ടെസ്റ്റ് ചെയ്യാൻ പോകുന്നവർക്കുള്ള ബുദ്ധിമുട്ടുകൾ പുതിയ ഭരണ സമിതി അധികാരത്തിൽ വന്നതിന് ശേഷം പ്രസിഡന്റ് ആയി ചുമതലയേറ്റ ഷീജ പവിത്രന്റെ ശ്രദ്ധയിൽ പെട്ടത്തിനെ തുടർന്ന് കാട്ടൂരിൽ തന്നെ പരിശോധന പുനരാരംഭിക്കുന്നതിന് വേണ്ട കൂടിയാലോചനകൾ നടക്കുകയും മധുരമ്പിള്ളിയിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വനിത സമുച്ചയത്തിൽ പ്ലാസ്റ്റിക് സംഭരണത്തിനായി പുതുതായി പണികഴിപ്പിച്ച കെട്ടിടം തിരഞ്ഞെടുക്കുകയുമായിരുന്നു. കെട്ടിടം പണി പൂർത്തീകരിച്ചിരുന്നെങ്കിലും അവിടേക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ കുറവായതിനെ തുടർന്ന് ഈ ശ്രമം നീണ്ടുപോകുകയായിരുന്നു. തുടർന്നുണ്ടായ അടിയന്തിര ഇടപെടലിലൂടെ വെള്ളവും വെളിച്ചവും ഉൾപ്പെടെയുള്ള അടിയന്തിര അടിസ്ഥാന സൗകര്യങ്ങൾ ഇന്നത്തോടെ പൂർത്തിയാക്കി സജ്ജമാക്കാൻ കഴിയുകയായിരുന്നു. വൈസ് പ്രസിഡന്റ് സി.സി.സന്ദീപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം കമറുദ്ദീൻ തുടങ്ങിയവരുടെ ഇടപെടലും ഈ പ്രയത്നത്തിന് സഹായകമായി. നാളെ മുതൽ എല്ലാ ആഴ്ചയും ഈ കെട്ടിടത്തിൽ ആന്റിജൻ പരിശോധന നടക്കുമെന്ന് പ്രസിഡന്റ് ഷീജ പവിത്രൻ അറിയിച്ചു.

Advertisement