അമേരിക്കൻ മലയാളിക്ക് പല്ലാവൂർ കർമ്മ ശ്രേഷ്ഠ പുരസ്കാരം

122

ഇരിങ്ങാലക്കുട: പതിനൊന്നാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രഥമ പല്ലാവൂർ കർമ്മ ശ്രേഷ്ഠ പുരസ്കാരം മലയാളിയും അമേരിക്കയിലെ ഡെട്രായൂട് മിഷിഗൺ കലാക്ഷേത്രയുടെ ഡയറക്ടറുമായ രാജേഷ് നായർക്ക്. കോവിഡ് മൂലം കലാവതരണം നഷ്ടപ്പെട്ട നിരവധി കലാകാരന്മാർക്കും രോഗബാധിതർക്കും ഇപ്പോഴും ഇവർ സാമ്പത്തിക സഹായം നൽകിക്കൊണ്ടിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാ ഗ്രാമങ്ങളിൽ സഹായഹസ്തം എത്തിക്കുവാൻ സാധിച്ച ഇവർക്ക് പ്രാരംഭത്തിൽ തന്നെ കേരള സർക്കാരിൻറെ പ്രശംസക്കും പാത്രീഭൂതരാകുവാൻ സാധിച്ചിട്ടുണ്ട്.കലാകാരൻ, സംഘാടകൻ, പ്രചാരകൻ എന്നീ നിലയിൽ മാത്രമല്ല സാമൂഹ്യ പ്രതിബന്ധതയാർന്ന വലിയൊരു മനുഷ്യസ്നേഹി കൂടെയാണ് പാലക്കാട് കൊല്ലംകോട് സ്വദേശിയായ രാജേഷ് നായർ. കലാസാംസ്കാരിക സേവനങ്ങളിലും ധർമ്മ പ്രവർത്തനങ്ങളിലും ഉള്ള ഇച്ഛാശക്തി പരിഗണിച്ചാണ് ശില്പവും, പ്രശസ്തിപത്രവും, പൊന്നാടയും അടങ്ങുന്ന പുരസ്കാരം സമർപ്പിക്കുന്നത്. ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ വച്ച് കേരള കലാമണ്ഡലം യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ ടി കെ നാരായണൻ പുരസ്കാരം സമർപ്പിച്ചു. പെരുവനം കുട്ടൻ മാരാർ, സദനം കൃഷ്ണൻകുട്ടി ആശാൻ, കലാമണ്ഡലം ശിവദാസ്, ടി വേണുഗോപാല മേനോൻ, യു പ്രദീപ് മേനോൻ, അഡ്വ രാജേഷ് തമ്പാൻ, കാവനാട് രവി നമ്പൂതിരി, അജയൻ മേനോൻ, രമേശൻ നമ്പീശൻ,രാജേന്ദ്രവർമ്മ , അന്തിക്കാട് പത്മനാഭൻ, കണ്ണമ്പിള്ളി ഗോപകുമാർ, കലാനിലയം ഉദയൻ നമ്പൂതിരി, ദിനേശ് വാരിയർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Advertisement