ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തികൾക്കായി 15 കോടി രൂപയുടെ ഭരണാനുമതി

50

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തികൾക്കായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് 13.50 കോടി രൂപയുടെയും ആരോഗ്യ വകുപ്പിൽ നിന്ന് 1.50 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. 2020 — 21 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള എഴുന്നള്ളത്ത് പാത റോഡ് ഓങ്ങിചിറ മുതൽ പറമ്പി റോഡ് വരെയുള്ള 5.1 കിലോമീറ്റർ റോഡ് ബി. എം. ബി. സി. നിലവാരത്തിലാക്കുന്നതിനായി 5 കോടി രൂപയും, പൊറത്തിശ്ശേരി — ചെമ്മണ്ട — കാറളം റോഡ് നവീകരണം ചെയ്യുന്നതിനായി 4 കോടി രൂപയും, പടിയൂർ — പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കിലചിറ പാലം നിർമ്മാണത്തിനായി 1 കോടി രൂപയും,ആളൂർ ഗ്രാമ പഞ്ചായത്തിലെ കല്ലേറ്റുംകരയിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നതിനായി 3.50 കോടി രൂപയുമാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ചിട്ടുള്ളത്. കാറളം പഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം രൂപയും, മുരിയാട് ഗ്രാമ പഞ്ചായത്തിലെ ആനന്ദപുരം കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണത്തിന് 1 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ചിട്ടുള്ള പ്രവർത്തികൾ റോഡ്സ് വിഭാഗം, പാലം വിഭാഗം, കെട്ടിട വിഭാഗം എന്നിവയുടെ മേൽന്നോട്ടത്തിൽ നടത്തും. ആരോഗ്യ വകുപ്പിൽ നിന്നും അനുവദിച്ചിട്ടുള്ള ഫണ്ട്‌ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽന്നോട്ടത്തിലുമായിരിക്കും നടത്തുകയെന്നും പ്രവർത്തികൾ ഉടനെ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. എ പറഞ്ഞു.

Advertisement