നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞാല്‍ ജീവിതം ആസ്വാദ്യകരമാകും : ഇന്നസെന്റ്

512

ഇരിങ്ങാലക്കുട : നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞ് ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ ജീവിത വൈഷമ്യങ്ങളെ തരണം ചെയ്യാനുള്ള ഏറ്റവും ശക്തമായ ആയുധമായിരിക്കും അതെന്ന് പ്രശസ്ത സിനിമ നടനും മുന്‍ എം.പി.യുമായ ടി.വി.ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും നര്‍മ്മമാണ് ജീവിതത്തിന് കരുത്തത് നല്‍കിയതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കുടുംബശ്രീ കലാസംഗമം ഉദ്ഘാടനം ചെയത്് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരിതമയമായ മാനുഷിക ജീവിതത്തില്‍ നര്‍മ്മം ഒരു മരുന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിത ഫെഡ് അധ്യക്ഷ അഡ്വ. കെ.ആര്‍.വിജയ അധ്യക്ഷത വഹിച്ചു. പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റും, സിനിമാ നടനുമായ ജയരാജ് വാര്യര്‍ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്ത് വൈസ്.പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വത്സലബാബു, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ അമ്പിൡജയന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉപഹാരസമര്‍പ്പണം നടത്തി. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സന്‍മാരായ ലത സുരേഷ്, ഷൈലജ ബാലന്‍, ഡാലിയ കെ.എസ്, ഷീജ മോഹനന്‍, അജിത വിജയന്‍, അനിത ബിജു, അജിത ബാബു, സുവിധ വിനയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. മുരിയാട് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീജ മോഹനന്‍ സ്വാഗതവും ഇരിങ്ങാലക്കുട കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ലത സുരേഷ് നന്ദിയും പറഞ്ഞു. ഓലമെടയല്‍, ഓലപന്ത് നിര്‍മ്മാണം, ഓലപ്പീപ്പി, ചൂല്‍, പാളതൊപ്പി, തിരുവാതിരകളി, നാടന്‍പാട്ട്, സംഘനൃത്തം, നാടോടി നൃത്തം, ലളിതഗാനം, പ്രച്ഛന്നവേഷം, മോണോആക്റ്റ്, കാവ്യാലാപനം, സ്‌കിറ്റ് തുടങ്ങിയ നിരവധി മത്സരങ്ങളില്‍ നൂറുക്കണക്കിന് വനിതകള്‍ പങ്കെടുത്തു. ഞാറ്റുവേല മഹോത്സവങ്ങള്‍ക്ക് മാറ്റുകൂട്ടുവാനായി ഇന്ത്യയിലെ ഏറ്റവും വലിയ കാളഭീമന്‍മാര്‍ ശനിയാഴ്ച ഞാറ്റുവേല വേദിയെ അലങ്കരിക്കാന്‍ ഉണ്ടായിരിക്കും. മുറ വിഭാഗത്തില്‍പ്പെട്ട വന്‍പോത്തുകളും യച്ചൂര്‍ വിഭാഗത്തില്‍പ്പെട്ട പശുക്കളും തൂവെള്ള കാളകൂറ്റന്‍മാരും മഹോത്സവവേദിയില്‍ എത്തിചേരുന്നതായിരിക്കും. ശനിയാഴ്ച നടക്കുന്ന പരിസ്ഥിതി പാര്‍ലിമെന്റ് തൃശ്ശൂര്‍ എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. നിയസഭാ സാമാജികന്‍മാരായി തെരഞ്ഞെടുക്കപ്പെട്ട നാല്‍പത് വിദ്യാര്‍ത്ഥികളും മന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പരിസ്ഥിതിപ്രവര്‍ത്തകരും മുന്‍ എം.പി.സാവിത്രി ലക്ഷ്മണന്‍ , സ്പീക്കറുമായിട്ടുള്ള പരിസ്ഥിതി പാര്‍ലമെന്റിനായിരിക്കും നാളെ മഹോത്സവവേദി സാക്ഷ്യം വഹിക്കുക. നാട്ടറുവുമൂല സി.റോസ് ആന്റോയും, കലാസന്ധ്യ ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസനും ഉദ്ഘാടനം ചെയ്തു. നാട്ടറിവുമൂലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം മുറാബ പരിശീലനവും, ഉദിമാനകളത്തില്‍ നാടന്‍ കലാപരിശീലനവും ശനിയാഴ്ച ഉണ്ടായിരിക്കും. കുട്ടികളുടെ ചിത്രരചനാ മത്സരം രാവിലെ 9 മണിമുതല്‍ ടൗണ്‍ ഹാളില്‍ ആരംഭിക്കുന്നതാണ്.

 

Advertisement