നൂറ്റാണ്ടിലാദ്യമായി ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടമായി അവതരിപ്പിക്കുന്നു.

605
Advertisement

ഇരിങ്ങാലക്കുട : ഈ നൂറ്റാണ്ടിലാദ്യമായി ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ഭാസന്റെ അഭിഷേക നാടകത്തിലെ അവസാന അങ്കമായ അഭിഷേകാങ്കം ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടമായി അവതരിപ്പിക്കുന്നു. ശ്രീരാമ പട്ടാഭിഷേകം അത്യപൂര്‍വമായി മാത്രം അവതരിപ്പിക്കുന്ന കഥയാണ്. നാട്യപണ്ഡിതന്‍ കൂടിയായ രാമവര്‍മ പരീക്ഷിത്ത് മഹാരാജാവിന്റെ താല്പര്യാര്‍ത്ഥം കൂടിയാട്ട കുലപതി അമ്മന്നൂര്‍ ചാച്ചുചാക്യാരുടെ നേതൃത്വത്തില്‍ 140 വര്ഷം മുന്‍പ് തൃപ്പുണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ പട്ടാഭിഷേകം അവതരിപ്പിക്കപ്പെട്ടിരുന്നതായി പറയപ്പെടുന്നു. 2006ല്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരുടെ സംവിധാനത്തില്‍ അമ്മന്നൂര്‍ ഗുരുകുലത്തിലും താന്ത്രിക ക്രിയകള്‍ ഒഴിവാക്കി പട്ടാഭിഷേകം ആടിയിട്ടുണ്ട്.ഡിസംബര്‍ 27 മുതല്‍ 31 വരെയാണ് അവതരണം.27 ന് വൈകീട്ട് 6 ന് അഭിഷേകാങ്കം ഒന്നാം ദിവസത്തില്‍ ശ്രീ രാമന്റെ പുറപ്പാട് അമ്മന്നൂര്‍ മാധവ് ചാക്യാര്‍ അവതരിപ്പിക്കും. ”ഹത്വാ രാവണ മാഹവേ” എന്ന ശ്ലോകം വിസ്തരിച്ച് ആടി വനവാസത്തിന് പുറപ്പെട്ട് രാവണ വധം വരെയുള്ള കഥ അഭിനയിച്ച് കാണിക്കുന്നു. തുടര്‍ന്ന് നിത്യക്രിയയാടി അവസാനിപ്പിക്കും.

Advertisement