ചേന്ദമംഗലം കൈത്തറിമേഖലയെ സംരക്ഷിക്കാന്‍ ചേക്കുട്ടി പാവകള്‍ നിര്‍മ്മിച്ച് നല്‍കി കോണത്തുകുന്ന് യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍

335

കോണത്തുകുന്ന്: പ്രളയത്തില്‍ വലിയ നാശം സംഭവിച്ച ചേന്ദമംഗലം കൈത്തറി മേഖലയെ സഹായിക്കാന്‍ കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നടന്ന ചേക്കുട്ടി നിര്‍മ്മാണ പരിശീലന ക്യാമ്പില്‍ കോണത്തുകുന്ന് യു.പി.സ്‌കൂളിലെ കുരുന്നുകള്‍ പങ്കാളികളായി. നാശം സംഭവിച്ച ചേന്ദമംഗലം കൈത്തറി സാരികളുടെ പുനരുപയോഗം ഉദ്ദേശിച്ച് ചേക്കുട്ടി പാവകളെ നിര്‍മ്മിച്ചാണ് വിദ്യാര്‍ഥികള്‍ തങ്ങളുടേതായ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഏര്‍പ്പെട്ടത്. കുട്ടികളുടെ സൂക്ഷ്മതയിലും ഭാവനയിലും വിരിഞ്ഞ 350 ചേക്കുട്ടികളെയാണ് ഉണ്ടാക്കിയത്. രണ്ടു മണിക്കൂര്‍ നീണ്ട ചേക്കുട്ടി നിര്‍മ്മാണത്തില്‍ രക്ഷിതാക്കളും പങ്കാളികളായി. കരൂപ്പടന്ന ഗ്രാമീണ വായനശാല വനിതാ വേദിയുടെ നേതൃത്വത്തിലാണ് ചേക്കുട്ടി പാവ നിര്‍മ്മാണം നടത്തിയത്. പ്രധാനാധ്യാപിക പി.വൃന്ദ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം.എസ്.രഘുനാഥ് അധ്യക്ഷനായി. ഹൈനസ് കണ്ണാംകുളം, സാജിത ഗഫൂര്‍, അമ്മു സുബ്രഹ്മണ്യന്‍ എന്നിവര്‍ ചേക്കുട്ടി നിര്‍മ്മാണം വിശദീകരിച്ചു.വായനശാല പ്രസിഡന്റ് എ.കെ.മജീദ് പ്രസംഗിച്ചു. അധ്യാപകരായ എം.ലീന, ഒ.എസ്.ഷൈന്‍, സി.എ.ബിജു, ഹീര, സുജിത, രാസ മോള്‍ പി.ടി.എ.അംഗങ്ങളായ വിദ്യാഷാജി, ജിഷ ഹരി, എം.കെ.പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement