വള്ളിവട്ടം: വള്ളിവട്ടം യൂണിവേഴ്‌സല്‍ എന്‍ജിനിയറിങ് കോളേജിലെ സാങ്കേതിക മികവിന്റെ പ്രദര്‍ശനമായ ടെക്‌ഫെസ്റ്റ് വൈഭവ് -2019 സമാപിച്ചു. വൈഭവിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച റഫാല്‍ വിമാന മാതൃക ശ്രദ്ധേയമായി. കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് മാതൃക നിര്‍മ്മിച്ചത്. രണ്ടു പേര്‍ക്ക് അനായാസം കയറിയിരിക്കാന്‍ സാധിക്കുന്ന രീതിയില്‍ നിര്‍മ്മിച്ച വിമാന മാതൃക കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ്.കെ.ജേക്കബ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ റിനോജ് അബ്ദുള്‍ഖാദര്‍, അക്കാദമിക് ഡയറക്ടര്‍ ഡോ.വിന്‍സ്‌പോള്‍, പി.എ.ഫ്രാന്‍സിസ്, വകുപ്പ് മേധാവികള്‍, വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് കെ.കെ.അബ്ദുള്‍റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ലാറസ് സോഫ്റ്റ്വെയര്‍, കാര്‍ഷിക റോബോട്ട്, ജലവൈദ്യുത പദ്ധതി, പവര്‍ സ്റ്റേഷന്‍, ആര്‍ക്കിടെക്ചറല്‍ വിസ്മയങ്ങള്‍. ഓണ്‍ ദ സ്‌പോട്ട് ബ്രിക്ക് ടെസ്റ്റ്, സ്റ്റീല്‍ ടെസ്റ്റ്, ലെയ്ത്ത് മാസ്റ്റര്‍ സ്‌കില്‍ ടെസ്റ്റ്, എന്‍ജിനിയെഴ്‌സ് ഐ വിന്റെജ് കാറുകളുടെ പ്രദര്‍ശനം,മോട്ടര്‍ ഷോ, വിവിധ മത്സരങ്ങള്‍ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായിരുന്നു. ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിലെ ലാബുകളും വര്‍ക്ക്‌ഷോപ്പുകളും പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here