ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദ്വിദിന വെബ് ഡെവലപ്മെൻ്റ് ശില്പശാല സംഘടിപ്പിച്ചു. അക്കാദമിക് പരിശീലനവും ഇൻഡസ്ട്രി ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിക്ക് ക്യാമ്പസിൽ തന്നെ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ കമ്പനിയായ ‘ടാൽറോപ്പി’ലെ വിദഗ്ധർ നേതൃത്വം നൽകി. ‘റിയാക്ട് ജെ എസ് ‘ എന്ന സാങ്കേതിക വിദ്യയിലായിരുന്നു പരിശീലനം. അധ്യാപകരായ ജാസ്മിൻ ജോളി, മാഗ്നിയ ഡേവിസ് എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
14 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലി കയെ ലൈംഗികമായി പീഡിപ്പിച്ചുഗർഭിണിയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 220000/-രൂപ പിഴയും വിധിച്ചു
14 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലി കയെ ലൈംഗികമായി പീഡിപ്പിച്ചുഗർഭിണിയാക്കിയപോക്സോ കേസ് പ്രതിക്ക് (40 വയസ്സ് ) ഇരട്ട ജീവപര്യന്തം തടവും 220000/-രൂപ പിഴയും വിധിച്ചു. മതിലകം. സുനാമികോളനി സ്വദേശി കുഞ്ഞുമാക്കൻപുരക്കൽ വീട്ടിൽ സുകുമാരൻ മകൻ സതീഷ് എന്ന സനാഥനെ യാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ lകോടതി ( പോക്സൊ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി.പിഴത്തുക അടക്കാത്ത പക്ഷംഒരു വർഷവും രണ്ട് മാസവും കൂടി ശിക്ഷ അനുഭവിക്കണം.മതിലകം S. I ആയിരുന്ന കെ. എസ്. സൂരജ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന എ. അനന്തകൃഷ്ണൻ ആണ് അന്വേഷണം നടത്തി .കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പോലീസ് സ്റ്റേഷൻസീനിയർ സിവിൽ പോലീസ് ഓഫീസർ ആയ രജനി. ടി. ആർ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിച്ചു..പിഴ തുക അതിജീവിതയ്ക്കു നൽകാൻ കോടതിവിധിച്ചു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി . തൃശ്ശൂർ ഐ എം എ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. വൈസ് പ്രിൻസിപ്പാൾ ഡോ. സി. ബ്ലെസ്സി രക്തദാനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് വളണ്ടിയേഴ്സ്, വിദ്യാർത്ഥിനികൾ, അധ്യാപക അനധ്യാപകർ തുടങ്ങി ധാരാളം പേർ രക്തദാനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. സിനി വർഗീസ് സി ക്യാമ്പിന് നേതൃത്വം നൽകി.
ഇരിങ്ങാലക്കുട വഴി കെ എസ് ആർ ടി സിയുടെ ഒരു രാത്രികാല സർവീസ് കൂടി: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട: തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വഴി കെ എസ് ആർ ടി സിയുടെ ഒരു ബസ് കൂടി രാത്രികാല സർവീസ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ.ആർ ബിന്ദു പറഞ്ഞു. വൈകിട്ട് 5.45 ന് കോട്ടയത്തു നിന്ന് പുറപ്പെടുന്ന ബസ് പാലാ, കൂത്താട്ടുകുളം, എറണാകുളം, കൊടുങ്ങല്ലൂർ വഴി രാത്രി 10.20 ന് ഇരിങ്ങാലക്കുട എത്തും. തുടർന്ന് കോഴിക്കോട് വഴി രാവിലെ 6.10 ന് പെരിക്കല്ലൂരിൽ എത്തിച്ചേരും.തിരിച്ച് വൈകിട്ട് 5.45 ന് പെരിക്കല്ലൂരിൽ നിന്ന് പുറപ്പെടുന്ന സർവീസ് സുൽത്താൻബത്തേരി, കോഴിക്കോട്, തൃശൂർ,വഴി രാത്രി 1.15 ന് ഇരിങ്ങാലക്കുടയിലെത്തും. തുടർന്ന് ബസ് രാവിലെ 5.50 ന് കോട്ടയത്ത് എത്തിച്ചേരും.പൂർണ്ണമായും റിസർവേഷൻ സംവിധാനത്തിലാണ് ബസ് സർവീസ്.ഗതാഗതമന്ത്രി ശ്രീ ആന്റണി രാജു അടക്കം പങ്കെടുത്ത് മാർച്ച് 29 ന് ചേരുന്ന ഉന്നതതല യോഗം ഇരിങ്ങാലക്കുട വഴിയുള്ള കൂടുതൽ സർവീസുകളുടെ കാര്യം പരിഗണിക്കും – മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.
നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് നടത്തി.ഇരിങ്ങാലക്കുട നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികളുടെ സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് 23-3-2023 ന് ടൌണ്‍ഹാളില്‍ നടത്തി. വൈസ് ചെയർമാൻ ടിവി ചാർലിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള ഹെൽത്ത് പ്രൊഫൈൽ വിതരണം ചെയർപേഴ്സൺ നിർവഹിച്ചു. ഓറൽ ഹൈജീൻ കിറ്റ് വിതരണം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് നിർവഹിച്ചു.ക്യാമ്പിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന്‍, ജീവിതശൈലീരോഗ നിര്‍ണയത്തിനായുള്ള വിവിധ പരിശോധനകള്‍ ( ഉയരം.തൂക്കം, രക്തസമ്മര്‍ദ്ദം, ബ്ലഡ് ഷുഗര്‍) , കാഴ്ച പരിശോധന, വിളര്‍ച്ച പരിശോധന(Hb Test), ടി.ബി- ലെപ്രസി സ്ക്രീനിംഗ്, ദന്താരോഗ്യ ബോധവത്കരണം, ആരോഗ്യ പ്രൊഫൈല്‍ ഫയല്‍ വിതരണം, ഓറൽ ഹൈജീൻ കിറ്റ് വിതരണം എന്നിവ നടത്തി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ ക്യാമ്പിന് നേതൃത്വം നൽകി.ഡോ. ഹിമ, ഡോ. ബിന്ദു എന്നിവർ വിവിധ പരിശോധനകൾക്ക് നേതൃത്വം നൽകി. ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകരും സംഘാടക പ്രവർത്തനങ്ങൾ നടത്തി.
വി ആർ മില്ലിത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് മാർച്ച് 25, 26 തീയതികളിൽ
ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ല ചെസ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വി ആർ മില്ലിത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പും ജില്ലാ ടീമിന്റെ സെലക്ഷനും 2023 മാർച്ച് 25, 26 തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർ മെയ് 17 മുതൽ കണ്ണൂർ വച്ച് നടക്കുന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 9387726873 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഹരിത കർമ്മ സേന ബോധവൽക്കരണവുമായി കുടുംബശ്രീ കലാജാഥ
ഇരിങ്ങാലക്കുട: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പരിശീലനം നേടിയ രംഗശ്രീ ഗ്രൂപ്പ് അവതരിപ്പിച്ച കലാജാഥ ഇരിങ്ങാലക്കുട നഗരസഭയിൽ മാർച്ച് 22 രാവിലെ 10.30 ന് ബസ് സ്റ്റാൻഡിൽ അവതരിപ്പിച്ചു. ഹരിത കർമ്മ സേനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയ കലാജാഥ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ CDS 2 ചെയർപേഴ്സൺ ഷൈലജ ബാലൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ചാർലി ടി വി , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭാ സെക്രട്ടറി, കൗൺസിലർമാർ, എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെമ്പർ സെക്രട്ടറിമാർ, NULM സിറ്റി മിഷൻ മാനേജർ, കമ്മ്യൂണിറ്റി ഓർഗനൈസർമാർ, CDS ഭാരവാഹികൾ, ഹരിത കർമ്മ സേന അംഗങ്ങൾ മുതലായവർ പങ്കെടുത്തു. അറിവിൻ വെട്ടം എന്ന പേരിൽ അവതരിപ്പിച്ച നാടകത്തിലൂടെ ഹരിത കർമ്മ സേന പ്രവർത്തന മേഖലകളെകുറിച്ചും, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കി. കുടുംബശ്രീ സിഡിഎസ്1 ചെയർപേഴ്സൺ പുഷ്പാവതി പി കെ ചടങ്ങിന് നന്ദി അറിയിച്ചു.
ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി കാട്ടൂര്‍സർവ്വീസ് സഹകരണബാങ്ക്
കാട്ടൂര്‍: സംസ്ഥാന സഹകരണ വകുപ്പ് കടുത്ത ചൂടിനെ അതിജീവിക്കുവാന്‍ നടപ്പിലാക്കുന്ന തണ്ണീര്‍ പന്തല്‍ പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മാര്‍ക്കറ്റ് റോഡില്‍ ആരംഭിച്ചീട്ടുളള സൗജന്യ തണ്ണീര്‍ പന്തല്‍ മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസണ്‍ ഡേവീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്. പ്രളയ കാലത്തും, കോവിഡ് കാലത്തും ജനങ്ങളെ സഹായിക്കുവാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഉഷ്ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സാമൂഹിക ഉത്തിരവാദിത്ത്വം എന്ന നിലയിലാണ് കാട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ തണ്ണീര്‍ പന്തല്‍ ബാങ്ക് ആരംഭിച്ചിട്ടുളളത്.ബാങ്കിന്‍റെ തണ്ണീര്‍ പന്തലില്‍ സംഭാരം,തണുത്ത വെളളം അത്യാവശ്യം ഒ.ആര്‍.എസ് എന്നിവ കരുതിയിട്ടുണ്ട്. വേനല്‍ കാലം മുഴുവന്‍ തണ്ണീര്‍ പന്തല്‍ നിലനിര്‍ത്തുമെന്നും പ്രസിഡന്‍റ് അറിയിച്ചു. ഡയറക്ടര്‍മാരായ കെ.കെ.സതീശന്‍, പ്രമീള അശോകന്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ബാങ്ക് സെക്രട്ടറി ടി.വി.വിജയകുമാര്‍ സ്വാഗതവും ഡയറക്ടര്‍ എം.ജെ.റാഫി നന്ദിയും പറഞ്ഞു.
തണലേകാൻ സഹകരണ തണ്ണീർ പന്തലിന്റെ ഭാഗമായി തണ്ണീർ പന്തൽ ആരംഭിച്ചു
ഇരിങ്ങാലക്കുട: തണലേകാൻ സഹകരണ തണ്ണീർ പന്തലിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് നട ബ്രാഞ്ചിൽ തണ്ണീർ പന്തൽ ആരംഭിച്ചു.കടുത്ത ചൂടിൽ നിന്നും ആശ്വാസം നൽകുന്നതിനായി തണലേകാൻ സഹകരണ തണ്ണീർ പന്തൽ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് നട ബ്രാഞ്ചിൽ ആരംഭിച്ചു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് രജിസ്ട്രാർ ബിൽസൺ ഡേവിസ് തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബാങ്ക് സി ഇ ഒ ടി കെ ദിലീപ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റന്റ് ജനറൽ മാനേജർ അനിത എ ആശംസയും ബ്രാഞ്ച് മാനേജർ ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.
ഗ്രീന്‍ സാനിറ്റേഷന്‍, ‘ഡിജി’ മുരിയാട്, ‘ജീവധാരാ’ നൂതനപദ്ധതികളുമായി മുരിയാട് പഞ്ചായത്ത് ബഡ്ജറ്റ് .
മുരിയാട്: 29 കോടി 52 ലക്ഷംരൂപ വരവും 28 കോടി 70 ലക്ഷം രൂപ ചിലവും 82 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മുരിയാട്ഗ്രാമപഞ്ചായത്തിന്റെ 23-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിച്ചു.പഞ്ചായത്ത് വൈസ്പ്രസിഡന്റ് സരിത സുരേഷ് ബഡ്ജറ്റ് അവതരണം നടത്തി. ശുചിത്വരംഗത്ത് നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്ന ഗ്രീന്‍ സാനിറ്റേഷന്‍,സമഗ്രാരോഗ്യപദ്ധതി ആയ ജീവധാര ആസ്തി ഡിജിറ്റലൈസേഷന്‍ ഡിജിറ്റല്‍ സാക്ഷരത ക്യാമ്പയിനുമായി ഡിജി മുരിയാട് തുടങ്ങിയവ ബഡ്ജറ്റിലെ നൂതന നിര്‍ദ്ദേശങ്ങളാണ്.ഭവനനിര്‍മ്മാണപദ്ധതികള്‍ക്ക് 325 ലക്ഷം രൂപയും ടൂറിസം പദ്ധിതകള്‍ക്ക് 75 ലക്ഷം രൂപയും യുവജനക്ഷേമത്തിന് 55 ലക്ഷം രൂപയും കാര്‍ഷിക ജലസേചന മേഖലക്ക് 180 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അംഗനവാടി കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പ്രത്യേക പദ്ധതികള്‍ക്കും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്.കേരളോത്സവത്തിന് പുറമേ അംഗനവാടി , ഭിന്നശേഷി, വയോജന കലോത്സവങ്ങളും ബഡ്ജറ്റ് നിർദ്ദേശിക്കുന്നുണ്ട്.ബഡ്ജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രശാന്ത്, കെ.യു വിജയന്‍, രതി ഗോപി, തോമസ് തൊകലത്ത്, തുടങ്ങി മുഴുവൻ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.
വനമിത്ര പുരസ്കാരം ക്രൈസ്റ്റ് കോളജിന്
ഇരിങ്ങാലക്കുട : കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വന്നവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനവും വനമിത്ര പുരസ്കാര സമർപ്പണ ചടങ്ങും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഫോറെസ്റ്റ് കൺസർവേറ്റർ ബി സജീഷ് കുമാർ അധ്യക്ഷ പദം അഹങ്കരിച്ചു. ജൈവ വൈവിധ്യ സംരക്ഷണത്തിന് സ്തുത്യർഹമായ സേവനം നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേരളത്തിൽ വനം വകുപ്പ് നൽകി വരുന്ന അംഗീകാരം ആയ വനമിത്ര പുരസ്കാരത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹരായി. വനമിത്ര പുരസ്‌കാര സമർപ്പണവും ജില്ലാ തല ഉത്ഘാടനവും സോണിയ ഗിരി നിർവഹിച്ചു.മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ കുറിച്ചും മാറുന്ന കാലാവസ്ഥയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റിയും മുഖ്യ അതിഥി തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ അനൂപ് കെ എൻ IFS പറഞ്ഞു. ആർ കീർത്തി IFS, സംബുദ്ധ മജുമധർ IFS, മുൻ വനമിത്ര പുരസ്കാര ജേതാവ് വി കെ ശ്രീധരൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ , കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞാംപള്ളി CMI എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കയർഭൂവസ്ത്രം അണിഞ്ഞു “സുന്ദരിയായി” വാലൻ ചിറ തോട്.
ഇരിങ്ങാലക്കുട: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2022-23 പ്രകാരം കയർ ഭൂവസ്ത്രം അണിയിച്ചു അഴകും ഈടും നേടിയെടുത്തു വാലൻ ചിറ തോട്.2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി 115000 രൂപ അടങ്കൽ തുകയും 344 തൊഴിൽ ദിനങ്ങളും വിനിയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. തൃശ്ശൂർ ജില്ലയിൽ കയർഭൂവസ്ത്രം പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ നഗരസഭയാണ് ഇരിങ്ങാലക്കുട നഗരസഭ. 541 m2 കയർ ഭൂവസ്ത്രം ഈ പ്രവർത്തിക്കായി ഉപയോഗിച്ചു. കയർ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പ്രവർത്തി നടപ്പിലാക്കിയത്.വാർഡ് 10 ലെ വാലൻ ചിറ തോട് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് റിപ്പോർട്ട് അവതരിപ്പിക്കുകയും കയർ പ്രൊജക്റ്റ് ഓഫീസർ തൃശ്ശൂർ ബി ഗോപകുമാർ പദ്ധതി വിശദീകരിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ സുജാ സഞ്ജീവ് കുമാർ, അംബിക പള്ളിപ്പുറം, അഡ്വക്കേറ്റ് ജിഷ ജോബി, കൗൺസിലർമാരായ അൽഫോൻസാ തോമസ്, പിടി ജോർജ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രബിൻ കെ സി , തൊഴിലുറപ്പ് എൻജിനീയർ സിജിൻ ടി എസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വാർഡ് കൗൺസിലർ എ എസ് ലിജി ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെ പ്രകൃതിയോട് ഇണങ്ങി മണ്ണിനെയും ഭൂമിയെയും സംരക്ഷിക്കുന്ന നൂതന ആശയങ്ങളിൽ ഒന്നാണ് കയർ ഭൂവസ്ത്രം പദ്ധതി. മണ്ണൊലിപ്പ് തടയുന്നതിനും മഴവെള്ളം അരിച്ചു ഭൂമിയിലേക്ക് ഇറങ്ങുന്നതിനും ഈ പദ്ധതി കാരണമാകുന്നു. വരും വർഷങ്ങളിൽ മറ്റു വാർഡുകളിലേക്കും ഈ പ്രവർത്തി വ്യാപിപ്പിക്കും.
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഉപഭോക്തൃ സംരക്ഷണ അവാർഡ്
ഇരിങ്ങാലക്കുട : ലോക ഉപഭോക്തൃ ദിനാചരണത്തോട് അനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ സമിതി ഏർപ്പെടുത്തിയ മികച്ച എൻജിനീയറിങ് കോളേജിനു അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് സമ്മാനിച്ചു. കാൾഡിയൻ സിറിയൻ ചർച്ച് മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസിൽ നിന്ന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കരയും പ്രിൻസിപ്പൽ ഡോ. സജീവ് ജോണും ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ സംരക്ഷണ സമിതി ചെയർമാൻ പ്രിൻസ് തെക്കൻ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇരിങ്ങാലക്കുട നഗരസഭയുടെ 2023-2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രേഖക്ക് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അംഗീകാരം
ഇരിങ്ങാലക്കുട: നഗരസഭയുടെ 2023-2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രേഖക്ക് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അംഗീകാരം, പദ്ധതി പണം ഭരണകക്ഷിയംഗങ്ങളുടെ വാര്‍ഡുകളില്‍ കേന്ദ്രീകരിച്ചതായി എല്‍. ഡി. എഫ്, ബി. ജെ. പി. അംഗങ്ങളുടെ വിമര്‍ശനം, ടൈഡ് പോലുള്ള പദ്ധതികളുടെ പണം പൊതു സ്വഭാവമുള്ള പദ്ധതികള്‍ക്കാണ് വകയിരുത്തിയിട്ടുള്ളതെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭരണ നേത്യത്വം അംഗങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. വാര്‍ഡുകളില്‍ 13 ലക്ഷം രൂപയുടെ പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട ഭരണ നേത്യത്വം ടൈഡ് പോലുള്ള പദ്ധതികളെ കുറിച്ച് അംഗങ്ങളില്‍ നിന്നും മറച്ചു വച്ചു. ഏഴോളം യു. ഡി. എഫ്. അംഗങ്ങളുടെ വാര്‍ഡുകളില്‍ മാത്രം ഒരു കോടി രൂപയുടെ പദ്ധതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. വാര്‍ഡുകളിലേക്ക് സന്തുലിതമായല്ല പദ്ധതി പണം വകയിരുത്തിയിട്ടുള്ളതെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ ചൂണ്ടിക്കാട്ടി. പൊറത്തിശ്ശേരി മേഖലയില്‍ പോലും കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടില്ല. ടൈഡ് പോലുള്ള പദ്ധതികളെ കുറിച്ച് അംഗങ്ങളോട് വിശദീകരിക്കാതിരുന്നത് പദ്ധതി നിര്‍ദ്ദേശിക്കുന്നതില്‍ തടസ്സമായന്നും അഡ്വ കെ. ആര്‍. വിജയ പറഞ്ഞു. എല്ലാ വാര്‍ഡുകളിലേക്കും പദ്ധതി പണം സന്തുലിതമായി അനുവദിക്കണമെന്നും അഡ്വ കെ. ആര്‍. വിജയ ആവശ്യപ്പെട്ടു. ടൈഡ് പോലുള്ള പദ്ധതികള്‍ പ്രതിപക്ഷാംഗങ്ങളുടെ വാര്‍ഡുകളിലും വകയിരുത്തിയിട്ടുണ്ടെന്നും, പദ്ധതി വിഭാവനം ചെയ്യുന്നതില്‍ വ്യക്തിപരമായോ, രാഷ്ട്രീയമായോ പരിഗണനകള്‍ നല്‍കിയിട്ടില്ലെന്നും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുജ സജ്ഞീവ്കുമാര്‍ പറഞ്ഞു. ടൈഡ് പോലുള്ള പദ്ധതി പണം പൊതു സ്വഭാവമുള്ള പദ്ധതികള്‍ക്കാണ് വകയിരുത്തിയിട്ടുള്ളതെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാര്‍ അടക്കമുള്ള സ്റ്റിയറിങ്ങ് കമ്മറ്റി യോഗത്തിലാണ് ടൈഡ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഭരണകക്ഷിയംഗങ്ങളുടെ വാര്‍ഡുകളില്‍ പദ്ധതി പണം കേന്ദ്രീകരിച്ചുവെന്നത് അടിസ്ഥാന രഹിതമാണ്, എല്‍. ഡി. എഫ്, ബി. ജെ. പി. അംഗങ്ങളുടെ ഉള്‍പ്പെടെയുള്ള വാര്‍ഡുകളില്‍ ടൈഡ് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അംഗങ്ങളില്‍ നിന്നും ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും ആവശ്യമായ മാറ്റങ്ങള്‍ പദ്ധതി നിര്‍ദ്ദേശത്തില്‍ കൊണ്ടു വരുമെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി പറഞ്ഞു. 25 കോടി 30 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. പി. എം. എ. വൈ, ലൈഫ് പദ്ധതിക്കായി ഒരു കോടി 65 ലക്ഷം രൂപയും, ശിശുക്കള്‍, ഭിന്നശേഷിക്കാര്‍ക്കായി 35 ലക്ഷം രൂപയും, വയോജന ക്ഷേമകത്തിനായി 35 ലക്ഷം രൂപയും, സ്ത്രീകളുടെ ഉന്നമനത്തിനായും, ശാക്തീകരണത്തിനുമായി 68 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മരാമത്ത് റോഡുകള്‍ക്ക് 8 കോടിയും, ശുചിത്വ മാലിന്യ സംസ്‌കരണത്തിനും, ജലവിതരണത്തിനുമായി രണ്ടു കോടി 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുജ സജ്ഞീവ്കുമാര്‍, എം. ആര്‍. ഷാജു, അഡ്വ കെ. ആര്‍. വിജയ, അല്‍ഫോന്‍സ തോമസ്, അംബിക പള്ളിപ്പുറത്ത്, സന്തോഷ് ബോബന്‍, അമ്പിളി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
10 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 5 വർഷം തടവും 10000-രൂപ പിഴയും വിധിച്ചു
പുല്ലുറ്റ്:10 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ
58 കാരന് 5 വർഷം തടവും 10000-രൂപ പിഴയും വിധിച്ചു .കൊടുങ്ങല്ലൂർ
പോലീസ് രജിസ്റ്റ ർ ചെയ്ത കേസിൽ പുല്ലുറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വീട്ടിൽ സുബ്രഹ്മണ്യനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സൊ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി. പിഴത്തുക അടക്കാത്ത പക്ഷം രണ്ട് മാസവും കൂടി ശിക്ഷ അനുഭവിക്കണം. കൊടുങ്ങല്ലൂർ S. I ആയിരുന്ന കെ. ജെ. ജിനേഷ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന P.C.ബിജുകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പോലീസ് സ്റ്റേഷൻസീനിയർ സിവിൽ പോലീസ് ഓഫീസർ ആയ രജനി. ടി. ആർ കേസ് നടത്തിപ്പിൽ ഒരു പ്രോസിക്യൂഷനെ സഹായിച്ചു.10 സാക്ഷികളെ കേസിൽ വിസ്തരിച്ചു. 19.രേഖകൾ തെളിവിൽ ഹാജരാക്കി.പിഴ തുക അതിജീവിതന് നൽകാൻ കോടതിവിധിച്ചു.
തൃശൂര്‍ ലോ കോളേജില്‍ പ്രത്യേക ക്വാട്ട സൃഷ്ടിച്ചുനല്‍കി: മന്ത്രി ആര്‍ ബിന്ദു
കാഴ്ച പരിമിതി നേരിടുന്ന തൃശൂര്‍ വിയ്യൂര്‍ സ്വദേശി അര്‍ജുന്‍ കെ കുമാറിന്റെ നിയമ പഠനം മുടങ്ങാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സവിശേഷ ഇടപെടല്‍. എണാകുളം ലോ കോളേജില്‍ നിയമ പഠനത്തിന് എല്‍എല്‍എം സീറ്റ് ലഭിച്ചെങ്കിലും യാത്രാ പ്രശ്‌നം തന്റെ ഉന്നത പഠനത്തില്‍ ഇരുള്‍ വീഴ്ത്തുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് പ്രതീക്ഷയുടെ വെളിച്ചമായി മന്ത്രി ബിന്ദുവിന്റെ ഇടപെടലുണ്ടായത്. എറണാകുളം കോളേജില്‍ നിന്ന് തന്റെ പഠനം തൃശൂര്‍ ലോ കോളേജിലേക്ക് മാറ്റിത്തരണമെന്നു കാണിച്ച് അര്‍ജുന്‍ മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ ശ്രദ്ധേയമായ ഇടപെടല്‍. അര്‍ജുന്റെ പ്രശ്‌നത്തിന് പരിഹാരമായി തൃശൂര്‍ ലോ കോളേജില്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കായി ഒരു സീറ്റ് സൃഷ്ടിക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇത് സാധ്യമാക്കിയത്. ഇക്കാര്യത്തില്‍ സര്‍വകലാശാല ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. തുടര്‍ന്ന് അര്‍ജുന്റെ പഠനം എറണാകുളം കോളേജില്‍ നിന്ന് തൃശൂര്‍ ലോ കോളേജില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട സീറ്റിലേക്ക് മാറ്റിക്കൊണ്ടുള്ള ഇത്തരവ് മന്ത്രി എത്രയും വേഗം തരപ്പെടുത്തി നല്‍കുകയായിരുന്നു. ഇതോടെ മുടങ്ങിപ്പോവുമെന്ന് ഒരു വേള താന്‍ ഭയപ്പെട്ട നിയമത്തിലെ ബിരുദാനന്തര ബിരുദ പഠനം കൂടുതല്‍ മികവോടെ തുടരാനാകുമെന്ന ആശ്വാസത്തിലാണ് അര്‍ജുന്‍ കെ കുമാര്‍. അര്‍ജുന്റെ എല്‍എല്‍എം സീറ്റ് എറണാകുളം ലോ കോളേജില്‍ നിന്ന് തൃശൂര്‍ ലോ കോളേജിലേക്ക് മാറ്റി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി ഡോ. ആര്‍ ബിന്ദു തൃശൂരിലെത്തി അര്‍ജുന് കൈമാറി. തൃശൂര്‍ രാമനിലയത്തില്‍ നടന്ന ചടങ്ങിലായിരുന്നു ഇത്.വിദ്യാഭ്യാസ രംഗം കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിലൂടെ അവര്‍ക്ക് പഠനം കൂടുതല്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഉത്തരവ് കൈമാറിയ ശേഷം മന്ത്രി പറഞ്ഞു. വീടിനടുത്ത കോളേജില്‍ തന്നെ പഠനം തുടരാനായതിന്റെ സന്തോഷം അര്‍ജുനും മറച്ചുവച്ചില്ല. ഇതിന് മുന്‍കൈയെടുത്ത മന്ത്രിക്ക് നന്ദി പറഞ്ഞാണ് പഠനത്തില്‍ മിടുക്കനായ അര്‍ജുൻ ഉത്തരവുമായി മടങ്ങിയത്.അച്ഛന്‍ കൃഷ്ണ കുമാര്‍, അമ്മ അമ്പിളി എന്നിവരും സന്തോഷ മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ അര്‍ജുനൊപ്പം എത്തിയിരുന്നു.
കേരളവര്‍മ്മ കോളേജില്‍ ഫിലോസഫിയില്‍ ബിരുദമെടുത്ത ശേഷമാണ് അര്‍ജുന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്നത്.
തളിയക്കോണം സ്റ്റേഡിയത്തിൽ ഒരു കോടി രൂപയുടെ നവീകരണം: ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുടയിലെ തളിയക്കോണം സ്റ്റേഡിയം നവീകരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഒരു കോടി രൂപ ചെലവഴിച്ചുകൊണ്ടാണ് സ്റ്റേഡിയം നവീകരിക്കുന്നത്. നവീകരണപ്രവൃത്തികൾ മാർച്ച് 25ന് ആരംഭിക്കും.കായികപ്രേമികളുടെ ദീർഘകാല ആവശ്യമാണ് ഇതുവഴി സർക്കാർ നിറവേറ്റുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയുടെ കായികവികസനത്തിന് എൽ ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ലോകകപ്പ് ഇന്ത്യൻ ടീമിൽ മൂന്ന് തൃശ്ശൂർക്കാരും
തൃശ്ശൂർ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങുന്നവരിൽ മൂന്നുപേർ തൃശ്ശൂർ
ക്കാർ. ഇന്ത്യ ആദ്യമായിട്ടാണ് ഈ ലോകകപ്പിൽ കളിക്കാനിറങ്ങുന്നത്.മേയ് 18 മുതൽ 21 വരെ ക്രൊയേ
ഷ്യയിലാണ് ലോകകപ്പ് നടക്കുന്ന ത്. അയ്യന്തോൾ സ്വദേശി എം.ജി.അരുൺ റാവു (36) ഇരിങ്ങാല
ക്കുട സ്വദേശികളായ ജിമ്മി ജോയ്(37), ജെനിൽ ജോൺ (40) എന്നിവരാണ് രാജ്യത്തിനായി കളത്തിലി
റങ്ങുക.2022-ൽ തിരുവനന്തപുരത്തു നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ജേതാക്കളായ കേരള ടീമിൽ അംഗങ്ങളായിരുന്ന എം.ജി. അരുൺ റാവു, ജിമ്മി ജോയ്, ജെനിൽ ജോൺ മൂവരും. സ്കൂൾ പഠന കാലഘട്ടം
മുതൽ അന്തസ്സംസ്ഥാന ചാമ്പ്യൻ ഷിപ്പുകളിലും അന്തസ്സർവകലാശാലാ ഗെയിംസുകളിലും കഴിവ് തെ
ളിയിച്ചവരാണ്.അരുൺ റാവു ബെംഗളൂരുവിൽ ടെക്നികളർ ഇന്ത്യയുടെ ലീഗൽ കൗൺസെൽ ആണ്.
ജിമ്മി ജോയ് തിരുവനന്തപുരത്ത് എസ്.ടി.സി. ടെക്നോളജിയിൽ ജോലി ചെയ്യുന്നു. ജെനിൽ ജോൺ പങ്ങാരപ്പള്ളി സെന്റ് ജോസഫ്സ് സ്കൂളിലെ കായികാധ്യാപകനും എം.ജി. സർവകലാശാലയിലെ പാർട്ട് ടൈം പി.എച്ച്.ഡി. വിദ്യാർഥിയുമാണ്.
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കലാമേള
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ വാർഷിക കലാമേളയായ ‘ തിലംഗ് 2023’ ശ്രദ്ധേയമായി. സാഹിത്യം, പെയിൻ്റിംഗ്, സംഗീതം, നൃത്തം, പ്രഭാഷണം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മുപ്പത്തി നാല് മത്സര ഇനങ്ങളായിരുന്നു മേളയിൽ അരങ്ങേറിയത്. കലാമേളയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത യുവ വയലിനിസ്റ്റും 2022 ലെ ഓൾ ഇന്ത്യ കോൺബ്രിയോ വയലിൻ കോംപെറ്റീഷൻ വിജയിയുമായ മാർട്ടിന ചാൾസ് നിർവഹിച്ചു. മാർട്ടിന ചാൾസ് അവതരിപ്പിച്ച വയലിൻ പ്രകടനം ഉദ്ഘാടന സമ്മേളനത്തിന് മിഴിവേകി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആൻ്റണി ഡേവിസ് വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ എന്നിവർ സംബന്ധിച്ചു. അധ്യാപകരായ കെ ടി ജിനു, കാതറിൻ ജെ നേരേവീട്ടിൽ, ആർട്സ് സെക്രട്ടറി നിർമൽ ഡേവിഡ്, സ്റ്റുഡൻ്റ്സ് യൂണിയൻ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജീവപര്യന്തം കഠിന തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന സുധന്‍ എന്നയാളെ മുന്‍ വൈരാഗ്യത്താല്‍ ചെങ്ങല്ലൂര്‍ കള്ളു ഷാപ്പില്‍
വച്ച് കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ വരന്തരപ്പിള്ളി സ്വദേശി കീടായി വീട്ടില്‍ രതീഷ് എന്ന കീടായി രതീഷ് (42) നെ കുറ്റക്കാരനെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1,00,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം 2 വര്‍ഷം അധിക തടവിനും, കേസിലെ മറ്റു വകുപ്പുകളില്‍ 3 മാസം കഠിന തടവിനും, 1 മാസം വെറും തടവിനും, പിഴയില്‍ നിന്ന് 75,000/- രൂപയും ലീഗല്‍ സര്‍വീസ് അതോരിറ്റിയില്‍ നിന്ന് മരണപ്പെട്ട വ്യക്തിയുടെ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി അര്‍ഹതപ്പെട്ട സംഖ്യയും നല്‍കുവാനും കോടതി ശിക്ഷ വിധിച്ചു. 2020 ആഗസ്റ്റ് 04 വൈകിട്ട് 5.45 മണിയോട് കൂടിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അച്ഛനായ കീടായി രവീന്ദ്രനെ 1992 ല്‍
കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന മഞ്ചേരി വീട്ടില്‍ സുധനെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്. സുധനോടുള്ള വൈരാഗ്യത്താല്‍ പ്രതി ചെങ്ങാല്ലൂര്‍, കള്ളുഷാപ്പില്‍ വച്ച് തന്റെ അച്ഛനെ കൊന്നയാള്‍ എന്ന വൈരാഗ്യത്താല്‍ കത്തി ഉപയോഗിച്ച് കുത്തി കൊലപെടുത്തുകയായിരുന്നു.സംഭവത്തിന് ശേഷം വരന്തരപ്പിള്ളി ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിയെ കുത്താന്‍ ഉപയോഗിച്ച കത്തി സഹിതം വരന്തരപ്പിള്ളിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കേസിലെ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ജാമ്യം
റദ്ദ് ചെയ്യുകയും വിചാരണ നടത്തുകയുമാണ് ഉണ്ടായത്.പുതുക്കാട് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി എന്‍ ഉണ്ണികൃഷ്ണന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതാണ്.കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 46 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി
അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി,എബിന്‍ ഗോപുരന്‍, യാക്കൂബ് സുല്‍ഫിക്കര്‍ മുസഫര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി