വർണ്ണാഭമായി ക്രൈസ്റ്റിൻ്റെ ആർട്സ് കേരള കലാമേള

8

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റ് വർണ്ണാഭമായി കൊടിയിറങ്ങി. സംസ്ഥാന തലത്തിൽ വിവിധ കലാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആർട്സ് കേരള കലാമേള കോളേജ് മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ജോസ് ജോൺ കണ്ടംകുളത്തി, പ്രൊഫ. ഷീബ വർഗീസ് യു. എന്നിവർ പ്രസംഗിച്ചു. വിവിധ കലാലയങ്ങളിൽ നിന്നായി ഏഴ് ടീമുകളാണ് മത്സരിച്ചത്.യൂണിവേഴ്സിറ്റി തലത്തിലുള്ള ഇൻറർ-സോൺ മത്സരങ്ങൾ വരുന്നതിന് മുൻപ് 1970-കളിൽ സംസ്ഥാനതലത്തിൽ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള. മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ആർട്സ് കേരള കലാമേള. പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാ മേളയാണ് ആർട്സ് കേരള എന്നപേരിൽ ക്രൈസ്റ്റ് കോളേജിൽ പുനർജനിച്ചത്.വർണ്ണാഭമായി പര്യവസാനിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റിൽ ഒന്നാം സമ്മാനം നേടിയത് എറണാകുളം സെൻ്റ് തെരേസാസ് കോളേജാണ്. കൊടുങ്ങല്ലൂർ എം ഇ എസ് അസ്മാബി കോളേജ്, തൃശൂർ സെൻ്റ് മേരീസ് കോളേജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച ചമയത്തിനുള്ള ‘ രാമേട്ടൻസ് ബെസ്റ്റ് മേക്കപ്പ്’ അവാർഡ് എറണാകുളം സെൻ്റ് തെരേസാസ് കോളേജ് നേടി. ഒന്നാം സമ്മാനമായി ശ്രീ കെ പി ജോൺ മെമ്മോറിയൽ ട്രോഫിയും മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും നൽകി. രണ്ടാം സമ്മാനമായി 20,000 രൂപ ക്യാഷ് അവാർഡും ശിൽപവും, മൂന്നാം സമ്മാനമായി 10,000 രൂപ ക്യാഷ് അവാർഡും ശിൽപവും നൽകി. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ശ്രീ ജോസ് ജോൺ കണ്ടംകുളത്തി എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനം നൽകി.

Advertisement