അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ

65
Advertisement

ഇരിങ്ങാലക്കുട : അവധി ദിവസങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിലായി. മാടായിക്കോണം കരിങ്ങട വീട്ടിൽ മാത്യുവിനെയാണ് (49 വയസ്സ്) ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എസ്. പി സുധീരൻ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് പതിമൂന്നരലിറ്റർ വിദേശ മദ്യം പിടികൂടി. അര ലിറ്ററിന്റെ പത്തൊൻപതു ബോട്ടിലും ഒരു ലിറ്ററിന്റെ നാലു ബോട്ടിലും മദ്യമാണ് പിടികൂടിയത്. അനധികൃത മദ്യവിൽപ്പന തടയുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസിന്റെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ്‌ നടത്തിയത്. കുറച്ചു നാളുകളായി ഇയാൾ മദ്യവിൽപ്പന നടത്തിവരികയായിരുന്നു. ഇന്നലെ രാത്രിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ബിവറേജ് അവധി ദിവസങ്ങളായതിനാൽ വെള്ളിയാഴ്ച വിൽപ്പന നടത്തി വരുന്നതിനിടെയാണ് പിടിയിലായത്.ശനിയാഴ്ച വില്പനക്കായി വച്ചിരുന്ന മദ്യമാണ് പിടികൂടിയത്. എസ്.ഐ. ഷറഫുദ്ദീൻ സീനിയർ സി.പി.ഒ മാരായ കെ.എസ്. ശ്രീജിത്ത്, ഉമേഷ്, സോണി സേവ്യർ, ഇ.എസ്. ജീവൻ, വനിത സീനിയർ സിപിഒ വിവ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Advertisement