ഠാണ- ചന്തക്കുന്ന് റോഡ് 17 മീറ്ററില്‍ വീതി കൂട്ടി വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അടയാളപ്പെടുത്തല്‍ ആരംഭിച്ചു

205

ഇരിങ്ങാലക്കുട: ഠാണ- ചന്തക്കുന്ന് റോഡ് 17 മീറ്ററില്‍ വീതി കൂട്ടി വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അടയാളപ്പെടുത്തല്‍ ആരംഭിച്ചു. തെക്കേ അങ്ങാടി റോഡ് മുതലുള്ള ഭാഗത്തുനിന്നാണ് തിങ്കളാഴ്ച അടയാളപ്പെടുത്തല്‍ ആരംഭിച്ചിരിക്കുന്നത്. റോഡിന്റെ ഇരുവശത്തുമുള്ള ഏറ്റെടുക്കേണ്ട ഭാഗമാണ് അടയാളപ്പെടുത്തുന്നത്. രണ്ട് ദിവസങ്ങള്‍ക്കൊണ്ട് അടയാളപ്പെടുത്തുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലം അടയാളപ്പെടുത്തുന്നതോടൊപ്പം ഏറ്റെടുക്കേണ്ട കടകളുടെ സര്‍വ്വേ നമ്പറുകളും രേഖകളും ഉദ്യോഗസ്ഥര്‍ വാങ്ങിക്കുന്നുണ്ട്. മാര്‍ക്കിങ്ങ് പൂര്‍ത്തിയായാല്‍ എല്ലാവരുടെയും സര്‍വ്വേ നമ്പറടക്കം തൃശ്ശൂര്‍ ലാന്റ് അക്വിസേഷന്‍ നടപടികള്‍ക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരാണ് വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുക. തെക്കേ അങ്ങാടി റോഡ് മുതല്‍ ബൈപ്പാസ് റോഡ് വരെയും ചാലക്കുടി റോഡില്‍ ആശുപത്രി വരേയും ചന്തക്കുന്ന് ജംഗ്ഷനില്‍ മൂന്നുപീടിക റോഡില്‍ അമ്പതുമീറ്ററുമാണ് 17 മീറ്ററില്‍ ഭൂമി ഏറ്റെടുക്കുന്നത്. വികസനത്തിനായി ഏകദേശം 160 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. റോഡ് വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 32 കോടിയില്‍ ആദ്യപടിയായിട്ടാണ് സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ നടത്തുന്നത്. 17 മീറ്റര്‍ വീതിയില്‍ 13.8 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി 3.2 മീറ്റര്‍ വീതിയില്‍ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിങ്ങ്, റിഫ്ളക്ടറുകള്‍, സൂചന ബോര്‍ഡുകള്‍, ദിശ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും. വികസന പ്രവര്‍ത്തിയുടെ ഭാഗമായി കെ.എസ്.ഇ.ബി. പോസ്റ്റുകള്‍, ബി.എസ്.എന്‍.എല്‍. കേബിള്‍ പോസ്റ്റുകള്‍, വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ എന്നിവയെല്ലാം മാറ്റി സ്ഥാപിക്കും. കൊടുങ്ങല്ലൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ നിലവില്‍ 11 മീറ്റര്‍ വീതി മാത്രമുള്ള ഠാണാ ചന്തക്കുന്ന് റോഡ് 17 മീറ്റര്‍ വീതിയിലാക്കി ബി.എം.ബി.സി. നിലവാരത്തില്‍ മെക്കാഡം ടാറിങ് നടത്തിയാണ് വികസിപ്പിക്കുന്നത്.

Advertisement