നെഹ്രുവും ശിശുദിനവും :ഉണ്ണികൃഷ്ണൻ കിഴുത്താണി

30

ഒരു ചെമ്പനീർപ്പൂവിൻറെ സുഗന്ധവും സൗന്ദര്യവും ആവാഹിച്ചു കൊണ്ട് വീണ്ടുമൊരു ശിശുദിനവും കൂടി എത്തിച്ചേർന്നിരിക്കുന്നു.നവഭാരത ശില്പിയായ ജവഹർലാൽ നെഹ്‌റു ആരായിരുന്നു എന്ന് ചിന്തിക്കുന്നതിനേക്കാൾ ,എന്തെല്ലാമായിരുന്നു എന്ന് ചിന്തിക്കുകയായിരിക്കും എളുപ്പം .ലോക പ്രസിദ്ധ ചരിത്രകാരൻ രാഷ്ട്ര തന്ത്രജ്ഞൻ മനുഷ്യ മനസ്സാക്ഷി മനസ്സിലാക്കിയ മനുഷ്യസ്നേഹി എന്നീ നിലകളിൽ ആയിരിക്കും ലോകം അദ്ദേഹത്തെ നോക്കിക്കാണുക .സമ്പത്തിന്റെ മടിത്തട്ടിൽ കിടന്ന് വളർന്ന് വലുതായ ഈ മഹാൻ ഭാരതത്തിന്റെ ഭാഗഥേയം നിർണ്ണയിക്കുന്ന മുഖ്യ കണ്ണിയായി തീർന്നതിൽ അത്ഭുതപ്പെടാനില്ല .പിതാവായ മോത്തിലാൽ നെഹ്‌റു മകനെ മഹത്തായൊരു യുഗപ്പിറവിയുടെ ആചാര്യനായി വിഭാവനം ചെയ്തില്ലെങ്കിൽ കൂടി ഉത്തമനായ ഒരു മനുഷ്യസ്നേഹിയായി വളർന്ന് വരണമെന്ന ഉദ്ദേശത്തോടെയാണ് ജീവിതപ്പാതയൊരുക്കിയത് .പാശ്ചാത്യവും പൗരത്യവുമായ സംസ്കാരങ്ങൾ സാമന്യയിപ്പിച്ച വ്യക്തിത്വമാണ് ജവഹർലാൽ എന്ന് വിലയിരുത്തുന്നത് ഇക്കാരണത്താലാണ് .ഭാരത സ്വാതന്ത്ര സമരത്തിന്റെ അമരക്കാരനായ മഹാത്മജിയുമായി ആത്മബന്ധം സ്ഥാപിക്കുന്നതും തുടർന്ന് അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി മാറിയതും പിന്നീട് ബാപ്പുജി ജവഹർലാലിൽ തന്റെ പിൻഗാമിയെ കണ്ടെത്തിയതും ഭാരത ചരിത്രത്തിന്റെ നാഴികക്കല്ലുകളാണ് .നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്റെ എടുത്തു ചാട്ടത്തെക്കാൾ പണ്ഡിറ്റ്ജിയുടെ നയതന്ത്രജ്ഞതയും നൈർമല്യവുമാണ് ഗാന്ധിജിയെ ഈ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചത് .അദ്ദേഹത്തിന്റെ കണ്ടെത്തൽ അമൂല്യമായിരുന്നുവെന്ന് സ്വാതന്ത്ര സമ്പാദനത്തിന് ശേഷമുള്ള കാലഘട്ടങ്ങൾ ഒന്നൊന്നായി തെളിവ് നൽകുന്നു .ധീരദേശാഭിമാനികൾ വീരമൃത്യു പുല്കിയത് ഭാവിഭാരതം സുരക്ഷിതമായിരിക്കുവാൻ വേണ്ടിയായിരുന്നുവെന്ന സത്യം മനസ്സിലാക്കിയ ജവഹർലാൽ നെഹ്‌റു ആ വഴിക്ക് ഭാരതത്തെ നയിക്കാൻ തീരുമാനിച്ചു .സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ സ്വപ്നം കണ്ടിരുന്ന ഈ ഗാന്ധി ശിഷ്യന്റെ മനസ്സ് നിറയെ ഭാവി ഭാരതത്തെ ക്കുറിച്ചുള്ള അവസാനിക്കാത്ത സ്വപ്‌നങ്ങൾ ആയിരുന്നു .കൃഷിയിലൂടെയും വ്യവസായത്തിലൂടെയും ഭാരതീയന്റെ തനിമ വീണ്ടെടുക്കണമെന്ന ചിന്ത ഭാരത വിധാതാവിനെ വിവിധ വിധത്തിലുള്ള വികസനത്തിന്റെ പാതയിൽ എത്തിച്ചു .ഇന്ത്യയും ചൈനയും വൻകിട രാഷ്ട്രങ്ങൾ ആയിരുന്നുവെങ്കിലും സ്വാർത്ഥ തല്പരരായ ചിദ്ര ശക്തികളുടെ കുതന്ത്രങ്ങൾക്ക് മുൻപിൽ നിഷ്പ്രഭരായിരുന്നു .ഈ പ്രതിസന്ധി മറികടക്കാനായി പഞ്ചശീല തത്വങ്ങൾക്ക് രൂപം നൽകിയ പ്രധാനമന്ത്രി നിലക്കായിരിക്കും ലോകം അദ്ദേഹത്തെ വിലയിരുത്തുക .നിരന്തരം അക്രമഭീഷണികൾ ലോകത്തെ നടുക്കിയപ്പോഴും ലോക രാഷ്ട്രങ്ങളായി പരമമായ സൗഹാർദ്ദം നിലനിർത്തുന്നതിൽ പണ്ഡിറ്റ് ജി ശ്രദ്ധാലുവായിരുന്നു .നെഹ്‌റു രൂപപ്പെടുത്തിയ ഭാരതം ലോകത്തെ സേവിക്കാനും സ്നേഹിക്കാനും നയിക്കാനുമുദ്ദേശിച്ചുള്ളതായിരുന്നു .ഈ അടിസ്ഥാനാശയങ്ങളിൽ നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം നമുക്ക് പലപ്പോഴും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു .നിഷ്കളങ്കതയുടെ നിറകുടമായ ശിശുക്കളിൽ ഭാരതത്തിന്റെ നിത്യ ചൈതന്യം കുടികൊള്ളുന്നുവെന്ന് കണ്ടെത്തിയ ജവഹർലാലിന്റെ ജന്മദിനം ശിശുദിനമായാഘോഷിക്കുന്നത് തികച്ചും ഉചിതമാണ് .ഇന്നത്തെ കലുഷിതമായ അന്തരീക്ഷത്തിൽ ഭാരതം ഏറെ പ്രതീക്ഷയർപ്പിക്കുന്നത് ശിശുക്കളിലാണ് .ശിശുസഹജമായ നൈർമല്യം വാക്കിലും പ്രവർത്തിയിലും നിലനിർത്തിയാൽ മാത്രമേ പ്രതിസന്ധികളെ മറികടക്കാനാകൂ എന്ന ജവഹർലാലിന്റെ വാക്കുകൾ എത്രമാത്രം അർത്ഥവത്താണ്

എഴുത്തുകാരൻ :ഉണ്ണികൃഷ്ണൻ കിഴുത്താണി

Advertisement