വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ കഥോത്സവം പദ്ധതിക്ക് തുടക്കം

28

ഇരിങ്ങാലക്കുട : സർഗാത്മകതയെ ലഹരിയാക്കി വായിച്ചു വളർന്നു മുന്നോട്ട് കുതിക്കണം : ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു.ലഹരി ഉപഭോഗത്തിനെതിരെ സർഗാത്മകഥയാണ് ലഹരി എന്ന് പകരം വെച്ചുകൊണ്ട് വായിച്ചു വളർന്നു മുന്നേറാൻ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു . എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക് എന്ന സന്ദേശമുയർത്തി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘കഥോത്സവം’ എന്ന നൂതന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 40 വർഷം മുൻപ് 10ആം ക്ലാസിൽ പഠിക്കുന്ന സമയത്ത് എഴുതിയ കഥ വായിച്ചുകൊണ്ടാണ് മന്ത്രി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.തിന്മയുടെ പാതയിലൂടെ പോകാനുള്ള നമ്മുടെ ഇന്നത്തെ കാലത്തെ പ്രവണതകളെ നന്മയുടെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാൻ അനിവാര്യമായ ഒന്നാണ് വായനയും സാഹിത്യവുമൊക്കെയെന്ന് മന്ത്രി പറഞ്ഞു. ആ നിലയ്ക്ക് ഒരു ബ്ലോക്ക്‌ പഞ്ചായത്ത് ഇത്തരമൊരു പദ്ധതി രൂപീകരണത്തിന് നേതൃത്വം കൊടുക്കുന്നുവെന്നത് അത്യധികം സന്തോഷകരവും അഭിമാനകരവുമായിട്ടുള്ള കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇനിയും ഒട്ടേറെ വായനക്കാർ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിൽ ഉണ്ടാവട്ടെ എന്നും മന്ത്രി ആശംസിച്ചു. കഥാരചനയുമായി ബന്ധപ്പെട്ട ശില്പശാല ഒരു ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണെന്ന് മന്ത്രി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രമാ രാഘവൻ അവതരിപ്പിച്ച മക്കൾക്കായ് എന്ന ഏകപാത്ര നാടകം കൂടുതൽ സ്ഥലങ്ങളിൽ അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് മന്ത്രി പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് കഥോത്സവം ശില്പശാലയും ബ്ലോക്കിന് കീഴിലെ 21 അംഗീകൃത വായനശാലകളിലേക്കുള്ള പുസ്തക വിതരണവും നടന്നു. കഥോൽസവം എന്ന പേരിൽ നടത്തുന്ന പരിപാടിയിലൂടെ കഥ പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. പോയ വർഷം ലൈബ്രറി കൗൺസിലിന്റെ ഗ്രാന്റിന് അർഹത നേടിയ ബ്ലോക്കതിർത്തിയിലെ വായനശാലകൾക്കാണ് എഴുപതോളം കഥാ പുസ്തകങ്ങളടങ്ങിയ കഥാസഞ്ചയം പദ്ധതി വഴി നൽകുന്നത്. അവ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്ത് മാർച്ച് തീരുന്നതിന് മുമ്പ് 10 വീട്ടുമുറ്റ കഥാചർച്ചകൾ ഓരോ വായനശാലയും സംഘടിപ്പിക്കണം. തുടർന്ന് കഥാവായനയുടെ വിപുലമായ ഒരന്തരീക്ഷം നാട്ടിലെങ്ങും തളിരിട്ട് വളരണം. ഇതാണ് ‘കഥോത്സവം’ വിഭാവനം ചെയ്യുന്നത്.കേരളത്തിലെ ഏറ്റവും പ്രശസ്തനായ ചെറുകഥാകൃത്തുക്കളിൽ ഒരാളും പത്രപ്രവർത്തകൻ കൂടി ആയിട്ടുള്ള എൻ രാജൻ പരിപാടിയിൽ കഥാനുഭവങ്ങൾ പങ്കുവച്ചു. കഥാകൃത്ത് യു കെ സുരേഷ് കുമാർ പരിപാടിയിൽ പങ്കെടുത്തു.വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രമാ രാഘവൻ പദ്ധതി വിശദീകരണം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ബ്ലോക്ക്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് അമ്മനത്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ പ്രസന്ന അനിൽകുമാർ.ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ശശികുമാർ ഇടപ്പുഴ ആസൂത്രണ സമിതി അംഗവും. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും. എഴുത്തുകാരനുമായ സമിതി ഉപാധ്യക്ഷൻ ഖാദർ പാട്ടേപ്പാടം മറ്റ് ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.

Advertisement