കൊറോണ വൈറസ് ഭീതിയകറ്റാം : “പോ”(PAW) എണ്ണും ഇനിമുതൽ കറൻസി നോട്ടുകൾ

264

ഇരിങ്ങാലക്കുട : ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരി ധാരാളം ജീവനുകളാണ് കവർന്നെടുത്തത്. വിവിധ രാജ്യങ്ങളിലായി പടർന്നു കൊണ്ടിരിക്കുന്ന രോഗം സമ്പർക്കത്തിലൂടെയാണ് പ്രധാനമായും പകരുന്നത് .മാസ്ക്, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം മൂലം ഒരു പരിധി വരെ വൈറസിനെ തടയാൻ കഴിയുമെങ്കിലും നാണയങ്ങളും,നോട്ടുകളും വ്യക്തികൾ തമ്മിൽ കൈമാറുന്നതിലൂടെ അതിവേഗം രോഗം പടരാനുള്ള സാധ്യതയുമേറെയാണ്.ധനകാര്യ സ്ഥാപനങ്ങളിൽ പണമിടപാടുകൾ വഴിയുള്ള രോഗവ്യാപനം തടയുന്നതിനായി നാണയങ്ങളും ,നോട്ടുകളും അണുവിമുക്തമാക്കാൻ കറൻസി സാനിറ്റൈസർ-“പോ”(PAW) തയ്യാറാക്കിയിരിക്കുകയാണ് ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർത്ഥികൾ. സിവിൽ വിഭാഗത്തിലെ മൂന്നാംവർഷ വിദ്യാർഥികളായ ആൽഫിൻ ഡേവിഡ്,സുബാൽ വിനയൻ എന്നിവരാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.വൈറസിനെ നശിപ്പിക്കുന്നതിനായി അൾട്രാവൈലറ്റ് രശ്മികളും ഓട്ടോമേറ്റഡ് എയറോസോൾ അണുനശീകരണിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. രോഗവ്യാപനത്തിന് കാരണമായ കൊറോണ വൈറസിന്റെ ഡിഎൻഎ നശിപ്പിക്കുകയാണ് അൾട്രാവൈലറ്റ് രശ്മികൾ ചെയ്യുന്നത്.അസിസ്റ്റൻറ് പ്രൊഫസർ പ്രഭാശകർ വി പി യുടെ നേതൃത്വത്തിൽ പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.സാങ്കേതികതലത്തിൽ ഇവരോടൊപ്പം പ്രവർത്തിക്കാനായി,സനൽ, റീസൺ, ജോയ്, ജിയോ, ബിജോയ്, രാഹുൽ മനോഹർ എന്നിവരും പങ്കുചേർന്നിരുന്നു.എ ടി എം പോലുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും , ഭൂരിഭാഗം ജനങ്ങൾ നോട്ടുകളും, നാണയങ്ങളും തന്നെയാണ് ഉപയോഗിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെയും കച്ചവട കേന്ദ്രങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ ഉപകരണം സഹായകരമാകും.

Advertisement